Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പരോൾ ഇല്ലാത്ത സമയത്ത് വല്ലപ്പോഴും ജയിലിൽ എത്തിയാൽ അഞ്ച് പേർക്ക് താമസിക്കാവുന്ന സെല്ലിൽ ഒറ്റയ്ക്ക് വാസം; മൊബൈൽ ഫോണും ചാർജറും സഹായികളായി ജീവനക്കാരും; ഇറച്ചിയും മീനും മദ്യവും അടങ്ങിയ ഭക്ഷണവും സെല്ലിൽ എത്തും; ഒറ്റ ദിവസം പോലും ജോലി ചെയ്യാറില്ലെങ്കിലും രേഖയിൽ പച്ചക്കറി തോട്ടത്തിലെ പണിക്കാരനായി കരുതി പ്രതിമാസം കൊടി സുനിക്ക് 4000 രൂപ ശമ്പളം; ടിപി വധക്കേസിലെ പ്രതിക്ക് പിണറായി നൽകുന്ന മാനുഷിക പരിഗണന കണ്ടാൽ ആർക്കാണ് ഒന്ന് ജയിലിലാവാൻ കൊതി തോന്നാത്തത്?

പരോൾ ഇല്ലാത്ത സമയത്ത് വല്ലപ്പോഴും ജയിലിൽ എത്തിയാൽ അഞ്ച് പേർക്ക് താമസിക്കാവുന്ന സെല്ലിൽ ഒറ്റയ്ക്ക് വാസം; മൊബൈൽ ഫോണും ചാർജറും സഹായികളായി ജീവനക്കാരും; ഇറച്ചിയും മീനും മദ്യവും അടങ്ങിയ ഭക്ഷണവും സെല്ലിൽ എത്തും; ഒറ്റ ദിവസം പോലും ജോലി ചെയ്യാറില്ലെങ്കിലും രേഖയിൽ പച്ചക്കറി തോട്ടത്തിലെ പണിക്കാരനായി കരുതി പ്രതിമാസം കൊടി സുനിക്ക് 4000 രൂപ ശമ്പളം; ടിപി വധക്കേസിലെ പ്രതിക്ക് പിണറായി നൽകുന്ന മാനുഷിക പരിഗണന കണ്ടാൽ ആർക്കാണ് ഒന്ന് ജയിലിലാവാൻ കൊതി തോന്നാത്തത്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'മാനുഷിക പരിഗണന നൽകി കൊടി സുനിക്ക് ഇനിയും പരോൾ അനുവദിക്കണം'; മുഖ്യമന്ത്രിയോട് ഷാഫി പറമ്പിൽ എംഎൽഎ ഉയർത്തിയ ആവശ്യം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തു. ഇതിന് പിന്നാലെ പരോളിനെക്കാൾ വലിയ മാനുഷിക പരിഗണനയാണ് വിയ്യൂർ ജയിലിൽ ടിപി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് കിട്ടുന്നതെന്ന് വ്യക്തമാകുന്നു. പരോളിലിറങ്ങുമ്പോൾ ഏറ്റെടുക്കുന്ന ക്വട്ടേഷനുകൾ ജയിലിനുള്ളിൽ ചെയ്യാനുള്ള സംവിധാനങ്ങൾ. ഈ സുഖ ജീവിതത്തെ കുറിച്ചറിഞ്ഞാൽ ആരും ഒന്ന് ജയിലിൽ പോയി ഇതെല്ലാം അനുഭവിക്കാൻ ആഗ്രഹിക്കും. അഴിക്കുള്ളിൽ ക്വട്ടേഷനെടുത്ത് പുറത്ത് കോടികളുണ്ടാക്കുമ്പോൾ സർക്കാർ ഖജനാവിൽ നിന്നും പ്രതിമാസം കൊടി സുനിക്ക് ശമ്പളവും കിട്ടുന്നു. പച്ചക്കറി തോട്ടത്തിലെ ജോലിക്കാരനാണ് വിയ്യൂർ ജയിലിലെ കിരീടം വയ്ക്കാത്ത രാജകുമാരനായ കൊടി സുനി സർക്കാർ രേഖകളിൽ.

കൊടി സുനിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങളാണ്. സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് എല്ലാം. ഉത്തവുകളൊന്നും ഇല്ലെങ്കിലും കൊടി സുനിക്ക് ഒന്നിനും കുറവ് വരരുതെന്ന നിർദ്ദേശം ബന്ധപ്പെട്ടവർക്കെല്ലാം സിപിഎമ്മിലെ ഉന്നതർ നൽകിയിട്ടുണ്ട്. ഇതാണ് എല്ലാ സുഖ സൗകര്യങ്ങൾക്കും കാരണം. 5 പേരെ പാർപ്പിക്കാവുന്ന സെല്ലിൽ ഒരു വർഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തതും ചാർജ് ചെയ്തു നൽകിയും ജയിൽ ഉദ്യോഗസ്ഥർ പോലും കൊടി സുനിയിൽ യജമാനനെ കാണുന്നു. പച്ചക്കറിത്തോട്ടത്തിൽ പണിക്ക് ഇറങ്ങിയ വകയിൽ ഓരോ മാസവും 3000 മുതൽ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണിത്. ജയിലിലെ ഓരോ ചലനവും കൊടി സുനി അറിഞ്ഞാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പരോളിനേക്കാൾ വലിയ സുഖവാസമാണ് വിയ്യൂരിൽ കൊടി സുനിക്ക്.

ജയിലിൽ ഇറച്ചിയും മീനും വയ്ക്കുന്ന ദിവസങ്ങളിൽ രുചികരമായി തയാറാക്കിയ പ്രത്യേക ഭക്ഷണം സുനിക്കു സെല്ലിലെത്തും. സുനിയടക്കം ടിപി കേസിലെ പ്രതികൾക്കു മദ്യം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കുറച്ചുകാലം മുൻപ് ജയിൽ ജീവനക്കാർ പിടിക്കപ്പെടുകയും സസ്‌പെൻഷനിലാകുകയും ചെയ്തിരുന്നു. ഇപ്പോഴും ഇതെല്ലാം കൃത്യമായി നടക്കുന്നുണ്ട്. കാർ ആക്രമിച്ചു കള്ളക്കടത്തു സ്വർണം കവർന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകൾ സുനി നടപ്പാക്കുന്നു. ഇതിനായി ജയിലിനുള്ളിലിരുന്നു പുറത്തേക്കു നൂറുകണക്കിനു ഫോൺ വിളികൾ ദിവസവും കൊടി സുനി നടത്തുന്നു. ഫോൺ ഉപയോഗം സുഗമമാക്കാൻ ചാർജ് നിറച്ച ബാറ്ററികൾ ക്രത്യമായി എത്തും.ജയിലിലെ പച്ചക്കറിത്തോട്ടത്തിൽ പണിയെടുക്കുന്നവരുടെ പട്ടികയിൽ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. ഹാജർ രേഖപ്പെടുത്താൻ ഗാർഡ് ഓഫിസർക്കു മുന്നിൽ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കിട്ടും.

പരോളിലിറങ്ങിയ കൊടി സുനി ക്വട്ടേഷൻ കേസിൽ അറസ്റ്റിലായതോടെയാണ് സുഖ സൗകര്യങ്ങൾ വീണ്ടും പുറം ലോകത്ത് എത്തുന്നത്. .കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. സാമ്പത്തിക കുറ്റകൃത്യമായി കണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ സുനിയെ കോടതി വിട്ടു കൊടുത്തു. എന്നാൽ അറസ്റ്റിലായതോടെ വിയ്യൂരിലെ സുഖങ്ങളിലേക്ക് പോകാനായിരുന്നു കൊടി സുനിക്ക് താൽപ്പര്യം. അങ്ങനെ പൊലീസ് തെളിവെടുപ്പ് പോലും നടത്തായെ വിയ്യൂരിലെ വിഐപി സംവിധാനങ്ങളിലേക്ക് കൊടി സുനിയെ അയച്ചു. ജയിലിനുള്ളിൽ വലിയ ഓപ്പറേഷനുകളാണ് കൊടി സുനി നടപ്പാക്കുന്നത്.

സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും റാഷിദെന്ന യുവാവ് ഗൾഫിലേക്കയച്ചിരുന്നു. എന്നാൽ തിരികെയെത്തിയ യുവാവിന്റെ കൈയിൽ നിന്ന് യാത്രക്കിടെ സ്വർണം നഷ്ടപ്പെട്ടു. സ്വർണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മർദ്ദിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് യുവാവിന്റെ മാതാവ് നൽകിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്.കൊടിസുനി പരോളിൽ ഇറങ്ങിയ സമയത്താണ് ഈ കുറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. കേസിൽ സജീർ, സമീർ, പ്രകാശ് എന്നീ 3 പേർ കൂടി പിടിയിലായിട്ടുണ്ട്. കൊടി സുനി ,വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് കവർച്ചയും അസൂത്രണം ചെയ്തിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും കോഴിക്കോട് പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് കൊടി സുനിയുടെ പങ്ക് വെളിപ്പെട്ടത്.

യുഡിഎഫ് ഭരണകാലത്ത് ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലിൽ ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് സർവ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലർക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്. ഇതിന് തെളിവാണ് പുതിയ കേസ്

കവർച്ച ആസൂത്രണം ചെയ്യാൻ അഞ്ഞൂറിലേറെ ഫോൺകോളുകൾ വിയ്യൂരിൽ നിന്ന് കൊടി സുനി ചെയ്തു. ഇതാണ് വിനയായി മാറിയതും. നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപമാണ് കാർയാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വർണം കവർന്നത്. ഇതിന്റെ ആസൂത്രകൻ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്ക് നേതൃത്വം നൽകിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവർച്ചമുതൽ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരൻ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂർ സെൻട്രൽ ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം ഫോൺ കോളുകൾ ഉണ്ടായത് കണ്ടെത്തിയത്. മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്.

2016 ജൂലായ് 16-ന് ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിനുസമീപം കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോ സ്വർണം കവർന്നതാണ് കേസ്. ജയിലിൽ കൊടി സുനി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി മുൻപും തെളിവുകൾ ഉണ്ടായിരുന്നു. ഇതെല്ലാം വിവാദമാവുകയും ചെയ്തു. എന്നാൽ ഇടത് സർക്കാരെത്തിയപ്പോൾ കൊടി സുനി ജയിൽ അധികൃതർക്കും പ്രിയങ്കരനായി. വിയ്യൂരിലെ ജയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പോലും കൊടി സുനിയാണ്. അതുകൊണ്ട് തന്നെ സുനിക്ക് ഇവിടെ ഒരു പ്രശ്‌നവുമില്ല. ടിപിയെ കൊന്നതിൽ പ്രധാന ഗൂഡാലോചകനാണ് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ. കുഞ്ഞനന്തന് സർക്കാർ വീണ്ടും പരോൾ കാലാവധി നീട്ടി നൽകി വീട്ടിലിരുത്തുകയാണ്. ഇത് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊടി സുനിക്കും കുഞ്ഞനന്തനും ശിക്ഷാ ഇളവ് നൽകാൻ പോലും ശ്രമിച്ചു. എന്നാൽ ഗവർണ്ണറുടെ ഇടപെടലോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് പരോളിലൂടെ വിധിയെ അട്ടിമറിക്കുന്നത്.

കിർമാണി മനോജിന് പിറകേ കൊടിസുനിയും വിവാഹിതനാകുന്നുവെന്നും റിപ്പോർട്ടുണ്ട്. കാസർഗോഡ് സ്വദേശിയായ ഒരു ഡോക്ടറാണ് വധുവെന്നാണ് അഭ്യൂഹം. മംഗലാപുരത്തെ ഒരാശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്സ് ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ചൊക്ലി നിടുമ്പ്രം ഷാരൂൺ വില്ലയിൽ സുനിൽകുമാർ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ്. ജയിലിൽ കഴിയുന്ന ആളുടെ ഫെയ്സ് ബുക്ക് പ്രണയം തന്നെ ജയിലിലെ സുഖവാസത്തിന് തെളിവാണ്. മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലിൽ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്നങ്ങളിൽ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവർ ഏറെയാണ്.

യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാൾ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉ ദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാർഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു.

പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. നേരത്തെ ടിപി കേസിലെ പ്രതി കിർമാണി മനോജും വിവാഹിതനായ വാർത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്. ജയിലിലെ തന്ത്രപ്രധാന തീരുമാനങ്ങൾ പലതും ഇവരിലൂടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊടി സുനി, കിർമാണി മനോജ്, അണ്ണൻ സിജിത്ത് എന്നിവർ ഉദ്യോഗസ്ഥർക്കു കടുത്ത തലവേദനയാണു സൃഷ്ടിക്കുന്നത്. മൂന്നു ജയിലുകളിലും വാർഡർമാരെ ഡ്യൂട്ടിക്കിടുന്നതുപോലും പല ഉദ്യോഗസ്ഥരും ടിപി കേസ് പ്രതികളുടെ അനുമതി തേടിയാണെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്നതാണ് കൊടി സുനിയുടെ ജയിലിലെ ക്വട്ടേഷൻ പരിപാടികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP