Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ ഉറച്ച് ഗതാഗതമന്ത്രി? ശമ്പളം നൽകാൻ പണമില്ലാത്ത കെഎസ്ആർടിസിയെ പൂട്ടിക്കാൻ സകല അടവും പുറത്തെടുത്ത് സ്വകാര്യ ബസ് ലോബി; കുട പിടിക്കാൻ മന്ത്രിസഭയിലെ ഉന്നതരും; 31 ദേശസാൽകൃത റൂട്ടുകളും മുതലാളിമാർക്ക് തീറെഴുതാൻ കള്ളക്കളി

ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ ഉറച്ച് ഗതാഗതമന്ത്രി? ശമ്പളം നൽകാൻ പണമില്ലാത്ത കെഎസ്ആർടിസിയെ പൂട്ടിക്കാൻ സകല അടവും പുറത്തെടുത്ത് സ്വകാര്യ ബസ് ലോബി; കുട പിടിക്കാൻ മന്ത്രിസഭയിലെ ഉന്നതരും; 31 ദേശസാൽകൃത റൂട്ടുകളും മുതലാളിമാർക്ക് തീറെഴുതാൻ കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തു ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്താനുള്ള തീരുമാനം അട്ടിമറിക്കാൻ ഇടത് സർക്കാർ നടത്തുന്നത് കള്ളക്കളികൾ. ഇതുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചവരെ ബോധപൂർവ്വം ഒഴിവാക്കി സ്വകാര്യ ബസുടമകൾക്ക് അനുകൂല തീരുമാനം ഉണ്ടാക്കാനാണ് ഗതാഗത വകുപ്പിലെ കള്ളക്കളി. കെഎസ്ആർടിസിക്ക് മാത്രം സർവ്വീസ് നടത്താൻ അനുവാദമുള്ള 31 ദേശസാൽകൃത റൂട്ടുകളിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തു നൽകിയ ആയിരക്കണക്കിനു ബസ് പെർമിറ്റുകൾ സർക്കാരിനും കെ എസ് ആർടിസിക്കും വരുമാന നഷ്ടമുണ്ടെങ്കിൽ റദ്ദാക്കണമെന്ന 2016 ലെ ഹൈക്കോടതി വിധിയെ മറികടക്കാനാണ് കള്ളക്കളികളിലൂടെ ശ്രമം. സ്വകാര്യ ബസ് ലോബിയെ വഴിവിട്ട് സഹായിക്കാനായി 2016 ഫെബ്രുവരി 8-ാം തീയതി യുഡിഎഫ് സർക്കാർ കൊണ്ടുവന്ന 31 റൂട്ടു സ്വകാര്യവത്ക്കരണ കരടു നോട്ടീഫിക്കേഷൻ നിയമമാക്കി സ്വകാര്യ ബസുകളെ സഹായിക്കാൻ ഇടതു സർക്കാർ അതിവേഗത്തിൽ ഫയലുകൾ നീക്കുന്നുവെന്നാണ് ആക്ഷേപം.

വി എസ് അച്യുതാനന്ദൻ സർക്കാരന്റെ കാലത്ത് മാത്യു ടി തോമസ് ആയിരുന്നു ആദ്യ വർഷങ്ങളിലെ ഗതാഗത മന്ത്രി. അന്ന് കെഎസ് ആർടിസിയെ ലഭാത്തിലാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തി. അതുകൊണ്ട് തന്നെ പിണറായി മന്ത്രി സഭയിലും മാത്യു ടി തോമസ് ഗതാഗത മന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ മാത്യു ടി തോമസിന് ജലസേചനം നൽകി ഗതാഗതം എൻസിപിക്ക് കൊടുക്കുകയായിരുന്നു. ഇതെല്ലാം സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയായിരുന്നുവെന്ന സംശയമാണ് ശക്തമാകുന്നത്. കെഎസ്ആർടിസിക്കും അതിലൂടെ സംസ്ഥാന സർക്കാരിനും പ്രതിവർഷം 657 കോടി രൂപ നഷ്ടമുണ്ടാക്കുന്ന നീക്കത്തിന്റെ ഭാഗമായി ആരെയും അറിയിക്കാതെ ഇന്നു തല്പരകക്ഷികളിൽ നിന്നും രഹസ്യമായി അഭിപ്രായങ്ങളും, ആക്ഷേപങ്ങളും സ്വീകരിക്കുകയാണ്.

സ്വകാര്യ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നു നൽകിയ താൽക്കാലിക ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പെർമിറ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. പെർമിറ്റ് കാലാവധി തുടരണോ എന്ന കാര്യത്തിൽ സർക്കാർ വിശദമായ ചർച്ചകൾക്കു ശേഷം തീരുമാനമെടുക്കുമെന്നും അതുവരെ താൽക്കാലിക പെർമിറ്റ് തുടരാനാണു തീരുമാനമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. ഈ ചർച്ചകളിലേക്ക് സ്വകാര്യ ബസുടമകളെ മാത്രം എത്തിക്കാനാണ് നീക്കം. പരാതി പറയാൻ ഇടയുള്ളവരെ ബോധപൂർവ്വം സർക്കാർ ഒഴിവാക്കി. ദേശീയ പണിമുടക്ക് ദിവസം പത്രങ്ങളിലൂടെ ചർച്ചയുടെ വിവരങ്ങൾ അറിയിച്ചു. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയ്ക്ക് പുറത്തുള്ള പരാതിക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഈ യോഗത്തിൽ എത്താനുമായില്ല. ഇതോടെ സ്വകാര്യ ബസ് ലോബിക്ക് പിണറായി സർക്കാരും അടിമപ്പെട്ടുവെന്ന സംശയമാണ് ഉയരുന്നത്. പ്രതിമാനം 110 കോടി നഷ്ടത്തിൽ ഓടുന്ന കെ എസ് ആർ ടി സി യിൽ അടുത്ത മാസം ശമ്പളം കൊടുക്കാൻ സാധിക്കില്ലെന്നാണ് സൂചന. യുഡിഎഫ് സർക്കാരിന്റെ വിവാദ തീരുമാനങ്ങൾ പരിശോധിച്ച എൽഡിഎഫ് മന്ത്രിസഭാ സമിതിയിലെ സിപിഐ(എം)-സിപിഐ മന്ത്രിമാരെ സ്വകാര്യ ബസ് ഉടമകൾ സ്വാധീനിച്ചതായാണ് ആരോപണം.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് പെർമിറ്റുകൾ കെഎസ്ആർടിസിക്കു മാത്രമായി നിജപ്പെടുത്തുന്നതിന്റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ടത് 241 സ്വകാര്യബസുകൾക്കായിരുന്നു. ഈ ബസുകൾക്ക് 2016 ഫെബ്രുവരിയിൽ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി പെർമിറ്റ് അനുവദിച്ചു. 170 ബസുകളാണ് ആറുമാസ പെർമിറ്റ് വാങ്ങിയത്. കാലാവധി അവസാനിക്കാനിരിക്കെയാണ് ഇളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനം. ഹിയറിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു. ഇതിനായുള്ള യോഗത്തിലേക്കാണ് പരാതിക്കാരെ എത്തിക്കാതിരിക്കാൻ നീക്കം നടക്കുന്നത്. അതുകൊണ്ട് കൂടിയാണ് സംശയങ്ങൾ ഏറുന്നതും. പെർമിറ്റ് നീട്ടിയാൽ അത് കെ.എസ്.ആർ.ടി.സിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് മാനേജ്‌മെന്റിന്റെയും ട്രേഡ് യൂനിയനുകളുടെയും നിലപാട്. ഇതുപോലും മുഖവലിയ്‌ക്കെടുക്കാതെയാണ് സർക്കാരിന്റെ നീക്കം.

31 റൂട്ട് സ്വകാര്യവൽക്കരണത്തിനെതിരെ ആക്ഷേപം ഉന്നയിച്ചവരെയൊക്കെ ഓഗസ്റ്റ് 31-ാം തീയതി നേരിട്ട് വിൡച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചിരുന്നു. മെയ്‌ 20നായിരുന്നു ഈ കത്ത് അയച്ചത്. എന്നാൽ തീയതി കുറിക്കാത്ത ഒരു ഉത്തരവിലൂടെ മീറ്റിങ് റദ്ദാക്കി ബന്ധപ്പെട്ടവർക്ക് വീണ്ടും കത്തയച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെ ദേശീയ ഹർത്താൽ നടന്ന ദിവസത്തെ പത്രങ്ങളിലൂടെ ഒരു വാർത്ത കൊടുത്ത് ഇന്ന് 11 മണിക്ക് യോഗം ചേരുന്നു എന്നാണ്. ബസുടമകളെ സഹായിക്കാനാണ് ഇങ്ങനെ പെട്ടെന്നൊരു കമ്മിറ്റി നോട്ടീസില്ലാതെ നടത്തുന്നതെന്നാണ് വിമർശനം. കെഎസ്ആർടിസിയിൽ സർവ്വീസ് നടക്കുന്ന 31 റൂട്ടുകളിൽ കെഎസ്ആർടിസി വരുമാനത്തിന് പ്രതിദിനം ഒന്നര കോടി മുതൽ രണ്ടു കോടി വരെ ലാഭം ഉണ്ടായിരുന്ന നൂറുകണക്കിന് സ്വകാര്യബസുകളെ ഒഴിവാക്കാൻ കോടതി നൽകിയ അവസരമാണ് എൽഡിഎഫ് സർക്കാർ ഈ നീക്കത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്.

60 യാത്രക്കാരെ കയറ്റാവന്നതും ഒരു കിലോ മീറ്ററിന് 45 മുതൽ 50 രൂപ വരെ വരുമാനം കിട്ടുന്നതുമായ റൂട്ടുകളായിരുന്നു ഇവ. എന്നാൽ 31 റൂട്ടുകളിൽ 30 യാത്രക്കാരും 30 രൂപവരെ വരുമാനവും മാത്രമേ കിട്ടുന്നുള്ളൂവെന്നാണ് സ്വകാര്യ ബസുകളുടെ നിലപാട്. ഇതിനാലാണ് ചാർജ്ജ് വർദ്ധനവിലൂടെ വരുമാന നഷ്ടം ഒഴിവാക്കാൻ സർക്കാർ ഉടമകൾക്ക് അവസം നൽകിയത്. ഇതുകൊണ്ടാണ് ഒരു ബസ് മാത്രമേ ഈ റൂട്ടിൽ ഓടേണ്ട ആവശ്യമുള്ളൂവെന്നും അത് കെഎസ് ആർ ടിസി മതിയെന്നും ഹൈക്കോടതി നിലപാടിൽ എത്തിയത്. 30 യാത്രക്കാരുള്ളിടത്ത് എന്തിന് രണ്ട് ബസെന്നതായിരുന്നു കോടതിയുടെ ചോദ്യം. 60 യാത്രക്കാരെ കയറ്റാവുന്ന സ്വകാര്യ ബസുകളിലും 30 മുതൽ 35 യാത്രക്കാർ യാത്ര ചെയ്യുന്നുള്ളു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 2014ൽ യാത്രാക്കൂലി കുത്തനെ കൂട്ടിയതും ഈ നഷ്ടം പരിഹിക്കാനായിരുന്നു.

ഒരു ബസിൽ കൊള്ളാവുന്ന യാത്രക്കാർ രണ്ടു ബസിൽ യാത്ര ചെയ്യുന്നതുമൂലം കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നഷ്ടത്തിലായിരുന്നു. ഈ സാഹര്യത്തിലാണ് 31 ദേശസാൽകൃത റൂട്ടുകളിൽ നിന്നും ഭാഗീകമായി സ്വകാര്യ ബസുകളെ ഒഴിവാക്കി കെഎസ്ആർടിസികൾ സർവ്വീസ് ആരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. ഈ വിധിക്കെതിരെ സ്വാശ്രയ ബസുടമകളെ സഹായിക്കാനായിരുന്നു 2016ൽ യുഡിഎഫ് സർക്കാർ 31 റൂട്ടുകളും സ്വകാര്യവൽക്കരിക്കാൻ കരടുനിർദ്ദേശം കൊണ്ടുവന്നത്. ഇതിലൂടെ പ്രതിവർഷം 657 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ഇത് ഇടതു പക്ഷവും അംഗീകരിച്ചു. അധികാരത്തിലെത്തിയാൽ കരട് വിജ്ഞാപനം റദ്ദാക്കുമെന്നും പറഞ്ഞിരുന്നു.

യുഡിഎഫ് നീക്കം റദ്ദാക്കി കെഎസ്ആർടിസിക്ക് ഉപകാരപ്രദമാക്കുന്ന പുതിയ കരടു വിജ്ഞാപനമിറക്കി നിയമനിർമ്മാണം ഇടത് സർക്കാർ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നു. അതിന് പകരം സ്വകാര്യ ബസുടമകളെ സഹായിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സിപിഐ(എം)ലെ ടെൻഡർ ലോബിയാണ് ഇക്കാര്യത്തിൽ കരുക്കൾ നീക്കയതെന്നതിനാൽ കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനും ക്ഷീണത്തിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടലിലേയ്ക്കു നീങ്ങുന്ന കെഎ്ആർടിസിക്ക് ശവപ്പെട്ടിയിലെ അവസാന ആണി ആയിരിക്കും ഇടതുമുന്നണി് നടത്തുന്ന 31 റൂട്ടു സ്വകാര്യവൽക്കരണ നീക്കം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്ത് ഫാസ്റ്റ്പാസഞ്ചർ മുതൽ മുകളിലേക്കുള്ള സർവിസുകളെ 2013 ലെ ഉത്തരവിലൂടെ കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കി നിജപ്പെടുത്തിരുന്നു. ഇതിന്റെ ഫലമായി പെർമിറ്റ് നഷ്ടപ്പെട്ട 241 സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനായാണ് കഴിഞ്ഞ സർക്കാർ 2016 ഫെബ്രുവരിയിൽ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റ് അനുവദിച്ചത്. ഇതിനത്തെുടർന്ന് 241ൽ 170 ബസുകൾക്കാണ് ആറു മാസത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിച്ചിരുന്നത്. ഇത് ഓഗസ്റ്റ് 31ന് അവസാനിക്കുകയാണ്. സ്വകാര്യബസുകൾക്ക് എത്ര ദൂരം വേണമെങ്കിലും റൂട്ട് നീട്ടാനും സ്റ്റോപ്പുകളുടെ എണ്ണം പരിമിതപ്പെടുത്താനും സ്വാതന്ത്ര്യം നൽകുന്ന തരത്തിൽ മോട്ടോർ വാഹനച്ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് കഴിഞ്ഞ സർക്കാർ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി പെർമിറ്റുകൾ അനുവദിച്ചത്.

മോട്ടോർ വാഹനച്ചട്ടപ്രകാരം ഓർഡിനറി സർവിസുകളുടെ റൂട്ടിന്റെ പരമാവധി ദൂരം 140 കിലോമീറ്ററാണ്. ഒപ്പം ഫെയർ‌സ്റ്റേജുകൾക്കിടയിലെ മുഴുവൻ സ്റ്റോപ്പുകളിലും നിർത്തണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ നിബന്ധനകൾ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ യു.ഡി.എഫ് സർക്കാർ വരുത്തിയ നിയമഭേദഗതിയിലൂടെ ഇല്ലാതാവുകയായിരുന്നു. സ്വകാര്യ ബസുകൾക്ക് സൂപ്പർഫാസ്റ്റ് പെർമിറ്റ് നൽകേണ്ടെന്ന സംസ്ഥാന സർക്കാർ തീരുമാനം ഏതൊരു ലക്ഷ്യം മുൻനിർത്തിയായിരുന്നോ അക്കാര്യത്തെ പാടെ അട്ടിമറിക്കുന്നതാണ് സ്വകാര്യബസുകളുടെ ദൂരപരിധി എടുത്തുകളഞ്ഞതിലൂടെ സംഭവിച്ചത്. സൂപ്പർ ഫാസ്റ്റ് ബസുകൾ സഞ്ചരിക്കുന്നതിനെക്കാൾ ദൂരം സ്വകാര്യ ബസുകൾ സർവിസ് നടത്തിയാലും നിലവിൽ നിയമപരമായി സർക്കാറിന് ഒന്നും ചെയ്യാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP