Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണിയെടുക്കാതെ യൂണിയൻ കളിച്ച് സ്ഥിരം ജീവനക്കാർ; ആനവണ്ടിയെ മുൻപോട്ട് നയിക്കുന്ന 8000 എംപാനലുകാർക്ക് കൂലിപ്പണിക്കാരന്റെ വേതനം പോലുമില്ല; തുല്യവേതനം നൽകാൻ സുപ്രീംകോടതി പറഞ്ഞിട്ടും സമ്മതിക്കാത്തത് യൂണിയൻ നേതാക്കൾ; കഴിവില്ലായ്മ്മ മറച്ചു വെക്കാൻ കള്ളക്കണക്കുകളുമായി സിഐടിയു

പണിയെടുക്കാതെ യൂണിയൻ കളിച്ച് സ്ഥിരം ജീവനക്കാർ; ആനവണ്ടിയെ മുൻപോട്ട് നയിക്കുന്ന 8000 എംപാനലുകാർക്ക് കൂലിപ്പണിക്കാരന്റെ വേതനം പോലുമില്ല; തുല്യവേതനം നൽകാൻ സുപ്രീംകോടതി പറഞ്ഞിട്ടും സമ്മതിക്കാത്തത് യൂണിയൻ നേതാക്കൾ; കഴിവില്ലായ്മ്മ മറച്ചു വെക്കാൻ കള്ളക്കണക്കുകളുമായി സിഐടിയു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി മുന്നോട്ടു പോകാൻ സാധിക്കാത്ത വിധത്തിൽ പ്രശ്‌നങ്ങൾ നേരിടാൻ പ്രധാന കാരണങ്ങളിൽ ഒന്ന് ജീവനക്കാർക്ക് നൽകുന്ന ശമ്പള പ്രശ്‌നം തന്നെയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയനുകളിൽ ഒന്നാണ് കെഎസ്ആർടിസിയിയിലേത്. സിഐടിയുവിന്റെയും ഐഎൻടിയുസിയുടെയും നേതൃത്വത്തിലുള്ള യൂണിയൻ തന്നെയാണ് ആനവണ്ടിയെ ലാഭത്തിലാക്കാനുള്ള പരിഷ്‌ക്കരണങ്ങൾക്ക് എപ്പോഴും പാര പണിയുന്നതും. സ്ഥിര ജീവനക്കാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന കെഎസ്ആർടിസി യൂണിയനുകൾ ഊർദ്ധശ്വാസം വലിക്കുന്ന കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കുന്ന എം പാനൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കെല്ലാം എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെ യൂണിയനുകളെ തൊഴിലാളികളും കൈവിട്ടു തുടങ്ങി. ഒരേ പണിയാണ് ചെയ്യുന്നതെങ്കിലും സ്ഥിര ജീവനക്കാർ എന്ന ഒരു കാരണം കൊണ്ട് മാത്രം ഒരു വിഭാഗം വൻ ശമ്പളം കൈപ്പറ്റുമ്പോൾ തന്നെ കൂലിപ്പണിക്കാരുടെ വേതനം പോലും എം പാനൽ ജീവനക്കാർക്ക് ലഭിക്കുന്നില്ല.

40894 ജീവനക്കാർ,39, 000 പെൻഷൻ ഇങ്ങനെ ആകെ 80,000 ത്തോളം കുടുംബങ്ങൾ കെഎസ്ആർടിസിയെ ആശ്രയിച്ചു കഴിയുന്നുണ്ട്.  40894 ജീവനക്കാരിൽ 8629 പേർ ദിവസക്കൂലിക്കാരാണ്. ഇവരാണ് ഇപ്പോൾ കെഎസ്ആർടിസിയെ മുന്നോട്ടു നയിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ പകുതി പോലും മറ്റുള്ളവർക്ക് ലഭിക്കുന്നില്ല. ഇവർക്ക് മാസ ശമ്പളമില്ല, സ്ഥിരം ജീവനക്കാരേക്കാൾ ഇരട്ടിയിലധികം അദ്ധ്വാനിക്കണമെങ്കിലും ശമ്പളം സ്ഥിരം ജീവനക്കാരന്റെ പകുതി പോലുമില്ല. സ്ഥിരം ജീവനക്കാർ പ്രതിദിനം 300 കിലോമീറ്ററിൽ താഴെ മാത്രം വണ്ടി ഓടിക്കേണ്ട ഓർഡിനറി മാത്രം ഓടിക്കുമ്പോൾ 450 മുതൽ 600 കിലോമീറ്റർ വരെ ഓടിക്കേണ്ട സൂപ്പർ ഫാസ്റ്റും സൂപ്പർ എക്സ്‌പ്രസും ഫാസ്റ്റും ഒക്കെ ഓടിക്കുന്ന കെഎസ്ആർടിസിയിലെ മിടുക്കരായ ചെറുപ്പക്കാരൊക്കെ ദിവസക്കൂലിക്കാരായ അധികൃതരാണ് അവരുടെ ദിവസക്കൂലി കേട്ടാൽ ആരും ഞെട്ടും.

എട്ട് മണിക്കൂർ ജോലിക്ക് ഏറ്റവും ജൂനിയറായ സ്ഥിരം ജീവനക്കാരന് 839 രൂപ പ്രതിദിനം നൽകുമ്പോൾ അവരേക്കാൾ ഇരട്ടി അദ്ധ്വാനിക്കുന്ന ദിവസ തൊഴിലാളിക്ക് ഡ്രൈവറാണെങ്കിൽ 450 രൂപ മാത്രമാണ് ലഭിക്കുന്നത്. കണ്ടക്ടറാണെങ്കൽ 430 രൂപ മാത്രമാണ്. കഴിഞ്ഞ 10 വർഷമായി ഈ ചൂഷണം തുടങ്ങിയിട്ട്. ഇവരുടെ കാര്യത്തിൽ തൊഴിലാൡയൂണിയനുകൾക്കും വലിയ താൽപ്പര്യമില്ല. ഈ ജീവനക്കാർക്ക് എതിരായ നിലപാടാണ് യൂണിയൻ സ്വീകരിക്കുന്നതും. ദിവസക്കൂലിക്കാർക്ക് ശമ്പളം കൂട്ടിക്കൊടുത്താൽ കോർപ്പറേഷൻ പൂട്ടിപോകും എന്നാണ് ഏറ്റവും വലിയ അംഗീകൃത തൊഴിലാളി യൂണിയന്റെ നിലപാട്. ''ചുവരില്ലാതെ എങ്ങനെ ചിത്രം വരയ്ക്കും'' എന്നാണവർ ദിവസക്കൂലിക്കാരനോടു ചോദിക്കുന്നത്. സിഐടിയുവിന്റെ കീഴിലുള്ള യൂണിയന്റെ നേതാവ് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ തന്നെയാണ്.

സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടു പോലും ഈ തൊഴിലാൡസ്‌നേഹികൾ എം പാനലുകാർക്ക് വേണ്ടി വാദിക്കില്ല. 26.10. 2016 ൽ എം പാനൽ ജീവനക്കാർക്ക് മാന്യമായ വേതനം നൽകണമെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയാണ് ഈ വിധിന്യായം പുറപ്പെടുവിച്ചത്. എന്നാൽ, കെഎസ്ആർടിസി മന്ത്രിയോ മാനേജ്‌മെന്റോ അംഗീകൃത തൊഴിലാളി യൂണിയനോ എൽഡിഎഫ് കൺവീനറോ ഇത് കണ്ടാതായി നടിച്ചില്ല. സ്ഥിരമായാലും ദിവസക്കൂലിക്കാരനായാലും തുല്ല്യ ജോലിക്ക് തുല്ല്യ ശമ്പളമെന്ന് നിയമം നടപ്പിലാക്കാൻ തൊഴിലുടമകൾക്കെതിരെ ക്രിമിനൽ നടപടിചട്ടങ്ങൾക്ക് അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധിച്ചത്.

ഈ കോടതി വിധിയിൽ എന്തു നിലപാട് സ്വീകരിച്ചു എന്ന് പരിശോധിക്കുമ്പോഴാണ് തൊഴിലാളി പ്രേമം പറയുന്നവരുടെ കപട മുഖം വ്യക്തമാകുക. ജനങ്ങൾക്കാവശ്യമുള്ള ആവശ്യ സർവ്വീസ് കെഎസ്ആർടിസിയിൽ ജീവനക്കാർ സംസ്ഥാന വ്യാപകമായി മിന്നൽപണിമുടക്ക് നടത്തിയിട്ടും അത് ജനങ്ങളെ കാര്യമായി ബാധിച്ചില്ല. ഇതിന് കാരണക്കാർ തുച്ഛമായ വേതനം പറ്റുന്ന ഈ ജീവനക്കാരാണ്. എന്നാൽ, ഈ ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകരുത് എന്നതാണ് യൂണിയനകളുടെ നിലപാട്.

ആവശ്യത്തിലധികം റൂട്ട് ബസുകളുള്ള സംസ്ഥാനമാണ് കേരളം. ആവശ്യമുള്ളതിന്റെ ഇരട്ടി യാത്രാ ബസുകളാണ് കേരളത്തിലുള്ളത്. ഓടുന്ന ബസുകളിൽ പകുതി യാത്രക്കാർ പോലുമില്ല. 60 യാത്രക്കാരെ കൊണ്ടു പോകാവുന്നിടത്ത് ബസിലുള്ളത് ശരാശരി 30 യാത്രക്കാർ മാത്രം. കെഎസ്ആർടിസി അടച്ചു പൂട്ടിയാൽ നിലവിലുള്ള സ്വകാര്യ ബസുകൾ കൊണ്ടു തന്നെ കേരളത്തിലെ മുഴുവൻ യാത്രാ ആവശ്യങ്ങളും നിറവേറ്റാനാകും. കേരളത്തിൽ ഒരു വർഷം ജനങ്ങൾക്ക് 73 റൂട്ടു ബസുകളുണ്ട്. തൊട്ടടുത്ത തമിഴ്‌നാട്ടിൽ ഇത് 37 ആണെങ്കിൽ കർണ്ണാടകത്തിൽ ഇത് 58 മാത്രമാണ്. തിരുവനന്തപുരവും കൊല്ലവും ഒഴിച്ചുള്ള ഇടങ്ങളിലൊക്കെ സ്വകാര്യ റൂട്ടു ബസുകളാണ് കൂടുതൽ. 19145 സ്വകാര്യ റൂട്ടു ബസുകളുള്ളിടത്ത് കെഎസ്ആർടിസ്‌ക്കുള്ളത് 5675 എണ്ണം മാത്രവുമാണ്.

ആവശ്യമുള്ളതിനേക്കാൾ ഇരട്ടിയിലധികം സ്വകാര്യ ബസുകൾ സംസ്ഥാനത്തുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി അടച്ചു പൂട്ടിയാൽ പോലും ഇവിടെ ഒരു കുഴപ്പവും സംഭവിക്കില്ല. നിലവിലുള്ള സ്വകാര്യബസ് സർവീസുകളുടെ റൂട്ട് ക്രമീകരിക്കേണ്ടി വരുമെന്ന് മാത്രം. രാത്രി 10 നു ശേഷവും രാവിലെ 5 മണിക്കു ശേഷവും 100 താഴെ ഓർഡിനറി ട്രിപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നത്. ബാക്കിയൊക്കെ ഉയർന്ന നിരക്കുകളുള്ള സൂപ്പർ ക്ലാസ്സ് സർവ്വീസുകളാണ് രാത്രിയിൽ കെഎസ്ആർടിസ് ഓടിക്കുന്നത്. ഓർഡിനറി ട്രിപ്പുകളൊക്കെയായി 3000 കിലോമീറ്റർ താഴെ മാത്രമാണ് രാത്രിയിൽ ഓർഡിനറി ഓടിക്കുന്നത്. ഈ 3000 കിലോമീറ്റർ റൂട്ട് കിലോമീറ്റർ ഒന്നിന് 30 രൂപ വച്ച് നൽകി സ്വകാര്യ മേഖലയെകൊണ്ടു വാടകയ്ക്കു സർക്കാർ ഓടിപ്പിച്ചാലും പ്രതിദിന ചെലവ് 90, 000 രൂപ മാത്രമേ വരൂ എന്ന് വ്യക്തമാകുമ്പോഴാണ് എത്രത്തോളം കെടുകാര്യസ്ഥതകളാണ് ഈ കോർപ്പറേഷനിൽ നടക്കുന്നതെന്ന് ബോധ്യമാകുക.

ഇങ്ങനെ കെഎസ്ആർടിസി തീരുമാനമെടുത്താൽ ഒരു വർഷത്തെ ചെലവ് 3. 28 കോടി മാത്രമേ വരികയുള്ളൂ. ഉതൊരു ഉദാഹരണം മാത്രം. പുറത്തു നിന്ന് പ്രതി വർഷം 1200 കോടി മുതലാക്കുന്നു? കെഎസ്ആർടിസി സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നു. എന്ന പഴയ മുദ്രാവാക്യത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്കൂുകൾ. അതിനിടെ തെറ്റുകളുടെ കൂമ്പാരം നിരത്തിക്കൊണ്ടാണ് സിഐടിയുവിന്റെ യൂണിയന്റെ പഠന റിപ്പോർട്ട്. ഇത് തൊഴിലാളികളെ തന്നെ ഏറെ പ്രകോപിതരാക്കുന്നുണ്ട്.

തൊഴിലാളികൾക്കു വേണ്ടി മാത്രം നിലനിർത്തുന്ന ഒരു സ്ഥാപനത്തിലെ മാനേജ്‌മെന്റിനു കഴിവില്ലെങ്കിൽ അതിലെ തൊഴിലാളി യൂണിയനുകൾക്കെങ്കിലും അവരുടെ നേതാക്കൾക്കെങ്കിലും കുറച്ചു വിവരം വേണമെന്നാണ് ഈ പഠന റിപ്പോർട്ട് പരിഗണിച്ചവർ പറയുന്നത്. മുൻകാലത്ത് സ്ഥാപനത്തോടു കൂറുള്ള ജീവനക്കാർ ഉണ്ടായിരുന്നതായും ഇവർ തന്നെ ചൂണ്ടിക്കാട്ടുന്നു. കെഎസ്ആർടിസി റൂട്ടുകൾ സ്വകാര്യ മേഖല കൈയടക്കുന്നത് രാഷ്ട്രീയ നേതൃത്വവും കോർപ്പറേഷൻ നേതൃത്വവും കൈയും കെട്ട് നോക്കി നിന്നപ്പോഴായിരുന്നു കോട്ടയത്തെ യൂണിയൻ നേതാവായിരുന്ന ജോൺ കെഎസ്ആർടിസി റൂട്ടിലെ സ്വകാര്യ ബസുകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിലൂടെ സ്വകാര്യ ബസുകളുടെ കൈയടക്കൽ ഒഴിവാക്കാൻ കേസ് സഹായകമായി.

2010 ൽ എറണാകുളത്തെ കെഎസ്ആർടിസി യൂണിയൻ നേതാക്കളായ പിഷാരടിയും ടോമിയും ഒക്കെയായിരുന്നു കെഎസ്ആർടിസിയുടെ തിരുവനന്തപുരം കൊച്ചി സർവ്വീസ് കൊച്ചിയിൽ ആർക്കും തടയിടാനാവാതെ കൊണ്ടു വന്നത്. അതൊക്കെ കെഎസ്ആർടിസി പഴയ കാല യൂണിയൻ ചരിത്രം. ഇന്ന് അവരൊന്നും യൂണിയൻ നേതൃത്വത്തിലില്ല എന്നു മാത്രമല്ല യൂണിയന്റെ തലതിരിഞ്ഞ പോക്കിനെ ചൊല്ലി യൂണിയനുമായുള്ള ബന്ധം വരെ ഉപേക്ഷിച്ചിരിക്കുന്നു. നിലവിലെ യൂണിയൻ നേതൃത്വത്തിന്റെ കഴിവില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് 2016 ലെ സിഐറ്റിയു യൂണിയൻ പുറത്തിറക്കിയ പഠനറിപ്പോർട്ട്.

പബ്ലിക്ക് ട്രാൻസ്‌പോർട്ട് കൺസൾട്ടന്റായ സി. എച്ച്. ഹനുമന്തറാവുവിനെയായിരുന്നു സിഐറ്റിയു യൂണിയൻ കെഎസ്ആർടിസിയെപ്പറ്റി പഠനം നടത്താൻ നിയോഗിച്ചത്. സർവ്വീസ് നടത്തിപ്പും മേൽനോട്ടവും അതിന്റെ മെച്ചപ്പെടുത്തലും മത്സരാധിഷ്ഠിത സഹാചര്യത്തിലെ സർവ്വീസ് നടത്തൽ, യൂണിയനുകളുടെ മേൽനോട്ടം (ഡിപ്പോ. മാനേജ്‌മെന്റ്) ബസുകളുടെ ഉയർന്ന് ഉൽപ്പാദന ക്ഷമതയും അനുബന്ധ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളിൽ പഠനം നടത്താനായിരുന്നു വിദഗ്ദ്ധനെ നിയോഗിച്ചത്.

കെഎസ്ആർടിസ് സർവ്വീസുകളെ തരംതിരിക്കുന്നതിൽ പോലും വിദഗ്ദ്ധനും അദ്ദേഹത്തെ സഹായിച്ച കെഎസ്ആർടിസി സംസ്ഥാന ഭാരവാഹികൾക്കും തെറ്റുപറ്റി. 498 സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ മാത്രമാണ് കെഎസ്ആർടിസി ഓടിക്കുന്നതെന്നാണ് ഇവർ കണ്ടെത്തിയത് എന്നാൽ കെഎസ്ആർടിസിയിൽ 1918 സൂപ്പർ ക്ലാസ്സ് സർവ്വീസുകളുണ്ടെന്നതാണ് വാസ്തവം. 1482 ഫാസ്റ്റ്/ ലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് ബസുകൾ, 416 സൂപ്പർ ഫാസ്റ്റ് ബസുകൾ, 20 സൂപ്പർ എക്സ്‌പ്രസ് ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. പഠിക്കാൻ ഏൽപ്പിച്ച വിഷയങ്ങളെപ്പറ്റി പഠിക്കുമ്പോൾ കെഎസ്ആർടിസി എവിടെ നിൽക്കുന്ന എന്നതാണല്ലോ ആരും അറിയേണ്ടത് അതാണല്ലോ രോഗ കാരണം കണ്ടെത്തൽ പ്രക്രിയ.

വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത കോർപ്പറേഷനുകളെ സംബന്ധിച്ച് താരതമ്യ പഠനം നടത്തിയാലെ രോഗ കാരണങ്ങൾ കണ്ടെത്താനാകൂ. 2014 -15 കാലഘത്തിലെ വിവിധ ഗതാഗത കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ പൂനയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ട് 2015 ഏപ്രിൽ ജൂൺ ലക്കത്തിലെ ഇന്ത്യൻ ജേർണൽ ഓഫ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റിൽ പ്രസിദ്ധീകരിച്ചിരുക്കുന്നു. ആ വിവരം പോലും വിദഗ്ദ്ധനോ യൂണിയൻ സംസ്ഥാന നേതൃത്വത്തിനോ അറിയില്ലെന്നത് തീർത്തും ദുഃഖകരമാണ്.

അതുകൊണ്ട് അവർ 2013 - 14 ലെ പഴയ കണക്കെടുത്തു. അതിൽ കെഎസ്ആർടിസിയെപ്പറ്റി വിശദാംശങ്ങളില്ല. പുതിയ വിവരങ്ങൾ മാത്രമായിരിക്കെ അതു കണക്കിലെടുക്കാതെ കണക്കുകൾ ലഭ്യമല്ല എന്ന നിലപാടെടുത്തു തന്നെ കെഎസ്ആർടിസിയിലെ സിഐറ്റിയു നേതൃത്വത്തിന്റെ കഴിവുകേടാണെന്നും ഇങ്ങനെയൊരു നേതൃത്വവുമായി മുന്നോട്ടു പോകാനാവില്ല എന്നും ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും പ്രതികരിക്ുന്നുണ്ട്.

എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനാണ് സിപിഎമ്മിന്റെ കീഴിലുള്ള കെഎസ്ആർടിഇഎ പ്രസിഡന്റ്. കഴിഞ്ഞ 25 വർഷക്കാലമായി യൂണിയൻ നേതൃത്വത്തിൽ അള്ളിപ്പിടിച്ചിരിക്കുന്ന മുൻ എംഎൽഎ കൂടിയായ കെ. കെ. ദിവാകരന് ഈ യൂണിയനെ നയിക്കാനുള്ള പ്രായോഗിക കഴിവോ അറിവോ ഇല്ലെന്ന വിമർശനവും ശക്തമാണ്. നവംബറിലെ ശമ്പളം 24 ദിവസങ്ങൾ കഴിഞ്ഞ് ഇൻസ്റ്റാൾമെന്റായി കിട്ടിയത് ഡിസംബർ 23നാിയരുന്നു. ഇപ്പോഴത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഡിസംബറിലെ ശമ്പളം എപ്പോൾ ലഭിക്കുമെന്ന് പോലും ആർക്കും ഒരു പിടിയുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP