Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജ്യോതിലാൽ വഴിമാറ്റിയത് ശമ്പളത്തിന് വേണ്ടിയെന്ന് പറഞ്ഞ് പ്രത്യേകം അനുവദിച്ച തുക; വിവാദമായതോടെ സർക്കാർ പലിശക്കമ്പനിക്ക് കുടിശിഖ കൊടുക്കണമെന്ന് പറഞ്ഞ് നോട്ടീസ് അയച്ച് മുഖം രക്ഷിക്കൽ; അധികാര പരിധി ലംഘിച്ച് കെ എസ് ആർ ടി സി നിയമനങ്ങളിലും പ്രൊമോഷനിലും വരെ സെക്രട്ടറിയുടെ ഇടപെടൽ; ജ്യോതിലാലിനെ മാറ്റിയില്ലെങ്കിൽ തച്ചങ്കരിക്ക്‌ കെ എസ് ആർ ടി സി വിടേണ്ടി വരും; ആനവണ്ടിയുടെ യാത്ര വീണ്ടും പ്രതിസന്ധയിലേക്ക്  

ജ്യോതിലാൽ വഴിമാറ്റിയത് ശമ്പളത്തിന് വേണ്ടിയെന്ന് പറഞ്ഞ് പ്രത്യേകം അനുവദിച്ച തുക; വിവാദമായതോടെ സർക്കാർ പലിശക്കമ്പനിക്ക് കുടിശിഖ കൊടുക്കണമെന്ന് പറഞ്ഞ് നോട്ടീസ് അയച്ച് മുഖം രക്ഷിക്കൽ; അധികാര പരിധി ലംഘിച്ച് കെ എസ് ആർ ടി സി നിയമനങ്ങളിലും പ്രൊമോഷനിലും വരെ സെക്രട്ടറിയുടെ ഇടപെടൽ; ജ്യോതിലാലിനെ മാറ്റിയില്ലെങ്കിൽ തച്ചങ്കരിക്ക്‌ കെ എസ് ആർ ടി സി വിടേണ്ടി വരും; ആനവണ്ടിയുടെ യാത്ര വീണ്ടും പ്രതിസന്ധയിലേക്ക്   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയെ രക്ഷിക്കാനിറങ്ങിയ ടോമിൻ തച്ചങ്കരി നേരിയുന്നത് വലിയ പ്രതിസന്ധി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുത്ത് പുതു ജീവൻ കെ എസ് ആർ ടി സിക്ക് നൽകി. വരുമാനവും കൂടി. ഓണക്കാലത്ത് വലിയ നേട്ടങ്ങളാണ് ലക്ഷ്യമിട്ടത്. എന്നാൽ തച്ചങ്കരിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ. ജോലി എടുക്കാതെ ആർക്കും കെ എസ് ആർ ടി സിയിൽ തുടരാനാകില്ലെന്ന് തച്ചങ്കരി തെളിയിച്ചിരുന്നു. ഇതിനൊപ്പം യൂണിയനുകളുടെ ഫണ്ട് പിരിവ് പോലും നിലച്ചു. ഇതോടെയാണ് യൂണിയനുകൾ തച്ചങ്കരിക്ക് എതിരായത്. ഈ അവസരം മുതലെടുത്ത് തച്ചങ്കരിയെ പുറത്താക്കാൻ വകുപ്പ് സെക്രട്ടറി കെ ആർ ജ്യോതിലാൽ തന്നെ എത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്.

സർക്കാർ ധനസഹായം ലഭിക്കാത്തതിനെത്തുടർന്നു കെഎസ്ആർടിസി വൻ പ്രതിസന്ധിയിലാണ്. ജീവനക്കാർക്കു ശമ്പളം നൽകാൻ സർക്കാർ അനുവദിച്ച പണം തടഞ്ഞുവച്ച ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ എംഡി ടോമിൻ തച്ചങ്കരി മുഖ്യമന്ത്രിക്കു പരാതി നൽകി. ശമ്പളം നൽകാൻ 35 കോടി ചോദിച്ചെങ്കിലും 20 കോടി രൂപയാണു കഴിഞ്ഞ 28നു സർക്കാർ അനുവദിച്ചത്. ജീവനക്കാർക്കു ശമ്പളം നൽകാൻ സർക്കാർ അനുവദിച്ച തുക വകമാറ്റുകയായിരുന്നു ഗതാഗത സെക്രട്ടറി. ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കുന്ന തച്ചങ്കരിക്കുണ്ടായ ജനപ്രിയത തകർക്കാനായിരുന്നു ഈ നീക്കം. ധനവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ കൃത്യമായി തന്നെ ശമ്പളം നൽകാനെന്ന് വ്യക്തമാണ്. അങ്ങനെ ഒരു പ്രത്യേക ആവശ്യത്തിന് അനുവദിച്ച തുക മറ്റൊരാവശ്യത്തിന് നൽകാനാവില്ല. ഈ ഉത്തരവ് മറുടാന് ലഭിച്ചു. ഇതോടെ വലിയ ഗൂഢാലോചനയാണ് ജ്യോതിലാൽ നടത്തുന്നതെന്നും വ്യക്തമായി. സംഘർഷത്തിലൂടെ കെ എസ് ആർ ടി സിയെ നന്നാക്കാൻ ആവില്ലെന്ന് തച്ചങ്കരിയും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ തച്ചങ്കരി കെ എസ് ആർ ടി സിയുടെ ചുമതല ഒഴിഞ്ഞേക്കും.

പലിശ കുടിശിക തീർക്കാൻ വിനിയോഗിക്കണമെന്ന ഗതാഗതവകുപ്പിന്റെ ആവശ്യം തൊഴിലാളികളോടുള്ള അവഗണനയാണെന്നാണു തച്ചങ്കരിയുടെ പരാതി. ശമ്പളം നൽകാൻ സർക്കാർ അനുവദിച്ച പണം പലിശയുടെ കുടിശിക തീർക്കാൻ ഉപയോഗിക്കുന്നതു നിയമവിരുദ്ധമാണ്. പണം ഉപാധികളില്ലാതെ അനുവദിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തുടർനടപടികളുണ്ടാകാത്തതിനെത്തുടർന്നാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. സർക്കാർ അനുവദിച്ച പണം നൽകണമെങ്കിൽ കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനു കെഎസ്ആർടിസി നൽകാനുള്ള വായ്പാകുടിശിക തീർക്കണമെന്നു പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിട്ടതോടെയാണു ശമ്പളവിതരണം പ്രതിസന്ധിയിലായത്. പലിശയിനത്തിൽ 188 കോടി രൂപ കെഎസ്ആർടിസി കുടിശിക വരുത്തിയെന്നാണു കെടിഡിഎഫ്‌സിയുടെ വാദം. എന്നാൽ, കെഎസ്ആർടിസി ഇത് അംഗീകരിച്ചിട്ടില്ല.

ബാങ്കിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണു തച്ചങ്കരി ശമ്പളം വിതരണം ചെയ്തത്. തുക ഇന്നലെ തിരിച്ചടയ്‌ക്കേണ്ടതായിരുന്നു. സർക്കാരിന്റെ പണം ലഭിക്കാതെ ബാങ്കിനു പണം തിരികെ നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. വകുപ്പ് സെക്രട്ടറിയുടെ കടുംപിടിത്തം മൂലം പണം കെ എസ് ആർ ടി സിക്ക് കിട്ടിയിട്ടില്ലെന്നാണ് സൂചന. ടോമിൻ തച്ചങ്കരിയും ജ്യോതിലാലും തമ്മിൽ കെഎസ്ആർടിസിയുടെ ഭരണപരമായ കാര്യങ്ങളിൽ നേരത്തേയും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഏറെ കാലമായി ജ്യോതിലാലാണ് ഗതാഗത സെക്രട്ടറി. ഇതുപയോഗിച്ച് കെ എസ് ആർ ടി സിയിൽ വലിയ ഇടപെടലുകൾ നടത്താറുണ്ട്. കെ എസ് ആർ ടി സി പൊതുമേഖലാ സ്ഥാപനമാണ്. സ്വതന്ത്ര അധികാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ സിഎംഡിക്കാണ് തീരുമാനം എടുക്കാനുള്ള അവകാശം. ഇതാണ് സെക്രട്ടറി അവിഹിത ഇടപെടിലൂടെ പൊളിക്കുന്നത്.

നേരത്തെ കെഎസ്ആർടിസിയിൽ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള സാധനങ്ങൾ വാങ്ങാൻ പ്രത്യേക സമിതിയുടെ അനുമതി വാങ്ങണമെന്ന ജ്യോതിലാലിന്റെ ഉത്തരവിനെ തച്ചങ്കരി എതിർത്തിരുന്നു. സിഎംഡി കൃത്യമായി കെഎസ്ആർടിസി യോഗങ്ങൾക്കെത്തണമെന്നു ജ്യോതിലാൽ മുന്നറിയിപ്പു കത്ത് നൽകിയതു ചട്ടലംഘനമാണെന്നു തച്ചങ്കരി മന്ത്രി എ.കെ.ശശീന്ദ്രനോടു പരാതിപ്പെട്ടിരുന്നു. സർവീസിൽ തച്ചങ്കരിയാണു സീനിയർ. അതുകൊണ്ട തന്നെ സെക്രട്ടറിയുടെ ഇടപെടലുകൾ തച്ചങ്കരിക്ക് അംഗീകരിക്കാനും കഴിയുന്നില്ല. ജൂനിയറായ ഉദ്യോഗസ്ഥനിൽ നിന്നുള്ള അപമാനകരമായ നടപടികൾ അംഗീകരിച്ച് കെ എസ് ആർ ടി സിയിൽ തുടരാനാകില്ലെന്നാണ് തച്ചങ്കരിയുടെ നിലപാട്. കെ എസ് ആർ ടി സിക്ക് പുതിയ വഴി കാട്ടാനുള്ള തന്റെ ശ്രമങ്ങളെ സെക്രട്ടറി തന്നെ അട്ടിമറിക്കുകയാണെന്ന തച്ചങ്കരിയുടെ പരാതിയെ സർക്കാരും ഗൗരവത്തോടെ എടുത്തിട്ടുണ്ട്.

തൊഴിലാളി യൂനിയനുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ആർ.ടി.സി സി.എം.ഡി തച്ചങ്കരി രംഗത്ത് വന്നിരുന്നു. തൊഴിലാളികൾ അനുഭവിച്ച് വന്ന ഔദാര്യങ്ങൾ ഇല്ലാതായതോടെയാണ് തനിക്കെതിരെ വിമർശനം ഉയരുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ഗുണം ലഭിക്കുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളിൽ യൂനിയനുകൾ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുനിയനുകളെ അനുവദിക്കില്ലെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെ തച്ചങ്കരി പരസ്യമായി അധിക്ഷേപിച്ചുവെന്ന് സിഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റിൽ പരാതി ഉയർന്നിരുന്നു. ഇതിന് പിറകെയാണ് യൂനിയനുകൾക്കെതിരെ രൂക്ഷവിമർശനവുമായി എം.ഡി രംഗത്തെത്തിയത്. ഈ ഭിന്നത തിരിച്ചറിഞ്ഞാണ് തച്ചങ്കരിയെ വെട്ടാൻ ജ്യോതിലാൽ കളികൾ സജീവമാക്കിയത്. നേരത്തെ രാജമാണിക്യത്തെ കെ എസ് ആർ ടി സി എംഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതും ജ്യോതിലാലിന്റെ ഇടപെടലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ജ്യോതിലാലിനെതിരെ മുഖ്യമന്ത്രിക്ക് തച്ചങ്കരി പരാതി നൽകിയത്.

സർക്കാരിൽനിന്നു ഫണ്ട് വാങ്ങിയാണു കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുക്കുന്നത്. ഇത്തവണയും പണം ആവശ്യപ്പെട്ടു തച്ചങ്കരി കത്തെഴുതി. ധനമന്ത്രി തോമസ് ഐസക് തുക പാസാക്കി. ശമ്പളത്തിനെന്നു വ്യക്തമാക്കി ജൂലൈ 28-നു തന്നെ 20 കോടി അനുവദിച്ച് ഉത്തരവും ഇറങ്ങി. എന്നാൽ, രണ്ടു ദിവസം ഗതാഗത സെക്രട്ടറി സ്ഥലത്തില്ലാതിരുന്നതിനാൽ പണം കിട്ടിയില്ല. തിരിച്ചെത്തിയപ്പോൾ പണം കൈമാറിയെങ്കിലും കെ.റ്റി.ഡി.എഫ്.സിയുടെ കടത്തിന്മേലുള്ള പലിശ അടച്ചാലേ തുക ശമ്പളത്തിന് അനുവദിക്കൂ എന്ന് സെക്രട്ടറി ജ്യോതിലാൽ ഫയലിൽ കുറിച്ചത് തന്നിഷ്ടമാണെന്നാണ് തച്ചങ്കരിയുടെ പക്ഷം.

സെക്രട്ടറി ഇല്ലാത്തതുകൊണ്ടു രണ്ടിനേ പണം പാസാകൂവെന്ന് മനസിലാക്കി തച്ചങ്കരി രണ്ടു ദിവസത്തെ അവധിയിൽ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ജൂലൈ അവസാനം ശമ്പളം കൊടുത്തത്. പണം സെക്രട്ടറി അനുവദിക്കാതെ വന്നതോടെ ബാങ്കുകൾ തച്ചങ്കരിക്കെതിരേ തിരിഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഗതാഗതമന്ത്രിയേയും തച്ചങ്കരി പരാതിയുമായി സമീപിച്ചു. സെക്രട്ടറിയുടെ ഇടപെടലുകൾക്കെതിരേ തുറന്നടിക്കുകയും ചെയ്തു. തുടർന്ന് ചേർന്ന പ്രത്യേക യോഗത്തിലും തച്ചങ്കരിയും ജ്യോതിലാലും ഏറ്റുമുട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP