Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിലെ മലയാളി സുഹൃത്തുക്കളുടെ വീക്കെന്റ് ആഘോഷം തർക്കത്തിലെത്തി; അവസാനിച്ചത് കത്തിക്കുത്തിൽ; നെഞ്ചിനു താഴെ കുത്തേറ്റ എറണാകുളം സ്വദേശിയായ മലയാളി യുവാവ് അത്യാസന്ന നിലയിൽ; പൊലീസ് പിടിയിലായ മലയാളിയെ ചോദ്യം ചെയ്യുന്നു; എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് നാട്ടിലെ കുടുംബങ്ങൾ

ബ്രിട്ടനിലെ മലയാളി സുഹൃത്തുക്കളുടെ വീക്കെന്റ് ആഘോഷം തർക്കത്തിലെത്തി; അവസാനിച്ചത് കത്തിക്കുത്തിൽ; നെഞ്ചിനു താഴെ കുത്തേറ്റ എറണാകുളം സ്വദേശിയായ മലയാളി യുവാവ് അത്യാസന്ന നിലയിൽ; പൊലീസ് പിടിയിലായ മലയാളിയെ ചോദ്യം ചെയ്യുന്നു; എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് നാട്ടിലെ കുടുംബങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വീക്കെന്റ് ആഘോഷത്തിന് ഒത്തുകൂടിയ ചെറുപ്പക്കാരുടെ ഒരു നിമിഷത്തെ വിവേകമില്ലായ്മയിൽ ഒരാളുടെ ജീവൻ അത്യാസന്ന നിലയിൽ എത്തും വിധം അക്രമത്തിലേക്ക് മാറിയ അപൂർവ്വതയാണ് ബ്രിട്ടനിലെ കവൻട്രിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഞായറാഴ്ച ഉച്ചകഴിഞ്ഞു പതിവ് വീക്കെൻഡ് പാർട്ടി എന്ന നിലയിൽ ഒത്തുകൂടിയവരിൽ ഒരാളെ സഹപാഠിയും ചിരകാല സുഹൃത്തും ആയ ആളുടെ കുത്തേറ്റതെന്ന സംശയത്തിലാണ് കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാസന്ന വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

എന്നാൽ യുവാവ് അപകട നില തരണം ചെയ്തു വരികയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഒത്തു കൂടിയ സൗഹൃദ സംഘം എങ്ങനെയാണു വാക്ക് തർക്കത്തിൽ ഏർപ്പെട്ടതെന്നോ ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചതെന്നോ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. കവൻട്രിയുടെ പ്രാന്ത പ്രദേശമായ വില്ലൻഹാളിലെ സെഡ്ജ്മോർ റോഡിലെ ഒരു വീട്ടിലാണ് സംഭവം അരങ്ങേറിയത്. ഇരുവരും എറണാകുളം സ്വദേശികളും നാട്ടിൽ വച്ചു തന്നെ സുഹൃത്തുക്കളും അടുത്ത നാട്ടുകാരുമാണെന്നാണ് ലഭിക്കുന്ന വിവരം.

കത്തിക്കുത്ത് സംബന്ധിച്ച് കേട്ടറിവുള്ള കാര്യങ്ങളാണ് മലയാളികൾക്കിടയിൽ പരക്കുന്നത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ പ്രാർത്ഥന ഗ്രൂപ്പിന്റെ വാട്‌സ്ആപ് മെസേജിലൂടെയാണ് സംഭവം ആദ്യമായി മലയാളികൾ അറിയുന്നത്. നെഞ്ചിനു താഴെയായി ആഴത്തിൽ ഉള്ള മുറിവാണ് യുവാവിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ എമർജൻസി യൂണിറ്റിലേക്ക് പാരാമെഡിക്കൽ ടീം അടിയന്തിര സന്ദേശം അയച്ചതിനെ തുടർന്ന് ഓൺ കോൾ ഡ്യൂട്ടി ഉണ്ടായിരുന്ന നാലു കൺസൾട്ടന്റുമാർ എത്തിയാണ് അത്യാസന്ന നിലയിലായ യുവാവിന്റെ ജീവൻ തിരികെ പിടിച്ചത്.

വാസ്‌കുലാർ, കാർഡിയാക്, നെഫ്രോ, ജനറൽ സർജറി കൺസൾട്ടന്റ്മാർ മൂന്നു മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് പാൻക്രിയാസിന് സമീപം വരെയെത്തിയ കത്തിമുന ഉണ്ടാക്കിയ മുറിവ് കണ്ടെത്തിയതും ആന്തരിക രക്തസ്രാവം നിയന്ത്രിച്ചതും. ഇതിനിടയിൽ 20 യൂണിറ്റ് രക്തം യുവാവിനു നൽകിയെന്നാണ് വിവരം.

അതിനിടെ നിരവധി പേർ ഇയാളെ കാണാൻ എത്തുന്നുണ്ടെങ്കിലും ഇക്കാരണം കൊണ്ട് തന്നെ ഇൻഫെക്ഷൻ ഉണ്ടായേക്കാം എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ തോതിൽ രക്തം സ്വീകരിക്കപ്പെടുന്നവർക്കു പൊടുന്നനെ ഇൻഫക്ഷൻ സാധ്യത ഉള്ളതിനാലാണ് ഈ മുന്നറിയിപ്പ്. നിരീക്ഷണ വിഭാഗത്തിൽ കഴിയുന്ന യുവാവ് മരുന്നുകളോടും മറ്റും അതിവേഗത്തിൽ പ്രതികരിക്കുന്നതിനാൽ ആരോഗ്യം പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടെടുത്തേക്കും എന്ന പ്രതീക്ഷയുമുണ്ട്.

മുപ്പതുകാരനായ അജ്ഞാത യുവാവു അപകടാവസ്ഥയിൽ എത്തുന്നുവെന്ന സന്ദേശം സ്വീകരിച്ച മലയാളി ജീവനക്കാർക്ക് പോലും തുടക്കത്തിൽ കുത്തേറ്റത് മലയാളി യുവാവിന് ആണെന്ന് തിരിച്ചറിയാനായിരുന്നില്ല. കവൻട്രി ഹോസ്പിറ്റലിൽ തന്നെ സപ്പോർട്ട് വർക്കറായി ജോലി ചെയ്യുന്ന യുവാവിന്റെ വിശദാംശങ്ങൾ പിന്നീടാണ് ജീവനക്കാർക്ക് ഇടയിലേക്ക് എത്തിയത്. അപ്പോഴേക്കും വാർത്ത കാട്ടുതീ പോലെ മലയാളികൾക്കിടയിൽ പ്രചരിച്ചിരുന്നു.

മലയാളികൾക്കിടയിൽ സാധാരണമായ ഒരു സൗഹൃദ വിരുന്നിന്റെ ഭാഗമായാണ് യുകെ മലയാളികൾക്കിടയിലെ ആദ്യ സംഭവം എന്ന് കരുതപ്പെടുന്ന കത്തിക്കുത്തു ഉണ്ടായത്. നാലംഗ സംഘമാണ് ഉച്ചകഴിഞ്ഞു പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവാവിന്റെ വീട്ടിൽ ഒത്തുകൂടിയത്. ഇയാളും കുത്തേറ്റയാളും കോളേജിലടക്കം സഹപാഠികൾ ആയിരുന്നെന്നും വിരുന്നിനു ഇടയിൽ ഈ ഓഗസ്റ്റിൽ നാട്ടിൽ എത്തുമ്പോൾ പൂർവ വിദ്യാർത്ഥി സംഗമം അടക്കം നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതായും അടക്കമുള്ള കാര്യങ്ങളാണ് വെളിയിൽ വരുന്നത്. സംഘത്തിൽ ഉൾപ്പെട്ട മറ്റു രണ്ടു പേരും എന്തൊക്കെ വിശദംശങ്ങളാണ് പൊലീസിന് കൈമാറിയിരിക്കുന്നതെന്നു വ്യക്തമല്ല. സംഭവം റിപ്പോർട്ട് ചെയ്ത കവൻട്രി ടെലഗ്രാഫ് പ്രാദേശിക പത്രത്തിൽ അടക്കം പൊലീസ് എന്തെങ്കിലും സൂചനകൾ പുറത്തു വിട്ടതായും സൂചനയില്ല.

ഭാര്യയും കുഞ്ഞുങ്ങളും അടക്കം വർഷങ്ങൾ ആയി കവൻട്രിയിൽ താമസിക്കുന്ന 36 കാരനായ യുവാവിനാണ് കുത്തേറ്റിരിക്കുന്നത്. ഇയാളുടെ സുഹൃത്തും ജാഗ്വർ ലാൻഡ് റോവറിലെ രണ്ടു വർഷത്തെ ഇൻട്രാ കമ്പനി വിസയിൽ എത്തിയ 37കാരനായ യുവാവാണ് സംഭവത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളുടെ ഭാര്യയും കുഞ്ഞും നാട്ടിലാണ്. ഇയാൾ യുകെയിൽ എത്തിയിട്ട് ഒരു വർഷം പിന്നിടുന്നതേ ഉള്ളബവെന്നും പരിചയക്കാർ പറയുന്നു. എറണാകുളം ജില്ലയിലെ മലയോര പ്രദേശത്തു നിന്നെത്തിയ ഇരുവരുടെയും കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നാണ് സൂചന. ഇതോടെ കൃത്യമായ വിവരങ്ങൾ അറിയാതെ നാട്ടിലെ രണ്ടു കുടുംബങ്ങളും വേദന പങ്കിടുകയാണ്.

അതിനിടെ സംഭവം അത്യന്തം ഗൗരവമായാണ് വെസ്റ്റ് മിഡ്‌ലാന്റ്‌സ് പൊലീസ് കൈകാര്യം ചെയ്യുന്നത്. മലയാളി സൗഹൃദ കൂട്ടായ്മയും സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ ആകസ്മിക തർക്കവും ഒന്നും പരിഗണിക്കാതെ കുത്തേറ്റയാളെ ഇപ്പോഴും പൊലീസ് സംരക്ഷണയിലാണ് ആശുപത്രിയിൽ നിരീക്ഷിക്കുന്നത്. കവൻട്രിയിൽ അടുത്തിടെ ആയി വർദ്ധിച്ച അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് ഈ സംഭവം കാണുന്നത്. രണ്ടു മാസം മുൻപ് 17 കാരനായ സ്‌കൂൾ വിദ്യാർത്ഥി കത്തിമുനയിൽ കൊല്ലപ്പെട്ടതോടെ ഇനി കവൻട്രിയിൽ ഇത്തരം ഒരു സംഭവം ആവർത്തിക്കാൻ പാടില്ലെന്ന നിശ്ചയ ദാർഢ്യത്തിൽ പൊലീസ് മേധാവി തന്നെ കാര്യങ്ങൾ നിരീക്ഷിക്കവേ ഉണ്ടായ ഈ സംഭവവും കവൻട്രിയിലെ കത്തിക്കുത്തുകളുടെ കൂട്ടത്തിലാണ് പരിഗണിക്കുന്നത്. ഈ വർഷത്തെ പന്ത്രണ്ടാമത്തെ അക്രമ സംഭവമായാണ് മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

അക്രമികൾ വിളഞ്ഞാടുന്നതിനു എതിരെ ബോധവത്കരണം സൃഷ്ടിക്കാൻ ഇത്തരം സംഭവങ്ങളിലൂടെ പിടിച്ചെടുത്ത ഒരു ലക്ഷം കത്തികൾ കൊണ്ട് നിർമ്മിച്ച നൈഫ് ഏഞ്ചൽ പ്രതിമ കവൻട്രിയിൽ എത്തിയതിന്റെ രണ്ടാം നാൾ ഉണ്ടായ അക്രമം ഞെട്ടലോടെയാണ് പൊലീസ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നത്. പൊലീസ് പങ്കാളിത്തമുള്ള സ്ട്രീറ്റ് വാച്ചു ഗ്രൂപ്പുകളിൽ പോലും മലയാളികൾ തമ്മിലുണ്ടായ വാക്കേറ്റവും കത്തിക്കുത്തും ചർച്ച ചെയ്യപ്പെടുന്നുണ്ട്. നൈഫ് അറ്റാക്ക് എന്ന തലക്കെട്ടിലാണ് ഈ സംഭവവും ഗ്രൂപ്പിൽ ചർച്ച ചെയ്യപ്പെടുന്നത്.

സ്ട്രീറ്റ് പട്രോൾ വില്ലൻഹാൽ ഗ്രൂപ്പിന്റെ ശ്രദ്ധയ്ക്കാണ് സംഭവം പൊലീസ് ചർച്ച ആക്കിയിരിക്കുന്നതെങ്കിലും മറ്റു ഗ്രൂപ്പുകൾക്കും ജാഗ്രത മുന്നറിയിപ്പു ലഭിച്ചിട്ടുണ്ട്. അടുത്തിടെയായി സ്ട്രീറ്റ് വാച്ചിൽ ഏതാനും മലയാളികളും കവൻട്രി പൊലീസിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. സുരക്ഷിതമായ സമൂഹം എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന സ്ട്രീറ്റ് വാച്ചിന് ഏതു തരത്തിലുള്ള അക്രമവും റിപ്പോർട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഇത്തരം ഗ്രൂപ്പുകൾ നൽകുന്ന വിവരങ്ങൾക്ക് പൊലീസ് മുന്തിയ പരിഗണനയും നൽകുന്നുണ്ട്.

കൂടുതൽ മലയാളികളെ ഈ ഗ്രൂപ്പിന്റെ ഭാഗമാക്കണമെന്ന കഴിഞ്ഞ ആഴ്ച വൽസഗ്രീവ് ഗ്രൂപ്പിന് നിർദ്ദേശം ലഭിച്ചതിന്റെ തൊട്ടു പിന്നാലെയാണ് ഗുരുതര സ്വഭാവമുള്ള അക്രമ സംഭവം പുറത്തു വന്നിരിക്കുന്നത്. അമിതമായ മദ്യപാനത്തെ തുടർന്ന് അസോസിയേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായും പരിപാടികൾക്കിടയിലും മറ്റും കയ്യാങ്കളിയും കസേര എടുത്തടിയും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും കത്തിക്കുത്തിലേക്കു വളർന്ന തരത്തിൽ മലയാളി സമൂഹത്തിന്റെ മാറ്റം കൂടിയാണോ ഈ സംഭവം എന്ന ആശങ്കയും ഇതോടെ ഉയരുകയാണ്. ഈ സംഭവം പുറത്തറിഞ്ഞതോടെ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഒരു ചടങ്ങിൽ ഒരു കാരണവശാലും മദ്യം കഴിച്ചെത്തുന്നവരെയോ മദ്യപാന സൽക്കാരം നടത്തുന്നവരെയും അനുവദിക്കുന്നതല്ലെന്ന് ഭാരവാഹികൾ അംഗങ്ങൾക്ക് സന്ദേശം നൽകിക്കഴിഞ്ഞു.

കവൻട്രിയിൽ ഉണ്ടായ സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ കഴിയുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
Crimestoppers can be called anonymously on 0800 555 111. Quote log number 1815 of 17 March.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP