Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാഗിനുള്ളിലും വയറ്റിലും വാറ്റു ചാരായം; വഴിക്കടവ് യാത്രയ്ക്കിടെ ലഹരി കൂടിയാൽ നിയന്ത്രിച്ച് നിർത്താൻ കുപ്പിയിൽ മോര്; അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കെഎസ്ആർടിസി ഡ്രൈവറെ നാട്ടുകാർ പിടികൂടിയപ്പോൾ കണ്ടത് ഇതൊക്കെ

ബാഗിനുള്ളിലും വയറ്റിലും വാറ്റു ചാരായം; വഴിക്കടവ് യാത്രയ്ക്കിടെ ലഹരി കൂടിയാൽ നിയന്ത്രിച്ച് നിർത്താൻ കുപ്പിയിൽ മോര്; അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കെഎസ്ആർടിസി ഡ്രൈവറെ നാട്ടുകാർ പിടികൂടിയപ്പോൾ കണ്ടത് ഇതൊക്കെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് വഴിക്കടവിലേക്ക് പുറപ്പെട്ട ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസ് ടെമ്പോ വാനിലിടിച്ചു. നിയന്ത്രണം വിട്ട വാൻ സമീപത്തെ രണ്ടു വൈദ്യുതി പോസ്റ്റുകൾ തകർത്തു. ഡ്രൈവർക്ക് നിസാരപരുക്കേറ്റു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർക്ക് നഷ്ടപരിഹാരം വേണം. പന്തികേട് തോന്നിയ നാട്ടുകാർ മണത്തു നോക്കിയപ്പോൾ കെഎസ്ആർടിസി ഡ്രൈവർ ഫിറ്റ്. ഇതിനിടെ നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് ഒരാൾ കയറിപ്പോകുന്നു.

ഡ്രൈവറുടെ ബാഗ് തുറക്കുന്നു. അതിനുള്ളിൽ ചെറിയ കുപ്പിയിൽ സ്വയമ്പൻ വാറ്റു ചാരായം. ഡ്രൈവിങ് സീറ്റിന്റെ വശത്ത് രണ്ടു കുപ്പിയിൽ മോര്. ഡ്രൈവർക്ക് യാത്രാക്ഷീണം അകറ്റാനുള്ളതാണ് വാറ്റുചാരായം. ലഹരി കൂടിപ്പോയാൽ നിയന്ത്രിച്ചു നിർത്താനുള്ളതാണ് മോര്. ഡ്രൈവറെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിനിടെ വാറ്റുചാരായം അടിച്ചു മാറ്റാൻ സ്ഥലത്തു വന്ന മറ്റൊരു കെഎസ്ആർടിസി ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് പൊതിരെ തല്ലി. ഇന്നലെ രാത്രി ഒമ്പതു മുതൽ 11 വരെ ടികെ റോഡിൽ നന്നുവക്കാട് ബിഷപ്സ് ഹൗസിന് മുന്നിലായിരുന്നു സംഭവം.

വഴിക്കടവിനുള്ള ഫാസ്റ്റ് പാസഞ്ചർ ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടക്കവേ എതിരേ വന്ന ടെമ്പോയുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ടെമ്പോ വാൻ സമീപത്തെ വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്താണ് നിന്നത്. പൊലീസും നാട്ടുകാരും ചേർന്ന് പൊട്ടിക്കിടന്ന വൈദ്യുതി ലൈനും പോസ്റ്റും നീക്കിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ടെമ്പോ വാൻ തകർന്നുവെങ്കിലും ബസിന്റെ ഒരു പാളി ഇളകി മാറുക മാത്രമാണ് ചെയ്തത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നതിനാൽ അത് യാത്ര തുടരട്ടെ എന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. എന്നാൽ, ഇളകിയ തകിടിന്റെ നഷ്ടപരിഹാരം കിട്ടാതെ പോകില്ലെന്നായി കെഎസ്ആർടിസി ജീവനക്കാർ.

ഇതിനിടെയാണ് കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചിട്ടുണ്ട് എന്ന് നാട്ടുകാർക്ക് സംശയം തോന്നിയത്. നാട്ടുകാരിൽ ചിലർ ഇയാളെ മണപ്പിച്ചു നോക്കി. സ്ഥലത്തുണ്ടായിരുന്ന നഗരസഭാ ചെയർമാൻ പികെ ജേക്കബ് കൂടി ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തപ്പോഴും മദ്യം മണത്തു. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പന്തളം സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് ബസ് ഓടിച്ചിരുന്നത്. ഇതിനിടെ പത്തനംതിട്ട ഗാരേജിലെ ഒരു ജീവനക്കാരൻ മാറ്റയിട്ടിരുന്ന ബസിലേക്ക് പമ്മിപ്പതുങ്ങി കയറി. സംശയം തോന്നിയ രണ്ടു നാട്ടുകാരും പിന്നാലെ കൂടി. അകത്തു കയറിയ ജീവനക്കാരൻ ഡ്രൈവറുടെ ബാഗ് തുറന്ന് തുണിക്കുള്ളിൽ പൊതിഞ്ഞു വച്ചിരുന്ന ഫ്രൂട്ടിയുടെ 300 മില്ലി കുപ്പി പുറത്തെടുത്തു മുങ്ങാൻ ശ്രമിച്ചു.

നാട്ടുകാർ ഇതു ബലമായി പിടിച്ചു വാങ്ങി രുചിച്ചു നോക്കിയപ്പോഴാണ് വാറ്റുചാരായമാണെന്ന് മനസിലായത്. ഇതിനോടകം പൊലീസ് സ്ഥലം വിട്ടിരുന്നതിനാൽ നാട്ടുകാർ കുപ്പി ബാഗിൽ തന്നെയാക്കി ബസിനുള്ളിൽ വച്ചു. ജീവനക്കാരനെ പറഞ്ഞു വിടുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസുകാർ വരുന്നതിന് കാത്തു നിൽക്കുന്നതിനിടെ അവിടെ എത്തിയ മറ്റൊരു കെഎസ്ആർടിസി ഡ്രൈവർ സാജൻ ഈ ബാഗ് മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി. നാട്ടുകാർ ഇയാളെ നന്നായി മർദിച്ച ശേഷം പൊലീസിന് കൈമാറി. അഞ്ചുവർഷമായി വഴിക്കടവ് റൂട്ടിൽ ബസ് ഓടിക്കുന്ന ഗോപാലകൃഷ്ണൻ നായർ ഒരു യൂണിയനിലും അംഗമല്ല.

എന്നാൽ ബിജെപി അനുഭാവിയാണ്. മദ്യം അടങ്ങിയ ബാഗ് എടുത്തു മാറ്റാൻ ശ്രമിച്ചുവെന്ന് പറയുന്ന സാജൻ ബിഎംഎസ് യൂണിയനിൽ പവർത്തിക്കുന്നയാളും വഴിക്കടവ് ബസിലെ സ്ഥിരം ഡ്രൈവറുമാണെന്ന് പറയുന്നു. ഇന്നലെ സാജനാണ് ഡ്യൂട്ടിക്ക് പോകേണ്ടിയിരുന്നത്. ഇയാൾ വരാതിരുന്നതു കൊണ്ടാണ് ഗോപാലകൃഷ്ണൻ നായർ എത്തിയത്. രാത്രി വൈകി ഇയാളെ വൈദ്യപരിശോധന നടത്തി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. കുപ്പിയിലുണ്ടായിരുന്നത് വാറ്റു ചാരായമായിരുന്നുവെന്നും സ്ഥിരീകരിച്ചു. മോട്ടോർ വാഹന നിയമപ്രകാരം ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP