Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തോടിനല്ല ടാക്‌സ്..റോഡിനാണ് ടാക്‌സ്; റോഡുകളിലെ കുഴികൾക്ക് മുന്നിൽ ബാനർ പിടിച്ചും 'പ്രതിഷേധ പൂക്കൂളം' ഇട്ടും പ്രതിഷേധിച്ചിട്ടും ആരും കണ്ട ഭാവമില്ല; കൊച്ചിയിലെ നടുറോഡിൽ കുഴിയിൽ വീണ് പൊലിഞ്ഞ ഒരുജീവന് കൂടി ആര് സമാധാനം പറയും? റോഡിലെ കുഴിയിൽ സ്‌കൂട്ടർ തെന്നി വീണപ്പോൾ ബസിന് അടിയിൽ പെട്ടുള്ള ഉമേശിന്റെ മരണത്തിന്റെ നടുക്കം മാറാതെ കൊച്ചിക്കാർ; പാതാളക്കുഴികളിൽ നടുവൊടിഞ്ഞ് ജനം വീഴുമ്പോഴും പ്രസ്താവനയ്ക്കായി മാത്രം വാതുറന്ന് അധികൃതർ

തോടിനല്ല ടാക്‌സ്..റോഡിനാണ് ടാക്‌സ്; റോഡുകളിലെ കുഴികൾക്ക് മുന്നിൽ ബാനർ പിടിച്ചും 'പ്രതിഷേധ പൂക്കൂളം' ഇട്ടും പ്രതിഷേധിച്ചിട്ടും ആരും കണ്ട ഭാവമില്ല; കൊച്ചിയിലെ നടുറോഡിൽ കുഴിയിൽ വീണ് പൊലിഞ്ഞ ഒരുജീവന് കൂടി ആര് സമാധാനം പറയും? റോഡിലെ കുഴിയിൽ സ്‌കൂട്ടർ തെന്നി വീണപ്പോൾ ബസിന് അടിയിൽ പെട്ടുള്ള ഉമേശിന്റെ മരണത്തിന്റെ നടുക്കം മാറാതെ കൊച്ചിക്കാർ; പാതാളക്കുഴികളിൽ നടുവൊടിഞ്ഞ് ജനം വീഴുമ്പോഴും പ്രസ്താവനയ്ക്കായി മാത്രം വാതുറന്ന് അധികൃതർ

സുവർണ. പി.എസ്

കൊച്ചി: തകർന്ന് കിടക്കുന്ന റോഡുകളിൽ ഒരു രക്തസാക്ഷി കൂടിയായി. അപ്പോൾ വഴിയാത്രക്കാരന്റെ മരണത്തിൽ ഖേദം പ്രകടിപ്പിക്കാം. എതിർ പാർട്ടികളുടെ ഭരണത്തിൽ കുറ്റം പറയാം. സമരം നടത്താം, പ്രസ്താവനകളിറക്കാം. പക്ഷെ പോയത് ആർക്കാണ്. ആ യുവാവിന്റെ വീട്ടുകാർക്ക് മാത്രം. കാരണം കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഈ യാത്രികനും മുമ്പ് ഇതേ കുഴികളിൽ വീണ് മരണമടഞ്ഞവരുടെ കൂട്ടത്തിൽ ഒരാളായി മാറും. എളംകുളത്തെ എക്സലൻഷ്യസ് എന്ന സ്ഥാപനത്തിൽ പ്രൊജക്ട് മാനേജരായി ജോലി ചെയ്തിരുന്ന ഇടുക്കി കുളമാവ് കൊച്ചുകരയിൽ ആർ.ഉമേശ് കുമാറാണ് കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ചത്.

എളംകുളം മെട്രോ റെയിൽവേ സ്റ്റേഷന് സമീപം സഹോദരൻ അയ്യപ്പൻ റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെട്ടായിരുന്നു മരണം. റോഡിലെ കുഴിയിൽ വീണ് മറിഞ്ഞ സ്‌ക്കൂട്ടർ തെന്നി വലത് ഭാഗത്തേയ്ക്ക് മറിഞ്ഞപ്പോൾ ഇടത് ഭാഗത്തേയ്ക്ക് വീണ ഉമേശ് ബസിനടിയിൽ പെടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ഹെൽമറ്റ് മുഴുവനായും തകർന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് ഉമേശ് മരിച്ചത്.

ഇതേ കുഴിയിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് സ്‌ക്കൂട്ടർ യാത്രക്കാർക്ക് ഇന്നലെ പരിക്കേറ്റിരുന്നു. അതേസമയം അപകടത്തിന് ഇടയാക്കിയ ബസ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരം ഡ്രൈവറിന് പകരം ബസ് ഉടമയായിരുന്നു അപകടം നടന്ന ദിവസം വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ബസ്സുടമ രഗിനെ പിടികൂടി മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു. എന്നാൽ ഇവിടെ യഥാർത്ഥത്തിൽ ബസ് ഉടമയെ കസ്റ്റഡിയിൽ എടുത്തതോടെ കാര്യങ്ങൾക്കെല്ലാം പരിഹാരമായോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

റോഡുകളിൽ നിരന്ന് കിടക്കുന്ന കുഴികളിലൂടെ ദിവസവും ജീവനും കൈയിൽ പിടിച്ച് യാത്ര ചെയ്യുന്നവരാണ് യാത്രക്കാരിൽ ഓരോരുത്തരും. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവരിൽ പലരും ജീവനും കൊണ്ട് വീടെത്തുന്നത് തന്നെ. റോഡുകളിലെ കുഴികളിലൂടെയുള്ള ഓട്ടപ്പാച്ചിലിന്റെ ദുരിതം ഭൂരിഭാഗം ജനങ്ങളും അനുഭവിച്ചിട്ടുള്ളതുകൊണ്ട് തന്നെ വാർത്തകളിലൂടെയും ട്രോളുകളിലൂടെയുമെല്ലാം റോഡുകളുടെ അവസ്ഥ അധികൃതരുടെ മുന്നിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടും ഇതൊന്നും കണ്ട ഭാവം നടിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. തുടർന്നും യാത്രക്കാർ കുഴികളിൽ വീണ് പരുക്കേറ്റുകൊണ്ടിരുന്നു. ഇതിന് വേണ്ടിയാണോ ജനങ്ങൾ നികുതി നൽകുന്നത്? ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാൻ കൂടിയാണ് കോർപറേഷനിൽ ഭാരിച്ച തൊഴിൽ നികുതിയടക്കം അടച്ച് ജനങ്ങൾ ജീവിക്കുന്നത്. എന്നിട്ടോ അതിന്റെതായ സംരക്ഷണം ആളുകൾക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

റോഡിലെ കുഴിയിൽ വീണ് ഓരോ അപകടം ഉണ്ടാകുമ്പോഴും. കുഴിയടയ്ക്കാൻ ആവശ്യപ്പെട്ട് അധികാരികളെ കാണാൻ ചെല്ലുമ്പോൾ അത് തങ്ങളുടെ ചുമതലയല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് അവർ ചെയ്യുന്നത്. അപ്പോൾ പിന്നെ എല്ലാം സഹിച്ച് ജീവനും കൈയിൽ പിടിച്ച് കുഴികളിലൂടെ യാത്ര ചെയ്യുക എന്ന വഴി മാത്രമല്ലേ ജനങ്ങളുടെ മുന്നിൽ ഉള്ളൂ. എന്തായാലും എളംകുളത്ത് സ്‌ക്കൂട്ടർ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ കുഴി നാട്ടുകാരിൽ നിന്ന് പ്രധിഷേധം ഉയർന്നതിനെ തുടർന്ന് താൽക്കാലികമായി മൂടി. അത് എത്ര നാളത്തേയ്ക്കാണെന്ന് കണ്ടറിയണം.കൊച്ചി എന്ന മഹാനഗരത്തിൽ കാണാൻ കാഴ്‌ച്ചകൾ ഏറെയാണ് മാളുകൾ പാർക്കുകൾ മൾട്ടിപ്ലസ് തീയേറ്ററുകൾ മുകളിലൂടെ പോകുന്ന മെട്രോ.. എന്നാൽ ഒന്ന് താഴെക്ക് നോക്കിയാലോ നിറയെ കുഴികൾ. ആ കുഴികളിലൂടെ നിത്യവും പരക്കം പാഞ്ഞ് നടുവൊടിഞ്ഞ സാധാരണക്കാരായ ജനങ്ങൾ. എന്തെല്ലാം ഉണ്ടായിട്ടെന്താ കാര്യം നടുവൊടിയാതെ യാത്ര ചെയ്യാൻ കഴിയുന്ന എത്ര റോഡുകളുണ്ട് ഈ കൊച്ചിയെന്ന മഹാനഗരത്തിൽ.

അറ്റകുറ്റപണികൾക്കായി കാത്തിരിക്കുന്ന റോഡുകളുടെ കാണക്കെടുക്കാനാണെങ്കിൽ ഒരുപാട് ഉണ്ട്. നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി 45 റോഡുകളാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താനുള്ളത്. മരാമത്ത് വകുപ്പ്, ജിസിഡിഎ, എൻഎച്ച്, കൊച്ചി കോർപറേഷൻ , എൻഎച്ച് 66, എൻഎച്ച് 85, കൊച്ചി മെട്രോ, റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ, കൊച്ചിൻ റിഫൈനറീസ് , ദേശീയപാത അഥോറിറ്റി എന്നിവയുടെ കീഴിലുള്ള റോഡുകളാണിവ. എന്നാൽ എന്നാണ് അറ്റകുറ്റപണികൾ നടക്കുക എന്ന് വ്യക്തമായി പറയാൻ കഴിയില്ല. ഇപ്പോൾ തന്നെ കൊച്ചി നഗരത്തിലെ റോഡിലെ കുഴികളിൽ വീണ് നിരവധി പേർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.

മാത്രമല്ല നിരവധി വാഹനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ഒരു പരിഹാര മാർഗവും നടപ്പാക്കാതെ നോക്കുകുത്തികളാവുന്ന അധികൃതർക്ക് മുന്നിൽ ഇനിയും എത്ര ജീവനുകൾ പൊലിയുമെന്നത് കണ്ടറിയേണ്ടതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വന്ന് നിൽക്കുന്നത് ഇടുക്കി കുളമാവ് സ്വദേശി ഉമേശ് കുമാറും. ഇനിയും ഏറെ പേരുടെ ജീവനെടുക്കാനായി ആ കുഴികൾ അവിടെ തന്നെ ഉണ്ടാവുകയും ചെയ്യും. റോഡുകളിലെ കുഴികൾക്ക് മുന്നിൽ ബാനർ പിടിച്ചും 'പ്രതിഷേധ പൂക്കൂളം' ഇട്ടും പ്രതിഷേധിച്ചിട്ടും ആരും കണ്ട ഭാവമില്ല. എന്നാണ് ഇനി അധികാരികൾ കണ്ണുതുറക്കുക എന്നാണ് കൊച്ചിക്കാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP