Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യാദൃശ്ചികമായി നടത്തിയ ഒരു പരിശോധനയിലാണ് പാൻക്രിയാറ്റിക്ക് ക്യാൻസർ പിടിപെട്ടെന്ന് മനസിലായത്; രാഷ്ട്രീയത്തിൽ എതിർപക്ഷത്തിൽ നിൽക്കുന്ന നേതാക്കളും എന്നോട് സ്നേഹമായി പെരുമാറി; മുഖ്യമന്ത്രി സ്ഥിരമായി തന്റെ സുഖവിവരം അന്വേഷിച്ചിരുന്നു; ഇന്നസെന്റും ഭാര്യയും നിരവധി പേർ എന്നെ കാണാൻ വന്നിരുന്നു; രോഗം വന്ന സമയത്ത് എനിക്ക് പ്രചോദനം നൽകിയത് എന്റെ പാർട്ടി്; ക്യാൻസറിനെ നേരിട്ടത് ആത്മധൈര്യത്താൽ; ആശുപത്രിവാസത്തിലെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവച്ച് കോടിയേരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രോഗസമയത്ത് പാർട്ടി തന്റെയൊപ്പം നിന്നുവെന്നും ക്യാൻസർ വന്നുവെന്ന് വച്ച് കരഞ്ഞുകൊണ്ടിരിക്കാൻ പറ്റില്ലെന്നും അത് നേരിടുക തന്നെ വേണമെന്നും സിപിഎം സംസ്ഥാന സെക്രറി കോടിയേരി ബാലകൃഷ്ണൻ. മനോരമ ന്യൂസിലെ നേരേ ചൊവ്വേ പരിപാടിയിലാണ് തന്റെ അതിജീവനത്തേക്കുറിച്ച അദ്ദേഹം വ്യക്തമാക്കിയത്. പ്രശ്നങ്ങൾക്ക് മുൻപിൽ പതറിപോയാൽ ഏത് പ്രശ്നത്തിന് മുൻപിലും പതറിപോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.രോഗം വന്ന സമയത്ത് തനിക്ക് ഏറ്റവും വലിയ പ്രചോദനം നൽകിയത് പാർട്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തന്നെ ഒരുപാട് പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ക്യാൻസർ രോഗ ബാധിതനാണെന്ന കാര്യം താൻ വളരെ അവിചാരിതമായാണ് മനസിലാക്കിയതെന്ന് കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി. ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നപ്പോൾ യാദൃശ്ചികമായി നടത്തിയ ഒരു പരിശോധനയിലാണ് തന്നെ പാൻക്രിയാറ്റിക്ക് ക്യാൻസർ രോഗം ബാധിച്ചിരിക്കുന്നതായി മനസിലാക്കിയതെന്നും എന്നാൽ അത് സംബന്ധിച്ച് യാതൊരു അസ്വസ്ഥതകളും തനിക്ക് തോന്നിയിരുന്നില്ലെന്നും അദ്ദേഹം മനസുതുറന്നു.

അതിനാലാണ് താൻ വിദഗ്ദ ചികിത്സ തേടാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.ബിനോയിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അഭിമുഖത്തിനിടെ അദ്ദേഹം മറുപടി നൽകുകയുണ്ടായി. ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കുമെന്നും കുടുംബമാകുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ഉണ്ടാകുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരുമെന്നും അങ്ങനെ നേരിടാനുള്ള കരുത്തില്ലെങ്കിൽ പാർട്ടിയിൽ പ്രവർത്തിക്കാൻ സാധിക്കുകയില്ല എന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഓരോ പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അത് കൈകാര്യം ചെയ്യണമെന്നും അതിൽ തന്നെ കെട്ടുപിണഞ്ഞ് നിൽക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ എതിർപക്ഷത്തിൽ നിൽക്കുന്ന നേതാക്കളും തന്നോട് സ്നേഹപൂർവ്വം പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥിരമായി തന്റെ സുഖവിവരം അന്വേഷിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു.താൻ രോഗാവസ്ഥയിലായിരുന്ന സമയത്ത് നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റും ഭാര്യയും ഉൾപ്പെടെ നിരവധി പേർ തന്നെ കാണാൻ വന്നിരുന്നുവെന്നും അത് തനിക്ക് രോഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം തുറന്നു പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ക്യാൻസർ രോഗത്തെ നേരിടാൻ ആത്മധൈര്യമാണ് പ്രധാനമെന്ന് താൻ മനസിലാക്കിയെന്നും കോടിയേരി പറഞ്ഞു.

ചികിത്സയുടെ ഭാഗമായി ആദ്യമായി കീമോതെറാപ്പി ചെയ്തപ്പോൾ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. പാർശ്വഫലങ്ങൾ ഉണ്ടായി. ശരീരത്തിലെ സോഡിയം കുറഞ്ഞുപോയി. അതിന്റെ ഫലമായി ഐ.സി.യുവിൽ തന്നെ മൂന്ന് നാല് ദിവസം കിടക്കേണ്ടി വന്നു. ഇങ്ങനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കിടക്കേണ്ടി വന്നപ്പോൾ മാനസിക സംഘർഷം അനുഭവപ്പെട്ടിരുന്നു. ആ സമയം അവിടുത്തെ മലയാളികളായ നഴ്‌സുമാർ വലിയ ആശ്വാസമാണ് നൽകിയത്. അവരും ആശുപത്രിയിലെ മറ്റ് ജീവനക്കാരും ഒരുപാട് പ്രചോദനം നൽകി. രോഗത്തെ അതിജീവിക്കാനുള്ള കരുത്ത് നേടാൻ അത് സഹായിച്ചു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP