Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർഷങ്ങളായി എല്ലാം നന്നായി ചെയ്തവരെ മൂലക്കിരുത്തി ശബരിമല സർവീസ് കുളമാക്കിയത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ നീക്കം; മകരവിളക്ക് കഴിഞ്ഞ് വീടുപറ്റാനാവാതെ കാട്ടിൽ കുടുങ്ങിയ അയ്യപ്പ ഭക്തന്മാരുടെ ആക്രമണം പേടിച്ച് ജീവനക്കാർ കാട്ടിലേക്ക് മുങ്ങി; പമ്പയിലും നിലയ്ക്കലും നടന്നത് കെട്ടുകേൾവിയില്ലാത്ത വിവരക്കേടിന്റെ പ്രതിഫലനം

വർഷങ്ങളായി എല്ലാം നന്നായി ചെയ്തവരെ മൂലക്കിരുത്തി ശബരിമല സർവീസ് കുളമാക്കിയത് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ നീക്കം; മകരവിളക്ക് കഴിഞ്ഞ് വീടുപറ്റാനാവാതെ കാട്ടിൽ കുടുങ്ങിയ അയ്യപ്പ ഭക്തന്മാരുടെ ആക്രമണം പേടിച്ച് ജീവനക്കാർ കാട്ടിലേക്ക് മുങ്ങി; പമ്പയിലും നിലയ്ക്കലും നടന്നത് കെട്ടുകേൾവിയില്ലാത്ത വിവരക്കേടിന്റെ പ്രതിഫലനം

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കെടുകാര്യസ്ഥത കാരണം ഇത്തവണ അയ്യപ്പഭക്തമാരും വലഞ്ഞിരുന്നു. മകര വിളക്കു കഴിഞ്ഞിറങ്ങിയ അയ്യപ്പന്മാരെ വെള്ളം കുടിപ്പിച്ചത് കെഎസ്ആർടിസിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷറഫിന്റെ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങൾ തന്നെയായിരുന്നു. ഇതിനൊപ്പം പൊലീസിന്റെ അനാസ്ഥ കൂടിയായതോടെ പ്രശ്‌നങ്ങൾ സങ്കീർണമാക്കുകയും ചെയ്തു. ആറ് മണിക്കൂറോളമാണ് അയ്യപ്പഭക്തന്മാർ വനത്തിൽ പെരുവഴിയിൽ ആയത്. വർഷങ്ങളായി ശബരിമല സ്‌പെഷ്യൽ സർവ്വീസ് കാര്യക്ഷമമായി നടത്തിക്കൊണ്ടിരുന്ന പ്രവർത്തനപരിചയമുള്ള ഓഫീർസർമാരെ മൂലയ്ക്കിരുത്തി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദും, സ്‌പെഷ്യൽ ഓഫീസർ ശരത്തും കൂടു നടത്തിയ സർവ്വീസ് നടത്തിപ്പാണ് ശബരിമലയിൽ അയ്യപ്പന്മാരെ വലയ്ക്കുന്ന നിലയിൽ എത്തിച്ചത്.

മകരവിളക്ക് കണ്ടിറങ്ങുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്കായി പമ്പ കെഎസ്ആർടിസി സ്റ്റാന്റിൽ നിന്നും എരുമേലി കോട്ടയം ചെങ്ങന്നൂർ, എറണാകുളം, കൊട്ടാരക്കര, തിരുവനന്തപുരം, ഗുരൂവായൂർ ഭാഗത്തേയ്ക്ക് നൂറുകണക്കിന് കെഎസ്ആർടിസി ബസുകൾ ബോർഡുവച്ച് പാർക്കു ചെയ്യുകയും മലയിറങ്ങി വരുന്ന അയ്യപ്പഭക്തർ നിറയുന്നമുറയ്ക്ക് ബസുകൾ പുറപ്പെടുകയുമായിരുന്നു പതിവ്. എന്നാൽ ഇത്തവണ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഒറ്റ കെഎസ്ആർടിസി ബസു പോലും ഉണ്ടായിരുന്നില്ല.

മുൻ വർഷങ്ങളിലേതുപോലെ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പമ്പ നിശ്ചലമാകുമെന്നും, വാഹനങ്ങൾക്ക് മുന്നോട്ടുപോകാനാവാതെ വരുമെന്നും പമ്പ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസുകളില്ലാതെ കിടക്കുന്ന സ്ഥലങ്ങളിലൊക്കെ അയ്യപ്പഭക്തർ വിരി വെയ്ക്കുമെന്നും പമ്പ സർവ്വീസ് നടത്തി പരിചയമുള്ള ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാൻ ഇഡി ഓപ്പറേഷൻസ് സ്‌പെഷ്യൽ ഓഫീസറും തയ്യാറായില്ല.

മുഴുവൻ കെ എസ് ആർ ടി സി ബസുകളും നലിക്കൽ ത്രിവേണി (പമ്പ) ചെയിൻ സർവ്വീസുകളുടെ ഭാഗമായതോടെ ശബരിമല സർവ്വീസുകൾ താറുമാറാകുകയായിരുന്നു. കെഎസ്ആർടിസി പമ്പ സ്‌പെഷ്യൽ സർവ്വീസിനായി എത്തിയ കെഎസ്ആർടിസി ജീവനക്കാരെ പോലും ഈ ഉദ്യോഗസ്ഥർ ഭയപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാ ഭാഗത്തു നിന്നും നിയന്ത്രണങ്ങൾ ശക്തമായതോടെ ശരിക്കും ദുരിതത്തിലായത് അയ്യപ്പ ഭക്തന്മാരായിരുന്നു. ദ്വീർഘദൂരങ്ങളിലേക്ക് ബസുകൾ ഓടിക്കാതിരുന്നതോടെ അയ്യപ്പന്മാർ ക്ഷുഭിതരാകുകയും ചെയ്തു. രണ്ടു ബസുകളുടെ ചില്ലുകൾ അടിച്ചുടച്ചച്ച സംഭവും ഉണ്ടായി.

ഇന്നലെ പുലർച്ചെ ഒന്നരയോടെ പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷന് മുന്നിലാണ് ബസുകളുടെ ചില്ലുകൾ അടിച്ചുടച്ചത്. ദർശനം കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകരെ പുറംനാടുകളിൽ എത്തിക്കാൻ ആയിരം ബസുകൾ പമ്പ ഡിപ്പോയിൽ ക്രമീകരിച്ചിരുന്നു. ഇതിൽ നാനൂറോളം ബസുകൾ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിനാണ് ഒരുക്കിയിരുന്നത്. മകരവിളക്ക് കഴിഞ്ഞപ്പോൾ മുതൽ ചെയിൻ സർവീസുകൾ ഇടമുറിയാതെ ഓട്ടം തുടങ്ങി. നിലയ്ക്കൽ എത്തിയ ബസുകൾ പൊലീസ് തിരികെ പമ്പയ്ക്ക് അയച്ചില്ല.

പമ്പയിലെ അയ്യപ്പന്മാരുടെ തിരക്ക് ഒഴിയാൻ വേണ്ടി അവ പിടിച്ചിടുകയായിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ചെയിൻ സർവീസ് ഒന്നര റൗണ്ട് പൂർത്തിയായപ്പോൾ പമ്പയിൽ നിന്ന് ചെറിയ വാഹനങ്ങളും പൊലീസ് കടത്തിവിട്ടു തുടങ്ങി. ഇതോടൊപ്പം പമ്പ ബസ് സ്റ്റേഷനിൽ നിന്ന് ദീർഘദൂര സർവീസുകൾ അടക്കം മുപ്പതോളം ബസുകൾ ഒന്നിച്ച് റോഡിലേക്കിറക്കി വിട്ടു.

ചെറിയ വാഹനങ്ങളും ചെയിൻ ബസുകളും ദീർഘദൂര ബസുകളും ഒന്നിച്ചെത്തിയതോടെ നിലയ്ക്കൽ മുതൽ പമ്പ വരെ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നു വാഹനങ്ങൾ. നിലയ്ക്കൽ നിന്ന് ചെറിയ വാഹനങ്ങളും പമ്പയിലേക്ക് കടത്തി വിട്ടിരുന്നില്ല. ചെയിൻ സർവീസുകളും ഓടിയില്ല. ഇതിനിടെ പമ്പ സ്റ്റേഷനിൽ ദീർഘദൂര സർവീസുകൾ നടത്താൻ മതിയായ ബസുകളില്ലാതെ വന്നു. പുറംനാടുകളിലെ ഡിപ്പോകളിൽ നിന്നെത്തിയ ബസുകൾ നിലയ്ക്കലിൽ പൊലീസ് തടഞ്ഞിട്ടതും പ്രശ്‌നം സൃഷ്ടിച്ചു.

നാട്ടിലെത്താൻ ബസുകൾ കാത്ത് മണിക്കൂറുകൾ സ്റ്റാൻഡിൽ നിന്ന അയ്യപ്പന്മാർ ഇതോടെ ക്ഷുഭിതരായി. കയ്യാങ്കളിയിലെത്തുമെന്ന് ഉറപ്പായപ്പോൾ ബസ് സ്റ്റേഷനിലെ ജീവനക്കാർ കാടു കയറി. ഇതിനു പിന്നാലെയാണ് ചെയിൻ സർവീസ് നടത്തിയിരുന്ന രണ്ടു ബസുകളുടെ ചില്ലുകൾ അയ്യപ്പന്മാർ അടിച്ചുടച്ചത്. ഇതോടെ കൂടുതൽ പൊലീസെത്തി നിയന്ത്രണം ഏറ്റെടുക്കുയയായിരുന്നു.

ശബരിമലയിലെ ഗതാഗതക്കുരുക്കിന് കാരണക്കാർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസും പമ്പ സ്‌പെഷ്യൽ ഓഫീസറും ആണന്നും വ്യക്തമായിട്ടുണ്ട്. കെഎസ്ആർടിസിക്ക് ആകെ നാണക്കേടായ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിരുന്നു. എന്നാൽ, മാതൃകാപരമായി ശിക്ഷണ നടപടികൾ സ്വീകരിക്കാതെ സാങ്കേതികമായ അന്വേഷണത്തിന് ഗതാഗതമന്ത്രി ഉത്തരവിട്ടത് ഓപ്പറേഷൻസ് മേധാവിയെയും, പമ്പ സ്‌പെഷ്യൽ ഓഫീസറെയും രക്ഷിക്കാനാണ് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിശ്ചിത യോഗ്യതകൾ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പ്രത്യേകമായി ചേർന്ന കെഎസ്ആർടിസി ബോർഡ് യോഗം ആണ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഷറഫ് മുഹമ്മദിനെ നിയമവിരുദ്ധമായി നിയമിച്ചത്. അങ്ങനെ ഗതാഗതവകുപ്പിന്റെ അനുവാദമില്ലാതെ ഈ നിയമനം എൽഡിഎഫ് ഗതാഗതമന്ത്രിയെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുന്നു.

ആദ്യ ഘട്ടത്തിൽ ഗതാഗതമന്ത്രിക്ക് താൽപ്പര്യം ഇല്ലാതിരുന്നിട്ടും സ്വകാര്യ ബസുകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ഗതാഗതമന്ത്രിക്ക് ഏറ്റവും അടുത്ത ആളായി മാറിയിരിക്കുകയാണ് ഷറഫ് മുഹമ്മദ്. സ്വകാര്യ ബസുകളുടെ വരുമാനത്തെ നിയന്ത്രിക്കുന്ന കെഎസ്ആർടിസി സർവ്വീസ് നടത്തിപ്പ് ഓപ്പറേഷൻസ് മേധാവിക്കായതിനാലാണ് ഇക്കാര്യത്തിൽ സ്വകാര്യ ബസുകൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നത്. പൊലീസും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ ഏകോപനമില്ലാത്തതാണ് തീർത്ഥാടകരെ ദുരിതത്തിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP