Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഎ.ഇയിലും ഒമാനിലും ബഹ്‌റിനിലും സൗദി അറേബ്യയിലും ഖത്തറിലും കുവൈറ്റിലും സിംഗപ്പൂരും മലേഷ്യയിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും യുകെയിലും ജർമ്മനിയിലും അമേരിക്കയിലും കാനഡയിലും പണ ശേഖരണത്തിന് മന്ത്രിമാരെത്തും; എല്ലാ ജില്ലയിലും ധനസമാഹണത്തിന് പ്രത്യേക പദ്ധതി; ശബരിമല തീർത്ഥാടനത്തിന് മുമ്പ് പമ്പയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി; കേരള പുനർനിർമ്മാണത്തിന് സൗജന്യ സഹായവുമായി കെപിഎംജിയും

യുഎ.ഇയിലും ഒമാനിലും ബഹ്‌റിനിലും സൗദി അറേബ്യയിലും ഖത്തറിലും കുവൈറ്റിലും സിംഗപ്പൂരും മലേഷ്യയിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്റിലും യുകെയിലും ജർമ്മനിയിലും അമേരിക്കയിലും കാനഡയിലും പണ ശേഖരണത്തിന് മന്ത്രിമാരെത്തും; എല്ലാ ജില്ലയിലും ധനസമാഹണത്തിന് പ്രത്യേക പദ്ധതി; ശബരിമല തീർത്ഥാടനത്തിന് മുമ്പ് പമ്പയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി; കേരള പുനർനിർമ്മാണത്തിന് സൗജന്യ സഹായവുമായി കെപിഎംജിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമ്മിക്കുന്നതിനും ശബരിമല തീർത്ഥാടനം സൗകര്യപ്പെടുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുവേണ്ടി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആർ. ജ്യോതിലാൽ, ടിങ്കു ബിസ്വാൾ എന്നീ സീനിയർ ഉദ്യോഗസ്ഥരും പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തെ മികച്ച നിലയിൽ പുനർനിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ കൺസൾട്ടന്റ് പാർട്ട്ണറായി അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കാൻ തീരുമാനിച്ചു. കെ.പി.എം.ജിയുടെ സേവനം സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തെക്കുറിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ദുരിതാശ്വാസം പുനരധിവാസം പുനർനിർമ്മാണം എന്നീ കാര്യങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ആഹ്വാനമാണ് നിയമസഭ ഏകകണ്ഠമായി നൽകിയത്. കേരളത്തെ കൂടുതൽ മെച്ചപ്പെട്ടനിലയിൽ പുനർനിർമ്മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാണിക്കുന്നതുപോലെ അതിബൃഹത്തായ പുനരധിവാസ-പുനർനിർമ്മാണ പദ്ധതികൾക്ക് വിഭവ സമാഹരണം ഒരു വെല്ലുവിളിയാണ്. നാം ഒരുമിച്ചു നിന്നാൽ ഈ വെല്ലുവിളി തരണം ചെയ്യാനും വിജയകരമായി പുനർനിർമ്മാണം പൂർത്തിയാക്കാനും കഴിയുമെന്ന കാര്യത്തിൽ സംശയമില്ല-മുഖ്യമന്ത്രി വിശദീകരിച്ചു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക ചുമതല നൽകുന്നതാണ്.എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങൾ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സപ്തംബർ 10 മുതൽ 15 വരെ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് ഫണ്ട് ശേഖരണം നടത്താൻ തീരുമാനിച്ചു.

ഇതിനു മുന്നോടിയായി സപ്തംബർ 3-ന് എല്ലാ ജില്ലകളിലും ധനസമാഹരണ പരിപാടിയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കലക്ടർമാർ ജില്ലയിലെ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുന്നതാണ്. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്.

കാസർകോട് - ഇ. ചന്ദ്രശേഖരൻ
കണ്ണൂർ - ഇ.പി. ജയരാജൻ, കെ.കെ. ശൈലജ
വയനാട് - രാമചന്ദ്രൻ കടന്നപ്പള്ളി
കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ
മലപ്പുറം - കെ.ടി. ജലീൽ
പാലക്കാട് - എ.കെ. ബാലൻ
തൃശ്ശൂർ - സി. രവീന്ദ്രനാഥ്, വി എസ്. സുനിൽകുമാർ
എറണാകുളം - എ.സി. മൊയ്തീൻ ( ഇ.പി ജയരാജൻ സഹായിക്കും)
ഇടുക്കി - എം.എം. മണി
കോട്ടയം - തോമസ് ഐസക്, കെ. രാജു
ആലപ്പുഴ - ജി. സുധാകരൻ, തിലോത്തമൻ
പത്തനംതിട്ട - മാത്യു ടി തോമസ്
കൊല്ലം - മേഴ്‌സിക്കുട്ടിയമ്മ
തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രൻ

നിയമസഭാസമ്മേളനം കഴിഞ്ഞശേഷം ഇന്നലെ രാത്രി ചേർന്ന മന്ത്രിസഭായോഗം ദുരിതാശ്വാസം, പുനരധിവാസം, പുനർനിർമ്മാണം എന്നീ കാര്യങ്ങളിൽ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. വിഭവസമാഹരണത്തിന്റെ ഭാഗമായി പ്രവാസി മലയാളികൾ ഏറെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ധനശേഖരണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണം നടത്തും. ഇതിനുവേണ്ടി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും. യു.എ.ഇ., ഒമാൻ, ബഹ്‌റിൻ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, യു.കെ, ജർമ്മനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽ നിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനം.

സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാലയങ്ങൾ, സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സപ്തംബർ 11-ന് ധനസമാഹരണം നടത്താൻ തീരുമാനിച്ചു. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സി.ബി.എസ്.സി, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയിൽ പങ്കാളികളാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രളയത്തിൽ തകർന്ന കേരളത്തെ പുതുക്കിപ്പണിയുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന ആഹ്വാനത്തിന് ലോകമെങ്ങുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഉള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ കഴിവിനനുസരിച്ചും കഴിവിനപ്പുറവും നാടിനെ സഹായിക്കാൻ മുന്നോട്ടുവരുന്നു എന്നത് നമുക്ക് വലിയ ആത്മവിശ്വാസം പകരുന്നതാണ്. ഓഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായ കാര്യം 4.17 ലക്ഷം പേർ ഓൺലൈൻ വഴിയാണ് സംഭാവന നൽകിയത് എന്നതാണ്. രാജ്യത്തിനും ലോകത്തുനും മികച്ച മാതൃകകൾ സമ്മാനിച്ച കൊച്ചു സംസ്ഥാനമാണ് കേരളം. മഹാദുരന്തത്തെ അതിജീവിക്കുന്നതിലും നാം ലോകത്തിന് മാതൃകയാകുമെന്ന കാര്യത്തിൽ സംശയമില്ല.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കുന്നതിന് വായ്പാ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. കച്ചവടക്കാർക്ക് പത്തു ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതാണ്. സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ എന്നിവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ തീരുമാനിച്ചു.പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നൽകുക. ഇതിനായി സംസ്ഥാന സർക്കാർ ബാങ്കുകളുടെ കൺസോർഷ്യവുമായി കരാർ ഉണ്ടാക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP