Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുമ്മാതിരുന്ന് ഡബിൾ ഡ്യൂട്ടിയുടെ പേരിൽ ശമ്പളം വാങ്ങിയിരുന്നവർക്ക് ഡ്യൂട്ടി മാറ്റിയപ്പോൾ പണിയെടുക്കാൻ വയ്യ; മൂന്ന് ദിവസം ജോലി ചെയ്തു ആറ് ദിവസത്തെ ശമ്പളം വാങ്ങിയിരുന്ന കൊള്ള അവസാനിപ്പിച്ചപ്പോൾ സമരം പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ: കെഎസ്ആർടിസി നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തെ ജീവനക്കാർ ശരിയാക്കുമോ?

ചുമ്മാതിരുന്ന് ഡബിൾ ഡ്യൂട്ടിയുടെ പേരിൽ ശമ്പളം വാങ്ങിയിരുന്നവർക്ക് ഡ്യൂട്ടി മാറ്റിയപ്പോൾ പണിയെടുക്കാൻ വയ്യ; മൂന്ന് ദിവസം ജോലി ചെയ്തു ആറ് ദിവസത്തെ ശമ്പളം വാങ്ങിയിരുന്ന കൊള്ള അവസാനിപ്പിച്ചപ്പോൾ സമരം പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ: കെഎസ്ആർടിസി നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തെ ജീവനക്കാർ ശരിയാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നട്ടെല്ലൊടിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് അശാസ്ത്രീയമായ ഡ്യൂട്ടി സംവിധാനം. ജീവനക്കാരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്ത കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാനുള്ള ദൗത്യം ഏറ്റെടുത്ത എംഡി രാജമാണിക്യത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കയാണ് ജീവനക്കാർ. ജോലിയിലെ അശാസ്ത്രീയത നീക്കുന്നതിന്റെ ഭാഗമായി രാജമാണിക്യം തുടങ്ങിവെച്ച പുതിയ സംവിധാനം ഇന്ന് മുതൽ മെക്കാനിക്കൽ ജീവനക്കാരിൽ നടപ്പാകുകയാണ്. എന്നാൽ, ഈ സംവിധാനത്തെ തുറന്നെതിർത്താണ് ജീവനക്കാർ രംഗത്തെത്തിയത്.

ഡബിൾ ഡ്യൂട്ടി സംവിധാനം ഇന്ന് മുതൽ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ പണിമുടക്കുന്നു തുടങ്ങി. രാവിലെ ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല. ഇതുമൂലം മിക്ക ഡിപ്പോകളിൽനിന്നുമുള്ള ദീർഘദൂര സർവീസുകൾ മുടങ്ങി. ദീർഘദൂര സർവ്വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് പരിശോധിക്കാൻ ആളില്ലാത്തതിനാലാണ് സർവ്വീസുകൾ നിർത്തിയത്.

പുതിയ ഡ്യൂട്ടി സംവിധാനം അശാസ്ത്രീയമാണെന്നാണ് മെക്കാനിക്കൽ ജീവനക്കാർ പറയുന്നത്. ഡബിൾ ഡ്യൂട്ടി സംവിധാനം ഉണ്ടായിരുന്നപ്പോൾ പതിനാറു മണിക്കൂറായിരുന്നു ഡ്യൂട്ടി സമയം. ഇതിപ്പോൾ എട്ടു മണിക്കൂറായാണ് കുറച്ചിരിക്കുന്നത്. ബസുകൾ രാത്രി കാലങ്ങളിലാണ് കൂടുതലായും സർവീസിന് എത്തുന്നതെന്നും അപ്പോൾ കൂടുതൽ ജീവനക്കാർ വേണമെന്നതിനാലുമാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നതെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്. ജീവനക്കാർ സമരം ആരംഭിച്ചത്തോടെ, ഏതെങ്കിലും ബസ് കേടായി വഴിയിൽ കിടന്നാൽ നന്നാക്കാൻ ആളില്ലാത്ത അവസ്ഥയിലാണ്.

ഇരട്ട ഡ്യൂട്ടിയിലൂടെ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നുദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നതായിരുന്നു ഇതുവരെയുള്ള ആനുകൂല്യം. ഈ സംവിധാനം ഒഴിവാക്കിയാണ് എംഡി തീരുമാനം കൈക്കൊണ്ടത്. ഇതോടെയാണ് ജീവനക്കാർ എതിർപ്പുമായി രംഗത്തെത്തിയത്. അറ്റകുറ്റപ്പണിക്കുള്ള ഡെയിലി മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാർക്ക് വൈകിട്ട് നാലിനാണ് ഡ്യൂട്ടി തുടങ്ങുന്നത്. ഭൂരിഭാഗം ബസുകളും രാത്രി എട്ടിനാണ് ഓട്ടം കഴിഞ്ഞെത്തുന്നത്. ഓട്ടം കഴിഞ്ഞ് ബസ് എത്തുന്നതുവരെ ജീവനക്കാർ വെറുതെയിരിക്കുകയാണെന്നു കണ്ടാണ് പുതിയ നടപടി. ഇന്ന് മുതൽ ജോലിയിൽ ക്രമീകരണം വരുത്തിയാണ് ഉത്തരവായത്.

ഇന്ന് മുതൽ രാത്രി എട്ടിനും പത്തിനും തുടങ്ങുന്ന വിധത്തിൽ ഡ്യൂട്ടി ക്രമീകരിച്ചു. രാത്രി എട്ടിന് ജോലിയിൽ കയറുന്നവർക്ക് രാവിലെ നാലിനും രാത്രി പത്തിന് കയറുന്നവർക്ക് ആറിനും ഇറങ്ങാം എന്ന അവസ്ഥയാണുള്ളത്. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരീക്ഷണത്തിന് കെഎസ്ആർടിസി തയ്യാറെടുക്കുന്നത്. ബസുകൾ ഡിപ്പോയിലുണ്ടാകുന്ന രാത്രി എട്ടിനും രാവിലെ നാലിനും ഇടയ്ക്ക് കൂടുതൽ ജീവനക്കാരെ വിന്യസിക്കും. മുമ്പ് വൈകിട്ട് നാലുമുതൽ രാവിലെ എട്ടുവരെ 16 മണിക്കൂർ ജോലിചെയ്യുമ്പോൾ ഇരട്ട ഡ്യൂട്ടി ലഭിച്ചിരുന്നു. ആഴ്ചയിൽ മൂന്നുദിവസം എത്തിയാൽ ആറ് ഡ്യൂട്ടികിട്ടും. ഒരു അവധിയുമെടുക്കാം. പുതിയ സംവിധാനത്തിൽ ആറുദിവസവും ഡ്യൂട്ടിക്ക് ഹാജരാകേണ്ടിവരും. ഇതാണ് ജീവനക്കാരെ ചൊടുിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് ജീവനക്കാർ രംഗത്തെത്തിയത്.

കാലക്രമേണ ഡബിൾ ഡ്യൂട്ടി സംവിധാനമെല്ലാം എടുത്തുകളയാനാണ് കെഎസ്ആർസിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് ആദ്യമായി മെക്കാനിക്കൽ വിഭാഗത്തിൽ പരിഷ്‌ക്കരണം വരുത്തിയത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന്റെ ഇരട്ട ഡ്യൂട്ടിയും വൻ നഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു. മാസം എട്ടുദിവസംമാത്രം ജോലിക്ക് ഹാജരാകുന്ന ചില കണ്ടക്ടർമാർ ഇങ്ങനെ മിനിമം ഹാജർ നേടുന്നുണ്ട്. അനാവശ്യമായ ഇരട്ട ഡ്യൂട്ടി ഒഴിവാക്കണമെന്ന് സുശീൽഖന്ന പാക്കേജിൽ നിർദ്ദേശമുണ്ട്. അടുത്തതായി കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ജോലിക്രമം ക്രമീകരിക്കാനാണ് ഒരുങ്ങുന്നത്.

മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കാൻ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോർട്ടിൽ പറയുന്നു. ഡ്രെവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതും. നിലവിൽ ഡബിൾ ഡ്യൂട്ടി എന്ന പേരിൽ 16 മണിക്കൂർ ജോലി ചെയ്യേണ്ടതിന് പകരം 12 മണിക്കൂറോളം മാത്രമാണ് പലപ്പോഴും ജോലി ചെയ്യുന്നത്. എന്നാൽ, ഡബിൾ ഡ്യൂട്ടിയുടെ പണം നൽകേണ്ടിയും വരുന്നു. ഈ സംവിധാനത്തിലൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങൾ പ്രതിമാസം ലാഭിക്കാൻ സാധിക്കും. ദ്വീർഘദൂര സർവീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറും ഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും ഡ്രൈവറുടെയും റോൾ വഹിക്കുന്ന രണ്ട് പേരെ ദ്വീർഘദൂര സർവീസുകളിൽ നിയോഗിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP