Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോയ്‌സിന്റെ കൈവശമുള്ള സർക്കാർ ഭൂമി സ്വന്തമാക്കാൻ അനവധി പാവങ്ങൾക്കും കൊട്ടക്കമ്പൂരിൽ ഭൂമി; തമിഴ്‌നാട്ടിലെ കമ്പനി ബിനാമി ഇടപാടു വഴി ഉണ്ടാക്കിയത് നൂറോളം ഉടമസ്ഥരെ; ഇടതു വലതു പാർട്ടികളിലെ അനേകം നേതാക്കൾക്കും ഭൂമി; ഏറെ വൈകാതെ ഹൈവെയും തീർത്ത് നീലക്കുറുഞ്ഞി വിജ്ഞാപനത്തിൽ ഇളവുവരുത്തി എല്ലാം ശരിയാക്കും

ജോയ്‌സിന്റെ കൈവശമുള്ള സർക്കാർ ഭൂമി സ്വന്തമാക്കാൻ അനവധി പാവങ്ങൾക്കും കൊട്ടക്കമ്പൂരിൽ ഭൂമി; തമിഴ്‌നാട്ടിലെ കമ്പനി ബിനാമി ഇടപാടു വഴി ഉണ്ടാക്കിയത് നൂറോളം ഉടമസ്ഥരെ; ഇടതു വലതു പാർട്ടികളിലെ അനേകം നേതാക്കൾക്കും ഭൂമി; ഏറെ വൈകാതെ ഹൈവെയും തീർത്ത് നീലക്കുറുഞ്ഞി വിജ്ഞാപനത്തിൽ ഇളവുവരുത്തി എല്ലാം ശരിയാക്കും

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കൊട്ടക്കമ്പൂർ വില്ലേജിലെ അമ്പത്തെട്ടാം നമ്പർ ബ്‌ളോക്കിലെ ജോയ്‌സ് ജോർജ് എംപിയുടെ വിവാദ ഭൂമി സംരക്ഷിച്ച് നൽകാൻ അനവധി പാവങ്ങൾക്ക് കൊട്ടക്കമ്പൂരിൽ ഭൂമിയുണ്ടെന്ന വാദമുയർത്തി അതിർത്തി പുനർനിർണയിക്കാൻ നീക്കം സജീവമായി. റവന്യൂ, വനം മന്ത്രിമാരും ഇടുക്കിയിലെ മന്ത്രി പ്രതിനിധി എന്ന നിലയിൽ എംഎം മണിയും ചേർന്ന് വിഷയം പരിശോധിക്കാൻ ഇടുക്കിയിൽ എത്താനിരിക്കെയാണ് ഇത്തരമൊരു വാദം ഉയർത്തി ഭൂമി നേടിയെടുക്കാൻ നീക്കങ്ങൾ തുടങ്ങിയിട്ടുള്ളത്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടക്കാമ്പൂരിൽ 330 ഏക്കർ ഭൂമി തമിഴ്‌നാട്ടിലെ സ്വകാര്യ ഗ്രൂപ്പ് ബിനാമി ഇടപാടിലൂടെ കൈവശപ്പെടുത്തിയെന്ന വിവരവും ഇതോടൊപ്പം പുറത്തുവരുന്നു. സമാനമായ രീതിയിൽ ഇടതു വലതു കക്ഷികളിലെ നിരവധി നേതാക്കളും ഇവിടെ അനധികൃതമായി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്.

നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിച്ച് കയ്യേറ്റങ്ങളെല്ലാം പതിച്ചുനൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത്തരത്തിൽ നീലക്കുറിഞ്ഞി വിജ്ഞാപനത്തിൽ ഇളവു വരുത്തി ഇടുക്കിയിൽ 'എല്ലാം ശരിയാക്കാൻ' സർക്കാർതലത്തിൽ തന്നെ കൊണ്ടുപിടിച്ച നീക്കങ്ങളാണ് നടക്കുന്നത്. നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടാക്കമ്പൂരിൽ 330 ഏക്കർ ഭൂമി തമിഴ്‌നാട്ടിലെ സ്വകാര്യ ഗ്രൂപ്പ് കൈവശപ്പെടുത്തിയെന്നാണ് ദേവികുളം സബ് കലക്ടറുടെ റിപ്പോർട്ട്. ബിനാമി പേരുകളിൽ വ്യാജപട്ടയങ്ങൾ ചമച്ച് ചെന്നൈ ആസ്ഥാനമായ ജോർജ് മൈജോ ഗ്രൂപ്പ് സ്വന്തമാക്കിയെന്നാണു റിപ്പോർട്ട്.

കൊട്ടാക്കമ്പൂരിലെ 151 പട്ടയങ്ങളിൽ 100 എണ്ണവും ഈ കമ്പനിയുടെ കൈവശമാണെന്നും റിപ്പോർട്ടിലുണ്ട്. കൊട്ടാക്കമ്പൂർ വില്ലേജിലെ 58ാം നമ്പർ ബ്ലോക്കിലെ 1983 ഹെക്ടർ ഭൂമിയാണു നിർദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയിൽ പെടുന്നത്. ഈ ബ്ലോക്കിൽ 151 പേരാണു ഭൂമി കൈവശം വച്ചിരിക്കുന്നത്. 100ൽ 24 പട്ടയങ്ങൾ മൈജോ ജോസഫിന്റെ പേരിലും ശേഷിക്കുന്ന 76 പട്ടയങ്ങൾ തമിഴ് കർഷകരുടെ പേരിലുമാണ്. ഇവയിൽ ഭൂരിഭാഗവും വ്യാജ പട്ടയങ്ങളാണെന്നു സബ്കലക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. പട്ടയം ലഭിച്ചവരിൽ 80 ശതമാനവും പ്രദേശവാസികളല്ലെന്നും കർഷകരല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. സമാന രീതിയിൽ ഇടതുവലത് നേതാക്കളിൽ പലരും ഇവിടെ ബിനാമികളെവച്ച് ഭൂമി സ്വന്തമാക്കിയെന്ന സൂചനകളും ലഭിക്കുന്നു.

1993ൽ തരപ്പെടുത്തിയ പട്ടയങ്ങളുടെ പവർ ഓഫ് അറ്റോർണി മൈജോ ജോസഫ് പിന്നീടു ബിനാമികളുടെ പേരിലേക്കു മാറ്റുകയായിരുന്നു. മൈജോ ജോസഫ് സ്വന്തമെന്ന് അവകാശപ്പെടുന്ന ഭൂമി റവന്യു വകുപ്പിന്റെ ഭൂമിയാണെന്നു സ്ഥലപരിശോധനയിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ കഴിഞ്ഞ 11 വർഷമായി നാട്ടുകാരും അധികൃതരും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് ഇപ്പോൾ മന്ത്രിതല സംഘം ഇടുക്കിയിൽ എത്തുന്നതെന്നാണ് സർക്കാർ വാദം. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിർത്തി ആവശ്യാനുസരണം പുനർനിർണയിച്ച് പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതോടെ നീലക്കുറിഞ്ഞി ഉദ്യാനപ്രദേശത്തിന്റെ വലിയൊരു ഭാഗം നഷ്ടമാകുകയും ചെയ്യും. പ്രദേശത്ത് വിപുലമായ രീതിയിൽ റോഡുകൾവരെ ഒരുങ്ങുന്നതോടെ ഉദ്യാനമെന്ന സങ്കൽപം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ഈ വർഷം മാർച്ചിൽ ഈ വിഷയങ്ങൾ ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം നടന്നിരുന്നു. ആ യോഗത്തിലെ തീരുമാനം ഇപ്രകാരം ആയിരുന്നു: നീലക്കുറിഞ്ഞി സങ്കേതം ആയി പ്രഖ്യാപിച്ച വിജ്ഞാപനത്തിൽ അതിരുകൾ നിർണയിച്ചതിലുള്ള അപാകതകൾ കാരണം ജനവാസ കേന്ദ്രങ്ങൾ, പട്ടയഭൂമികൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ,ആരാധാനലായങ്ങൾ ശ്മശാനങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെട്ടി്ട്ടുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, കൊട്ടക്കമ്പൂർ വില്ലേജിലെ 58 ാം ബ്ലോക്കിലെയും, വട്ടവട വില്ലേജിലെ 62 ാം ബ്ലോക്കിലെയും പട്ടയഭൂമി ഒഴിച്ചുള്ള ഏകദേശം 3200 ഹെക്ടർ സ്ഥലത്ത് നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് വേണ്ടി 2006 ഒക്ടോബർ 6 ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം പൂർത്തിയാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സാങ്ച്വറിയുടെ അതിരുകൾ പുനർനിർണയിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതും അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.' - ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നീങ്ങുന്നതെന്നാണ് സർക്കാർ വാദം.

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ യാഥാർഥ്യമറിയാതെയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾ തമ്മിൽ തർക്കമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു. നീലക്കുറിഞ്ഞി ഉദ്യാനവും കൊട്ടക്കമ്പൂരിലെ ഭൂമി കയ്യേറ്റവും തമ്മിൽ ബന്ധമില്ല. നീലക്കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച് 2006 ൽ ഇറങ്ങിയതു പ്രാഥമിക വിജ്ഞാപനമാണ്. ആ വിജ്ഞാപന പ്രകാരം 3200 ഹെക്ടർ ഭൂമി വരും.

കുടിയൊഴിപ്പിക്കപ്പെടുമോ എന്നു സ്ഥലവാസികൾക്ക് ആശങ്കയുണ്ട്. ശരിയായ പട്ടയമുള്ള ഭൂവുടമകളെ വിജ്ഞാപനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുമെന്നു പ്രാഥമിക വിജ്ഞാപനത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. അത്തരം പട്ടയമുള്ള ഭൂമി ഏകദേശം 1000 ഏക്കർ വരുമെന്നു യോഗത്തിൽ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതുപ്രകാരം ഉദ്യാനത്തിന്റെ വിസ്തീർണം 2200 ഏക്കറായി കുറയുമെന്നും റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

പട്ടയ ഭൂമി കണ്ടെത്തി ഒഴിവാക്കാനുള്ള അധികാരം കലക്ടർക്കും സെറ്റിൽമെന്റ് ഓഫിസറായ സബ്കലക്ടർക്കും മാത്രമാണ്. പട്ടയഭൂമി ഒഴിവാക്കി മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ. ഇതിനായി രേഖകൾ പരിശോധിക്കേണ്ടതുണ്ട്. അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളും ഒഴിവാക്കില്ല. അതു ചെയ്യണമെന്നതു മാത്രമാണു യോഗ തീരുമാനം. അതിൽ ആരും തർക്കം പറഞ്ഞിട്ടില്ല. റവന്യു മന്ത്രിയും വനം മന്ത്രിയും ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ എം.എം.മണിയും ജനങ്ങളുടെ പരാതി കേട്ട് ആശങ്കകൾ നീക്കും. എന്നാൽ, മന്ത്രിസഭാ ഉപസമിതി ഉണ്ടാക്കിയിട്ടില്ല. - ഇതാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം.

ഏതായാലും സാധാരണക്കാരെ മുൻനിർത്തി തർക്കവും പ്രക്ഷോഭവും ഇളക്കി വിട്ട് ജോയസ് ജോർജ് അടക്കമുള്ള ഉന്നതരുടെ കയ്യേറ്റ ഭൂമി രക്ഷിച്ചെടുക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.11 വർഷത്തെ തർക്കം തീർക്കാൻ
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, വനം വകുപ്പ് മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം മണി എന്നിവരാണ് ഇടുക്കിയിലേക്ക് പോകുന്നത്.

ജോയ്‌സ് ജോർജ്ജ് എംപിയുടേത് അടക്കമുള്ള കൈയേറ്റ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയാണ് കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയം ചർച്ചാ വിഷയമായത്. ഇടുക്കിയിൽ നിന്നുമുള്ള മന്ത്രി എം.എം മണിയാണ് ഇക്കാര്യം യോഗത്തിൽ ശക്തമായി ഉന്നയിച്ചത്.

2006 ൽ വിജ്ഞാപനം ചെയ്ത 3200 ഹെക്ടർ വരുന്ന കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പ് ശക്തമായി രംഗത്തെത്തിയത് പൊതുജനങ്ങളുമായി സംഘർഷത്തിന് കാരണമായിരുന്നു. വേണ്ടത്ര പരിശോധനകൾ ഇല്ലാതെയാണ് വിജ്ഞാപനം നടത്തിയതെന്നും സ്ഥലവാസികളെ പരിഗണിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. എന്നാൽ, സിപിഐയെ ഒറ്റപ്പെടുത്താനും, കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യാനുമാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് പ്രത്യാരോപണം.

കുറിഞ്ഞി സങ്കേതത്തിന്റെ അന്തിമ വിജ്ഞാപനം വരും മുമ്പ് ചെടികൾക്ക് തീയിട്ടും മറ്റും കയ്യേറ്റക്കാർ നീക്കങ്ങൾ നടത്തുവന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു.ഇതിനിടെയാണ്, കൊട്ടക്കമ്പൂരിലെ ജോയ്‌സ് ജോർജിന്റെ ഭൂമി കയ്യേറ്റക്കേസിൽ വഴിത്തിരിവായി അപ്രത്യക്ഷമായ റീസർവേ ലാൻഡ് രജിസ്റ്റർ വീണ്ടെടുക്കാൻ കഴിഞ്ഞത്. ഈ ലാൻഡ് രജിസ്റ്റർ സർക്കാർ രേഖകളിൽ നിന്ന് എങ്ങനെ കാണാതായെതിൽ അന്വേഷണം ഉണ്ടായാലേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP