Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നോർക്കയുടെ വെബ് സൈറ്റ് നവീകരിക്കാൻ കെപിഎംജിക്ക് കരാർ നൽകിയത് പ്രളയത്തിൽ കേരളം പകച്ചു നിന്ന ദിവസം; നെതർലാൻഡിലെ കൺസൾട്ടൻസി കമ്പനിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ച് രമേശ് ചെന്നിത്തല; സംസ്ഥാന പുനർ നിർമ്മാണത്തിലെ കൺസൾട്ടൻസി കരാർ അത്ര നിർദോഷ ഇടപാടല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്; ഒരു വെബ്പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമെന്ന വിവാദം ആളിക്കത്തുമ്പോൾ

നോർക്കയുടെ വെബ് സൈറ്റ് നവീകരിക്കാൻ കെപിഎംജിക്ക് കരാർ നൽകിയത് പ്രളയത്തിൽ കേരളം പകച്ചു നിന്ന ദിവസം; നെതർലാൻഡിലെ കൺസൾട്ടൻസി കമ്പനിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ച് രമേശ് ചെന്നിത്തല; സംസ്ഥാന പുനർ നിർമ്മാണത്തിലെ കൺസൾട്ടൻസി കരാർ അത്ര നിർദോഷ ഇടപാടല്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്; ഒരു വെബ്പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമെന്ന വിവാദം ആളിക്കത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെബ്സൈറ്റുകൾ നിർമ്മിക്കാൻ വേണ്ടി മാത്രം സർക്കാരിന് സ്വന്തം വകുപ്പുണ്ട്. എല്ലാ വകുപ്പുകളിലും വെബ് ഡിസൈൻ വിദഗ്ദ്ധരും.അമേരിക്കക്കാരും ഇംഗ്ലീഷുകാരും വരെ വൈബ്സൈറ്റുകൾ ചെയ്യിക്കുന്നത് കേരളത്തിലെ കമ്പനികളെ കൊണ്ടാണ്.എന്നിട്ടും നോർക്കയുടെ വെബ് സൈറ്റ് നവീകരിക്കാൻ സർക്കാർ കരാർ ഏൽപ്പിച്ചത് നെതർലാൻഡിലെ കൺസൾട്ടൻസി കമ്പനിയെയാണ്. സൈറ്റ് പുതുക്കി പണിയാൻ ഉപേദേശം നൽകാൻ മാത്രം കെപിഎംജിക്ക് 66 ലക്ഷം നൽകണമെന്ന വാർത്ത മറുനാടൻ പുറത്തു വിട്ടിരുന്നു. പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള കൺസൾട്ടൻസിയും കെപിഎംജി ഏറ്റെടുത്തു. സൗജന്യ സേവനം എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. എന്നാൽ ഇതിന് പിന്നിലെ ദുരൂഹതകൾ കൂട്ടുകയാണ് ഓഗസ്റ്റ് 17ന് പുറത്തിറങ്ങിയ ഉത്തരവ്. കേരളം പ്രളയത്തിൽ നെട്ടോട്ടമോടുമ്പോഴായിരുന്നു ഈ 66 ലക്ഷത്തിന്റെ വഴിവിട്ട സഹായം. ഇത് പ്രതിപക്ഷവും ചർച്ചയാക്കുകയാണ്.

പ്രളയത്തിൽ തകർന്ന കേരളത്തെ പുനർ നിർമ്മിക്കുന്നതിനുള്ള കൺസൾട്ടൻസി കരാർ നൽകിയ കെ.പി.എം.ജിയുമായി സംസ്ഥാന സർക്കാരിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സൗജന്യമായി കൺസൾട്ടൻസി ജോലി ചെയ്യാൻ തയ്യാറായി കെ.പി.എം.ജി മുന്നോട്ട് വന്നതിനാൽ അവർക്ക് കരാർ നൽകി എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അത്രയും നിർദോഷ ഇടപാടാണോ ഇതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ചെന്നിത്തല പറയുന്നു. കാരണം സംസ്ഥാനത്ത് പ്രളയം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്ന ഓഗസ്റ്റ് 17 ന് കെ.പി.എം.ജിക്ക് 66 ലക്ഷത്തിന്റെ ഒരു കരാർ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. നോർക്കയുടെ വെബ്പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിനാണ് 66 ലക്ഷത്തിന്റെ കരാർ കെ.പി.എം.ജിക്ക് നൽകിയത്.

ഒരു വെബ്പോർട്ടൽ റീഡിസൈൻ ചെയ്യുന്നതിന് 66 ലക്ഷം രൂപ വേണമോ എന്നതാണ് ചോദ്യം. കെൽട്രോൺ, സിഡിറ്റ് തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് കുറഞ്ഞചെലവിൽ ചെയ്യാവുന്ന പണിയാണ് അവയെ തഴഞ്ഞ് വൻതുകയ്ക്ക് കെ.പി.എം.ജി എന്ന അന്താരാഷ്ട്ര കമ്പനിക്ക് നൽകിയത്. ആരുടെ താത്പര്യമാണ് ഇതിൽ പ്രവർത്തിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. പൊതു മേഖലയുടെ സംരക്ഷകരെന്ന് പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവുന്ന ഇടതുപക്ഷ സർക്കാരാണ് പൊതുമേഖലയെ തഴഞ്ഞ് സ്വകാര്യ കുത്തക കമ്പനിക്ക് പിന്നാലെ പോകുന്നത്. ഇടതു പക്ഷത്തിന്റെ കാപട്യമാണ് ഇത് വഴി വ്യക്തമാകുന്നത്. കേരളത്തെ പുനർനിർമ്മിക്കുന്നതിനുള്ള സൗജന്യ കൺസൾട്ടൻസിക്ക് പുറകിൽ ഇതു പോലുള്ള വേറെ എത്ര കരാറുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നോർക്കയുടെ പോർട്ടൽ നവീകരിക്കുന്നതിന് കൺസൾട്ടൻസിയെ കണ്ടെത്താൻ കെ.എസ്ഐ.ഡി.സി.യെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇ-ഗവേണൻസുമായി ബന്ധപ്പെട്ട സാങ്കേതിക സഹായങ്ങൾക്ക് ആശ്രയിക്കാവുന്ന ഏജൻസിയായി എൻ.ഐ.സി. എംപാനൽ ചെയ്ത സ്ഥാപനമെന്ന നിലയിലാണ് കെ.പി.എം.ജി.യെ ശുപാർശചെയ്തത്. കേരളത്തിൽ തന്നെ വെബ് പോർട്ടലുകൾ കുറഞ്ഞ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ ഉണ്ടാക്കി നൽകുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ലക്ഷത്തിൽ താഴ തുകയ്ക്ക് പോലും ചെയ്യുന്ന ഈ കമ്പനികളെ കൊണ്ടാണ് വിദേശ രാജ്യങ്ങളിലെ വെബ് സൈറ്റ് നിർമ്മാണം പോലും ചെയ്യുന്നത്. ഇതിനിടെയാണ് നെതർലാൻഡ് ആസ്ഥാനമായ കമ്പനിക്ക് ഇത്രയും ചെറിയ പണിക്ക് 66 ലക്ഷം രൂപ പിണറായി സർക്കാർ വെറുതെ നൽകുന്നത്. പ്രളയ പുനരുദ്ധാരണത്തിൽ കെപിഎംജിയെ സൗജന്യ കൺസെൾട്ടന്റായി അവതരിപ്പിച്ചതിൽ പ്രതിപക്ഷം ഉയർത്തിയ സംശങ്ങൾ ശരിവയ്ക്കുന്നതാണ് നോർക്കയിലെ പോർട്ടൽ നിർമ്മാണം.

ലോകത്തിലെ നാല് പ്രധാന ഓഡിറ്റർ കമ്പനികളിലൊന്നായാണ് കെപിഎംജി അറിയപ്പെടുന്നത്. ഓഡിറ്റിങ്ങിനോടൊപ്പം കൺസൽട്ടൻസി സേവനങ്ങളും ഈ കമ്പനി നൽകുന്നു. 1987ൽ നിലവിൽവന്ന കെപിഎംജിയിൽ 1,89,000 ജീവനക്കാർ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ ഓഡിറ്റിങ് ആണ് കെപിഎംജി പ്രധാനമായും നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് കെപിഎംജിയുടെ പ്രവർത്തനങ്ങൾക്കെതിരെ ആരോപണമുണ്ടായിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിനെക്കുറിച്ച് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. ഇക്കണോമിസ്റ്റ് മാസികയിലെ റിപ്പോർട്ട് പ്രകാരം വിവിധ രാജ്യങ്ങളിലെ പ്രവർത്തനങ്ങളിൽ ക്രമക്കേട് നടത്തിയതുമൂലം പല രീതിയിലുള്ള അന്വേഷണങ്ങൾ നേരിടുന്ന കമ്പനിയാണ് കെ പി എം ജി. ഓഡിറ്റിങിൽ നടത്തിയെന്ന് പറയുന്ന കൃത്രിമത്വമാണ് കമ്പനിയെ വിവിധ രാജ്യങ്ങളിൽ പ്രതിസ്ഥാനത്ത് നിർത്തിയത്. അമേരിക്കയിലും ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് പ്രധാനമായും കമ്പനിയുടെ പ്രവർത്തനങ്ങൾ അന്വേഷണങ്ങളിലേക്ക് നയിച്ചത്.

ബ്രിട്ടനിലെ കാരിലിയോൺ എന്ന പിന്നീട് ഇല്ലാതായ നിർമ്മാണ കമ്പനിക്ക് അനുകൂലമായ ഓഡിറ്റ് റിപ്പോർട്ട് നൽകിയതാണ് കെ പി എം ജിയെ വിവാദത്തിലാക്കിയത്. കമ്പനിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറച്ചുവെച്ചുകൊണ്ട് ആ സ്ഥാപനത്തിന് അനുകൂലമായ ഓഡിറ്റ് റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട നടന്ന പാർലമെന്ററി അന്വേഷണറിപ്പോർട്ടിൽ നിശിതമായ വിമർശനമാണ് കെ പി എം ജിക്കെതിരെ ഉന്നയിച്ചത്. 19 വർഷമാണ് കെ പി എം ജി ഈ കമ്പനിയുടെ ഓഡിറ്റിങ് നടത്തിയത്. കമ്പനിയുടെ സാമ്പത്തികാവസ്ഥ ബോധപൂർവം മറച്ചുവെച്ചു എന്നാണ് ആരോപണം. ദക്ഷിണാഫ്രിക്കയിലെ ബിസിനസ് സമ്രാട്ടായ ഗുപ്ത കുടുംബത്തിന്റെ കമ്പനികളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ടാണ് കെ പി എം ജി അന്വേഷണം നേരിടുന്നത്. 2003ൽ കെപിഎംജിയുടെ അമേരിക്കൻ സ്ഥാപനമായ കെപിഎംജി എൽഎൽപിയെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റീസ് നികുതി വെട്ടിപ്പിന് കൂട്ടുനിന്നതിന്റെ പേരിൽ കുറ്റം ചുമത്തിയിരുന്നു. കമ്പനിയുടെ ഉപഭോക്താക്കൾക്ക് നികുതി വെട്ടിപ്പിന് അവസരം നൽകിയെന്നായിരുന്നു കേസ്. ഇതേതുടർന്ന് 456 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി കേസ് കെ പി എം ജി അവസാനിപ്പിക്കുകയായിരുന്നു.

ഇത്തരം ഒരു കമ്പനി പ്രളയകാലത്ത് കൺസൾട്ടൻസിയായി കേരളത്തിൽ ഒന്നും കാണാതെ സൗജന്യമായി വരുമോയെന്ന ചോദ്യം സജീവമാണ്. കേരളത്തിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങളുടെ കൺസൾട്ടൻസി ചുമതല ഏൽപിച്ച കെ.പി.എം.ജി. കമ്പനിയെ സംബന്ധിച്ച് നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ, കൺസൾട്ടസി ചുമതല നൽകുന്നതിനു മുമ്പ് ഈ കമ്പനിയുടെ വിശ്വാസ്യത സംസ്ഥാന സർക്കാർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിന് കത്ത് നൽകിയിരുന്നു. നമുക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകാൻ ഡച്ചു സർക്കാർ സന്നദ്ധത അറിയിച്ച നിലയ്ക്ക് അത് സ്വീകരിച്ചു കൂടേ എന്ന് ആലോചിക്കണമെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. എന്നാൽ കെപിഎംജിയെ മാറ്റില്ലെന്നായിരുന്നു മുഖ്യന്ത്രി പിണറായി വിജയന്റെ നിലപാട്.

ഗുരുതരമായ ആരോപണങ്ങൾ കമ്പനി നേരിടുന്ന സ്ഥിതിക്ക് അതിന്റെയൊക്കെ നിജസ്ഥിതി പരിശോധിക്കാതെ, പതിനായിരക്കണക്കിന് കോടി രൂപ വിനിയോഗിച്ച്, അതും അത്യന്തം സൂക്ഷ്മതയോടെയും, സുതാര്യമായും നിർവ്വഹിക്കേണ്ട കേരളത്തിന്റെ പുനഃനിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ഈ കൺസൾട്ടൻസിയെ ഏല്പിക്കണമെന്നുള്ളത് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP