Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്റ്റർ അശോകനും കുടുംബവും ക്ലിഫ് ഹൗസിന് മുന്നിൽ നിരാഹാരത്തിന്; പെന്തകോസ്ത് വിശ്വാസികളും മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധത്തിനെത്തും; കൊടിക്കുന്നിൽ സുരേഷിന്റെ 'ആളാകൽ' കോൺഗ്രസിന് കുരുക്കാകുന്നു

പാസ്റ്റർ അശോകനും കുടുംബവും ക്ലിഫ് ഹൗസിന് മുന്നിൽ നിരാഹാരത്തിന്; പെന്തകോസ്ത് വിശ്വാസികളും മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പിൽ പ്രതിഷേധത്തിനെത്തും; കൊടിക്കുന്നിൽ സുരേഷിന്റെ 'ആളാകൽ' കോൺഗ്രസിന് കുരുക്കാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പെന്തകോസ്ത സഭ ശക്തമായ പ്രതിഷേധത്തിന്. പാസ്റ്റർ അശോകനെ വീട് കയറി മർദ്ദിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ പൊലീസ് നിഷ്‌ക്രിയമാണെന്നാണ് പെന്തകോസ്ത് സഭയുടെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നൽകാനും തീരുമാനിച്ചു. ഇതോടൊപ്പം തന്നെ വീട്ടിൽ കയറി ആക്രമിക്കുകയും കള്ള ക്കേസിൽ കുടുക്കി ജയിലിലടക്കുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷ് എംപിയ്‌ക്കെതിരെ നീയമനടപടികൾ ആവിശ്യപ്പെട്ട് പാസ്റ്റർ കൊച്ചാലയം അശോകനും കുടുംബവും അടുത്ത തിങ്കളാഴ്ച മുതൽ ക്ലിഫ് ഹൗസിനു മുമ്പിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും.

ഈ വിഷയത്തിലെ സമര പരിപാടികൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം വിശ്വാസികളുടെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രത്യക്ഷ സമരം തുടങ്ങാൻ തീരുമാനം. പാസ്ടർ അശോകന് നീതി ലഭിക്കുക, അതിനു ജനങ്ങൾ തിരെഞ്ഞെടുത്ത സർക്കാർ വിഷയത്തിൽ ഇടപെടുക ... നീതി ലഭിച്ചില്ല എങ്കിൽ സംശയം എന്ത് ആ സർക്കാരിനു വോട്ട് ഇല്ല .... ഇതാണ് പെന്തകോസ്ത് സഭ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. അശോകനൊപ്പം ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കാൻ പെന്തകോസ്ത് വിശ്വാസികളുമെത്തും. ജയിലിൽ സുവിശേഷക ജോലി ചെയ്യുന്ന പാസ്റ്റർ അശോകനെ എങ്ങനെ ക്രിമിനലാക്കുമെന്നാണ് സഭയുടെ ചോദ്യം. അതിനിടെ സഭയുടെ ഉന്നത നേതൃത്വം പരസ്യമായി പ്രതിഷേധിക്കുന്നില്ലെന്ന പരാതിയും സജീവമാണ്. ഈ സാഹചര്യത്തിലാണ് വിശ്വാസ സമൂഹം നേരിട്ട് വിഷയത്തിൽ ഇടപെടുന്നത്.

കൊടിക്കുന്നിലിനെ കൊണ്ട് പാസ്റ്റർ അശോകനെതിരായ കേസ് പിൻവലിക്കാൻ ചിലർ ശ്രമിച്ചിരുന്നു. കോൺഗ്രസിലെ ചില ഉന്നതർ നടത്തിയ നീക്കം അവസാന നിമിഷം പൊളിഞ്ഞു. കൊടിക്കുന്നിലിന്റെ പ്രവർത്തിയെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തള്ളിപ്പറയാത്തതും വിശ്വാസികളെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലിഫ് ഹൗസിന് മുന്നിലുള്ള സമരം. പെന്തകോസ്ത് സഭയെ സർക്കാർ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അതുകൊണ്ടാണ് ഈ അവഗണനയെന്നും പെന്തകോസ്ത് സമൂഹം ആരോപിക്കുന്നു. അശോകനെ കള്ളക്കേസിൽ കുടുക്കിയതും പീഡിപ്പിച്ചതും അതിന് തെളിവാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സഭയ്ക്ക് ചെലുത്താനാകുന്ന സ്വാധീനം തെളിയിക്കാൻ ഉറച്ചാണ് ക്ലിഫ് ഹൗസിലേക്ക് സമരമെത്തുന്നത്.

ഈ വിവാദം പുകയുന്നതിനിടെയാണ് കൊടിക്കുന്നിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട് എത്തിയത്. ഇതുകൊടിക്കുന്നിലും സ്ഥിരീകരിച്ചതോടെ പെന്തകോസ്ത് സഭയുടെ എതിർ്പ്പും ശക്തമായി. കൊടിക്കുന്നിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്ന കൊട്ടാരക്കരയും അടൂരുമെല്ലാം പെന്തകോസ്ത് വിഭാഗങ്ങൾക്ക് നല്ല ശക്തിയുണ്ട്. അതുകൊണ്ട് തന്നെ കൊടിക്കുന്നിൽ ജയിച്ചു കയറിയാൽ സഭയ്ക്ക് പേരുദോഷമാകും. ഇത് ഒഴിവാക്കാനുള്ള മുൻകരുതൽ സഭയിൽ ശക്തമാകുന്നതായി സൂചനയുണ്ട്. ഈ രാഷ്ട്രീയ നീക്കം കൂടി മനസ്സിലാക്കിയാണ് കൊടിക്കുന്നിലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പെന്തകോസ്ത് ഗ്രൂപ്പുകൾ കൊടിക്കുന്നിലിനെതിരായ വികാരം ശക്തമായി നിലനിർത്തുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ എംപി സ്ഥാനം രാജിവച്ച് കൊടിക്കുന്നിലിനോട് മത്സരിക്കാനാണ് ഈ വിഭാഗങ്ങളുടെ വെല്ലുവിളി.

നെയ്യാറ്റിൻകര, അരുവിക്കര ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് അകമഴിഞ്ഞ് പിന്തുണ നൽകിയവരായിരുന്നു പെന്തകോസ്ത്തുകാർ. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് പാസ്റ്റർക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയെന്ന ആരോപിക്കുന്ന ആക്രമണം കോൺഗ്രസിന് തീരാ തലവേദനയാകുമെന്നാണ് വിലയിരുത്തൽ. പാസ്റ്ററെ ആക്രമിച്ച കൊടിക്കുന്നിലിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരസ്യമായി കോൺഗ്രസിന് എതിരെ പ്രവർത്തിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയാണ് പെന്തകോസ്ത് സമൂഹം. എല്ലാ തർക്കങ്ങളും മാറ്റി വച്ച് പാസ്റ്റർക്ക് നീതിയൊരുക്കാൻ പെന്തകോസ്ത് സമൂഹം ഒന്നിക്കുകയാണ്. എന്ത് വിലകൊടുത്തും കോൺഗ്രസിന് തിരിച്ചടി നൽകും. പെന്തകോസ്ത് സഭയുടെ പരിപാടികളിലൊന്നും കോൺഗ്രസുകാരെ പങ്കെടുപ്പിക്കില്ല. അങ്ങനെ ഏതെങ്കിലും പരിപാടിയിൽ കോൺഗ്രസുകാരെത്തിയാൽ പ്രതിഷേധിക്കാനാണ് തീരുമാനം. കോൺഗ്രസിന് അനുകൂലമായി അനുനയ ശ്രമമായി ചിലർ രംഗത്ത് വന്നെങ്കിലും എല്ലാ ഗ്രൂപ്പുകളും ഒരുമിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഒരു സംഘം ആൾക്കാർ തലസ്ഥാനത്ത് വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച പാസ്റ്ററുടെ മകൻ ആത്മഹത്യക്കു ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. മ്യൂസിയം കനകനഗർ സ്വദേശി അശോകന്റെ മകൻ നിഖിൽ ദേവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊടിക്കുന്നിലിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കോൺഗ്രസിന് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിലിനെ പുറത്താക്കണം. എംപി സ്ഥാനം രാജിവയ്‌പ്പിക്കുകയും വേണം. ഇതൊക്കെയാണ് പെന്തകോസ്ത് സഭയുടെ ഒത്തുതീർപ്പ് ആവശ്യങ്ങൾ. ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിന് കഴിയില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസുമായി ഒത്തുപോകാൻ പെന്തകോസ്ത് സഭയിലെ ഒരു ഗ്രൂപ്പും തയ്യാറല്ല. സോഷ്യൽ മീഡിയയിൽ സജീവമായ സത്യാന്വേഷി, മലയാളി പെന്തകോസ്ത് ഫ്രീ തിങ്കേഴ്‌സ് തുടങ്ങിയ ഗ്രൂപ്പുകൾ ഹാഷ് ഗാഡ് പ്രചരണവുമായി കൊടിക്കുന്നിലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നുമുണ്ട്. ഇതിന് പുറമേ ജസ്റ്റീസ് ഫോർ പാസ്റ്റർ അശോകൻ എന്ന പുതിയ ഗ്രൂപ്പും വന്നു.

പെന്തകോസ്ത് സഭക്കാർ ഇടതു പക്ഷവുമായി അടുക്കുന്നുവെന്ന സൂചനയുമുണ്ട്. പാസ്റ്റർ അശോകൻ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായെത്തിയത് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ്. എംപിക്ക് നേരെയുള്ള ആക്രമണമായി വിഷയം മാറ്റാനുള്ള നീക്കം പൊളിഞ്ഞത് അങ്ങനെയാണ്. പെന്തകോസ്തുകാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധത്തിലേക്ക് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ട് എത്തിയതും ഇതിന്റെ തെളിവാണ്. കേരളത്തിലെ എല്ലാ സ്ഥലത്തും പെന്തകോസ്ത് സഭയ്ക്ക് വിശ്വാസികളുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും വോട്ട് ബാങ്ക് എന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. സഭയുടെ നിർദ്ദേശം എല്ലാവരും അംഗീകരിക്കും. ഇതിന്റെ ഗുണം കോൺഗ്രസാണ് ഇപ്പോഴും ഉണ്ടാക്കുക.

നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ട ചൂട് കടുത്തതാണ്. അതുകൊണ്ട് തന്നെ പെന്തകോസ്തിനെ പോലൊരു സമൂഹം കോൺഗ്രസിന് എതിരായ നിലപാട് എടുക്കുന്നത് യുഡിഎഫിന്റെ സാധ്യതകളെ സ്വാധീനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP