Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാർ പരീക്ഷാ ഹാളിന് മുന്നിൽ കാവൽ നിന്നു; അമ്മച്ചിയും സഹായിയും പുറത്ത് കാത്തിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഉറച്ച തീരുമാനമെടുത്തത് പെൺകുട്ടി തന്നെ; കൊട്ടിയൂരിൽ ഫാ റോബിന്റെ പീഡനത്തിൽ പ്രസവിച്ച പതിനാറുകാരി പ്ലസ് വൺ പരീക്ഷ എഴുതാൻ സ്‌കൂളിലെത്തി

പൊലീസുകാർ പരീക്ഷാ ഹാളിന് മുന്നിൽ കാവൽ നിന്നു; അമ്മച്ചിയും സഹായിയും പുറത്ത് കാത്തിരുന്നു; ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ഉറച്ച തീരുമാനമെടുത്തത് പെൺകുട്ടി തന്നെ; കൊട്ടിയൂരിൽ ഫാ റോബിന്റെ പീഡനത്തിൽ പ്രസവിച്ച പതിനാറുകാരി പ്ലസ് വൺ പരീക്ഷ എഴുതാൻ സ്‌കൂളിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ: കത്തോലിക്ക സഭാ വൈദികന്റെ പീഡനത്തിനിരയായി ഗർഭിണിയായി പ്രസവിച്ച പതിനാറുകാരി പരീക്ഷ എഴുതാൻ സ്‌കൂളിലെത്തി. പൊലീസ് സംരക്ഷണയിലാണ് കഴിഞ്ഞ ദിവസം പതിനാറുകാരി പരീക്ഷ എഴുതാനെത്തിയത്. പ്ലസ് വണ്ണിന്റെ പൊതു പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. പൊലീസ് സംരക്ഷണയിലാണ് കുട്ടി പരീക്ഷ എഴുതാനെത്തിയത്. കുട്ടിയുടെ അമ്മയും സ്‌കൂൾ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽവച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നതാണ് കേസ്. കൂത്തുപറമ്പിലെ ആശുപത്രിയിൽ പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ പിതാവിനുമേൽ കുഞ്ഞിന്റെ പിത്യത്വം കെട്ടിവയ്ക്കാനും ശ്രമം നടന്നിരുന്നു. ഈ വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് പരീക്ഷ എഴുതാൻ കുട്ടി എത്തിയത്.

പരീക്ഷ എഴുതണമെന്നത് പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു. പഠനം തുടരാനും സമൂഹത്തിൽ സജീവമാകാനുമാണ് അവളുടെ തീരുമാനം. ഇതിനെ മാതാപിതാക്കളും ബന്ധുക്കളും പിന്തുണയ്ക്കുകയായിരുന്നു. സ്‌കൂളിലെത്തിയ കുട്ടിക്ക് നേരെ സംശയ കണ്ണുകളോ ചോദ്യങ്ങളോ ഉയരാൻ അനുവദിക്കാതിരിക്കാൻ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. സാധാരണ കുട്ടികളെ പോലെ പരിഗണിച്ചു. ആരും ഫോട്ടോയും ചിത്രവും പകർത്താതിരിക്കാനും കരുതലെടുത്തു. ഇനിയുള്ള പരീക്ഷയ്ക്കും കുട്ടി സ്‌കൂളിലെത്തും. അമ്മയ്ക്കും ഒരു സഹായിക്കും ഒപ്പമാണ് പരീക്ഷ എഴുതാൻ സ്‌കൂളിലെത്തിയത്.

അതിനിടെ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വൈദികൻ റോബിൻ വടക്കുംചേരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. നാലു ദിവസത്തേക്കാണ് കസ്റ്റഡി. ഫാ.റോബിനെ കസ്റ്റഡിയിൽ വാങ്ങി മറ്റുപ്രതികളുടെ പങ്കുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസിന്റെ പ്രധാനലക്ഷ്യം. വയനാട് ജില്ലാശിശുക്ഷേമസമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ഫാ.തോമസ് തേരകത്തേയും സി.ബെറ്റിയേയും അന്വേഷണ സംഘം കേസിൽ പ്രതിചേർത്തു.

കൊട്ടിയൂർ പാതിരി പീഡനക്കേസിലെ പ്രതികളെ സഹായിച്ചുവെന്ന് ആരോപണമുയർന്ന വയനാട് ശിശുക്ഷേമസമിതി ( സി.ഡബ്ലയൂ.സി). മുൻ ചെയർമാൻ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, വിദഗ്ധ അംഗം ഡോ. സിസ്റ്റർ ബെറ്റി ജോസ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കൽപ്പറ്റ പോക്സോ കോടതി സ്വീകരിച്ചില്ല. കേസിൽ പ്രതിചേർത്ത് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുന്നതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

അപേക്ഷ പരിഗണിച്ച സമയത്ത, കൽപ്പറ്റ പോക്സോ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ല കേസ് എന്നതിനാൽ ഇവിടെ മുൻകൂർ ജാമ്യാപേക്ഷ സ്വീകരിക്കരുതെന്ന പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് സഖറിയാസിന്റെ വാദം അംഗീകരിച്ചാണ് കോടതി അപേക്ഷ മടക്കിയത്. തുടർന്ന് രണ്ട് ജാമ്യാപേക്ഷകളും കോടതിയിൽ നിന്ന് പിൻവലിച്ചു. തലശേരി സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ ആണ് ജാമ്യാപേക്ഷ നൽകേണ്ടിയിരുന്നതെന്ന് അഭിഭാഷക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മുൻകൂർ ജാമ്യം കിട്ടാത്തതിനാൽ രണ്ടു പേരും ഒളിവിൽ തുടരുകയാണ്. പൊലീസ് ഇവരുടെ മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP