തമിഴ്‌നാടിന് വരുമാനം കൂട്ടാൻ സ്വന്തം സർവീസുകൾക്ക് അള്ളുവെച്ച് കെഎസ്ആർടിസി; തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ കോർപറേഷന്റെ ആളില്ലാ ബസുകൾ ഓടുമ്പോൾ കളക്ഷൻ കൂട്ടാൻ റൂട്ട് പതിച്ച് കൊടുത്ത് സോണൽ മേധാവി; 21 നാഗർകോവിൽ ഷെഡ്യൂളുകൾ പാപ്പനംകോട്ടേക്ക് മാറ്റിയതോടെ കളക്ഷനിൽ ദിവസം 5000 രൂപ കുറവ്; റൂട്ടുമാറി അനധികൃതമായി ഓടുന്ന തമിഴ്‌നാട് സർവീസുകൾക്കും ഒത്താശ; വാരിക്കുഴി തോണ്ടുന്നത് കെഎസ്ആർടിസി മേധാവികൾ തന്നെ
July 12, 2019 | 07:49 PM IST | Permalink

എം മനോജ് കുമാർ
തിരുവനന്തപുരം: നഷ്ടക്കണക്കിന്റെ ബലത്തിൽ മാത്രം മുന്നോട്ടു പോകുന്ന കെഎസ്ആർടിസിയെ പൂട്ടിക്കെട്ടുന്നത് കെഎസ്ആർടിസിയിലെ ഉന്നതർ തന്നെയോ? കെഎസ്ആർടിസിക്ക് നല്ല വരുമാനം ലഭിച്ചിരുന്ന തിരുവനന്തപുരം-നാഗർകോവിൽ സെക്ടറും കെഎസ്ആർടിസി തമിഴ്‌നാടിനു അടിയറ വെച്ചു എന്നാണ് കെഎസ്ആർടിസിയിൽ നിന്നും വരുന്ന പുതിയ വാർത്ത. തിരുവനന്തപുരം-നാഗർകോവിൽ കെഎസ്ആർടിസി ബസുകൾ ആളില്ലാ ബസുകൾ ആയി സർവീസ് നടത്തുമ്പോൾ തമിഴ്‌നാട് ബസുകൾ റൂട്ട് കയ്യടക്കി കാശ് വാരുകയാണ് ചെയ്യുന്നത്. തമിഴ്‌നാടിന്റെ ടിഎൻഎസ്ടി, എസ്ഇടിസി സർവീസുകൾ ആണ് നിലവിൽ തിരുവനന്തപുരം-നാഗർ കോവിൽ റൂട്ടുകൾ കയ്യടക്കിയിരിക്കുന്നത്.
തമിഴ്‌നാട് ബസുകൾക്ക് കളക്ഷൻ കൂട്ടാൻ റൂട്ട് പതിച്ചു കൊടുത്തത് സോണൽ മേധാവിയും കെഎസ്ആർടിസി ഉന്നതരും തന്നെയാണ് എന്നാണ് ആക്ഷേപം വരുന്നത്. കെഎസ്ആർടിസിയുടെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ആരംഭിച്ചു കൊണ്ടിരുന്ന 21 നാഗർകോവിൽ ഷെഡ്യൂളുകൾ പാപ്പനംകോടേക്ക് മാറ്റി കെഎസ്ആർ ടിസിയുടെ അധികൃതർ തമിഴ്‌നാടിനു ഒത്താശയും ചെയ്യുന്നുണ്ട്. വിവിധ തമിഴ്‌നാട് ബസുകൾ റൂട്ട് മാറ്റിയും ഓടുന്നതായും ആക്ഷേപമുണ്ട്.
തിരുവനന്തപുരത്ത് നിന്നും ഓപ്പറേറ്റ് ചെയ്ത 21 നാഗർകോവിൽ ഷെഡ്യൂളുകൾ പാപ്പനംകോടെയ്ക്ക് മാറ്റിയപ്പോൾ ശരാശരി 17000 രൂപ കളക്ഷൻ ഉണ്ടായിരുന്നത് നിലവിൽ 12000 ആയി കുറഞ്ഞു. വൻവരുമാന ചോർച്ചയാണ് കെഎസ്ആർടിസിക്ക് ഇതുവഴി വന്നത്. വിവിധ ഡിപ്പോകളിൽ നിന്നും വന്നുപോകുന്നതു സഹിതം 35 ഷെഡ്യൂൾ ആണ് തിരുവനന്തപുരത്തു നിന്നും നാഗർകോവിലിലേക്കും കന്യാകുമാരിയിലേക്കും കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്യുന്നത്. അതേസമയം കിലോമീറ്റർ അടിസ്ഥാന കരാറിന്റെ ഭാഗമായി തമിഴ്‌നാടിന്റെ ടിഎൻഎസ്ടിസിക്ക് 38 സർവ്വീസിനാണ് പെർമിറ്റുള്ളത്. എന്നാൽ അനധികൃതമായി സ്‌പെയർ ബസ് സഹിതം 42 സർവ്വീസ് വരെ ഇവർ ഓപ്പറേറ്റുചെയ്യുന്നു. ഇതാണ് ഈ സെക്ടറിൽ കെഎസ്ആർടിസിയുടെ നടുവൊടിക്കുന്നത്.
തിരുവനന്തപുരം-കായൽപട്ടണം ഷെഡ്യൂൾ നിലവിൽ കായൽ പട്ടണത്ത് പോകാതെ ദിവസേന മൂന്നും ചിലപ്പോൾ നാലു ട്രിപ്പുകൾ നാഗർകോവിലിലേക്ക് ഓപ്പറേറ്റുചെയ്യുന്നു. 24 മണിക്കൂറിൽ ഒരു പ്രാവശ്യം മാത്രം കളിയിക്കാവിള കടന്നുവരാൻ കരാറുള്ള ബസാണ് ദിവസേന നാലു പ്രാവശ്യം തിരുവനന്തപുരത്തെത്തി ആളെ വാരുന്നത്. എസ്ആർടിസിയുടെ തലക്കുളം മണ്ണടി ട്രിപ്പ് ആളില്ലാതെയാണ് ഓടുന്നത്. എന്നാൽ റൂട്ടിലേക്ക് പെർമിറ്റുള്ള തമിഴ്‌നാട് ബസ് നേരെ നാഗർകോവിലേക്ക് ആണ് ഓപ്പറേറ്റുചെയ്യുന്നത്.
കന്യാകുമാരി-വർക്കല - കന്യാകുമാരി കോവളം.. ഈ ഷെഡ്യൂളുകളും നിലവിൽ വർക്കലക്കു പോകാതെ തിരുവനന്തപുരം നാഗർകോവിൽ ട്രിപ്പ് ഓപ്പറേറ്റു ചെയ്യുന്നു. . കൂടാതെ തിരുവനന്തപുരം തിരുനെൽവേലി ,തിരുവനന്തപുരം തിരിച്ചെന്തൂർ ,തിരുവനന്തപുരത്തു നിന്നും കുളച്ചൽ ,കൊല്ലംകോട്, തൃപ്പരപ്പ് ,പേച്ചിപ്പാറ പെർമിറ്റടുത്ത ടിഎൻഎസ്ടിസി വാഹനങ്ങളും നാഗർകോവിലിലേക്ക് സർവ്വീസ് നടത്തുന്നു. ഈ വാഹനങ്ങളുടെ ഇടയിൽപ്പെട്ട് കെഎസ്ആർടിസി ചക്രശ്വാസം വലിക്കുമ്പോൾ പുതുതായി ടിഎൻഎസ്ടി ക്ക്എട്ടു പുതിയ ഷെഡ്യൂളിനു കൂടി അനുമതി നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ഷെഡ്യൂളുകൾ സെൻട്രൽ ഡിപ്പോയിൽ നിന്നും ഒഴിവാക്കിയപ്പോൾ തമിഴ്‌നാട് പല ഡിപ്പോകളിൽ നിന്നും ഓപ്പറേറ്റുചെയ്തിരുന്ന തിരുവനന്തപുരം ഷെഡ്യൂളുകളെ നാഗർകോവിൽ മെയിൻ ഡിപ്പോയിൽ നിന്നുമാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. ഈ സെക്ടറിൽ നിന്നും കാശുവാരാനുള്ള തമിഴ്‌നാട് നീക്കങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷനും മാസം ഒരു ലക്ഷം ശമ്പളം വാങ്ങുന്ന ഡിജിഎം ഓപ്പറേഷനും ഉള്ളപ്പോഴാണ് കെഎസ്ആർടിസി ലാഭകരമായ സെക്ടർ തമിഴ്‌നാടിനു അടിയറവ് വയ്ക്കുന്നത്. തമിഴ്‌നാടിന് വരുമാനം കൂട്ടാൻ കെഎസ്ആർടിസിക്ക് അള്ളുവയ്ക്കുന്ന കെഎസ്ആർടിസി സൗത്ത് സോണൽ ഓഫീസ് അടച്ചുപൂട്ടണമെന്നാണ് കെഎസ്ആർടിസിയിൽ നിന്നും ആക്ഷേപം ഉയരുന്നത്.