Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോഗ് കിൽ ആട്ടിൻസൂപ്പിൽ കലർത്തി അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച്; കൂടത്തായി കൊലപാതക പരമ്പരയിലെ ആറാം കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം; പ്രതിപ്പട്ടികയിലുള്ളത് ജോളി മാത്രം; 129 സാക്ഷികളും; താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത് ജോളിയുടെ ഒന്നാം കൊലപാതക സീരീസിലെ കുറ്റപത്രം; കൊലയ്ക്ക കാരണമായത് വിദ്യാഭ്യാസ യോഗ്യത അന്നമ്മ കണ്ടുപിടിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴെന്ന് കുറ്റപത്രത്തിൽ മൊഴി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറാം കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപിച്ചു. അന്നമ്മ വധക്കേസിലെ കുറ്റപാത്രമാണ് താമരശ്ശേരി കോടതിയിൽ ഇന്ന് സമർപിച്ചത്. പ്രതിപട്ടികയിലുള്ളത് ജോളി മാത്രമാണ്. 129 സാക്ഷികളെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസാണ് അന്നമ്മയുടെ കൊലപാതകം. 2002 ൽ ഓഗസ്റ്റ് 22 നാണ് അന്നമ്മ കുഴഞ്ഞു വീണ് മരിച്ചത്. ഡോഗ് കിൽ കലർത്തിയ ആട്ടിൻസൂപ്പ് നൽകിയാണ് ജോളി അന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

എംകോം പഠനം പൂർത്തിയാക്കിയെന്നായിരുന്നു ജോളി അന്നമ്മയെ പറഞ്ഞു ധരിപ്പിച്ചിരുന്നത്. തുടർന്ന് ബിഎഡ് കോഴ്സ് പാസായാൽ അദ്ധ്യാപികയായി ജോലി ലഭിക്കുമെന്ന് ഉപദേശിച്ച അന്നമ്മ ജോളിയെ നിർബന്ധിച്ച് കോഴ്സിന് അയച്ചു.

അന്നമ്മയെ കബളിപ്പിക്കാനായി ജോളി പാലായിൽ താമസിച്ചു. അവിടെ ബിഎഡ് പഠിക്കുകയാണെന്ന് ജോളി അന്നമ്മയെ വിശ്വസിപ്പിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യതസംബന്ധിച്ചു അന്നമ്മ കൂടുതൽ അന്വേഷിക്കുമെന്ന ഘട്ടത്തിലാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അന്നമ്മയെ കൊലപ്പെടുത്താൻ ജോളിക്ക് ഡോഗ്കിൽ പ്രിസ്‌ക്രിപ്ഷൻ നൽകിയ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഈ കേസിലെ സാക്ഷികളാണ്. രണ്ടുഡോക്ടർമാർക്ക് പുറമേ മൂന്ന് അറ്റൻഡർമാരേയും സാക്ഷികളാക്കിയിട്ടുണ്ട്. അന്നമ്മയെ കൊലപ്പെടുത്താൻ മാത്രമാണ് ജോളി സയനൈഡ് ഉപയോഗിക്കാതിരുന്നത്.

ഡിവൈഎസ്‌പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. ഡോഗ്കിൽ രാത്രിയിലാണ് ജോളി ആട്ടിൻ സൂപ്പിൽ ഒഴിച്ച് ഇളക്കി വച്ചത്. പിറ്റേന്ന് രാവിലെ സൂപ്പ് കഴിച്ച അന്നമ്മ കുഴഞ്ഞു വീഴുകയായിരുന്നു.

വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വന്ന് ഞരമ്പുകൾ വരിഞ്ഞുമുറുകി മരിക്കുന്നതാണ് ഡോഗ്കിൽ മരുന്നിന്റെ ലക്ഷണം. അന്നമ്മ മരിച്ചതും ഈ ലക്ഷണങ്ങളോടെയായിരുന്നുവെന്നാണ് സാക്ഷിമൊഴികൾ.

 കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലും കുറ്റപത്രം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് കെ.ജി. സൈമൺ കോടതിയിൽ സർപിച്ചിരുന്നു.ജോളി ജോസഫ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസിനെ കൊലപ്പെടുത്തിയ കേസിലാണു താമരശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജോളി ക്യാപ്‌സൂളിൽ സയനൈഡ് നിറച്ചു നൽകി ടോം തോമസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു. 175 സാക്ഷികളും 173 രേഖകളും ഉണ്ട്. 1069 പേജുള്ളതായിരുന്നു് കുറ്റപത്രം.

വീട്ടിലെ സന്ധ്യാപ്രാർത്ഥനയ്ക്ക് മുൻപാണ് ജോളി ക്യാപ്‌സൂൾ നൽകിയത്. പ്രാർത്ഥനയ്ക്കിടയിൽ ടോം തോമസ് കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ്.മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നൽകിയ പ്രജുകുമാർ മൂന്നാം പ്രതിയുമായാണു കുറ്റപത്രം. ജോളിയുടെ മകനാണു പ്രധാന സാക്ഷി.

ക്യാപ്‌സ്യൂൾ നൽകുന്നത് കണ്ടുവെന്ന മകന്റെ മൊഴി കേസിൽ നിർണായകമാവും. ടോം തോമസിന് ദിവസവും മഷ്‌റൂം ക്യാപ്‌സ്യൂൾ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ടുതന്നെ സയനൈഡ് നിറച്ച ക്യാപ്‌സ്യൂൾ എളുപ്പത്തിൽ അദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാൻ ജോളിക്കു കഴിഞ്ഞെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞത്.

കൂടത്തായ് കൊലപാതകപരമ്പരയിൽ ആദ്യകുറ്റപത്രം ജനുവരി ഒന്നിനാണ് സമർപിച്ചത്. റോയ് തോമസ് വധക്കേസിൽ ജോളി അടക്കം. നാലുപ്രതികൾക്കെതിരെയാണ് 1800 പേജുള്ള കുറ്റപത്രം. റോയിയുടെ ബന്ധുവായ എം.എസ്. മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ, വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച മുൻ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റ് പ്രതികൾ. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ, വഞ്ചന, തെളിവുനശിപ്പിക്കൽ തുടങ്ങി 10 കുറ്റങ്ങളാണ് പ്രതികൾക്കെതിരെയുള്ളത്. 246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും കുറ്റപത്രത്തിലുണ്ട്.

റോയ് തോമസ് വധക്കേസിൽ മാപ്പുസാക്ഷികളില്ല. ജോളിയുടെ രണ്ട് മക്കളുടെ അടക്കം ആരുപേരുടെ രഹസ്യമൊഴി കേസിൽ നിർണായകമാകും. കേസിൽ ഡി.എൻ.എ ടെസ്റ്റിന്റെയും ആവശ്യമില്ല. സയനൈഡ് ഉള്ളിൽ ചെന്നാണ്‌റോയി മരിച്ചതെന്ന രാസപരിശോധനാ റിപ്പോർട്ട് ശക്തമായ തെളിവാണ്.

റോയിയുടെ വധത്തിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് ബന്ധമില്ല. എന്നാൽ മറ്റു കേസുകളിൽ ഷാജുവിന് ബന്ധമില്ലെന്ന് ഇപ്പോൾ പറയാനാകില്ല. പ്രീഡിഗ്രിക്കാരിയായ ജോളി ബി.കോം, എം.കോം, യുജിസി നെറ്റ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്.

ഭർത്താവായ റോയി തോമസിനെ കൊലപ്പെടുത്തിയത് ജോളി ഒറ്റയ്‌ക്കെന്ന് കുറ്റപത്രം. കൃത്യമായ ആസൂത്രണം ജോളി നടത്തിയിരുന്നു. രണ്ടാംഭർത്താവ് ഷാജുവിന് റോയി കൊലക്കേസിൽ പങ്കില്ലെന്നും എസ്‌പി കെ.ജി സൈമൺ വ്യക്തമാക്കി. പ്രീഡിഗ്രിക്കാരിയായ ജോളി യുജിസി നെറ്റ് യോഗ്യതയുടെ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നും കണ്ടെത്തി.

മദ്യപാനിയായ റോയിയെക്കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി കൊലപാതകത്തിന് തുനിഞ്ഞതെന്നാണ് കുറ്റപത്രം പറയുന്നത്. വീട്ടിലെത്തിയാൽ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്ന ശീലം റോയിക്കുണ്ടായിരുന്നു. ഇതിലൂന്നിയായിരുന്നു ജോളിയുടെ ആസൂത്രണം. റോയി കൊല്ലപ്പെട്ട ദിവസം മക്കളെ മുകളിലെ നിലയിലെ മുറിയിൽ ഉറക്കി. റോയി വന്നപ്പോൾ വെള്ളത്തിലും കടലക്കറിയിലും സയനൈഡ് ചേർത്ത് നൽകുകയായിരുന്നു. പിന്നീട് ഹൃദയാഘാതം മൂലം റോയി മരിച്ചെന്ന് ബന്ധുക്കളെ അടക്കമുള്ളവരെ വിളിച്ചറിയിച്ചതും ജോളി തന്നെ. ഇതിനെല്ലാം തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു.

റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും കൊല്ലാൻ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. റോയി തോമസിനെ കൊന്നതിൽ ശക്തമായ ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്കാരിയായ ജോളി ബി.കോം, എം.കോം, യുജിസിനെറ്റ് എന്നിവുടെ സർട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിത്. എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡും കൈവശമുണ്ടായിരുന്നു. ഇവ കൃത്യമായി കോർത്തിണക്കിയാണ് കുറ്റപത്രമെന്നും റൂറൽ എസ്‌പി വ്യക്തമാക്കി.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് റോയി വധക്കേസിൽ പങ്കില്ലെങ്കിലും മറ്റ്‌ േകസുകളിലെ പങ്കില്ലെന്ന് പറയാനാകില്ലെന്ന് എസ്‌പി. പറഞ്ഞു. പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ ജോളി മൂന്നുപേരെകൂടി കൊല്ലുമായിരുന്നുവെന്നും എസ്‌പി വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP