Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെറും അഞ്ചു ലക്ഷം ചോദിച്ചിട്ടും കൊടുക്കാൻ തയ്യാറാകാതെ വീഗാലാന്റ്; അമിക്കസ് ക്യൂറിയെ നിയോഗിച്ചത് സത്യം എന്തെന്ന് മനസ്സിലാക്കാനുള്ള ഹൈക്കോടതിയുടെ നീക്കത്തിന്റെ ഭാഗം; വിജേഷ് വിജയന് നഷ്ടപരിഹാരം നൽകുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാടുമായി ചിറ്റിലപ്പള്ളിയും; അന്വേഷണ റിപ്പോർട്ട് നിർണ്ണായകമാകും

വെറും അഞ്ചു ലക്ഷം ചോദിച്ചിട്ടും കൊടുക്കാൻ തയ്യാറാകാതെ വീഗാലാന്റ്; അമിക്കസ് ക്യൂറിയെ നിയോഗിച്ചത് സത്യം എന്തെന്ന് മനസ്സിലാക്കാനുള്ള ഹൈക്കോടതിയുടെ നീക്കത്തിന്റെ ഭാഗം; വിജേഷ് വിജയന് നഷ്ടപരിഹാരം നൽകുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാടുമായി ചിറ്റിലപ്പള്ളിയും; അന്വേഷണ റിപ്പോർട്ട് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാട്ടർ തീം പാർക്ക് വീഗാലാൻഡിൽ 2002-ൽ വീണുപരിക്കേറ്റ യുവാവ് നഷ്ടപരിഹാരത്തിന് നൽകിയ ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത് സത്യം ബോധ്യപ്പെടാൻ. വസ്തുത പരിശോധിച്ച് കോടതിയെ അറിയിക്കാൻ അഡ്വ. സി.കെ. കരുണാകരനെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയാക്കിയിരിക്കുന്നത്. അതിനിടെ അഞ്ചുലക്ഷം രൂപ ലഭിച്ചാൽ കേസ് നടപടി അവസാനിപ്പിക്കാമെന്ന് ചൊവ്വാഴ്ച ഹർജി പരിഗണിക്കവേ വിജേഷ് വിജയന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതി ഇത് രേഖപ്പെടുത്തി. പാർക്കിലെ ബക്കറ്റ് ഷവർ ഭാഗത്തുവീണാണ് ഹർജിക്കാരന് പരിക്കേറ്റത്. വിഗാർഡിനേയും അതിന്റെ ഉടമ ചിറ്റിലപ്പള്ളിയേയും സംബന്ധിച്ചടത്തോളെ വളരെ ചെറിയ തുകയാണ് അഞ്ച് ലക്ഷം. അതു പോലും നൽകാമെന്ന് ചിറ്റിലപ്പള്ളി സമ്മതിക്കുന്നില്ലെന്നതാണ് ചർച്ചകളിൽ നിറയുന്ന പ്രധാന കാര്യം

2002 ഡിസംബർ 22ന് വീഗാലാൻഡിലെ റൈഡിൽ നിന്ന് വീണ് പരുക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന്റെ ഹർജിയിലാണ് നടപടി. നഷ്ടപരിഹാരം നൽകാതെ ഒഴിഞ്ഞുമാറുന്ന ചിറ്റിലപ്പള്ളിയെ നേരത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോടതിയോട് വിരട്ട് വേണ്ടന്നും അപ്പക്കഷ്ണം വലിച്ചെറിഞ്ഞ് പ്രശ്നം തീർക്കരുതെന്നും കോടതി വിമർശിച്ചിരുന്നു. വേണ്ടിവന്നാൽ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. സ്വന്തം പാർക്കിൽ വീണ് ജീവിതം വീൽചെയറിലായ യുവാവിന് നഷ്ടപരിഹാരം നൽകാതെ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു. നഷ്ടപരിഹാരം നൽകാതെ കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് വിജേഷിൽ നിന്ന് പണം ഈടാക്കാനാണ് ചിറ്റിലപള്ളി ശ്രമിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് വിമർശിച്ച ഹൈക്കോടതി എത്ര പണമുണ്ടെങ്കിലും അതൊന്നും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കേസിൽ അതിനിർണ്ണായകമാകും.

തന്റെ പണത്തിന്റെ ഒരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ പരാമർശത്തിന് പിന്നാലെ ഇത് തനിക്ക് മാനഹാനിയുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും രംഗത്ത് വന്നിരുന്നു. ഇത് വിശദീകരിച്ചുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിസ് എഴുതിയ തുറന്ന കത്തിലാണ് ചിറ്റിലപ്പിള്ളി ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാമർശങ്ങളെല്ലാം തന്നെ അനാവശ്യമാണെന്നും കേസിൽ കക്ഷിയല്ലാത്ത തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചിറ്റിലപ്പിള്ളി കത്തിൽ വ്യക്തമാക്കുന്നു. അപകടത്തിൽപ്പെട്ട ആൾക്ക് ചികിത്സാ ചെലവിന്റെ 60 ശതമാനം നൽകിയിരുന്നു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇദ്ദേഹത്തിന് നൽകിയിരുന്നുവെന്നും വിശദീകരിച്ചു.

നഷ്ടപരിഹാരം നൽകാതെ വാശിപിടിക്കുന്നതിനാൽ ചിറ്റിലപ്പള്ളിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടെന്ന് കോടതി പറഞ്ഞിരുന്നു. കമ്പനിക്കെതിരെ പ്രചാരണം നടത്തിയെന്ന് പറഞ്ഞ് വിജേഷിനെ പാഠം പഠിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി താക്കീത് ചെയ്തു. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വർഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നൽകാം എന്നുമാണ് ചിറ്റിലപ്പള്ളി കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ചത്.

വിജേഷിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ എഴുന്നേറ്റ് നടക്കാൻ സാധിക്കുമായിരുന്നെന്നാണ് കൊച്ചി മെട്രോപൊളിറ്റൻ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത്. അപകടം നടന്ന ഉടനെ വിജേഷിനെ വാട്ടർ തീം പാർക്ക് അധികൃതർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണമുണ്ട്. ആദ്യം 50000 രൂപ തന്ന വീഗാലാൻഡ് അധികൃതർ തുടർ ചികിത്സയ്ക്ക് യാതൊരു സഹായവും നൽകിയില്ലെന്നും ചിറ്റിലപ്പള്ളിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ലെന്നും വിജേഷ് പറയുന്നു.

റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയിൽ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നുമാണ് ചിറ്റിലപ്പിള്ളി അന്ന് പറഞ്ഞത്. എന്നാൽ എത്ര വർഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് ചിറ്റിലപ്പള്ളി ഓർക്കാത്തതെന്നും കോടതി ചോദിച്ചു. ഇവരൊക്കെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഞെട്ടലുളവാക്കുകയാണ്. ഇത്തരക്കാരെ തുറന്നു കാട്ടുന്ന സംഭവമാണ് ഹർജിയായി വന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. ചെറിയ സഹായങ്ങൾ നൽകി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോയെന്നും കോടതി ചോദിച്ചു.

വീഗാലാൻഡിലെ ബക്കറ്റ് ഷവർ എന്ന റൈഡിൽ വച്ചാണ് വിജേഷിന് അപകടം സംഭവിക്കുന്നത്. 12-15 അടി വരെ ഉയരത്തിൽ നിന്നുമാണ് വിജേഷ് വീണത്. ഇതിന്ശേഷം വിജേഷിന്റെ ശരീരം കഴുത്ത് മുതൽ താഴേക്ക് തളർന്നുപോയി. അപകടം സംഭവിച്ചപ്പോൾ വിജേഷിനെ സുഹൃത്തുക്കൾ ഫസ്റ്റ് എയിഡ് പോസ്റ്റിൽ എത്തിച്ചിരുന്നു.എന്നാൽ അവിടെ ആ സമയത്ത് ഒരു ഡോക്ടറോ നഴ്സ് പോലുമോ ഉണ്ടായിരുന്നില്ല. ഒരു സാധാരണ യൂണിഫോം ഇട്ടയാൾ പേടിക്കാനൊന്നുമില്ല, വെള്ളത്തിൽ വീണതുകൊണ്ട്് സംഭവിച്ചതാകും ഉടനെ ശരിയായിക്കോളുമെന്നും പറഞ്ഞതായി വിജേഷ് തന്നെ നേരത്തെ പറഞ്ഞിരുന്നു.

തൃശ്ശൂർക്കുള്ള യാത്രാമദ്ധ്യേ കടുത്ത പനികൊണ്ട് ശരീരം വിറച്ച എന്നെ സുഹൃത്തുക്കൾ തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിലെത്തിച്ചു. ആദ്യ പരിശോധനയിൽ തന്നെ ഡോക്ടർമാർക്ക് നട്ടെല്ലിനേറ്റ ക്ഷതമാണിതെന്ന് മനസിലാകുകയും ഉടൻ തൃശ്ശൂർ മെട്രോപൊളിറ്റൻ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. ഏതാനും ആഴ്‌ച്ചകൾക്ക് ശേഷം വീഗാലാൻഡിനെ പരിക്കിനെക്കുറിച്ച് അറിയിക്കുകയും അവർ 50,000 രൂപയുടെ ചെക്ക് തന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കോളാമെന്നും ചില ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം പരാതിയില്ലെന്ന് എഴുതി കൊടുത്തു പോലെ വീഗാലാൻഡ് ആക്കിയെന്നാണ് ഉയരുന്ന ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP