Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവരം അറിഞ്ഞയുടൻ ഓർത്തഡോക്‌സുകാർ പള്ളിയിലേക്ക് ഒഴുകിയെത്തി; കൊടി ഉയർത്തിയും ജാഥ നടത്തിയും ആഘോഷം തുടർന്നു; എന്തു ചെയ്യുമെന്ന് ആലോചിക്കാൻ യാക്കാബായക്കാർ വിളിച്ച സുന്നഹദോസ് രാത്രി വൈകി വരെ നീണ്ടു; സുപ്രീംകോടതി വിധി വന്നതോടെ കോലഞ്ചേരിയിൽ വീണ്ടും കനത്ത സംഘർഷത്തിന് കാലം ഒരുങ്ങി

വിവരം അറിഞ്ഞയുടൻ ഓർത്തഡോക്‌സുകാർ പള്ളിയിലേക്ക് ഒഴുകിയെത്തി; കൊടി ഉയർത്തിയും ജാഥ നടത്തിയും ആഘോഷം തുടർന്നു; എന്തു ചെയ്യുമെന്ന് ആലോചിക്കാൻ യാക്കാബായക്കാർ വിളിച്ച സുന്നഹദോസ് രാത്രി വൈകി വരെ നീണ്ടു; സുപ്രീംകോടതി വിധി വന്നതോടെ കോലഞ്ചേരിയിൽ വീണ്ടും കനത്ത സംഘർഷത്തിന് കാലം ഒരുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി : മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് സുപ്രീംകോടതി വിധിയിൽ ആഘോഷവും ആശങ്കയും ഒരു പോലെ സജീവമാകുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്‌സ് പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിർണ്ണായക വിധി. തിങ്കളാഴ്ച വിധിയറിഞ്ഞതോടെ ഓർത്തഡോക്സ് വിഭാഗ വിശ്വാസികൾ പള്ളിയിലേക്ക് എത്തി. ആഹ്ളാദ മുദ്രാവാക്യങ്ങൾ മുഴക്കി പള്ളിയിൽ വികാരി ഫാ. ജേക്കബ് കുര്യൻ ഓർത്തഡോക്സ് വിഭാഗ കൊടിയേറ്റി. വിശ്വാസികൾ പ്രകടനം നടത്തി. ഇത് സംഘർഷത്തിലേക്ക് കടന്നില്ല. എന്നാൽ ഇത്തരം ആഹ്ലാദങ്ങളെ യാക്കോബായ വിവാഭാഗവും ചെറുക്കാനൊരുങ്ങുകയാണ്. ഇതോടെ കോലഞ്ചേരിയിൽ സംഘർഷ സാധ്യത സജീവമാകുകയാണ്.

കോടതിവിധിയുടെ പകർപ്പ് ലഭിച്ചശേഷം സഭാ നേതൃത്വത്തിന്റെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും യാക്കോബായ ഇടവക വിശ്വാസികളുടെ വിശ്വാസത്തെ പരിഗണിക്കാത്തതിൽ പരിഭവമുണ്ടെന്നും യാക്കോബായ വിഭാഗം വ്യക്തമാക്കി. പുത്തൻകുരിശ് പാത്രിയാർക്ക സെന്ററിൽ തിങ്കളാഴ്ച രാത്രി യാക്കോബായ നേതൃത്വം നടത്തിയ അടിയന്തര സുന്നഹദോസ് രാത്രി ഏറെ വൈകിയും തുടർന്നു. ഓർത്തഡോക്സ് വിഭാഗം രാത്രിയിൽ ആഹ്ലാദപ്രകടനവും നടത്തി. ഈ സാഹചര്യം ഗൗരവതരമാണെന്ന് പൊലീസിലെ രഹസ്യാനേവേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുപത് വർഷം തികയാൻ പോകുന്ന തർക്കത്തിന് വഴിത്തിരിവുണ്ടാക്കുന്ന വിധി വന്നതോടെ ഓർത്തഡോക്സ് വിഭാഗ വിശ്വാസികൾ സന്തോഷത്തിലും യാക്കോബായ വിഭാഗം ആശങ്കയിലും ആയി. ഇത് കോലഞ്ചേരിക്കാരെ മുഴുവൻ ആശങ്കയിലാക്കുന്നു. ഇരു വിഭാഗവും തെരുവിൽ തല്ലാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.

സഭാ തർക്കത്തിന്റ പ്രാരംഭഘട്ടത്തിൽ തന്നെ കോലഞ്ചേരി പള്ളിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു. 1995ലെ സുപ്രീം കോടതി വിധി വന്നയുടൻ തന്നെ കോലഞ്ചേരി പള്ളിയിലെ വൈദികനായിരുന്ന യാക്കോബായ വിഭാഗത്തിലെ ഫാ. സഖറിയ ഇച്ചിക്കോട്ടിലിനെ സ്ഥലംമാറ്റിയ നടപടിയാണ് ആദ്യ സംഘർഷത്തിനും നീണ്ട തർക്കങ്ങൾക്കും വഴിവച്ചത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി. സംഘർഷത്തെ തുടർന്ന് 1940 ൽ 89 ദിവസം അടച്ചുപൂട്ടിയ പള്ളി 1998 ഏപ്രിൽ 18 മുതൽ 2005 ജൂലായ് വരെ നീണ്ട ഏഴ് വർഷവും ഇരു വിഭാഗത്തിനും കയറാനാകാതെ അടച്ചുപൂട്ടി. ഇതേവർഷം ജൂലായിൽ പെരുന്നാളിന്റെ ഭാഗമായി തുറന്ന പള്ളി സംഘർഷത്തെ തുടർന്ന് വീണ്ടും മാസങ്ങൾക്കുള്ളിൽ അടച്ചു.

തുടർന്ന് 2010ൽ ഹൈക്കോടതി വിധിയെ തുടർന്ന് ഇരുകൂട്ടർക്കും ആരാധനയ്ക്കായി തുറന്നു നൽകി. എന്നാൽ, ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നതോടെ 2011ൽ വീണ്ടും സംഘർഷമായി. തങ്ങൾക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കണമെന്ന ആവശ്യവുമായി ഓർത്തഡോക്സ് വിഭാഗം കാതോലിക്കയും തങ്ങൾക്ക് ആരാധാന സ്വാതന്ത്ര്യം നൽകണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കാതോലിക്കയും കോലഞ്ചേരി പള്ളിക്ക് മുന്നിൽ നിരാഹാരം തുടങ്ങി. ഇതോടെ സർക്കാർ ഇടപെട്ട് പള്ളി വീണ്ടും പൂട്ടി. തുടർന്ന് യാക്കോബായ വിഭാഗം നൽകിയ പ്രത്യേകാനുവാദ ഹർജിയിൽ 2016 ഏപ്രിലിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ രണ്ട് കൂട്ടർക്കും ആരാധാനാ സ്വാതന്ത്ര്യം അനുവദിച്ചു. ഈ കേസിന്റെ വാദം പൂർത്തിയാക്കിയാണ് തിങ്കളാഴ്ച രാവിലെ വിധി പറഞ്ഞത്.

പള്ളി തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ ഹർജി തള്ളിയാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. 1913ലെ ഉടമ്പടിയോ 2002-ലെ ഭരണഘടനയോ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 1934-ലെ ഭരണഘടന അംഗീകരിച്ച് 1995-ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ശരിവച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ വിധി. മലങ്കര സഭയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ 1934ലെ ഭരണഘടന ഭേദഗതി ചെയ്യാവുന്നതാണെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു. 1934ലെ ഭരണഘടന യാക്കോബായ വിഭാഗം അംഗീകരിക്കുന്നില്ല. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളി കേസിലാണ് വിധിയെങ്കിലും ഇത് മലങ്കരസഭയുടെ കീഴിലുള്ള എല്ലാ പള്ളികൾക്കും ബാധകമാണ്. ഇതാണ് യാക്കോബായ വിഭാഗത്തെ അലോസരപ്പെടുത്തുന്നത്. നാനൂറോളം പേജുകളുള്ള വിധിയുടെ പൂർണരൂപം പുറത്തു വന്നിട്ടില്ല. പള്ളിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം തേടിയുള്ള ഹർജിയും നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്്.

മലങ്കര സഭ പൂർണമായും ഒരു ഭാരതീയ സഭയാണ് എന്നായിരുന്നു ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വാദം. ഇതു സുപ്രീംകോടതി ശരിവച്ചിരിക്കയാണ്. ഓരോ ഇടവകയും സ്വതന്ത്രമായ ഭരണത്തിനു കീഴിലാണെന്ന യാക്കോബായ വിഭാഗത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു സുപ്രീംകോടതിയിൽ ഈ കേസ് വാദം കേട്ടിരുന്നത്. എന്നാൽ അശോക് ഭൂഷൺ ഈ കേസിൽ വാദം കേൾക്കുന്നതിനെ യാക്കോബായ വിഭാഗം എതിർത്തിരുന്നു. അദ്ദേഹം കേരളത്തിൽ ജഡ്ജിയായിരിക്കെ ഇതിൽ ചില കേസുകൾ പരിഗണിച്ചു എന്നതാണ് എതിർപ്പിനു കാരണമായത്. തുടർന്നാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് അമിതാവ റോയ് എന്നിവരുടെ ബെഞ്ചിലേക്ക് കേസ് മാറ്റിയത്.

അതിനിടെ സുപ്രീംകോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അറിയിച്ചു. 1934ലെ സഭാ ഭരണഘടനയും 1995ലെ സുപ്രീംകോടതി വിധിയും ആവർത്തിച്ച് അംഗീകരിച്ചുള്ള വിധി യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാനും സമാധാനത്തിനായി നിലകൊള്ളാനും എല്ലാവരും തയാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP