Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്കറ്റ് നൽകിയാൽ ഉടനടി കൺട്രോൾ റൂമിൽ വിവരമെത്തും; ഒരേ റൂട്ടിൽ ഒരേസമയം ബസ്സുകളോടുന്നത് തടയാനാകും; 'മനോഹരമായ നടക്കാത്ത സ്വപ്‌ന'ത്തിന്റെ പേരിൽ കെഎസ്ആർടിസി പാഴാക്കുന്നത് മാസംതോറും 15 ലക്ഷം; വൻതുക മുടക്കി വാങ്ങിയ 6200 ടിക്കറ്റ് മെഷീനുകൾ നോക്കുകുത്തിയായി

ടിക്കറ്റ് നൽകിയാൽ ഉടനടി കൺട്രോൾ റൂമിൽ വിവരമെത്തും; ഒരേ റൂട്ടിൽ ഒരേസമയം ബസ്സുകളോടുന്നത് തടയാനാകും; 'മനോഹരമായ നടക്കാത്ത സ്വപ്‌ന'ത്തിന്റെ പേരിൽ കെഎസ്ആർടിസി പാഴാക്കുന്നത് മാസംതോറും 15 ലക്ഷം; വൻതുക മുടക്കി വാങ്ങിയ 6200 ടിക്കറ്റ് മെഷീനുകൾ നോക്കുകുത്തിയായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഖജനാവ് തിന്നുമുടിക്കുന്ന വെള്ളാനയായി കെഎസ്ആർടിസി മാറിയിട്ട് കാലങ്ങളായി. ബസ്സുകളുടെ സ്‌പെയർപാർട്ട് വാങ്ങുന്നതുമുതൽ പുത്തൻ ബസ്സുകൾ വാങ്ങുന്നതുവരെ അടിമുടി അഴിമതി ഇടപാടുകൾ ആരോപിക്കപ്പെട്ട കെഎസ്ആർടിസി ഒന്നരവർഷമായി ഉപയോഗിക്കാത്ത ഓൺലൈൻ ഇടപാടിന്റെ പേരിൽ പ്രതിമാസം പതിനഞ്ചുലക്ഷം രൂപ പാഴാക്കുന്നതായി മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കെഎസ്ആർടിസി ബസ്സുകളിൽ ടിക്കറ്റെടുക്കുമ്പോൾ തത്സമയം വിവരം കൈമാറുന്നതിന് ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം തകരാറിലായി ഒന്നരവർഷം പിന്നിട്ടിട്ടും ഇതിന്റെ പേരിൽ കെഎസ്ആർടിസി 15 ലക്ഷം രൂപ ഓരോ മാസവും പാഴാക്കുകയാണിപ്പോൾ. അതേസമയം എന്തിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയതെന്നുപോലും കെഎസ്ആർടിസിയിൽ പലർക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത. 6200 ടിക്കറ്റ് മെഷീനുകൾ ഓൺലൈനിൽ ബന്ധിപ്പിക്കുന്നതിനുവേണ്ടി വൻതുക ടെലിഫോൺ കമ്പനിക്ക് നൽകുന്നത്.

എന്നാൽ, ഒറ്റമെഷീൻപോലും ഓൺലൈനായി നിരീക്ഷിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇതിനായി സ്ഥാപിച്ച നെറ്റ് വർക്ക് പ്രവർത്തിക്കാതായിട്ട് ഒന്നരവർഷം പിന്നിട്ടുകഴിഞ്ഞു. നിരത്തിലുള്ള ബസ്സുകളിലെ ടിക്കറ്റ് വിതരണം ഓൺലൈനായി നിരീക്ഷിക്കാനും ഒന്നിലധികം ദീർഘദൂരബസ്സുകൾ ഒരുമിച്ചുപോകുന്നത് തടയാനുമാണ് പുതിയസംവിധാനം എന്നു പറഞ്ഞാണ് ഈ സംവിധാനം കൊണ്ടുവന്നത്. പക്ഷേ, ഒരുകാലത്തും ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല.

ഇതിനായി 11,500 രൂപ വീതം നൽകിയാണ് പുതിയ മെഷീനുകൾ വാങ്ങിയത്. ഇതിനായും ലക്ഷങ്ങൾ ചെലവിട്ടു. ടിക്കറ്റ് നൽകുമ്പോൾ എസ്.എം.എസ്സിലൂടെ കൺട്രോൾറൂമിൽ വിവരം ലഭിക്കുന്ന വിധത്തിലായിരുന്നു ക്രമീകരണം. എന്നാൽ, ഒരുമാസംപോലും ഇത് നടപ്പാക്കാൻ കഴിഞ്ഞില്ല. അതോടെ പാളിപ്പോയ പദ്ധതിയുടെ പേരിൽ ഇപ്പോഴും മാസം 15 ലക്ഷം രൂപ കെഎസ്ആർടിസി ചെലവിട്ടുകൊണ്ടിരിക്കുകയാണിപ്പോൾ.

ഈ മെഷീനുകൾ വാങ്ങിയതിലും പദ്ധതി നടപ്പാക്കിയതിലും വൻ തട്ടിപ്പുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. മെഷീനുകളിൽ ഭൂരിഭാഗവും ഇപ്പോൾ തകരാറിലാണ്. ബാറ്ററി, കീപാഡ്, പൗച്ച് എന്നിവ മാറ്റിക്കൊടുക്കാൻ കമ്പനി തയ്യാറായിട്ടില്ല. കരാർപ്രകാരം ഇവ ഒരോവർഷവും മാറ്റേണ്ടിയിരുന്നുവെങ്കിലും അതിൽ വീഴ്ചവന്നു. കമ്പനിക്കെതിരെ നടപടിയെടുക്കാനും ഒരു നീക്കവും ഉണ്ടായില്ല.

ആദ്യഘട്ടത്തിൽ 4200 രൂപ വിലയുള്ള ടിക്കറ്റ് മെഷീനുകളാണ് മുമ്പ് കെ.എസ്.ആർ.ടി.സി. ഉപയോഗിച്ചിരുന്നത്. ഇവയുടെ മൂന്നുവർഷത്തെ അറ്റകുറ്റപ്പണിയും സൗജന്യമായി വിതരണക്കാർ നിർവഹിച്ചിരുന്നു. അഞ്ചുവർഷത്തോളം മെഷീനുകൾ ഉപയോഗിക്കാൻ കഴിഞ്ഞു. ഇതിനുശേഷമാണ് പുതിയ മെഷീനുകൾ വാങ്ങിയത്. ഓൺലൈൻവഴി ബന്ധിപ്പിക്കാമെന്നും ഇതോടെ ടിക്കറ്റ് നൽകുന്ന വേളയിൽ വിവരം കൺട്രോൾ റൂമിൽ എത്തുമെന്നുമുള്ള വാദം ഉയർത്തി നടത്തിയ നീക്കം എന്തിനുവേണ്ടിയായിരുന്നുവെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ചില ഉന്നതോദ്യോഗസ്ഥർ വൻതുക കമ്മിഷൻ വാങ്ങിയാണ് പുതിയ മെഷീനുകൾ വാങ്ങിയതെന്നും മെഷീൻ നൽകിയ കമ്പനിക്കെതിരെയുള്ള നടപടികൾ അട്ടിമറിക്കുന്നത് ചീഫ് ഓഫീസിലെ ചില ഉദ്യോഗസ്ഥരാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. പുതിയ മെഷീൻ ഉപയോഗിക്കാൻ കാര്യമായ പരിശീലനം നൽകാതിരുന്നതോടെയാണ് പദ്ധതി പാളിയതെന്ന ആക്ഷേപം ശക്തമാണെങ്കിലും ഇത്തരത്തിൽ ഓൺലൈൻ നിരീക്ഷണം നടത്തിയതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടായതെന്ന ചോദ്യത്തിന് ഇപ്പോഴും കെഎസ്ആർടിസി അധികൃതർക്ക് ഉത്തരമില്ല.

ബ്ലൂടൂത്ത് കണക്ടിവിറ്റിയും സിംകാർഡും ഉള്ള ടിക്കറ്റ് മെഷീനുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ടിക്കറ്റ് വിതരണം ഓൺലൈനിൽ നിരീക്ഷിക്കുന്നതിന്റെ ആവശ്യമെന്തെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. മുമ്പ് പേപ്പർ ടിക്കറ്റ് നൽകിയിരുന്ന കാലത്ത് നടന്നിരുന്ന വ്യാജ ടിക്കറ്റ് തട്ടിപ്പുകൾ ടിക്കറ്റ് മെഷീൻ വന്നതോടെ ഇല്ലാതായിരുന്നു. ഇതല്ലാതെ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്ന വേളയിൽ അതിന്റെ എസ്എംഎസ് കൺട്രോൾ റൂമിൽ അറിഞ്ഞതുകൊണ്ട് എന്തു പ്രയോജനമെന്നതാണ് ഉയരുന്ന ചോദ്യം.

യാത്രകഴിഞ്ഞ് ടിക്കറ്റ് മെഷനീകൾ സ്‌റ്റേഷനിലെത്തുമ്പോൾ അതു പരിശോധിച്ചാൽ എത്ര ടിക്കറ്റ് നൽകിയെന്നും എത്ര തുക കളക്ഷനുണ്ടെന്നുമുള്ള വിവരങ്ങൾ അറിയാമെന്നിരിക്കെ, പുതിയ മെഷീനുകൾ വാങ്ങിയും ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി ലക്ഷങ്ങൾ മുടക്കിയും നടത്തിയ പരിഷ്‌കാരം പാടെ പാളിയത് ഇപ്പോൾ ചോദ്യംചെയ്യപ്പെടുകയാണ്.

ഇതിനുപുറമെ മറ്റൊരു പാഴ്‌ച്ചെലവു കൂടി വരുത്താനാണ് ഇപ്പോൾ കെഎസ്ആർടിസിയുടെ നീക്കമെന്ന് വിവിധ തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഇപ്പോൾ വൻതുക മുടക്കി ബസ്സുകളിൽ ജിപിഎസ് സംവിധാനം കൊണ്ടുവരാൻ ശ്രമം നടക്കുകയാണെന്നും ഇതും ഭാവിയിൽ മറ്റൊരു പാഴ്‌ച്ചലവായി മാറുമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോൾ അനാവശ്യ ചെലവായി മാറിയ ടിക്കറ്റ് മെഷീൻ ഇടപാടിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർ തന്നെയാണ് ജിപിഎസ് ഇടപാടിനും കുടപിടിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP