Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോതമംഗലം ചെറിയ പള്ളിയിൽ വ്യാഴാഴ്ച പ്രാർത്ഥന നടത്തുമെന്ന് ഓർത്തഡോക്‌സ് പക്ഷം; പള്ളിപ്രവേശനത്തിന് സംരക്ഷണം തേടി തോമസ് പോൾ റമ്പാന്റെ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക്; വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിയിൽ കയറുമെന്ന് പ്രഖ്യാപനം; ശക്തമായി ചെറുക്കാൻ യാക്കോബായ പക്ഷത്തിന്റെ ഉറച്ച തീരുമാനം; ഓർത്തഡോക്‌സ് പക്ഷത്തിന്റെ നീക്കം പൊലീസിന് നേരേയുള്ള ഹൈക്കോടതി വിമർശനത്തിന് പിന്നാലെ; സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂവെന്ന് കോടതി; വ്യാഴാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ആശങ്ക

കോതമംഗലം ചെറിയ പള്ളിയിൽ വ്യാഴാഴ്ച പ്രാർത്ഥന നടത്തുമെന്ന് ഓർത്തഡോക്‌സ് പക്ഷം; പള്ളിപ്രവേശനത്തിന് സംരക്ഷണം തേടി തോമസ് പോൾ റമ്പാന്റെ കത്ത് മൂവാറ്റുപുഴ ഡിവൈഎസ്‌പിക്ക്; വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിയിൽ കയറുമെന്ന് പ്രഖ്യാപനം; ശക്തമായി ചെറുക്കാൻ യാക്കോബായ പക്ഷത്തിന്റെ ഉറച്ച തീരുമാനം; ഓർത്തഡോക്‌സ് പക്ഷത്തിന്റെ നീക്കം പൊലീസിന് നേരേയുള്ള ഹൈക്കോടതി വിമർശനത്തിന് പിന്നാലെ; സഭാ തർക്കത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കിയേ മതിയാകൂവെന്ന് കോടതി; വ്യാഴാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ആശങ്ക

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം ചെറിയ പള്ളിത്തർക്കത്തിൽ, ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം തേടി ഓർത്തഡോക്‌സ് പക്ഷം. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ മൂവാറ്റുപുഴ ഡിവൈഎസ്‌പി കെ.ബിജുമോന് ഇതുമായി ബന്ധപ്പെട്ട് കത്തുകൊടുത്തു. വ്യാഴാഴ്ച രാവില 10 ന് പള്ളിയിൽ കയറുമെന്നാണ് അറിയിപ്പ്, ഹൈക്കോടതി വിധി കൂടി അനുകൂലമായതോടെയാണ് ഈ നീക്കം. അതേസമയം, യാക്കോബായ വിഭാഗം ശക്തമായ ചെറുത്തുനിൽപ്പിനുള്ള ഒരുക്കത്തിലാണ്. ഇന്ന് ചെറിയ പള്ളിയിൽ ചേർന്ന യോഗത്തിൽ വൈദികരും, അൽമായരും ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പള്ളിപ്രവേശനം ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വ്യാഴ്ാഴ്ച പള്ളിഅങ്കണം സംഘർഷഭരിതമാകുമെന്ന് ഉറപ്പായി.

നേരത്തെ കാതമംഗലം ചെറിയ പള്ളിത്തർക്കത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഓർത്തഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണം. പ്രാർത്ഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് കോടതി ഉത്തരവ് പാലിക്കണം. പള്ളിയിൽ കയറരുതെന്ന് ഓർത്തഡോക്സുകാരോടു പറഞ്ഞത് എന്തിനാണ്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചുള്ള നടപടി വേണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടെ പള്ളിതർക്കം പുതിയ തലത്തിലെത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് യാക്കോബായ സഭ കൊടുത്ത ഹർജി കോടതി തള്ളുകയും ചെയ്തു. പിറവം പള്ളി കേസിലും അതിനിർണ്ണായകമാണ് ഈ വിധി. ഇതു സംബന്ധിച്ചുള്ള സുപ്രീംകോടതി നടപ്പിലാക്കിയേ മതിയാകൂവെന്നും ഹൈക്കടോതി വിശദീകരിച്ചു.

സർക്കാരിന് ഏറെ വെല്ലുവിളിയാണ് ഈ വിധി. എന്തു വന്നാലും പള്ളി ഓർത്തഡോക്സ് പക്ഷത്തിന് വിട്ടു കൊടുക്കില്ലെന്നാണ് യാക്കോബായ പക്ഷത്തിന്റെ നിലപാട്. പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാനെത്തിയപ്പോൾ നാടകീയ സംഭവങ്ങളുണ്ടായി. യാക്കോബായക്കാർ ആത്മഹത്യയ്ക്ക് പോലും മുതിർന്നു. ഇതോടെ പൊലീസ് പിന്മാറുകയായിരുന്നു. കോതമംഗലം പള്ളിയിലും വിധി നടപ്പാക്കാനുള്ള ശ്രമത്തെ വിശ്വാസികൾ ചെറുത്തിരുന്നു. ഇതു മൂലം ഓർത്തഡോക്സ് സഭാ വികാരിക്ക് തിരിച്ചു പോകേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന മുൻസിഫ് കോടതി നിർദ്ദേശം റദ്ദ് ചെയ്യണമെന്ന യാക്കോബായ സഭയുടെ ഹർജിയിൽ പൊലീസ് ക്രമസമാധാന പ്രശ്നം കോടതിക്ക് മുമ്പിലുയർത്തിയത്. ഇത് കോടതി തള്ളി. ഇതോടെ വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയുമായി. വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്താനും സാധ്യതയുണ്ട്.

കോതമംഗലം ചെറിയപള്ളി കേസിൽ ഓർത്തഡോക്സ് പക്ഷത്തിനും അനുകൂലമായി കോടതിവിധി വന്നതോടെ തന്നെ പ്രദേശം സംഘർഷത്തിലേക്ക് കടന്നിരുന്നു. കോതമംഗലം ചെറിയ പള്ളിയും വെട്ടിത്തറ പള്ളിയും 1934 ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണമെന്നും കോടതി ചെലവ് നൽകണം എന്നും കോടതി വിധിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പെരുമ്പാവൂർ സബ്കോടതി ആണ് വിധി പ്രഖ്യപിച്ചത്. തോമസ് പോൾ റമ്പാച്ചൻ കൊടുത്ത കേസിലാണ് ഓർത്തഡോസ് പക്ഷത്തിന് അനുകൂലമായ വിധി ഉണ്ടായത്. നേരത്തെ പെരുമ്പാവൂർ മുൻസിഫ് കോടതി വിധി ഓർത്തഡോക്സ് പക്ഷത്തിനു അനുകൂലമായി വിധി പുറപ്പെടിച്ചിരുന്നു. പിന്നീട് കിട്ടിയ സ്റ്റേയുടെ പുറത്താണ് ചെറിയപള്ളിയിൽ യാക്കോബായ പക്ഷം കുർബാന അർപ്പിച്ചു കൊണ്ടിരുന്നത്. സ്റ്റേ തള്ളിക്കൊണ്ട് വന്ന സബ് കോടതി വിധി കോതമംഗലത്ത് സംഘർഷഭൂമിയായി മാറ്റി. ഇതിനിടെയാണ് കേസുമായി യാക്കോബയക്കാർ ഹൈക്കോടതിയിൽ എത്തിയത്.

അവകാശികളായല്ല അഭയാർത്ഥികളായി.. ഇതാണ് ഇപ്പോൾ യാക്കോബായ പക്ഷക്കാരായ ഇവിടുത്തെ വിശ്വാസികൾ ഒന്നടങ്കം വ്യക്തമാക്കുന്നത്. പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള പള്ളിയുടെ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന ആചാര-വിശ്വാസങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വിശ്വാസ-ആചാരങ്ങൾ നടത്തുന്നതിന് പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി ഇക്കൂട്ടരെ ഒന്നടങ്കം ആശങ്കകൂലരാക്കിയിരുന്നു. പതിനാല് വീട്ടുകാർക്ക് വേണ്ടി പതിനായിരത്തോളം വരുന്ന ഇടവക വിശ്വാസികളെ അവരുടെ വിശ്വാസത്തിൽ നിന്ന് മാറ്റി നിർത്തുന്ന തരത്തിലുള്ള ഈ വിധി നടപ്പാക്കുന്നതിന് ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതം കോതമംഗലത്തിന്റെ സാമൂഹിക അന്തരീക്ഷം തകർക്കുന്ന തരത്തിലായിരിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മുൻപും ഇത്തരത്തിൽ വിധി വന്നപ്പോൾ പ്രതിഷേധവുമായി വിശ്വാസികൾ തെരുവിലേക്ക് ഇറങ്ങിയിരുന്നു.

നാനാജാതി മതസ്ഥർ ദിനംപ്രതി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ ചെറിയ പള്ളിയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കോട്ടയം ആസ്ഥാനമായ മലങ്കര ഓർത്തഡോക്‌സ് വിഭാഗത്തിന് കൈക്കലാക്കുന്നതിന് മാത്രമാണ് ഈ നീക്കമെന്നാണ് യാക്കോബായ വിശ്വാസികളുടെ പ്രധാന ആരോപണം.നിലവിലെ വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കുന്നതിന് കോതമംഗലത്തെ ഇതര മത നേതാക്കാളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പള്ളിക്കറ്റിക്ക് പൂർണ്ണപിന്തുണ അറിയിട്ടുണ്ട്. കോതമംഗലത്തെ കലാപഭൂമിയാക്കി പള്ളി പൂട്ടുന്ന സ്ഥിതി അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പള്ളി സംരക്ഷണ സമിതിയും രംഗത്തെത്തിയിട്ടുണ്ട്. പള്ളിയുടെ വിശ്വാസ സംരക്ഷണത്തിനായി ജീവൻ ത്യജിക്കാൻപോലും തങ്ങൾ തയ്യാറാണെന്നുള്ള പ്രഖ്യപനവുമായി വിശ്വാസികൾ പരസ്യമായി രംഗത്തെത്തുണ്ട്.

വിശ്വാത്തെ ചെറുക്കാൻ ആരുവന്നാലും അവർ അത് സംരക്ഷിക്കാൻ ശ്രമിക്കും. തോമസ്സ് പോൾ റമ്പാൻ പൊലീസ് സംരക്ഷണയിൽ പള്ളിയിൽകയറാൻ എത്തിപ്പോഴും സംഭവിച്ചത് അതാണ് .ഇനി ആരുവന്നാലും ഇത് തന്നെ സംഭവിക്കുമെന്നാണ് യാക്കോബായക്കാരുടെ നിലപാട്. കോതമംഗലം:ഹൈറേഞ്ച് കവാടം,മതമൈത്രിയുടെ സംഗമ ഭൂമി,പ്രകൃതി സ്‌നേഹികളുടെ വിഹാരകേന്ദ്രം,കായിക കേരളത്തിന്റെ തലസ്ഥാനം,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈറ്റില്ലം,കർഷകർ കനകം വിളയിക്കുന്ന മണ്ണ്.....കോതമംഗലത്തെക്കുറിച്ചുള്ള വിശേഷണങ്ങൾ ഏറെയാണ്. ചരിത്രവും ഹൈതീഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ഈ നാടിന്റെ ഭൂതകാലം.മഹാശിലാ സംസ്‌കാരകാലം മുതൽ കോതമംഗലം പേരുകേട്ട നാടായിരുന്നെന്നാണ് ചരിത്രാന്വേഷകരുടെ വിലയിരുത്തൽ.പിൽകാലത്ത് ചേരരാജാക്കന്മാരുടെ ഭരണകാലത്തിനുശേഷം ഇടപ്രഭുക്കന്മാരായ കർത്താക്കന്മാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നുചേർന്നെന്നും പിന്നീട് കുറച്ചു നൂറ്റാണ്ടുകളിൽ ഈ പ്രദേശത്തിന് എന്ത് സംഭവിച്ചു എന്നകാര്യം ഇനിയും പുറത്തുവന്നിട്ടില്ലാ എന്നുമാണ് ഇക്കൂട്ടരുടെ പക്ഷം

ചരിത്ര ശേഷിപ്പുകൾ എന്ന തരത്തിൽ വിലയിരുത്താവുന്ന കോതമംഗലം മർത്താമറിയം വലിയ പള്ളിയും മർത്തോമ ചെറിയ പള്ളിയും കത്തീഡ്രൽ പള്ളിയും അടുപ്പുകല്ലുകൾപോലെ അടുത്തടുത്ത് സ്ഥിതിചെയ്യുന്നു. നഗരത്തിന്റെ തിലകക്കുറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർത്തോമ ചെറിയ പള്ളിക്ക് കോതമംഗലത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ നിർണ്ണായക സ്ഥാനമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. എൽദോ മോർ ബസേലിയോസ് ബാവ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി സുറിയാനി ക്രിസ്തിയാനികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പറങ്കികളുടെ ആക്രമണത്താൽ കഷ്ടപ്പെട്ടിരുന്ന മലങ്കര സഭയെ രക്ഷിക്കാൻ പാത്രിയാർക്കീസ് ബാവയുടെ കൽപ്പന പ്രകാരം യൽദോമാർ ബസേലിയോസ് ബാവ എത്തിയതും തുടർന്നുള്ള സംഭവ പരമ്പരകളുമാണ് പള്ളിയുടെ ഇന്നുള്ള പ്രശസ്തിക്ക് വഴിതെളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP