Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയം ദുരന്തം വിതച്ച കൊട്ടിയൂർ പഞ്ചായത്തിൽ വീട് നിർമ്മാണത്തിന് വിലക്ക്; ഉരുൾപൊട്ടലിൽ താമസയോഗ്യമല്ലാത്ത സ്ഥലത്തു നിന്നും മാറാൻ ശ്രമിക്കുന്നവർക്കും വീട് നിർമ്മിക്കാൻ അനുമതിയില്ല; കൂര കെട്ടാൻ സഹായം ലഭിക്കുന്നതു പോലും സ്വീകരിക്കാനാവാതെ വീട് നഷ്ടപ്പെട്ടവർ; സർക്കാർ അടിയന്തിരമായും ഇടപെട്ട് നിർമ്മാണാനുമതി നൽകണമെന്ന് പഞ്ചായത്ത്

പ്രളയം ദുരന്തം വിതച്ച കൊട്ടിയൂർ പഞ്ചായത്തിൽ വീട് നിർമ്മാണത്തിന് വിലക്ക്; ഉരുൾപൊട്ടലിൽ താമസയോഗ്യമല്ലാത്ത സ്ഥലത്തു നിന്നും മാറാൻ ശ്രമിക്കുന്നവർക്കും വീട് നിർമ്മിക്കാൻ അനുമതിയില്ല; കൂര കെട്ടാൻ സഹായം ലഭിക്കുന്നതു പോലും സ്വീകരിക്കാനാവാതെ വീട് നഷ്ടപ്പെട്ടവർ; സർക്കാർ അടിയന്തിരമായും ഇടപെട്ട് നിർമ്മാണാനുമതി നൽകണമെന്ന് പഞ്ചായത്ത്

രഞ്ജിത്ത് ബാബു

കണ്ണൂർ: പ്രളയാനന്തരം കരപറ്റാനാവാത്ത കൊട്ടിയൂരിന് ഇരുട്ടടിയായി നിർമ്മാണ വിലക്ക്. പശ്ചിമഘട്ടത്തിനോട് ചേർന്ന് കിടക്കുന്ന ഈ പഞ്ചായത്തിലിപ്പോൾ സർവ്വത്ര ഊരുവിലക്കാണ്. ഉരുൾപൊട്ടലിൽ തകർച്ച നേരിട്ട സ്ഥലത്തെ വീടുകൾ പുനർ നിർമ്മിക്കുന്നതിന് മാത്രമല്ല വിലക്ക്. പുതുതായി ഒരു വീടിനുപോലും അനുമതി നൽകാൻ അധികാരമില്ലാതെ ഗ്രാമപഞ്ചായത്ത് നോക്കു കുത്തിയായി നിൽക്കേണ്ട അവസ്ഥയിലാണ്. വയനാടുമായി അതിർത്തി പങ്കിടുന്ന മൂന്ന് വാർഡുകളിലാണ് ഈ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായത്. എന്നാൽ പഞ്ചായത്തിലെ 14 വാർഡുകൾക്കും കെട്ടിട നിർമ്മാണം തന്നെ ഇപ്പോൾ തടസ്സപ്പെട്ടിരിക്കയാണ്. ഉരുൾപൊട്ടലിന് ശേഷം കഴിഞ്ഞ സപ്തംബർ ആദ്യം സെസ്സ് നടത്തിയ പഠനത്തോടെയാണ് കെട്ടിട നിർമ്മാണത്തിന് പഞ്ചായത്ത് മുഴുവൻ അനുമതി നിഷേധിക്കപ്പെട്ടത്. 

ഉരുൾപൊട്ടൽ മേഖലയിൽ മറുനാടൻ കണ്ട കാഴ്ചകൾ ഇങ്ങിനെ. ഒരു ഭാഗത്ത് കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല പ്രദേശം. മറുഭാഗത്ത് വയനാട് ബോയ്സ് ടൗണിൽ നിന്നും കണ്ണൂർ എയർപോർട്ട് റോഡ് വികസനത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമി. ഇതിനിടയിൽ നിലവിലുള്ള സ്ഥലം നഷ്ടപ്പെട്ടവർ മറ്റെവിടെയെങ്കിലും കൂടുതേടാമെന്നു വച്ചാൽ അതും നടപ്പില്ല. മൂന്ന് വാർഡുകളിലെ മലകളിലും വനത്തിലെ ഉരുൾപൊട്ടലും ഒരു ഗ്രാമത്തിലെ ജനങ്ങളുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നത്. കാലവർഷം ദുരന്തം സമ്മാനിച്ച 21 കുടുംബങ്ങളാണ് നെല്ലിയോടി മലയിൽ നിന്നും ഓടി രക്ഷപ്പെട്ടത്.

ആളൊഴിഞ്ഞ നെല്ലിയോടി മലയിൽ 35 ഡിഗ്രി ചെരിവുള്ള മലയിലാണ് ഞങ്ങൾ ആദ്യം പോയത്. ഭാഗികമായി തകർന്നതും തകർച്ചാ ഭീഷണി നിലനിൽക്കുന്നതുമായ വീടുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് പോയിട്ട് മാസങ്ങളായി. നട്ടു നനച്ച കൃഷിയിടങ്ങളിലെ വിളവെടുക്കാൻ പോലും വരാനാവാത്ത അവസ്ഥ. ഏഴ് മീറ്റർ വീതിയിൽ വിള്ളൽ രൂപപ്പെട്ടതാണ് ഈ സ്ഥലം. പാൽച്ചുരം മുതൽ ചപ്പമലവരെ ഈ വിള്ളൽ നീണ്ടു നിൽക്കുന്നു. ഇനി ഒരിക്കലും ഈ പ്രദേശം വാസയോഗ്യമാകില്ല. മലയിലെ വിവിധ ഭാഗങ്ങൾ അടർന്ന് നിൽപ്പാണ്. ഇനിയൊരു ശക്തമായ മഴക്ക് പിടിച്ചു നിൽക്കാനാവാത്ത വണ്ണം ഇടിഞ്ഞ് താണും പിളർന്നും കിടപ്പാണ്. തെങ്ങും ജാതിയുമെല്ലാം ഭൂമിയിൽ നിന്നും താണും ചെരിഞ്ഞും കിടക്കുന്നു. ഏത് സമയവും അവ നിലംപൊത്താം. ഈ അവസ്ഥ മറ്റിടങ്ങളിലില്ലെങ്കിലും പഞ്ചായത്ത് മുഴുവൻ ഒരു നിർമ്മാണത്തിനും ഇപ്പോൾ അനുമതിയില്ല.

സെസ്സിന്റെ പഠനത്തോടെയാണ് ഈ പഞ്ചായത്തിൽ പൂർണ്ണമായും നിർമ്മാണ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അഞ്ചോ പത്തോ സെന്റ് ഭൂമി പഞ്ചായത്തിൽ തന്നെ വാങ്ങി ഒരു കൂര കെട്ടാമെന്ന മോഹത്തിനും ഇതു മൂലം വിലങ്ങായിരിക്കയാണ്. സർക്കാർ തന്നെ ശാസ്ത്രീയ പഠനം നടത്തിയ ശേഷം മാത്രം കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയാൽ മതിയെന്ന് ഉത്തരവിട്ടിരിക്കയാണ്. മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒക്കെ പരാതി നൽകിയെങ്കിലും നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ പറഞ്ഞു. ലോകം മുഴുവൻ കണ്ട അമ്പായത്തോട് മേൽമലയിലെ ഉരുൾപൊട്ടൽ വനത്തിനകത്താണ് ഉണ്ടായത്. ജനവാസ കേന്ദ്രവുമായി ഈ ഉരുൾപൊട്ടലിന് യാതൊരു ബന്ധവുമില്ല. ആർക്കും അപായവുമുണ്ടായിട്ടില്ല. എന്നാൽ പഞ്ചായത്തിലെ മറ്റ് 11 വാർഡുകൾക്കും നിർമ്മാണത്തിന് വിലക്ക് കൽപ്പിച്ചിരിക്കയാണ്. അവർ പറഞ്ഞു.



ബന്ധുവീട്ടിലും വാടക വീടുകളിലുമായി ഉരുൾ പൊട്ടിയ നെല്ലിയോടി മലയിൽ നിന്നുള്ളവർ ഇപ്പോഴും കഴിയുന്നു. അവർക്ക് വീട് പണിയാൻ വിദേശത്തു നിന്ന് ലഭിക്കുന്ന സഹായവും സ്വീകരിക്കാനാവുന്നില്ല. കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് നൽകിയാൽ മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. പഞ്ചായത്ത് ഭരണ സമിതി ഒന്നടക്കം സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ പരിഹാരം ഇനിയും ഉണ്ടായിട്ടില്ല. നാലായിരത്തി നാനൂറിലേറെ കുടുംബങ്ങൾ കൊട്ടിയൂർ പഞ്ചായത്തിലുണ്ട്. വീട് പുതുക്കാനോ അറ്റകുറ്റ പണിക്കോ അവർക്കും അനുമതി നൽകാനാവുന്നില്ല. ജിയോളജിവകുപ്പിന്റെ പഠന റിപ്പോർട്ടും ഇനിയും പുറത്ത് വന്നിട്ടില്ല. അപകട സാധ്യതയുള്ള പ്രദേശങ്ങളെ മാറ്റിനിർത്തി മറ്റിടത്ത് നിർമ്മാണാനുമതി നൽകണമെന്നാണ് നാട്ടുകാരും പഞ്ചായത്തും പറയുന്നത്.



കാലവർഷക്കെടുതിയോടനുബന്ധിച്ചുള്ള നാശ നഷ്ടങ്ങൾക്ക് സർക്കാറിന്റെ പതിനായിരം രൂപ നഷ്ടപരിഹാരം 32 കുടുംബങ്ങൾക്കാണ് ഈ പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളത്. എന്നാൽ ഇനിയുമുണ്ട് അപേക്ഷകർ. വീടും സ്ഥലവും നഷ്ടപ്പെട്ട ഒട്ടേറെ പേർ ഒന്നും ലഭിക്കാത്തവരും ഇനിയുമുണ്ട്. എന്നാൽ ജനങ്ങളും പഞ്ചായത്തും ഒരു പോലെ ആവശ്യപ്പെടുന്നത് നിർമ്മാണാനുമതിക്കു വേണ്ടിയാണ്. വാടകക്ക് താമസിക്കുന്നവർ 4000 രൂപയും അതിന് മുകളിലുമാണ് പ്രതിമാസം നൽകേണ്ടി വരുന്നത്. വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവരുടെ ദൈന്യത നേരിൽ കാണുമ്പോഴാണ് അതിന്റെ വ്യാപ്തി മനസ്സിലാവുന്നത്. 300 വാഴ നശിച്ച ഒരു കർഷകന് ഒരു രൂപ പോലും ലഭിച്ചില്ല. കുരുമുളകും തെങ്ങും നഷ്ടപ്പെട്ടവരുടെ സ്ഥിതിയും അതിലേറെ. കാലവർഷ ദുരിതത്തിൽ പെട്ടവർക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സഹായധനം പോലും ഇനിയും പൂർണ്ണമായും നൽകപ്പെട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP