Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാം അയ്യപ്പകടാക്ഷം! മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിയുടെ വരുമാന വർദ്ധന; കാൽനൂറ്റാണ്ടിന് ശേഷം ജനുവരിയിലെ ശമ്പളം നൽകുന്നത് സർക്കാരിന് മുന്നിൽ കൈനീട്ടാതെ സ്വന്തം വരുമാനത്തിൽ നിന്ന്; ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതിലൂടെ ഒരു വർഷം 30 ലക്ഷം ലാഭം; ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയതോടെ ലാഭത്തിന്റെ കുതിച്ചുചാട്ടം; എല്ലാവരും ചേർന്ന് അള്ളുവെച്ച് പഞ്ചറായി കിടന്ന കെഎസ്ആർടിസിയെ തച്ചങ്കരി നന്നാക്കി എടുത്തത് ഇങ്ങനെ

എല്ലാം അയ്യപ്പകടാക്ഷം! മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിക്ക് കഴിഞ്ഞ വർഷത്തേക്കാൾ 30 കോടിയുടെ വരുമാന വർദ്ധന; കാൽനൂറ്റാണ്ടിന് ശേഷം ജനുവരിയിലെ ശമ്പളം നൽകുന്നത് സർക്കാരിന് മുന്നിൽ കൈനീട്ടാതെ സ്വന്തം വരുമാനത്തിൽ നിന്ന്; ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതിലൂടെ ഒരു വർഷം 30 ലക്ഷം ലാഭം; ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയതോടെ ലാഭത്തിന്റെ കുതിച്ചുചാട്ടം; എല്ലാവരും ചേർന്ന് അള്ളുവെച്ച് പഞ്ചറായി കിടന്ന കെഎസ്ആർടിസിയെ തച്ചങ്കരി നന്നാക്കി എടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലങ്ങളായി മാറിമാറി ഭരിച്ചവരുടെ കറവപ്പശു ആയിരുന്നു കെഎസ്ആർടിസി. അഴിമതി നടത്താനും തോന്നിയതു പോലെ ഭരിക്കാനുമുള്ള അവസരം ഉണ്ടായിരുന്ന സ്ഥാപനം. ജീവനക്കാർ ആകട്ടെ തോന്നിയതു പോലെ അവധിയെടുത്തും പണിയെടുക്കാതെയും നിന്നു പോന്ന പ്രസ്ഥാനം. ആത്മർത്ഥമായി നന്നാക്കി എടുക്കണമെന്ന് ആഗ്രഹിച്ചവരെ പോലും പരാജയപ്പെടുത്തി പടിയിറക്കിവിട്ട ചരിത്രമാണ് ആനവണ്ടിക്കുള്ളത്. അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്. കെഎസ്ആർടിസി എംഡി സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം നടത്തിയത് നിശബ്ദമായ വിപ്ലവം തന്നെയായിരുന്നു. കെഎസ്ആർടിസിയുടെ ഓൺലൈൻ രജിസ്ട്രേഷനിലെ പരിഷ്‌ക്കരണം മുതൽ ജോലിക്കാരെ പുനർവിന്യസിക്കുകയും ഡ്യൂട്ടി പരിഷ്‌ക്കരിക്കുകയും ചെയ്തതെല്ലാം അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന കാര്യമായി.

ആനവണ്ടിയെ ഇഷ്ടപ്പടുന്നവരെ സംബന്ധിച്ചിടത്തോളം സന്തോഷം പകരുന്ന തീരുമാനങ്ങളായിരുന്നു തച്ചങ്കരിയിൽ നിന്നും പിന്നീട് ഉണ്ടായത്. ഇപ്പോൾ ഏറെക്കാലത്തിന് ശേഷം കെഎസ്ആർടിസി ജനുവരി മാസത്തിൽ സർക്കാറിൽ നിന്നും ധനസഹായം നേടാതെയും ബാങ്ക് കൺസോർഷ്യത്തിൽ നിന്നും പണം എടുക്കാതെയും സ്വന്തമായി ശമ്പളം കൊടുക്കാൻ ഒരുങ്ങുകയാണ്. കെഎസ്ആർടിസിയെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്.. അവിടെ ജീവനക്കാർക്കൊപ്പം സന്തോഷത്തിൽ പങ്കുചേരുകയാണ് ടോമിൻ തച്ചങ്കരിയും.

ബാങ്ക് കൺസോർഷ്യം നിലവിൽ വന്ന 2018 ഏപ്രിൽ മാസത്തിന് മുമ്പു വരെ ബാങ്കുകളിൽ നിന്നും കടം എടുത്താണ് ശമ്പളവും മറ്റു ചിലവുകളും നടത്തിയിരുന്നത്. ഈ ഗതിയിൽ നിന്നും 2018 ഏപ്രിൽ മുതൽ ബാങ്കിൽ നിന്നം പണം എടുക്കാതെ തന്നെ ശമ്പളം ചെലവുകൾ വഹിക്കാനുള്ള ഘട്ടത്തിലേക്ക് എത്തി. കുറച്ചു കാലങ്ങളായി കോർപ്പറേഷനിലെ ശമ്പളം വൈകാറില്ല. അത് തച്ചങ്കരി നൽകിയ ഉറപ്പായിരുന്നു. ആ ഉറപ്പു പാലിച്ചു കൊണ്ട് 31ന് തന്നെ ശമ്പളം നൽകാൻ കഴിയുന്ന കോർപ്പറേഷനാക്കി തച്ചങ്കരി കെഎസ്ആർടിസിയെ മാറ്റി.

എല്ലാം അയ്യപ്പന്റെ അനുഗ്രഹം

കേരളത്തെ പിടിച്ചുലച്ച പ്രളയം കോർപ്പറേഷനെ കുറച്ചൊന്നും ആയിരുന്നില്ല ബുദ്ധിമുട്ടിച്ചത്. നിരവധി ബസുകൾ ഉപയോഗ ശൂന്യമായി പലയിടങ്ങളിലേക്കും മാസങ്ങളോളം സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥ വന്നു. ഈ ഘട്ടത്തിൽ തച്ചങ്കരി കൈക്കൊണ്ട തീരുമാനം തുണയായി മാറിയെന്ന പറയുന്നതാകും ശരി. ശബരിമല സീസൺ തുടങ്ങിയതോടെ നിലക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ മറ്റു വാഹനങ്ങൾ കടത്തിവിടാതെ കെഎസ്ആർടിസിയുടെ കുത്തകയാക്കി മാറ്റിയതിൽ അദ്ദേഹത്തിന്റെ തീരുമാനം നിർണായകമായി. ഈ തീരുമാനം കൈക്കൊണ്ടത് തച്ചങ്കരി ആണെങ്കിലും എല്ലാം അയ്യപ്പന്റെ അനുഗ്രഹം എന്നാണ് അദ്ദേഹം പറയുന്നത്. 45.2 കോടി രൂപയാണ് അയ്യപ്പൻ അനുഗ്രഹിച്ചതിനാൽ കോർപ്പറേഷന് വരുമാനമായി ലഭിച്ചത്. മുൻവർഷത്തേക്കാൾ 30 കോടിയുടെ വർദ്ധനവാണ് ഇത്.

കഴിഞ്ഞ സീസണിൽ ഇത് 15.2 കോടി രൂപയായിരുന്നു. പമ്പ നിലയ്ക്കൽ ചെയിൻ സർവീസുകളിൽനിന്ന് 31.2 കോടി രൂപയും ദീർഘദൂര സർവീസുകളിൽനിന്ന് 14 കോടി രൂപയും വരുമാനം ലഭിച്ചെന്ന് സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. 99 നോൺ എസി ബസും 44 എസി ബസും 10 ഇലക്ട്രിക് ബസുമാണ് പമ്പ നിലയ്ക്കൽ ചെയിൻ സർവീസിൽ സ്ഥിരമായി ഓടിയത്. പമ്പയിൽ നിന്ന് ദീർഘദൂര സർവീസുകൾക്ക് സ്ഥിരമായി 70 ബസ് ഉപയോഗിച്ചു. മകരവിളക്ക് ദിവസത്തെ തിരക്ക് പരിഗണിച്ച് ബസിന്റെ എണ്ണം 1000 ആക്കി ഉയർത്തി. കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി ക്യൂആർ കോഡ് സംവിധാനമുള്ള ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതിനാൽ യാത്രക്കാരുടെ വരവും പോക്കും സമയവും കൃത്യമായി മനസ്സിലാക്കാനായി.

ശബരിമലയിൽ ഇത്തവണ ഇലക്ട്രിക് ബസുകളും ഉപയോഗിച്ചു. ഇത് ചെലവ് കുറക്കാനും സഹായിച്ചു. ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനത്തിലൂടെ കണ്ടക്ടർ ഇല്ലാതെ ഡ്രൈവറെ ഉപയോഗിച്ചുള്ള സർവീസും ഏർപ്പെടുത്തി. യാത്രക്കാർക്ക് വാഹനത്തിനുവേണ്ടി കാത്തുനിൽക്കേണ്ട സാഹചര്യം തിരക്കേറിയ മകരവിളക്ക് കാലത്തുപോലും ഉണ്ടായില്ല. നിലയ്ക്കൽ-പമ്പ റൂട്ടിൽ കെഎസ്ആർടിസിമാത്രം സർവീസ് നടത്തിയിരുന്നതിനാൽ വനമേഖലയിലെ മലിനീകരണം കുറയ്ക്കാനായെന്നും തച്ചങ്കരി വ്യക്തമാക്കി.

ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതും ബസ്-സ്റ്റാഫ് അനുപാതം കുറച്ചതും നേട്ടമായി

ശബരിമലയിലെ റെക്കോഡ് നേട്ടം അയ്യപ്പന്റെ അനുഗ്രഹമെന്ന് പറയുന്ന തച്ചങ്കരി മറ്റ് പല നേട്ടങ്ങളും തനിക്ക് ഉണ്ടാക്കാൻ സാധിച്ച വിവരവും എടുത്തുപറഞ്ഞു. 25 വർഷമായി നടന്നുവന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തിലാക്കി സിംഗിൾ ഡൂട്ടി സമ്പ്രദായം കൊണ്ടുവന്നത് കോർപ്പറേഷന് ഗുണകരമായി മാറി. ആഴ്‌ച്ചയിൽ മൂന്ന് ദിവസം ഡ്യൂട്ടി എടുക്കേണ്ട ജീവനക്കാർ ആറ് ദിവസം എടുക്കണം എന്ന നിലവന്നു. ഇതോടെ ഈ വർഷം ഇതിനോടകം 58.94 കോടിരൂപയുടെ ലാഭം ഉണ്ടാക്കാൻ സാധിച്ചെന്നാണ് തച്ചങ്കരി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. അലവൻസ് ഇനത്തിലും മറ്റുമായി ലാഭമുണ്ടാക്കാനും ഇതുവഴി സാധിച്ചു.

അദർ ഡ്യൂട്ടി എന്ന പേരിൽ ഒതുങ്ങിക്കൂടിയ ജീവനക്കാരെയും കാര്യക്ഷമമായി ഉപയോഗിക്കാൻ കോർപ്പറേഷന് സാധിച്ചു. 613 കണ്ടക്ടർ, ഡ്രൈവർമാരെയും ഇതുവഴി ഉപയോഗപ്പെടുത്താൻ സാധിച്ചു. കോർപ്പറേഷനിൽ പരസ്യം ചെയ്യുന്നതു വഴിയുള്ള നേട്ടവും കൊയ്യാൻ തച്ചങ്കരിക്ക് സാധിച്ചിട്ടുണ്ട്. കോർപ്പറഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലുടെ കെട്ടിടങ്ങളിലും മൊബൈൽ ടവർ സ്ഥാപിക്കാൻ അനുമതി നൽകിത് വഴി 24.5 കോടി രൂപയാണ് കോർപ്പറേഷനിൽ വന്നു ചേർന്നത്. ബസുകളിൽ കൊറിയർ സർവീസ് നടത്തിയതു വഴി 1.63കോടി രൂപ മാത്രമായിരുന്നു മുൻ വരുമാനം. ഇത് തച്ചങ്കരിയുടെ കാലയളവിൽ പുതിയ ടെണ്ടർ വഴി 7.3 കാലയിളവാക്കി ഉയർത്താൻ സാധിച്ചു.

ഇലക്ട്രിക് ബസുകളിൽ പരസ്യം ചെയ്തതും കോർപ്പറേഷന് നേട്ടമായി മാറി. ഇതുവഴി 809 ലക്ഷമാണ് കോർപ്പറേഷൻ അക്കൗണ്ടിൽ എത്തിയത്. ബസ് - സ്റ്റാഫ് ജീവനക്കാരുടെ അനുപാതം കുറയ്ക്കാന് സാധിച്ചതും വലിയ നേട്ടമായി. നേരത്തെ അനുപാതം 9 ആയിരുന്നിടത്ത് ഇപ്പോൾ 6.44 ആയി കുറക്കാൻ കഴിഞ്ഞു. 6015 ബസികൾക്ക് 35000 ജീവനക്കാർ എന്നതാണ് ഇപ്പോഴത്തെ നില.

നേട്ടമായി ഡ്രൈവർ കം കണ്ടക്ടർ പദ്ധതിയുടെ നടപ്പിലാക്കലും ഇലക്ട്രിക് ബസുകളും

ദ്വീർഘദൂര ബസുകളിൽ ഡ്രൈവർ കം- കണ്ടക്ടർ പദ്ദതി നടപ്പിലാക്കിയത് വലിയ നേട്ടമാണ് സർക്കാറിന് സമ്മാനിച്ചത്. ഇതുവഴി ഡ്രൈവർമാർക്ക് 8 മണിക്കൂറിൽ കൂടുതതൽ ബസ് ഓടിക്കേണ്ടി വരില്ല എന്ന സ്ഥിതിയും ക്രൂ ലാഭവും അപകടങ്ങൾ കുറയ്ക്കുന്നതിലും കാരണമായി. കണ്ടക്ടർ ഇല്ലാതെ ശബരിമലയിൽ ബസ് സർവീസ് നടത്തിയ പരീക്ഷണവു വിജയമായെന്ന് വിലയിരുത്തുന്നുണ്ട്. പെൻഷൻ കേസുകൾ പരിഹരിക്കാനും തച്ചങ്കരി മുൻകൈയെടുത്തിരുന്നു. ആയിരത്തോളം കേസുകൾ ഒഴിവാക്കിയത് വഴി കോടതി വ്യവഹാര ഇനത്തിൽ 3.5 കോടിയുടെ ലാഭമാണ് ഉണ്ടാത്. കോർപ്പറേഷനിൽ കമ്പ്യട്ടർവൽക്കരണം കൂടുതലായി നടത്തിയതും നേട്ടമായി മാറുകയായിരുന്നു. റൂട്ടുകൾ പുനക്രമീകരിച്ചതും കോർപ്പറേഷനിലെ പാഴ്‌ച്ചെലവ് ഒഴിവാക്കാൻ ഇടയാക്കി.

ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സർവ്വീസ് വിജയമാണെന്ന് തച്ചങ്കരി അഭിപ്രായപ്പെട്ടത്. അഞ്ച് ഇലക്ട്രിക് ബസുകളാണ് അയ്യപ്പഭക്തർക്കായി കെഎസ്ആർടിസി സർവീസ് നടത്തിയത്. കിലോമീറ്ററിന് ശരാശരി 110 രൂപ വരുമാനം കിട്ടി. ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭവും കെ എസ് ആർ ടി സി നേടി. 10 വർഷത്തേക്ക് വാടകക്കെടുത്ത ഇലക്ട്രിക് ബസുകൾ ഇനി ദീർഘദൂരസർവീസുകൾക്ക് ഉപയോഗിക്കാനുള്ള തീരുമാനത്തിലാണഅ കെഎസ്ആർടിസി.

കേരള സർക്കാറിന്റെ ഇലക്ട്രിക് വെഹിക്കിൾ മൊബിലിറ്റി പോളിസി അനുസരിച്ച് 2020 ഓടെ 1000 ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. ഒരു ബസിന് 1.5 കോടി രൂപ വില മുതൽ 2.5 കോടിവരെ വില വരുമെങ്കിലും ദ്വീർഘകാല അടിസ്ഥാനത്തിൽ അത് നേട്ടമായി മാറും. വാടകയ്ക്ക് എടുക്കാൻ ഉദ്ദേശിക്കുന്നത് ചെലവ് കുറയ്ക്കാൻ വേണ്ടിയാണ്. സിറ്റി സർവീസുകളിലാണ് ഇലക്ട്രിക് ബസുകൾ കൂടുതൽ അനുയോജ്യമാകുക. അതുകൊണ്ട മൂന്ന് പട്ടണങ്ങളിൽ സീറ്റി സർവീസുകൾ തുടങ്ങാനാണ് തച്ചങ്കരിയുടെ പദ്ധതി.

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് സ്വന്തം വെബ്സൈറ്റ് ആയതും നേട്ടമായി

കെൽട്രോണും ഊരാളുങ്കൽ സൊസൈറ്റിയും ചേർന്നാണ് കെഎസ്ആർടിസി ഓൺലൈൻ ബുക്കിങ് കുറക്കോലം നിയന്ത്രിച്ചത്. ഇതുവഴി കോർപ്പറേഷന് കിട്ടേണ്ട പണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാൻ എംഡി മുൻകൈ എടുത്തു. നിലവിലുണ്ടായിരുന്ന ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ വളരെയധികം പോരായ്മകൾ നിറഞ്ഞതും ടിക്കറ്റ് ഒന്നിന് 15.5 രൂപ നിരക്കിൽ ബുക്കിങ് ചെയ്യുന്നതായിരുന്നു. പുതിയ റിസർവേഷൻ സംവിധാനം കൂടുതൽ യാത്രാക്കാർക്ക് സൗഹൃദം ഉള്ളതാണ്.

ആറ് മാസത്തിനുള്ളിൽ ജീവനക്കാരിൽ 4500ഓളം പേരാണ് വിവിധ കാരണങ്ങളാൽ പിരിച്ചു വിട്ടത്. പിഎസ് സി വഴി 1478 പേർക്ക് നിയമനം നൽകുകയും ചെയ്തു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ അദർ ഡ്യൂട്ടിയിലും അവധിയിലും ഉണ്ടായിരുന്ന 800 ജീവനക്കാരെയാണ് ഓപ്പറേറ്റിങ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. റൂട്ടുകൾ പുനക്രമീകരിച്ചത് വരുമാനം വർദ്ധിക്കാൻ ഇടയാക്കിയെന്നാണ് തച്ചങ്കരി വ്യക്തമാക്കുന്നത്.

പെൻഷൻ പറ്റിയ 1091 ജീവനക്കാർക്ക് പകരം പുതിയ നിയമനം നടത്താത്ത് മൂലം 45 കോടി ലാഭമുണ്ടാക്കാൻ കോർപ്പറേഷന് സാധിച്ചു. സുശീൽ ഖന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നത് കാര്യങ്ങൾ ആത്മർത്ഥമായി നടപ്പിലാക്കാൻ ശ്രമിച്ചെന്നാണ് തച്ചങ്കരി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എം പാനൽ ജീവനക്കാർക്ക് പുനപ്രവേശനം നൽകുന്നത് വെല്ലുവിളിയായി തുടരുന്നതായും കെഎസ്ആർടിസി എംഡി വ്യക്തമാക്കുന്നു.

യൂണിയൻ നേതാക്കളുടെ അടക്കം ചെവിക്ക് പിടിച്ച് തച്ചങ്കരി എടുത്ത തീരുമാനങ്ങൾ വിജയം കാണുന്നുണ്ടെന്നാണ് സൂചനകളാണ് ഇപ്പോൾ കോർപ്പറേഷനിൽ നിന്നും പുറത്തുവരുന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കിയും ബസുകൾ റൂട്ട് അടിസ്ഥാനത്തിൽ ക്രമീകരിച്ച് ഇൻസ്പെക്ടർമാരെ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിച്ചതുമെല്ലാം വരുമാന വർധനയുടെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നോട്ടിഫൈഡ് അല്ലാത്ത റൂട്ടുകളിൽ അവധി ദിവസങ്ങളിൽ ബസുകൾ ഓടിച്ച വരുമാനമുണ്ടാക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നുണ്ട്. വരുമാനം വർധിച്ചെന്ന് മാത്രമല്ല ചെലവുകൾ ഒരുപാട് കുറയ്ക്കാൻ സാധിച്ചുവെന്നതാണ് തന്റെ നേട്ടമെന്ന് ടോമിൻ തച്ചങ്കരി അവകാശപ്പെട്ടു. യൂണിയൻകാരോട് കലഹിച്ചു കൊണ്ടാണ് ഇത്രയും കാലം അദ്ദേഹം പരിഷ്‌ക്കാരങ്ങൾ കോർപ്പറേഷനിൽ നടപ്പിലാക്കിയത്. ഇത് വിജയിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് തച്ചങ്കരി.

നേരിടുന്ന വെല്ലുവിളികൾ

1. 1200 ഓളം ബസുകൾ സർവീസ് നടത്താൻ കഴിയാതെ കിടക്കുകയാണ്. ഇവ നിരത്തിലിറക്കി ഷെഡ്യൂളുകൾ ക്രമീകരിക്കുക.

2. കൃത്യസമയത്തും, സ്ഥിരമായും, വൃത്തിയായും സർവീസുകൾ നടത്തുക

3. യാത്രക്കാരോടുള്ള പെരുമാറ്റത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ

4. കോടതി വിധിയിലൂടെ പുറത്താക്കപ്പെട്ട 4000 ത്തോളം എംപാനലുകാർക്ക് പുനഃ പ്രവേശനം നൽകുക.

5.കെഎസ്ആർടിസിയെ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായി ദിവസം ഒരുകോടി രൂപ അധികവരുമാനം ഉണ്ടാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിനായി മൂന്നുസോണൽ ഓഫീസ് കേന്ദ്രീകരിച്ചും സിഎംഡിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഓരോതരം സർവീസിനും മേൽനോട്ടം വഹിക്കാൻ പ്രാപ്തിയുള്ളവരെ നിയമിച്ച് ദിവസംതോറും പുരോഗതി വിലയിരുത്തി വരുന്നു. വരുന്ന ആറുമാസത്തിനുള്ളിൽ ലക്ഷ്യത്തിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP