Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേളി മലയുടെ ഐതീഹ്യം പറയുന്നത് ശിവ-പാർവ്വതി പുത്രന്റെ പ്രണയസാഫല്യം; കല്യാണ ഗണപതിയായി സാക്ഷാൽ വിഘ്‌നേശ്വരനും; പ്രണയം പൂത്തുലയാൻ തക്കലയിലെ കുമാരകോവിലിൽ മിന്നുകെട്ട്; സൽക്കാരം തിരുവനന്തപുരത്തും അരുവിക്കരയും; ശബരിനാഥിന്റേയും ദിവ്യ എസ് അയ്യരുടേയും വിവാഹം ഇങ്ങനെ

വേളി മലയുടെ ഐതീഹ്യം പറയുന്നത് ശിവ-പാർവ്വതി പുത്രന്റെ പ്രണയസാഫല്യം; കല്യാണ ഗണപതിയായി സാക്ഷാൽ വിഘ്‌നേശ്വരനും; പ്രണയം പൂത്തുലയാൻ തക്കലയിലെ കുമാരകോവിലിൽ മിന്നുകെട്ട്; സൽക്കാരം തിരുവനന്തപുരത്തും അരുവിക്കരയും; ശബരിനാഥിന്റേയും ദിവ്യ എസ് അയ്യരുടേയും വിവാഹം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓരോ കാമുകീകാമുകന്മാരുടെയും ഹൃദയാഭിലാഷങ്ങൾ പ്രാർത്ഥനാമന്ത്രങ്ങളാവുന്ന ഒരു കോവിലുണ്ട് കന്യാകുമാരിയിൽ. ആഗ്രഹസാഫല്യത്തിനായി കമിതാക്കൾ പ്രാർത്ഥിക്കുന്ന വേളിമലയിലെ കുമാരകോവിൽ. കല്ല്യാണം വിളി തകൃതിയാണ്. ആദിവാസി ഊരുകളിലും അശരണരെയെല്ലാം നേരിട്ടെത്തി ക്ഷണിച്ചാണ് ഈ ഗ്ലാമർ താരങ്ങൾ പുതു മാതൃകയായത്. ഇപ്പോൾ വിവാഹ തീയതിയും നിശ്ചയിച്ചു. വിവാഹ വേദിയിലും പുതുമയുണ്ട്. കമിതാക്കളുടെ ആഗ്രഹ സാഫല്യ ക്ഷേത്രമായ കുമാരകോവിലിലാണ് ഇവർ താലി കെട്ടാൻ എത്തുന്നത്.

കെ.എസ് ശബരീനാഥൻ എംഎ‍ൽഎയും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂൺ 30ന് നടക്കും. 30ന് രാവിലെ 9.30നും 10.15നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തിൽ വച്ചാണ് വിവാഹം. തുടർന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സൽക്കാരം നടക്കും. ജൂൺ 30ന് വൈകുന്നേരം 4 മണി മുതൽ നാലാഞ്ചിറ ഗീരിദീപം കൺവൻഷൺ സെന്ററിലും ജൂലൈ 2ന് ആര്യനാട് വി.കെ ഓഡിറ്റോറിയത്തിലുമാണ് വിവാഹ സൽക്കാരം.

നേർച്ചകാഴ്ചകളും വഴിപാടുകളുമായി അനേകം പേർ കുമാരകോവിലിൽ എത്തുന്നതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. നാഞ്ചിനാട്ടിലെ കുറവ രാജാവായിരുന്ന നാഞ്ചിലിന്റെ പുത്രിയായിരുന്നു വള്ളി. അതിസുന്ദരിയായ വള്ളി രാജകുമാരിയിൽ ശിവ-പാർവതി പുത്രനായ സുബ്രഹ്മണ്യൻ അനുരക്തനായി. പ്രണയവിവശനായ സുബ്രഹ്മണ്യൻ തന്റെ ആഗ്രഹം വള്ളിയെ അറിയിക്കാൻ തീരുമാനിച്ചു. ഒരു ധൈര്യത്തിന് സഹോദരനായ ഗണപതിയേയും കൂടെ കൂട്ടി.

വേളിമലയിൽ കുളിക്കാനെത്തിയ വള്ളിയുടെ സമീപത്തേക്ക് നേരത്തെ തീരുമാനിച്ചുറപ്പിച്ച പ്രകാരം ആനയുടെ രൂപത്തിൽ ഗണപതിയെത്തി. കാട്ടാന മദമിളകി വരുന്നതാണെന്ന് ധരിച്ച് ഭയചകിതയായ രാജകുമാരി ചെന്നുപെട്ടത് സാക്ഷാൽ സുബ്രമണ്യന്റെ മുൻപിലും. സുബ്രമണ്യനെ കണ്ട് വള്ളി പ്രണയാതുരയായി. അവിടെ വച്ചു തന്നെ ഗണപതിയുടെ സാന്നിദ്ധ്യത്തിൽ ഇരുവരും വിവാഹിതരായി. വള്ളിയുടെയും സുബ്രഹ്മണ്യന്റേയും പ്രണയസാഫല്യത്തിന് കാരണക്കാരനായ ഗണപതി കല്യാണഗണപതിയായാണ് കുമാരകോവിലിൽ കുടികൊള്ളുന്നത് എന്നാണ് ഐതിഹ്യം.

വള്ളി രാജകുമാരിയുടെയും ശിവകുമാരന്റെയും പ്രണയത്തിന് സാക്ഷിയായ വേങ്ങുമരം ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ രണ്ടു നടകൾക്കിടയിൽ ഇപ്പോഴുമുണ്ട്. വള്ളീസമേതനായി കുടിയിരിക്കുന്ന സുബ്രഹ്മണ്യസ്വാമിയുടെ കുമാരകോവിലിൽ ദർശനം നടത്തിയാൽ പ്രണയസാഫല്യം നേടാമെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ മുൻഭാഗത്തായി തൃക്കല്യാണമണ്ഡപമുണ്ട്. ഇവിടെയാണ് എല്ലാ വർഷവും സുബ്രഹ്മണ്യസ്വാമിയുടെയും വള്ളിയുടെയും കല്യാണം നടത്തുന്നത്.

തൃക്കല്യാണം കണ്ടു തൊഴുതാൽ ബന്ധം സുദൃഢമാകുമത്രേ. ഈ ഐതീഹ്യ പെരുമ തന്നെയാണ് ശബരിനാഥിനേയും ദിവ്യ എസ് അയ്യരേയും കുമാരകോവിലിലും എത്തിക്കുന്നതെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP