Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ പോയല്ലോ ഇനി കൊച്ചന്മാരെ ഞങ്ങൾ കൈകാര്യം ചെയ്തോളാം എന്ന് ഭീഷണി; പുതിയ എംഡി ചുമതല ഏറ്റാലുടൻ സ്ഥലം മാറ്റാനുള്ള പട്ടിക തയ്യാർ; ഡ്രൈവർ കം കണ്ടക്ടറുടെ ഡ്യൂട്ടി റദ്ദ് ചെയ്തും ഷെഡ്യൂളുകൾ ഇഷ്ടം പോലെ ആക്കിയും നേതാക്കളുടെ ഭീകര ഭരണം തുടങ്ങി; നഷ്ടം മൂലം റദ്ദ് ചെയ്ത അടൂർ-പെരിക്കല്ലൂർ റൂട്ട് തുടങ്ങിയത് തച്ചങ്കരി ഇറങ്ങിയ അതേ ദിവസം; ചോദിക്കാനും പറയാനും ആരുമില്ലെന്ന് വന്നതോടെ കെ എസ് ആർ ടി സിയുടെ സമ്പൂർണ്ണ നിയന്ത്രണം പിടിച്ചെടുത്ത് ഭീകര ഭരണം തുടങ്ങി നേതാക്കൾ

അച്ഛൻ പോയല്ലോ ഇനി കൊച്ചന്മാരെ ഞങ്ങൾ കൈകാര്യം ചെയ്തോളാം എന്ന് ഭീഷണി; പുതിയ എംഡി ചുമതല ഏറ്റാലുടൻ സ്ഥലം മാറ്റാനുള്ള പട്ടിക തയ്യാർ; ഡ്രൈവർ കം കണ്ടക്ടറുടെ ഡ്യൂട്ടി റദ്ദ് ചെയ്തും ഷെഡ്യൂളുകൾ ഇഷ്ടം പോലെ ആക്കിയും നേതാക്കളുടെ ഭീകര ഭരണം തുടങ്ങി; നഷ്ടം മൂലം റദ്ദ് ചെയ്ത അടൂർ-പെരിക്കല്ലൂർ റൂട്ട് തുടങ്ങിയത് തച്ചങ്കരി ഇറങ്ങിയ അതേ ദിവസം; ചോദിക്കാനും പറയാനും ആരുമില്ലെന്ന് വന്നതോടെ കെ എസ് ആർ ടി സിയുടെ സമ്പൂർണ്ണ നിയന്ത്രണം പിടിച്ചെടുത്ത് ഭീകര ഭരണം തുടങ്ങി നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ അട്ടിമറിയിലൂടെ ഭരണം സിഐടിയു യൂണിയൻ പിടിച്ചെടുത്ത അവസ്ഥയിൽ. എംഡിയുടെ ഓഫീസിൽ പോലും യൂണിയനുകാരുടെ ഭരണമാണ് ഇപ്പോൾ. അച്ഛൻ പോയി കൊച്ചന്മാരെ ഞങ്ങൾ നോക്കിക്കോള്ളാമെന്ന് വീമ്പു പറഞ്ഞ് കണ്ണൂരിലെ പാർട്ടി ഗ്രാമത്തിന് സമാനമായി ഭീകരത അഴിച്ചു വിടുകയാണ് യൂണിയൻ നേതാക്കൾ. വർഷങ്ങളായി ശമ്പളം പോലും വകയില്ലാതെ വലഞ്ഞ കെ എസ് ആർ ടി സിക്ക് പുത്തനുണർവ്വ് നൽകാൻ ടോമിൻ തച്ചങ്കരി നടപ്പാക്കി വിജയിപ്പിച്ച പരിഷ്‌കാരങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് യൂണിയൻ നേതാക്കൾ തിരുത്തുകയാണ്. പുതിയ എംഡി ചുമതലയേറ്റിട്ടില്ല. അതുകൊണ്ട് തന്നെ ഉത്തരവിറക്കാൻ കെ എസ് ആർ ടി സിയിൽ ആളുമില്ല. എന്നാൽ തങ്ങളുടെ ഇഷ്ടം നടപ്പാക്കാൻ യൂണിയനുകാർക്ക് ഉത്തരവും എംഡിയുമൊന്നും ആവശ്യമില്ല. ഡ്രൈവർ കം കണ്ടക്ടർ അടക്കുള്ള തീരുമാനങ്ങൾ യൂണിയൻ നേതാക്കൾ തിരുത്തി നടപ്പിലാക്കി കഴിഞ്ഞു.

തച്ചങ്കരിയുടെ ഡ്യൂട്ടി പരിഷ്‌ക്കാരങ്ങൾ ഭരണ-പ്രതിപക്ഷ യൂണിയനുകൾക്കിടയിൽ കടുത്ത എതിർപ്പിനു കാരണമായിരുന്നു. ബസ് വാടകക്കെടുക്കലും മിന്നൽ സമരം മൂലമുള്ള നഷ്ടം യൂണിയൻ നേതാക്കളുടെ ശമ്പളത്തിൽ നിന്നും പിടിക്കാനുള്ള തീരുമാനവുമെല്ലാം വിപ്ലവകരമായിരുന്നു. കെ എസ് ആർ ടി സിയിലെ സമരം നിയമവിരുദ്ധമാണെന്നും കോടതി വിധിച്ചു. ഇതെല്ലാം യൂണിയനുകൾക്ക് പ്രതിസന്ധിയായി മാറി. ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുൾപ്പടെയുള്ള കാര്യങ്ങളിൽ എല്ലാം തച്ചങ്കരിയുടെ തീരുമാനങ്ങളെ മാറ്റിയെഴുതും. പുതിയ എംഡി വന്നാൽ ഉടൻ ഉത്തരവെല്ലാം ഇറങ്ങുമെന്നാണ് യൂണിയനുകാർ പറയുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ പദവിയിലെ ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥ. തച്ചങ്കരിയ്‌ക്കൊപ്പം നിന്ന് നവീകരണത്തിന് ചുക്കാൻ പിടിച്ചവരെ എല്ലാം സ്ഥലം മാറ്റുമെന്നും പറയുന്നു. ഇതോടെ കെ എസ് ആർ ടി സിയിൽ സമ്പൂർണ്ണ അരക്ഷിതാവസ്ഥയാണ്.

കെ എസ് ആർ ടി സിയെ രക്ഷിക്കാനാണ് തച്ചങ്കരിയെ പിണറായി സർക്കാർ കെ എസ് ആർ ടി സി എംഡിയാക്കിയത്. എല്ലാവരും പണിയെടുത്താലേ ആനവണ്ടി നഷ്ടത്തിൽ നിന്ന് കരകയറൂവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ യൂണിയൻ നേതാക്കൾക്കും പണിയെടുക്കേണ്ടി വന്നു. എല്ലാവരേയും ഹെഡ് ഓഫീസിൽ നിന്ന് സ്ഥലം മാറ്റി. അദർ ഡ്യൂട്ടിയും റദ്ദാക്കി. ഇതോടെ യൂണിയൻ നേതാക്കളെല്ലാം പലവഴിക്കായി. ഭരണം എംഡിയുടെ ചുമതലയിലുമെത്തി. ഇതിനിടെ പല പരാതികൾ സർക്കാരിന് മുമ്പിൽ എംഡിക്കെതിരെ അവതരിപ്പിച്ചു. തുടക്കത്തിൽ ഒന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുഖവിലയ്‌ക്കെടുത്തില്ല. പതിയെ യൂണിയനുകാരുടെ സമ്മർദ്ദം അംഗീകരിക്കേണ്ടി വന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തച്ചങ്കരിക്കെതിരെ നിലപാട് എടുത്തു. ഇതിനിടെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ അഴിമതി ശ്രമവും പൊളിഞ്ഞു. അങ്ങനെ തച്ചങ്കരി പുറത്തായി. ഇതോടെയാണ് ഭീകരത നിറച്ച് കെ എസ് ആർ ടിസിയുടെ ഓഫീസുകളിൽ വീണ്ടും യൂണിയനുകാരെത്തിയത്.

തച്ചങ്കരിയെ കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നും മാറ്റിയതിന് പിന്നാലെ തച്ചങ്കരി കൊണ്ടുവന്ന ഡ്യൂട്ടി പരിഷ്‌ക്കാരങ്ങളും യൂണിയൻ ഇടപെട്ട് മാറ്റിത്തുടങ്ങി. ഡ്രൈവർ കം കണ്ടക്ടർ ജോലി ചില റൂട്ടുകളിൽ മാറ്റി. അടൂർ -പെരിക്കല്ലൂർ കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് സർവീസ് പുനരാരംഭിച്ചതും തച്ചങ്കരിയുടെ സ്ഥാനമൊഴിയലിന് തൊട്ട് പിന്നാലെയാണ്. കെ.എസ്.ആർ.ടി.സി.യിലെ പുതിയ പരിഷ്‌കാരങ്ങളുെട പേരിലാണ് രണ്ടുമാസം മുന്പ് സർവീസ് നിർത്തലാക്കിയത്. പെരിക്കല്ലൂരിൽനിന്ന് രാത്രി 7.50-ന് പുറപ്പെടുന്ന ബസ് കോഴിക്കോട്, തൃശ്ശൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, പന്തളം വഴിയാണ് രാവിലെ എട്ട് മണിയോടെ അടൂരിലെത്തുക. ഇത് കെ എസ് ആർ ടി സിക്ക് ഏറെ നഷ്ടമായിരുന്നു.

ഇത് മനസ്സിലാക്കിയാണ് ഈ റൂട്ട് റദ്ദാക്കിയത്. വയനാട്ടിലേക്ക് നീളുന്ന ഈ സർവ്വീസ് നടത്തുന്നതിലെ അപ്രയോഗ്യതകൾ തച്ചങ്കരി തിരിച്ചറിഞ്ഞിരുന്നു. എന്നാൽ തച്ചങ്കരി സ്ഥാനമൊഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ഈ സർവ്വീസ് തുടങ്ങി. ഇതിന് സമാനമാണ് എല്ലായിടത്തേയും കാര്യങ്ങൾ. യൂണിയൻ നേതാക്കൾക്ക് താൽപ്പര്യമുള്ള തരത്തിലാണ് സർവ്വീസുകൾ നടത്തുന്നത്. സർവ്വീസുകളെ പുനക്രമീകരിച്ചാണ് തച്ചങ്കരി കെ എസ് ആർ ടി സിയെ നയിച്ചത്. ഇത് മാറ്റുന്നത് ആനവണ്ടിയെ വലിയ നഷ്ടത്തിലേക്ക് എത്തിക്കും.

വിരമിക്കാൻ 4 മാസമുള്ള എംഡി എത്തുന്നതും തന്ത്രങ്ങളും ഭാഗം

കൊച്ചി കമ്മീഷണറായ എംപി ദിനേശാണ് പുതിയ എംഡി. പൊലീസിൽ സിഐ ആയെത്തി ഐപിഎസ് കിട്ടിയ ഉദ്യോഗസ്ഥനാണ് ദിനേശ്. അഴിമതി രഹിത പ്രതിച്ഛായയാണ് ദിനേശിനുള്ളത്. ഇനി വിരമിക്കാൻ നാല് മാസവും. ഇത് മനസ്സിലാക്കിയാണ് കെ എസ് ആർ ടി സിയുടെ തലപ്പത്ത് ദിനേശിനെ നിയോഗിക്കുന്നത്. യൂണിയനുകളോട് സഹകരിച്ചില്ലെങ്കിൽ ഈ ഐപിഎസുകാരന് നാല് മാസം കഴിയുമ്പോൾ സർവ്വീസിൽ നിന്ന് പിരിയേണ്ടിവരും. അല്ലാത്ത പക്ഷം സർവ്വീസ് നീട്ടി നൽകുകയും ചെയ്യും. ഇത്തരമൊരു ഓഫറുമായാണ് ദിനേശ് കെ എസ് ആർ ടി സിയുടെ തലപ്പത്ത് എത്തുന്നത്. വെല്ലുവിളിയെ കുറിച്ച് ദിനേശനും നന്നായി അറിയാം. എങ്കിലും സർവ്വീസിന്റെ അവസാന ഘട്ടത്തിൽ സർക്കാരിനെ അനുസരിക്കുകയാണ് ദിനേശ്. മറ്റ് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്.

എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ചുമതലകളിൽ പോലും വ്യാപക അഴിച്ചു പണിക്ക് സാധ്യതയുണ്ട്. ഇതിനുള്ള തയ്യാറെടുപ്പുകൾ യൂണിയനുകാർ നടത്തി കഴിഞ്ഞു. തച്ചങ്കരിക്കൊപ്പം നിന്ന് യൂണിയനുകാരെ അനുസരിക്കാത്ത എല്ലാവർക്കും പണി കിട്ടുമെന്നാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്. മന്ത്രിക്കും യൂണിയനുകളെ ഭയമാണ്. അതുകൊണ്ട് തന്നെ ഇവരുടെ തീരുമാനങ്ങളെ എതിർക്കാനുള്ള കരുത്ത് മന്ത്രിക്കുമില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് യൂണിയനുകാരുടെ ഇടപെടൽ. ഇപ്പോൾ പല ഡിപ്പോകളിലും എത്തി ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നവർ അവിടുത്തെ ജീവനക്കാരല്ല. തച്ചങ്കരിയുടെ ഉത്തരവ് പ്രകാരം മറ്റിടങ്ങളിലാണ് പണിയെടുക്കുന്നത്. എന്നാൽ സ്ഥലം മാറ്റ ഉത്തരവ് പോലും ഇല്ലാതെ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിലെത്തി നിയന്ത്രണവും അധികാരവും സ്ഥാപിക്കുകയാണ് ഇവർ. ചോദ്യം ചെയ്യുന്നവരെ സ്ഥലം മാറ്റ ഭീഷണിയിൽ കുടുക്കുകയും ചെയ്യുന്നു.

സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വരുമാനത്തിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയുംവിധം കോർപ്പറേഷനെ സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ചുകൊണ്ടിരിക്കെയാണ് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെ മാറ്റിയത്. പുതിയ എം.ഡി ചുമതലയേൽക്കുമ്പോൾ തച്ചങ്കരി തുടങ്ങിവച്ച പരിഷ്‌കരണ നടപടികൾ തുടരില്ലെന്ന സൂചനയാണ് യൂണിയനുകാർ നൽകുന്നത്. ഇടതു സർക്കാർ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നുവർഷത്തിനിടെകെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തുനിന്ന് മാറിയത് നാലുപേരാണ്. ഒരാഴ്ചയ്ക്കുള്ളിൽ ദിനേശ് ചുമതലയേൽക്കും. എന്നാൽ, വരുന്ന മേയിൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കും. അതോടെ പുതിയ എം.ഡിയെ വീണ്ടും കണ്ടെത്തേണ്ടി വരും. അല്ലെങ്കിൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണം. ഇതെല്ലാം യൂണിയനുകാർക്ക് കൂടുതൽ കരുത്ത് പകരുന്ന കാര്യങ്ങളാണ്.

ഇനി ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി വേണ്ട

ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടി വേണ്ട എന്നത് യൂണിയനുകളുടെ പൊതു നിലപാടാണ്. തിരുവനന്തപുരത്ത് രാവിലെ ജോലിക്കെത്തിയ ജീവനക്കാരനെ ബസ്സിൽ നിന്നും ഇറക്കിവിട്ടു. തച്ചങ്കരി മാറിയതോടെ യൂണിയൻ നേതാക്കൾ കെഎസ്ആർടിസിയുടെ ഡ്രൈവിങ് സീറ്റിലേക്ക് തിരിച്ചെത്തുന്നു. തച്ചങ്കരി കൊണ്ടുവന്നതും യൂണിയനുകൾ ശക്തമായി എതിർത്തതുമായ ഡ്രൈവർ കം കണ്ടക്ടർ അഥവാ ഡിസി സമ്പ്രദായം മാറ്റിത്തുടങ്ങി. പുലർച്ചെ തിരുവനന്തപുരം-പാലക്കാട് റൂട്ടിലെ സ്‌കാനിയ ബസ്സിൽ ജോലിക്കെത്തിയ ജിനോ എന്ന ഡിസി ജീവനക്കാരനോടാണ് ഇൻസ്‌പെക്ടർമാർ ജോലിക്ക് പോകേണ്ട എന്ന് പറഞ്ഞു വിലക്കിയത്. ഇതിന് സമാനമായ ഇടപെടലുകൾ പലയിടത്തും നടക്കുന്നു.

തിരുവനന്തപുരം- പാലക്കാട് അടക്കമുള്ള റൂട്ടുകളിൽ ഡിസി ഡ്യൂട്ടി നിർത്തിയതായി ഡിടിഒ രജിസ്റ്ററിൽ എഴുതി. ദീർഘദൂര സർവ്വീസുകളിൽ ഡ്രൈവർ കണ്ടക്ടറായും കണ്ടക്ടർ തിരിച്ചു ഡ്രൈവറായും ജോലി ചെയ്യുന്ന രീതിയാണ് ഡിസി. അപകടം കുറക്കാനും വരുമാനം കൂട്ടാനും ഈ രീതി സഹായിച്ചിരുന്നു. തച്ചങ്കരിയെ മാറ്റിയതോടെയാണ് കണ്ടക്ടർ കണ്ടക്ടറുടെ ജോലിയും ഡ്രൈവർ വണ്ടി ഓടിച്ചാലും മതിയെന്ന പഴയരീതിയിലേക്ക് കെഎസ്ആർടിസ് പോകുന്നത് .

എന്നാൽ ജിനോക്ക് ജോലി നിഷേധിച്ചതിൽ പങ്കില്ലെന്നാണ് യൂണിയനുകളുടെ വിശദീകരണം .തിരുവനന്തപുരം ഡിടിഒയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിക്കും യൂണിയനുകളെ പേടിയാണ്. അതുകൊണ്ട് തന്നെ പ്രശ്‌നം അതിവ ഗുരുതരമാണ്. ടോമിൻ ജെ.തച്ചങ്കരി സി.എം.ഡിയായിരിക്കുമ്പോഴാണ് ഡ്രൈവർ കം കണ്ടക്ടർ പരിഷ്‌കരണം കൊണ്ടുവന്നത്. ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർമാരെയായിരുന്നു ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്. യാത്രക്കിടെ ഡ്രൈവർക്ക് ക്ഷീണം അനുഭവപ്പെടുമ്പോൾ പകരം ഡ്യൂട്ടി നൽകുന്നതിനായിരുന്നു ഈ തീരുമാനം. എന്നാൽ എം.ഡിയെ മാറ്റിയ സ്ഥിതിക്ക് ഈ പരിഷ്‌കരണവും തിരുത്തണമെന്ന ആവശ്യമാണ് യൂണിയനുകൾ ഉയർത്തുന്നത്. അധിക ഡ്യുട്ടി എടുക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് യൂണിയനുകൾ.

രാവിലെ അഞ്ചിന് ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തന്നെ മാറ്റിയ വിവരം അറിഞ്ഞതെന്ന് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഡ്രൈവർ കം കണ്ടക്ടർ ജിനു പറഞ്ഞു. ഡ്യൂട്ടിക്ക് ഡ്രൈവർ പോയാൽ മതിയെന്നും കെ.എസ്.ആർ.ടി.സിയിൽ നിന്ന് തന്നെ അറിയിക്കുകയായിരുന്നുവെന്നും ജിനു പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ ലാഭത്തിലേക്ക് നയിക്കാൻ തച്ചങ്കരി നടത്തിയ ശ്രമങ്ങളെ തൊഴിലാളി യൂണിയനുകൾ ഒന്നടങ്കം എതിർത്തിരുന്നു. എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങൾ അതുകൊണ്ടുതന്നെ വിവാദങ്ങൾക്കും ഇടയാക്കി. തച്ചങ്കരിയുടെ കാലത്ത് നടപ്പാക്കിയ ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ള നടപടികൾക്കെതിരെ തൊഴിലാളിസംഘടനകൾ രംഗത്ത് വന്നു.

സിഐ.ടി.യു അടക്കമുള്ള സംഘടനകൾ ഇതിനെതിരെ കെ.എസ്.ആർ.ടി.സിയിൽ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.ഗതാഗതമന്ത്രിയുടെ നിർദ്ദേശങ്ങൾ എം.ഡി അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുന്നതെന്നും കഴിഞ്ഞ ദിവസം അടിയന്തരപ്രമേയം അവതരിപ്പിക്കവേ പ്രതിപക്ഷവും നിയമസഭയിൽ ആരോപിച്ചിരുന്നു. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുന്നതിനാണ് മുഖ്യമന്ത്രി മുൻകൈയെടുത്ത് തച്ചങ്കരിയെ നിയമിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം കെ.എസ്.ആർ.ടി.സിയുടെ സ്വന്തം വരുമാനത്തിൽ നിന്ന് നൽകാൻ തച്ചങ്കരിക്ക് സാധിച്ചത് ഭരണമികവായി വിലയിരുത്തപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മാറ്റം.

അദർ ഡ്യൂട്ടിയും തിരിച്ചു വരും

അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാർക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കൾ വാക്കാൽ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്‌കരിച്ചുതുടങ്ങി. തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തിൽ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നൽകുന്ന ജീവനക്കാരുടെ എണ്ണം 22,000-ൽനിന്ന് 15,000 ആയി കുറഞ്ഞിരുന്നു. മാസവരി കൊടുക്കാൻ വിസമ്മതിച്ചവർക്ക് പണികൊടുക്കാനാണ് പുതിയ നീക്കം. ഇതിനായി യൂണിയനുകളിൽ നിന്ന് വിട്ടു പോയ ജീവനക്കാരുടെ ലിസ്റ്റ് ശേഖരണം തുടങ്ങി. ഇവർക്കെതിരെ നടപടികളായി സ്ഥലം മാറ്റമെത്തും.

യൂണിയനുകളുടെ കടുത്ത സമർദത്തെത്തുടർന്നാണ് സർക്കാർ തച്ചങ്കരിയെ മാറ്റിയത്. മന്ത്രി എകെ ശശീന്ദ്രൻ ടിക്കറ്റ് മിഷിൻ ഇടപാടിൽ നടത്താൻ ശ്രമിച്ച അഴിമതിക്ക് കൂട്ടു നിൽക്കില്ലെന്നും തച്ചങ്കരി പ്രഖ്യാപിച്ചു. ഇതോടെയാണ് അടിയന്തരമായി മന്ത്രിസഭ തച്ചങ്കരിയെ മാറ്റിയത്. കെ എസ് ആർ ടി സിയെ രക്ഷിക്കാൻ ഒന്നര വർഷമാണ് സർക്കാർ തച്ചങ്കരിക്ക് അനുവദിച്ചത്. എന്നാൽ പണിയെടുക്കാൻ മടിയുള്ളവരുടെ സമ്മർദ്ദം ഇതിനെ തകർത്തു. ഇതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തി. എന്നാൽ കെ എസ് ആർ ടി സിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി. ഒരു സ്ഥാപനത്തെ തകർക്കുന്ന തീരുമാനമാണ് എടുത്തതെന്ന് പിണറായി സർക്കാരിന് അറിയാം. അതുകൊണ്ട് തന്നെ കെ എസ് ആർ ടി സിയിൽ പിടിമുറുക്കിയെന്ന് പാർട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്. ആദ്യപടിയായി മാസവരി പിരിവ് ഊർജിതമാക്കാനാണ് നീക്കം. നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.

നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ്. രാജമാണിക്യത്തേയും ഓടിച്ചു വിട്ടു. മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി അടിമുടി പരിഷ്‌കാരം നടപ്പാക്കി. യൂണിയനുകളുടെ സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി. ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂൾ ക്രമീകരിക്കുന്നതും നിർത്തി. നേതാക്കൾക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു. പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു. ഇതോടെ നേതാക്കൾ ബസുകളിൽ പണി തുടങ്ങി. സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കരണം, അദർ ഡ്യൂട്ടിക്കാരുടെ പുനർവിന്യാസം, സർവ്വീസ് പുനഃക്രമീകരണം, ബസ് വാടകയ്ക്ക് എടുത്ത് ഓടിക്കൽ, ഡിടിഎ യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ ശമ്പളം റദ്ദുചെയ്യൽ അങ്ങനെ തച്ചങ്കരിയുടെ പരിഷ്‌ക്കരണങ്ങളാണ് കഴിഞ്ഞ ഒമ്പതര മാസങ്ങളായി ഇവിടെ നടപ്പാക്കിയത്. ഇവയിൽ പലതും കെഎസ്ആർടിസിക്ക് നേട്ടമായി വന്നു.

പരസ്യവരുമാനം വർധിപ്പിച്ചും സാമ്പത്തിക ക്രമീകരണത്തിലൂടെയുമാണ് തച്ചങ്കരി കെഎസ്ആർടിസിയെ നയിച്ചത്. ഇതിന് പിന്നാലെയാണ് കടമെടുക്കാതെ സ്വന്തം വരുമാനത്തിൽനിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കോർപറേഷന് സാധിച്ചത്. അദർ ഡ്യൂട്ടി അടക്കം തിരിച്ചു കൊണ്ടു വരുമെന്നാണ് നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP