Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓടി കിതയ്ക്കുന്നതിനിടെ ആനവണ്ടിയെ നാണം കെടുത്തി ബംഗളൂരുവിലെ ജപ്തി: വാടക സ്‌കാനിയ ബസുകൾ ഫിനാൻസ് കമ്പനി പിടിച്ചെടുത്തതോടെ ഓടാൻ ഭയന്ന് ബസുകൾ ഷെഡിൽ ഒതുക്കി; ശമ്പളവും പെൻഷൻ കൊടുക്കലും വെല്ലുവിളി തന്നെ; ശമ്പള നിഷേധത്തിനെതിരെ കൊടി പിടിക്കാൻ കോൺഗ്രസ് സംഘടന; തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിച്ച് ആഘോഷിച്ചവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; കെ എസ് ആർ ടി സിയുടെ യാത്ര അടച്ചു പൂട്ടലിലേക്കോ?

ഓടി കിതയ്ക്കുന്നതിനിടെ ആനവണ്ടിയെ നാണം കെടുത്തി ബംഗളൂരുവിലെ ജപ്തി: വാടക സ്‌കാനിയ ബസുകൾ ഫിനാൻസ് കമ്പനി പിടിച്ചെടുത്തതോടെ ഓടാൻ ഭയന്ന് ബസുകൾ ഷെഡിൽ ഒതുക്കി; ശമ്പളവും പെൻഷൻ കൊടുക്കലും വെല്ലുവിളി തന്നെ; ശമ്പള നിഷേധത്തിനെതിരെ കൊടി പിടിക്കാൻ കോൺഗ്രസ് സംഘടന; തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിച്ച് ആഘോഷിച്ചവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; കെ എസ് ആർ ടി സിയുടെ യാത്ര അടച്ചു പൂട്ടലിലേക്കോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനവണ്ടി നേരിടുന്നത് വമ്പൻ പ്രതിസന്ധി. ടോമിൻ തച്ചങ്കരിയെ പടിയടച്ച് പിണ്ഡം വച്ചുവെന്ന് പറഞ്ഞ് ആഘോഷിച്ചവർ തന്നെ പ്രതിസന്ധിയുടെ ആഴം തിരിച്ചറിയുകയാണ്. ക്രൈംബ്രാഞ്ച് മേധാവിയായ തച്ചങ്കരിക്ക് ഇനി കെ എസ് ആർ ടി സിയോട് തീരെ താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ആനവണ്ടിയുടെ രക്ഷകനായി ആരേയും കണ്ടെത്താനും സർക്കാരിനുമാകുന്നില്ല. അതിനിടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി. ജീവനക്കാർ പണിമുടക്കും.

തുടർച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഡി.എ. കുടിശ്ശിക അനുവദിക്കുക, തടഞ്ഞുവച്ച പ്രൊമോഷനുകൾ അനുവദിക്കുക, വാടകവണ്ടി ഉപേക്ഷിക്കുക, പുതിയ ബസുകൾ ഇറക്കുക തുടങ്ങിയവയാണ് ജീവനക്കാരുടെ ആവശ്യങ്ങൾ. രണ്ടുകൊല്ലം കൊണ്ട് കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലെത്തിക്കുമെന്നും കൺസോർഷ്യം കരാർ നടപ്പാക്കുന്നതോടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ അനുവദിച്ച സർക്കാർ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.

അതിനിടെ വായ്പ തവണ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ ബസുകൾ കർണാടകയിലെ വായ്പ നൽകിയ സ്ഥാപനം പിടിച്ചെടുത്തു. ഇതോടെ കേരളത്തിനു പുറത്തേക്കു 'ഓടാൻ ഭയന്ന്' വാടക ബസുകൾ ഷെഡിലുമായി. അത്രയും പ്രതിസന്ധിയെയാണ് കെ എസ് ആർ ടി സി നേരിടുന്നത്. ഇതേ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള സ്‌കാനിയ സർവീസുകൾ നിർത്തിവച്ചു. പകരം കെഎസ്ആർടിസിയുടെ സ്വന്തം സ്‌കാനിയ ബസുകൾ സർവീസ് നടത്തുന്ന മൈസൂർ, കോയമ്പത്തൂർ, മംഗളൂരു റൂട്ടുകളിലെ ബസുകളിൽ ചിലത് ഏറെ കലക്ഷനുള്ള ബെംഗളൂരു റൂട്ടിലേക്കു മാറ്റാനാണ് ശ്രമം. ഇതും കെ എസ് ആർ ടി സിക്ക് വരുമാന നഷ്ടമുണ്ടാക്കും.

ഫിനാൻസ് കമ്പനിയാണ് ബസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ 'ടി.എൽ.-മൂന്ന്' ബസാണ് പിടിച്ചെടുത്തത്. വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബെംഗളൂരുവിൽ നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന 'ടി.എൽ.-അഞ്ച്' സ്‌കാനിയ ബസ് ഫിനാൻസ് കമ്പനിയധികൃതർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തിയാണ് ബസ് കൊണ്ടുപോയത്. ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്‌കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി. അധികൃതർ പറഞ്ഞു. പ്രതിസന്ധിയുടെ സ്വഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. ഡീസൽ ക്ഷാമവും താമസിയാതെ ഉണ്ടാകാൻ സാധ്യതയുണ്ട്.

കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റിനെതിരെ സി.െഎ.ടി.യു കഴിഞ്ഞ മാസം സമരം നടത്തിയിരുന്നു. ശമ്പളം കൊടുക്കാത്തതിലും സർവീസുകൾ കൂട്ടത്തോടെ മുടങ്ങുന്നതിലും പ്രതിഷേധിച്ചായിരുന്നു ഈ സമരം. കഴിവുകെട്ട മാനേജ്മെന്റാണ് കെ.എസ്.ആർ.ടി.സിയിൽ ഭരണം നടത്തുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. കഴിഞ്ഞമാസം 191 കോടി രൂപ വരുമാനം കിട്ടിയിട്ടും ശമ്പളം കൊടുക്കാത്തതാണ് ഭരണകക്ഷി യൂണിയനെ ചൊടിപ്പിച്ചത്. കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ഉദ്യോഗസ്ഥതലത്തിൽ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചീഫ് ഓഫീസിനും യൂണിറ്റ് ഓഫീസുകൾക്കും മുമ്പിലെ സമരം.

ഇത് കോൺഗ്രസ് അനുകൂല സംഘടനയും ഏറ്റെടുക്കുകയാണ്. രണ്ടായിരത്തി മൂന്നൂറോളം എംപാനൽ ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണന്നും സിഐ.ടി.യു. ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP