Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീരിയൽ കില്ലർക്ക് കടുത്ത വിഷാദമോ? ആളൂർ വക്കീൽ വന്ന് കണ്ട് സംസാരിച്ച ശേഷമുള്ള ജോളിയുടെ ആത്മഹത്യാ ശ്രമത്തിൽ പൊലീസിന് സംശയങ്ങൾ ഏറെ; കൈഞരമ്പ് കടിച്ചു മുറിച്ചതെന്ന മൊഴി വിശ്വസിക്കാതെ ജയിൽ അധികൃതരും; കൈയിലെ ആഴത്തിലുള്ള മുറവ് കല്ലു കൊണ്ടു ഉണ്ടാക്കിയതാകാമെന്ന് ഡോക്ടർമാർ; 'സയ്‌നെയ്ഡിൽ' ശത്രുക്കളെ വകവരുത്തിയ ജോളിക്ക് രണ്ട് ദിവസം കൂടി ആശുപത്രി വാസം; കൂടത്തായിയിലെ വില്ലത്തിയുടേത് വിചാരണ അട്ടിമറിക്കാനുള്ള ശ്രമമോ?

സീരിയൽ കില്ലർക്ക് കടുത്ത വിഷാദമോ? ആളൂർ വക്കീൽ വന്ന് കണ്ട് സംസാരിച്ച ശേഷമുള്ള ജോളിയുടെ ആത്മഹത്യാ ശ്രമത്തിൽ പൊലീസിന് സംശയങ്ങൾ ഏറെ; കൈഞരമ്പ് കടിച്ചു മുറിച്ചതെന്ന മൊഴി വിശ്വസിക്കാതെ ജയിൽ അധികൃതരും; കൈയിലെ ആഴത്തിലുള്ള മുറവ് കല്ലു കൊണ്ടു ഉണ്ടാക്കിയതാകാമെന്ന് ഡോക്ടർമാർ; 'സയ്‌നെയ്ഡിൽ' ശത്രുക്കളെ വകവരുത്തിയ ജോളിക്ക് രണ്ട് ദിവസം കൂടി ആശുപത്രി വാസം; കൂടത്തായിയിലെ വില്ലത്തിയുടേത് വിചാരണ അട്ടിമറിക്കാനുള്ള ശ്രമമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതി ജോളിക്ക് വിഷാദരോഗം പിടിപെട്ടതായി സംശയം. കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിൽസയിലാണ് വിഷാദ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത്. കൈയിലെ ആഴത്തിലുള്ള മുറിവ് കല്ലുകൊണ്ടുണ്ടാക്കിയതാണെന്നും ഡോക്ടർമാർ പറഞ്ഞു. ജോളിക്ക് രണ്ടുദിവസത്തിനകംആശുപത്രി വിടാനാകുമെന്നും സൂപ്രണ്ട് പറഞ്ഞു. ജയിലിനകത്ത് ഭിത്തിയുടെ മൂർച്ചയേറിയ ഭാഗത്ത് അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. പരുക്ക് ഗുരുതരമല്ല. അതേസമയം ഞരമ്പിന് മുറിവേറ്റതിനാൽ ജോളിയെ മൈനർ ശസ്ത്രക്രിയക്ക് വിധേയമാക്കി.

കൈഞരമ്പ് കടിച്ചുമുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നാണ് ജോളിയുടെ മൊഴി. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ചെന്നും ടൈലിൽ ഉരച്ച് വലുതാക്കിയെന്നുമാണ് ജോളി പൊലീസിന് മൊഴി നൽകിയത്. എന്നാൽ പ്രതിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് ജയിൽ സൂപ്രണ്ടിന്റെ വിശദീകരണം. ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ജയിലിൽ ജോളിയുടെ സെല്ലിൽ അധികൃതർ കൂടുതൽ പരിശോധന നടത്തി. ഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തുക്കൾ ഒന്നും സെല്ലിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കൽ കോളജ് പൊലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലിൽ നിലവിൽ ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെനിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും.അഭിഭാഷകനായ ആളൂർ കഴിഞ്ഞ ദിവസം ജോളിയെ ജയിലിൽ സന്ദർശിച്ചിരുന്നു.

അതിന് ശേഷമാണ് ആത്മഹത്യയെന്നത് ഗൗരവത്തോടെ പൊലീസും എടുക്കുന്നുണ്ട്. കോടതിയിൽ കേസുകളെല്ലാം വിചാരണ ഘട്ടത്തിലേക്ക് പോകുന്നുണ്ട്. അതിനാൽ ജോളിയുടെ മാനസികാരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഉറപ്പിക്കാൻ കൂടുതൽ പരിശോധനകളിലേക്ക് പൊലീസ് കടക്കും. അല്ലാത്ത പക്ഷം അത് വിചാരണയെ പോലും അട്ടിമറിക്കും. ഇത്തരത്തിലുള്ള തന്ത്രങ്ങൾ ജോളിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിലുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പലപ്പോഴും ജാമ്യത്തിനും മറ്റും കോടതിയിൽ ഹാജരാക്കുമ്പോൾ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ജോളി പറഞ്ഞിരുന്നു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്തിയുമില്ല.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജോളിയെ ജയിലിൽ കണ്ടെത്തുകയായിരുന്നു. ജയിൽ അധികൃതർ തന്നെയാണ് ജോളിയെ ആശുപത്രിയിലെത്തിച്ചത്. മുൻപും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കൽ കോളജിലെ കൗൺസിലർമാരുടെ സഹായം തേടിയിരുന്നു. സുരക്ഷയെ മുൻ നിർത്തി ജോളിയെ മറ്റ് മൂന്ന് പേർക്ക് ഒപ്പമാണ് സെല്ലിൽ പാർപ്പിച്ചിരുന്നത്. ജോളിയുടെ സുരക്ഷയിൽ വീഴ്ച പറ്റിയിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏത് തരത്തിലാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന കാര്യത്തിലാണ് പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത് . അതേസമയം , കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

കോഴിക്കോട് ജില്ലാ ജയിലിലെ വനിതാ കുറ്റവാളികൾക്കായുള്ള സെല്ലിലാണ് ജോളിയെ പാർപ്പിച്ചിരുന്നത്. 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാൻ ആറു സെല്ലുകളാണുള്ളത്. 10 കുറ്റവാളികൾ മാത്രമാണ് ഇപ്പോഴുള്ളത്. ഇവരെ രണ്ടു സെല്ലുകളിലായാണ് പാർപ്പിച്ചിരുന്നത്. ആദ്യത്തെ സെല്ലിലാണ് ജോളിയെ അടച്ചിട്ടുള്ളത്. ഇതിൽ ജോളി അടക്കം ആറുപേരാണുള്ളത്. ജയിലിൽ എത്തിയ നാളുകളിൽ ആത്മഹത്യാപ്രവണത കാണിച്ചതിനെതുടർന്നാണു കൂടുതൽ പേരുള്ള സെല്ലിലേക്കു ജോളിയെ മാറ്റിയത്.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫ് കുറ്റസമ്മതം നടത്തിയിരുന്നു. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ കീടനാശിനിയാണ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. എല്ലാ കേസിലും പൊലീസ് കുറ്റപത്രം നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമം. അവസാന മൂന്ന് കൊലപാതകങ്ങൾക്ക് ജോളിക്ക് കരുത്തായത് പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം. ആരേയും എപ്പോൾ വേണമെങ്കിലും കൊന്നു തള്ളാമെന്ന മനസ്സ് എത്തുന്നത് ഇതോടെയാണ്. ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് ജോളി ജോസഫ് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ ജയിലിലായതോടെ ഒറ്റപ്പെടലായി. ഇതാണ് ആത്മഹത്യയിലേക്ക് എത്തുന്നത്.

ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി. രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകിയാണ്. മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. ഭർത്താവ് റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ ആയിരുന്നു. റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകളും. മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.

ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും. ഷാജുവിനെ വിവാഹം ചെയ്യാനായിരുന്നു ഇത്. ഭാവിയിൽ ഷാജുവിനെ വകവരുത്തി സർക്കാർ ജോലിയിൽ കയറുകയായിരുന്നു ലക്ഷ്യം. ആശ്രിത നിയമനത്തിലൂടെ ജോലി നേടി ഉറ്റ സുഹൃത്ത് ജോൺസണെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ജോൺസണിന്റെ ഭാര്യയേയും ജോളി കൊല്ലാൻ പദ്ധതി ഇട്ടിരുന്നു. അതിനിടെ കൂടത്തായി കൊലപാതകങ്ങളിൽ മൃതദേഹാവശിഷ്ട പരിശോധനയ്ക്കായി കല്ലറ തുറക്കുന്നത് തടയാൻ ജോളി ജോസഫ് ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ.

കല്ലറ തുറന്നാൽ ദോഷമുണ്ടാകുമെന്നാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമിടയിൽ പ്രചരിപ്പിച്ചത്. പള്ളി അധികൃതരെ കണ്ട് തീരുമാനം മാറ്റാനും നീക്കം നടത്തിയിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലായപ്പോൾ പതിയെ പിന്മാറി. അതിന് ശേഷമായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP