Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെടുമ്പാശ്ശേരിയിൽ നിന്നും വിമാനങ്ങൾ പറന്ന് തുടങ്ങുന്നത് നാളെ ഉച്ച മുതൽ; ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും യാത്ര ഉറപ്പായേക്കും; യാത്ര നീട്ടിവച്ചവർക്കും ഇനി തടസ്സമില്ലാതെ മടങ്ങാം; അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് ഒടുവിൽ ആശ്വാസമായി

നെടുമ്പാശ്ശേരിയിൽ നിന്നും വിമാനങ്ങൾ പറന്ന് തുടങ്ങുന്നത് നാളെ ഉച്ച മുതൽ; ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും യാത്ര ഉറപ്പായേക്കും; യാത്ര നീട്ടിവച്ചവർക്കും ഇനി തടസ്സമില്ലാതെ മടങ്ങാം; അവധിക്ക് നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് ഒടുവിൽ ആശ്വാസമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാപ്രളയത്തെയും പീന്നീടുണ്ടായ വെള്ളപ്പൊക്കത്തെയും തുടർന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതൽ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ സാധാരണനിലയിൽ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവൽ ബേസിൽ നിന്നുള്ള വിമാനസർവീസുകൾ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാൽ അധികൃതർ അറിയിച്ചു.

ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടർന്നതും മൂലം വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ ഉൾപ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരിൽ 90 ശതമാനവും പ്രളയക്കെടുതികൾ നേരിട്ടതും തിരിച്ചടിയായി. ഇതേത്തുടർന്നാണ് വിമാനത്താവളം തുറക്കുന്നതു നീട്ടിയത്.

നാളെ ഉച്ച കഴിഞ്ഞ് വിമാനത്താവളം തുറക്കുമെന്ന് സ്ഥിരീകരണം വന്നത് ഇന്നലെ വൈകിട്ടോടെയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതിലൂടെ ഏറ്റവും വലിയ ബുദ്ധിമുട്ടുണ്ടായത്. അവധിക്ക് നാട്ടിലെത്തിയ പ്രവാികൾക്കാണ്. മലബാറിലേയും മധ്യകേരളത്തിലേയും ആളുകളാണ് കൊച്ചി എയർപോർട്ടിനെ കൂടുതലായിട്ട് ആശ്രയിച്ചിരുന്നത്. വിമാനത്താവളം പൂട്ടിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കാണ് ഇപ്പോൾ വലിയ ആശ്വാസമായിരിക്കുന്നത്.

പ്രളയം കാരണം പലരും നാട്ടിൽ നിന്നും ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ നിൽക്കുകയായിരുന്നു.കോയമ്പത്തൂരും തിരുവനന്തപുരത്തും വിമാനം ഇറങ്ങി വീട്ടിലേക്ക് വരികയാണ് പ്രവാസികൾ. വിസ തീർന്നിട്ടും വിമാനം ഇല്ലാത്തതിനാൽ കുടുങ്ങിയ മലയാളികളും ഉണ്ട്. താൽകാലിക പരിഹാരമായി വായുസേനാ വിമാനത്താവളത്തിൽ വിമാനം ഇറങ്ങി. എന്നാൽ ഇതൊന്നും ഗൾഫ് മോഹങ്ങളുമായി പറന്നുയരാൻ ആഗ്രഹിച്ച മലയാളിക്ക് മതിയാവുമായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് സിയാൽ അതിവേഗം തിരിച്ചു വരുന്നത്. പ്രളയക്കെടുതിയിൽ പകച്ച് നിൽക്കാതെ പറന്നുയരാനുള്ള മലയാളിയുടെ മനസ്സ് കൂടിയാണ് നെടുമ്പാശ്ശേരിയിൽ സിയാൽ നിറയ്ക്കുന്നത്.

ഏകദേശം 2600 മീറ്റർ മതിലാണു പ്രളയത്തിൽ തകർന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ) ലോകത്തിലെ പ്രഥമ സമ്പൂർണ സൗരോർജ വിമാനത്താവളമാണ്. അതുകൊണ്ട് തന്നെ നെടുമ്പാശ്ശേരിയിലെ വൈദ്യുത കണക്ഷൻ കെ എസ് ഇ ബി ശരിയാക്കും വരെ കാത്തിരിക്കേണ്ട അവസ്ഥ സിയാലിനുണ്ടായില്ല. സ്വന്തംകാലിൽ നിന്നതിനാൽ വൈദ്യുതി കണക്ഷന് അതിവേഗം എത്തി. അതുകൊണ്ട് തന്നെ അതിവേഗം വെള്ളമൊഴിവാക്കി ആധുനിക സൗകര്യങ്ങളുപയോഗിച്ച് ശുചീകരണത്തിന് സിയാലിന് കഴിഞ്ഞു.

1999 ജൂൺ പത്തിനാണ് നെടുമ്പാശ്ശേരിയിൽ ആദ്യ വിമാനമിറങ്ങിയത്. ആദ്യ സാമ്പത്തിക വർഷത്തിൽ (2000 മാർച്ച് വരെ) 4.95 ലക്ഷം പേർ സിയാൽ വഴി യാത്രചെയ്തു. വിമാനങ്ങളുടെ മൊത്തം ടേക് ഓഫ്-ലാൻഡിങ് എണ്ണം 6473 ആയിരുന്നു. ആദ്യത്തെ പൂർണ സാമ്പത്തിക വർഷമായ 2001-02-ൽ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി ഉയർന്നു. ഇതിൽ 4.57 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരായിരുന്നു. 2002-03-ൽ യാത്രക്കാരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നു. 2006-07-ആകുമ്പോഴേക്ക് പ്രതിവർഷം കാൽക്കോടി യാത്രക്കാരുമായി സിയാൽ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായി മാറി.

ആദ്യ സാമ്പത്തികവർഷം ഒഴികെ, തുടർന്നുള്ള എല്ലാ വർഷങ്ങളിലും രാജ്യാന്തര യാത്രക്കാരായിരുന്നു മുന്നിൽ. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ നാലാം സ്ഥാനവും സിയാലിന് നേടാനായി. മൊത്തം യാത്രക്കാരുടെ എണ്ണം ഒരു കോടി പിന്നിടാൻ ഏഴ് പൂർണ സാമ്പത്തിക വർഷവും ഒരു അർധ സാമ്പത്തിക വർഷവും വേണ്ടിവന്നു. പിന്നീട് മൂന്ന് വർഷങ്ങൾ കൊണ്ട് അടുത്ത ഒരു കോടി യാത്രക്കാർ എന്ന നേട്ടത്തിലെത്തി. 2006-07 മുതൽ 2009-10 വരെ 1.64 കോടി യാത്രക്കാരായിരുന്നു സിയാൽ വഴി പറന്നത്. തുടർന്ന് ഒരു കോടി പിന്നിടാൻ രണ്ടര സാമ്പത്തിക വർഷം മതിയായി. 2013-14 -ൽ ഒരു സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ എണ്ണം ആദ്യമായി 50 ലക്ഷം പിന്നിട്ടു. തുടർന്നുള്ള രണ്ടുഘട്ടങ്ങളിൽ ഒന്നരവർഷം കൊണ്ടാണ് ഒരുകോടി യാത്രക്കാർ സിയാലിലെത്തിയത്. 2013-14-ൽ 64.12 ലക്ഷം പേരും 2014-15-ൽ 77.57 ലക്ഷം പേരും 22016-17-ൽ 89.41 ലക്ഷം പേരും സിയാൽ വഴി യാത്രചെയ്തു. 2017-18 മാർച്ച് 28 ന് ആ സാമ്പത്തികവർഷം മാത്രം സിയാൽ കൈകാര്യം ചെയ്ത യാത്രക്കാരുടെ എണ്ണം ഒരു കോടി തികഞ്ഞു.

201718ൽ മാത്രം സിയാൽ വഴി യാത്രചെയ്തത് 1.01 കോടി യാത്രക്കാരാണ്. ഇതിൽ 52.35 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരാണ്. 48.89 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും. 1999-2000 മുതൽ 2017-18 വരെ യാത്രക്കാരുടെ എണ്ണത്തിൽ ഏറെക്കുറെ സ്ഥിരതയ്യാർന്ന വളർച്ചയാണ് സിയാലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തം യാത്ര ചെയ്ത 7,37,25,036 പേരിൽ 4,17,80,106 പേർ രാജ്യാന്തരയാത്രക്കാരാണ്. 3,19,44,930 പേർ ആഭ്യന്തര യാത്രക്കാരും. ഇതുവരെ 6,65,178 തവണ വിമാനങ്ങൾ വന്നുപോയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ സിയാൽ വളർച്ചാ നിരക്ക് പ്രകടിപ്പിക്കുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP