Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീപ്രവേശനതർക്കത്തിന്റെ പേരിൽ പാവം കെഎസ്ആർടിസി എന്തുപിഴച്ചു? ബസുകൾ കല്ലെറിഞ്ഞും അടിച്ചും തകർത്തവർ ഇത്തവണ വെള്ളം കുടിക്കും; അറസ്റ്റിലായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നൽകരുതെന്ന് തച്ചങ്കരി; സിംഎംഡി കത്തുനൽകിയത് ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക്; പ്രതിഷേധക്കാർ കലിമൂത്ത് തകർത്തത് കോർപ്പറേഷന്റെ 49 ബസുകൾ; നഷ്ടം 1.25 കോടി

ശബരിമല സ്ത്രീപ്രവേശനതർക്കത്തിന്റെ പേരിൽ പാവം കെഎസ്ആർടിസി എന്തുപിഴച്ചു? ബസുകൾ കല്ലെറിഞ്ഞും അടിച്ചും തകർത്തവർ ഇത്തവണ വെള്ളം കുടിക്കും; അറസ്റ്റിലായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നൽകരുതെന്ന് തച്ചങ്കരി; സിംഎംഡി കത്തുനൽകിയത് ഡിജിപി ലോക്‌നാഥ് ബെഹറയ്ക്ക്; പ്രതിഷേധക്കാർ കലിമൂത്ത് തകർത്തത് കോർപ്പറേഷന്റെ 49 ബസുകൾ; നഷ്ടം 1.25 കോടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനിടെ കെഎസ്ആർടിസി ബസുകൾ എറിഞ്ഞും അടിച്ചും തകർത്തവർ വെള്ളം കുടിക്കും. അറസ്റ്റിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ.ജെ.തച്ചങ്കരി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തുനൽകി. ബസുകൾ നശിപ്പിച്ചതുവഴി കോർപറേഷനുണ്ടായ നഷ്ടം നികത്തുന്നതുവരെ ഇവർക്ക് ജാമ്യം അനുവദിക്കരുതാണ് തച്ചങ്കരിയുടെ ആവശ്യം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്നുള്ള പ്രതിഷേധത്തിനിടെ 49 കെഎസ്ആർടിസി ബസുകളാണ് അക്രമികൾ തകർത്തത്. ഒരുകോടി ഇരുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുടെ നഷ്ടം കോർപറേഷനുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ബസുകൾക്കുണ്ടായ നാശനഷ്ടത്തിന് പുറമേ, സർവീസ് മുടങ്ങിയത് മൂലമുള്ള വരുമാനനഷ്ടം കൂടി ചേർത്ത കണക്കാണിത്.

തുടർച്ചയായ ആക്രമണങ്ങൾ മൂലം കോർപറേഷന്റെ സേവനമൂല്യത്തിനും ഇടിവുതട്ടി. പ്രക്ഷോഭങ്ങളുടെ പേരിൽ സർക്കാർ സ്ഥാപനങ്ങൾക്കോ, കോർപറേഷനുകൾക്കോ ഉണ്ടാകുന്ന നാശനഷ്ടം, ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന കോടതി നിർദ്ദേശപ്രകാരം 2003 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സർക്കാർ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് 2003 ഡിസംബർ 17 ലെ ഉത്തരവിൽ ഹൈക്കോടതി കർശന നിർദ്ദേശം നൽകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കോർപറേഷനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാൻ വേണ്ട വിവരങ്ങൾ ഫയൽ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ബെഹ്‌റയ്ക്ക് അയച്ച കത്തിൽ തച്ചങ്കരി ആവശ്യപ്പെട്ടത്. നഷ്ടം നികത്തും വരെ അറസ്റ്റിലായവർക്ക് ജാമ്യം നൽകരുതെന്നുമ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

ബസുകൾ തകർന്നതും ട്രിപ്പുകൾ മുടങ്ങിയതും ഉൾപ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോർപറേഷനുണ്ടായത്. പമ്പയിൽ ഉണ്ടായ പ്രതിഷേധത്തിൽ മാത്രം 23 ബസുകൾക്കാണു നാശനഷ്ടം ഉണ്ടായത്. ബസുകളുടെ ചില്ലുകളും ലൈറ്റും ഡിസ്‌പ്ലേ ബോർഡുകളും അക്രമികൾ തകർത്തു. പമ്പയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം 63,0500. മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തിൽ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസുകൾക്ക് തകരാർ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപ. വരുമാനനഷ്ടം 46,00,000. ആകെ നഷ്ടം 53,19,500 രൂപ.

നഷ്ടങ്ങളിൽ ആകെ മുങ്ങിയിരുന്ന കെഎസ്ആർടിസിക്ക് മഹാപ്രളയം ഏൽപ്പിച്ചത് കനത്ത ആഘാതത്തിന് പിന്നാലെയാണ് പ്രക്ഷോഭത്തിന്റെ പേരിൽ തിരിച്ചടിയേറ്റത്. പ്രളയകാലത്ത് കെഎസ്ആർടിസിക്ക് വരുമാനക്കണക്കിൽ മാത്രം 30 കോടിയുടെ നഷ്ടമാണുണ്ടായത്.
കെഎസ്ആർടിസിക്ക് ഉണ്ടായത് ദിവസവും ശരാശരി മൂന്ന് കോടി രൂപയുടെ വരുമാന നഷ്ടമാണ്. പതിനൊന്ന് ബസ് സ്റ്റേഷനുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. കട്ടപ്പന സ്റ്റേഷൻ പൂർണ്ണമായും തകർന്നു. ഇരുന്നൂറിലധികം ബസുകൾ ഉപയോഗിക്കാനാകാതെ വിധം തകർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP