Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ രണ്ടു മണിക്കൂർ പള്ളിയിലിരുന്നു പ്രാർത്ഥിച്ചു; മൂന്നു റൗണ്ട് എണ്ണിയപ്പോൾത്തന്നെ പന്തിയല്ലെന്നു കണ്ടു ടി യു കുരുവിള വീട്ടിൽ പോയി: 'യുവത്വത്തിന് ഒരു വോട്ട്' തുണച്ചപ്പോൾ കോതമംഗലത്തെ താപ്പാനയെ കന്നിക്കാരൻ തളച്ചു

രാവിലെ രണ്ടു മണിക്കൂർ പള്ളിയിലിരുന്നു പ്രാർത്ഥിച്ചു; മൂന്നു റൗണ്ട് എണ്ണിയപ്പോൾത്തന്നെ പന്തിയല്ലെന്നു കണ്ടു ടി യു കുരുവിള വീട്ടിൽ പോയി: 'യുവത്വത്തിന് ഒരു വോട്ട്' തുണച്ചപ്പോൾ കോതമംഗലത്തെ താപ്പാനയെ കന്നിക്കാരൻ തളച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലത്ത് താപ്പാനയായ ടി യു കുരുവിളയെ യുവത്വം തളച്ചു. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കുരുവിളയുടെ പ്രായം ഇടതുപക്ഷം പ്രചരണായുധമാക്കിയിരുന്നു.79 കാരനായ കുരുവിളക്കെതിരെ എൽ ഡി എഫ് മത്സരരംഗത്തിനിറക്കിയത് 33 കാരനായ ഡി വൈ എഫ് ഐ നേതാവ് ആന്റണി ജോണിനെയായിരുന്നു. യുവത്വത്തിന് ഒരു വോട്ട് എന്നതായിരുന്നു ആന്റണിയുടെ വരവറിയിച്ച് എൽ ഡി എഫ് സ്ഥാപിച്ച പരസ്യബോർഡിലെ പ്രധാന വാചകം.

വികസനത്തിന്റെ പേരുപറഞ്ഞ് വോട്ടുനേടുന്നതിനുള്ള കരുവിളയുടെ നീക്കം തെല്ലും ഏശിയില്ലെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമായിട്ടുള്ളത്. 784 കോടിയുടെ വികസസനം നടപ്പാക്കിയ തന്നെ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരിക്കൽകൂടി വിജയിപ്പിക്കണമെന്നായിരുന്നു കുരുവിള വോട്ടർമാരോട് അഭ്യർത്ഥിച്ചത്. എന്നാൽ ഇത് യു ഡി എഫ് കോട്ടയെന്നറിയപ്പെടുന്ന കീരംപാറ, പിണ്ടിമന പഞ്ചായത്തുകളിൽപോലും യാതൊരു പ്രതികരണവുമുണ്ടാക്കിയില്ലെന്നാണ് വോട്ടിങ് ശതമാനം വിലയിരുത്തുമ്പോൾ വ്യക്തമാവുന്നത്.

ആദ്യം കോട്ടപ്പടിയിലെ പന്ത്രണ്ടു വാർഡുകളും പിണ്ടിമന പഞ്ചായത്തിലെ രണ്ടു വാർഡുകളുമെണ്ണിയപ്പോൾ ആന്റണി ജോണിന് 1355 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.ഇതിൽ ഒരുവാർഡിൽമാത്രമാണ് കുരുവിളക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചുള്ളു. പിന്നീട് ഓരോ റൗണ്ട് പൂർത്തിയാവുമ്പോഴും ആന്റണിയുടെ ഭൂരിപക്ഷം ക്രമേണ ഉയരുകയായിരുന്നു.

രാവിലെ 9 മണിയോടെ ലീഡു നില പുറത്തുവന്നു തുടങ്ങിയതു മുതൽ കോതമംഗലം എം എ കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് എൽ ഡി എഫ് അണികൾ ഒഴുക്ക് തുടങ്ങിയിരുന്നു. പത്തരയായപ്പോൾ ഭൂരിപക്ഷം നാലായിരത്തിനടുത്തെത്തിയതോടെ ആന്റണി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. അണികളുടെ ആവേശം വാനോളമുയർന്നു. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ കവാടം കടന്നെത്തിയ ആന്റണിയെ സി പി എം ഏരിയാസെക്രട്ടറി ആർ അനിൽകുമാർ കെട്ടിപ്പുണർന്നപ്പോൾ പരിസരം ഇൻക്വിലാബ് വിളികൾ കൊണ്ടു മുഖരിതമായിരുന്നു.

രാവിലെ ഏഴു മുതൽ കോതമംഗലം മർത്തോമാ ചെറിയപള്ളിയിൽ പ്രാർത്ഥനയിലായിരുന്ന ടി യു കുരുവിള 9 മണിയോടടുത്ത് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി കൗണ്ടിങ് ഏജന്റുമാരുമായും യു ഡി എഫ് നേതാക്കളുമായും ആശയവിനിമയം നടത്തി. പതിനൊന്നുമണിയോടെ മൂന്നാം റൗണ്ട് എണ്ണി പൂർത്തിയായതോടെ സാഹചര്യം അനുകൂലമല്ലെന്നു കണ്ട് ഹാളിന് പുറത്തിറങ്ങി. ഈ സമയം കവാടത്തിനടുത്ത് എൽ ഡി എഫ് പ്രവർത്തകർ ആഹ്‌ളാദപ്രകടനത്തിന്റെ നിറുകയിലായിരുന്നു. മകൻ എൽദോ കൊണ്ടുവന്ന കാറിൽ പൊലീസ് ഇടപെട്ടാണ് കുരുവിളയെ സ്ഥലത്തുനിന്നും യാത്രയാക്കിയത്. ഒരു റൗണ്ട് എണ്ണാനിരിക്കെ ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആന്റണി ജോണിനു കിട്ടിയത്.

എൽ ഡി എഫിനൊപ്പം കന്നിയങ്കം കുറിച്ചപ്പോഴും പിന്നീട് യു ഡി എഫിനൊപ്പം രണ്ടുവട്ടം മത്സരിച്ചപ്പോഴും കുരുവിളയെ തുണച്ച കോതമംഗലം ഇക്കുറി കൈവിട്ടതിൽ യു ഡി എഫ് കേന്ദ്രങ്ങളിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ അടിയൊഴുക്കുകൾ യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്തുമെന്നാണ് ഇക്കൂട്ടർ വ്യക്തമാക്കുന്നത്.

ടി എം മീതിയനു ശേഷം പാർട്ടിചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനായത് സി പി എമ്മിന് ചരിത്രനേട്ടമായെന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ കർഷക കുടുംബത്തിലെ അംഗമായ ആന്റണി അപ്രതീക്ഷിതമായിട്ടാണ് മത്സരരംഗത്തെത്തുന്നത്. കോതമംഗലത്തെ സീറ്റുവിഭജനം കീറാമുട്ടിയായ അവസരത്തിൽ സി പി എം ജില്ലാസെക്രട്ടറി പി രാജീവാണ് ആൻണിയെ മത്സരിപ്പിക്കണമെന്ന് പാർട്ടി ജില്ലാകമ്മറ്റിയിൽ ആവശ്യപ്പെട്ടത്. ഇത് പാർട്ടി പ്രദേശിക ഘടകത്തിൽ ചില്ലറ അലോസരങ്ങളുണ്ടാക്കിയെങ്കിലും സമവായ ചർച്ചകളിലൂടെ ഇത് പരിഹരിക്കുകയും പാർട്ടിയും എൽഡിഫ് നേതൃത്വവും ഒറ്റക്കെട്ടായി ആന്റണിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP