Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസ് ലോബി ഈടാക്കുന്നത് 4000 രൂപ വരെ; നിലവിലുള്ളത് സീസണിലെ റെക്കോർഡ് വർധനവ്; നഷ്ടത്തിലേക്ക് കൂപ്പു കുത്തുമ്പോഴും സ്‌കാനിയ ബസുകളെ കട്ടപ്പുറത്ത് തള്ളി കെഎസ്ആർടിസിയുടെ കള്ളക്കളി; 17 സ്‌കാനിയ ബസുകളിൽ മിക്കതും കട്ടപ്പുറത്ത്; അപകടങ്ങളും സ്‌കാനിയ സർവീസുകൾക്ക് തിരിച്ചടി; സ്‌കാനിയ നിലയ്ക്കുമ്പോൾ ലക്ഷങ്ങളുടെ പ്രതിദിനനഷ്ടം അറിഞ്ഞിട്ടും അറ്റകുറ്റപ്പണികൾക്ക് മുതിരാതെ ആനവണ്ടി അധികൃതരുടെ നിസ്സംഗത; കൊള്ളയടിക്കപ്പെടുന്നത് ബംഗളുരു യാത്രികർ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസ് ലോബി ഈടാക്കുന്നത് 4000 രൂപ വരെ; നിലവിലുള്ളത് സീസണിലെ റെക്കോർഡ് വർധനവ്; നഷ്ടത്തിലേക്ക് കൂപ്പു കുത്തുമ്പോഴും സ്‌കാനിയ ബസുകളെ കട്ടപ്പുറത്ത് തള്ളി കെഎസ്ആർടിസിയുടെ കള്ളക്കളി; 17 സ്‌കാനിയ ബസുകളിൽ മിക്കതും കട്ടപ്പുറത്ത്; അപകടങ്ങളും സ്‌കാനിയ സർവീസുകൾക്ക് തിരിച്ചടി; സ്‌കാനിയ നിലയ്ക്കുമ്പോൾ ലക്ഷങ്ങളുടെ പ്രതിദിനനഷ്ടം അറിഞ്ഞിട്ടും അറ്റകുറ്റപ്പണികൾക്ക് മുതിരാതെ ആനവണ്ടി അധികൃതരുടെ നിസ്സംഗത; കൊള്ളയടിക്കപ്പെടുന്നത് ബംഗളുരു യാത്രികർ

എം മനോജ് കുമാർ

തിരുവനന്തപുരം: ക്രിസ്സ്മസ്, പുതുവൽസര സീസണിൽ സ്‌കാനിയ ബസുകൾ കട്ടപ്പുറത്തിട്ട് കെഎസ്ആർടിസിയുടെ കള്ളക്കളി. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്കുള്ള സർവീസിന് 4000 രൂപ വരെ ടിക്കറ്റ് നിരക്ക് ഓൺ ലൈൻ വഴി സ്വകാര്യ ബസുകൾ ഈടാക്കുന്ന ഈ സമയത്ത് തന്നെയാണ് ഈ സ്വകാര്യ ലോബിയെ സഹായിക്കാൻ കെഎസ്ആർടിസി കള്ളക്കളി നടത്തുന്നത്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കെഎസ്ആർടിസി കൂപ്പുകുത്തുകയും ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയും സെക്രട്ടറിയേറ്റിനു മുന്നിൽ ജീവനക്കാർ സമരം തുടങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ തന്നെയാണ് സ്വകാര്യ ബസ് ലോബികളെ സഹായിക്കാൻ സ്‌കാനിയ ബസുകൾ കട്ടപ്പുറത്തിട്ട് കെഎസ്ആർടിസി കള്ളക്കളി തുടരുന്നത്.

പതിനേഴ് സ്‌കാനിയ ബസുകളിൽ ഏഴോളം ബസുകളാണ് കട്ടപ്പുറത്ത് തുടരുന്നത് എന്നാണ് അറിയുന്നത്. അപകടങ്ങളിൽപ്പെട്ടതും വിവിധ തകരാറുകൾ വന്നതും കാരണമാണ് സ്‌കാനിയകൾ കട്ടപ്പുറത്ത് തുടരുന്നത്. മൂന്നെണ്ണം നന്നാക്കാൻ കഴിയാത്ത വിധം തകർന്ന അവസ്ഥയിലാണ് എന്നാണ് അറിയുന്നത്. സ്‌കാനിയ അടക്കമുള്ള കെഎസ്ആർടിസി സർവീസുകൾ ഇങ്ങിനെ നിരന്തരമായി മുടങ്ങുന്ന ഈ സാഹചര്യമാണ് ഈ സീസണിൽ സ്വകാര്യ ബസ് ലോബികൾ ഉപയോഗപ്പെടുത്തുന്നത്. റെക്കോഡ് നിരക്ക് ആണ് നിലവിൽ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ഷെഡ്യൂൾ എന്ന് പറഞ്ഞാൽ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സർവീസുകളാണ്. ഒരു സർവീസ് ഇല്ലാതാകുമ്പോൾ ഒരു ഷെഡ്യൂൾ തന്നെയാണ് റദ്ദാക്കപ്പെടുന്നത്. ഒരു ഷെഡ്യൂൾ റദ്ദാകണമെങ്കിൽ ഒരു റൂട്ടിലേക്കുള്ള ഒരു ബസ് ഇല്ലാതായാൽ മതി. ഇങ്ങിനെയുള്ള പ്രശ്‌നമാണ് സ്‌കാനിയകൾ റദ്ദാകുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്.

ആഘോഷ അവസരങ്ങളിൽ അന്തർ സംസ്ഥാന സർവീസുകൾക്ക് നടത്തുന്ന സ്വകാര്യ ബസുകൾ ഇരട്ടിയിലധികം ചാർജാണ് ഈടാക്കുന്നത്. ഇത് എല്ലാ കാലത്തും ദൃശ്യമാകുന്ന കാര്യമാണ്. ഇത് കെഎസ്ആർടിസിക്ക് അറിയുകയും ചെയ്യും. ഇതേ അവസരത്തിൽ തന്നെയാണ് അന്തർസംസ്ഥാന റൂട്ടുകളിൽ ഓടുന്ന സ്‌കാനിയകൾ മൂലയ്ക്കിട്ടു കെഎഎസ്ആർടിസി ഒത്തുകളിയിൽ പങ്കാളിയാകുന്നത്. അവധിക്ക് കേരളത്തിലേക്ക് വരുന്ന മലയാളികൾക്ക് വൻ തിരിച്ചടിയാവുകയാണ് കെഎസ്ആർടിസിയുടെ ഈ മനോഭാവം. മുടങ്ങിക്കിടന്ന സ്‌കാനിയ സർവീസുകൾ പുനരാരംഭിക്കാത്തതും പല സർവീസുകളും മുടങ്ങിക്കിടക്കുന്നതുമാണ് സ്വകാര്യ ലോബി ഉപയോഗപ്പെടുത്തുന്നത്. കെഎസ്ആർടിസിക്കാണെങ്കിൽ ഒരു സ്‌കാനിയ ബസ് മുടങ്ങിയാൽ തന്നെ വൻ വരുമാന നഷ്ടമാണ് വന്നു ചേരുന്നത്. ലക്ഷങ്ങൾ തന്നെയാണ് പ്രതിദിനം ഓരോ സ്‌കാനിയ നിലയ്ക്കുമ്പോഴും കെഎസ്ആർടിസിക്ക് നഷ്ടമാകുന്നത്.

അന്തർ സംസ്ഥാന ബസുകൾ ആയി ഓടുകയും കെഎസ്ആർടിസിക്ക് വൻവരുമാനം നൽകുകയും ചെയ്യാറുള്ള സ്‌കാനിയ ബസുകളുടെ നേർക്ക് തന്നെയാണ് കെഎസ്ആർടിസി അവഗണന തുടരുന്നത്. സ്‌കാനിയ ബസുകൾ പലതും കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ അറ്റകുറ്റപ്പണികൾ നടത്താതെ നിർത്തിയിട്ടിരിക്കുകയാണ്. ഇത് കാരണം സ്‌കാനിയ ഷെഡ്യൂളുകൾ പലതും റദ്ദാക്കുകയാണ്. ഓഫ് റോഡ് ആയി കഴിയാനാണ് ഈ സ്‌കാനിയകൾക്ക് നിയോഗം വരുന്നത്. ഏഴോളം സ്‌കാനിയ ബസുകളാണ് അറ്റകുറ്റപ്പണികൾ നടത്താതെ വിവിധ യൂണിറ്റുകളിൽ നിർത്തിയിട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയോളമാണ് ഒരു സ്‌കാനിയ സർവീസ് നടത്തിയാൽ കെഎസ്ആർടിസിക്ക് ലഭിക്കുന്നത്. ഈ വരുമാനമാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. നിലവിൽ പതിനേഴ് സ്‌കാനിയകൾ കെഎസ്ആർടിസിക്കുണ്ട്. വാടകയ്ക്ക് എടുത്ത പത്ത് ബസുകൾ വേറെയുമുണ്ടായിരുന്നു. മുംബൈ എൻസിപി നേതാവിൽ നിന്ന് വാടകയ്ക്ക് എടുത്ത പത്ത് ബസുകൾ വാടക മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് അവർ പിടിച്ചെടുത്തിട്ടുണ്ട്. ബാക്കിയുള്ള സ്‌കാനിയകൾ ചിലതാണ് അറ്റകുറ്റപ്പണി നടത്താതെ കെഎസ്ആർടിസി വെറുതെയിട്ടിരിക്കുന്നത്.

സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൻ വരുമാനം ലഭിക്കുന്ന ഈ വെക്കേഷൻ സീസണിൽ അറ്റകുറ്റപ്പണികൾക്ക് മുടക്കം വരുത്തുന്നത് എന്നാണ് ആരോപണം ഉയരുന്നത്. ക്രിസ്മസും പുതുവൽസരവും മണ്ഡലകാലവുമായതിനാൽ കടുത്ത തിരക്കാണ് അന്തർ സംസ്ഥാന റൂട്ടുകളിലുള്ളത്. ഇത് പരിഗണിച്ച് അധിക സർവീസ് നടത്തുകയാണ് കെഎസ്ആർ ടിസി ചെയ്യേണ്ടത്. എന്നാൽ ഇതിൽ നിന്നും വിപരീതമായി സ്‌കാനിയ ബസുകൾ ഏതെങ്കിലും രീതിയിൽ റദ്ദാക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. വിവിധ ഡിപ്പോകളിൽ അറ്റകുറ്റപ്പണി നടത്താതെയിരിക്കുന്ന സ്‌കാനിയകൾ തന്നെയാണ് ഇതിനുള്ള തെളിവ്.

സ്‌കാനിയകൾ അറ്റകുറ്റപ്പണിയുടെ പേരിൽ വെറുതെയിട്ടിരിക്കുമ്പോൾ ഓടിക്കൊണ്ടിരിക്കുന്നവയും മുടങ്ങാൻ സാധ്യതയുണ്ടെന്ന സൂചനകളും വരുന്നുണ്ട്. നിർത്തിയിട്ടിരിക്കുന്ന സ്‌കാനിയയുടെ പാർട്‌സുകൾ വേറെ സ്‌കാനിയയ്ക്ക് വേണ്ടി ഊരിയെടുക്കുകയും ചെയ്യുന്നുണ്ട് എന്നാണ് വിരൽ ചൂണ്ടൽ വരുന്നത്. ഇതോടെ പാർട്‌സുകൾ ഊരിയ സ്‌കാനിയ മൂലയ്ക്ക് ഒതുങ്ങും. മറ്റൊന്ന് സ്‌പെയറുകൾ കിട്ടാതെ വരുമ്പോൾ മാർക്കറ്റിൽ കിട്ടുന്ന സ്‌പെയറുകൾ വാങ്ങി സ്‌കാനിയക്ക് ഫിറ്റു ചെയ്യുന്ന രീതിയും പിന്തുടരുന്നുണ്ട്. ഒറിജിനൽ സ്‌പെയർ പാർട്‌സുകൾ ഇല്ലാതെ സ്‌കാനിയ ഓടിച്ചാൽ ഇതേ ബസും മൂലയ്ക്ക് ആകുന്ന അവസ്ഥയാണ് വരുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ എങ്ങിനെയെങ്കിലും സ്‌കാനിയ ഓടിക്കാനുള്ള രീതിയാണ് അധികൃതർ പിന്തുടരുന്നത്.

അതുകൊണ്ട് തന്നെ കൂടുതൽ സ്‌കാനിയകൾ കേടാകുന്ന അവസ്ഥ വരും എന്നാണ് കെഎസ്ആർടിസിയിൽ ഉള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്. ഒരു സ്‌കാനിയ ഗൂഡല്ലൂർ വെച്ച് അപകടത്തിൽപ്പെട്ടു. ഈ വണ്ടിക്ക് ഡ്യൂപ്ലിക്കേറ്റ് സ്‌പെയറുകൾ വാങ്ങിയിട്ടു. അഞ്ചു ലക്ഷത്തോളം രൂപയുടെ പാർട്‌സുകൾ ആണ് ഈ വണ്ടിയിൽ ഫിറ്റ് ചെയ്തത്. ഇതോടെ ഈ സ്‌കാനിയയ്ക്ക് വൻ പണികൾ വീണ്ടും വന്നു. അതിന്നിടയിൽ ഈ ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. മുപ്പത് ലക്ഷത്തോളം രൂപയുടെ പണി ഈ ബസിനു പിന്നീട് വേണ്ടി വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സ്‌കാനിയ ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതും വിനയാകുന്നുണ്ട്. അപ്പോഴൊക്കെ സർവീസ് നിലയ്ക്കുകയാണ് ചെയ്യുന്നത്. ഇതാണ് മറുനാടൻ മലയാളികൾക്ക് വിനയായി മാറുന്നത്.

കെഎസ്ആർടിസി നൽകുന്ന വിശദീകരണം:

സ്‌കാനിയ ബസുകൾ കഴിയുന്നതും എല്ലാം ഓടിക്കുന്നുണ്ടെന്നു കെഎസ്ആർടിസി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. പതിമൂന്നു ഷെഡ്യൂളുകൾ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്നു. പക്ഷെ ചില ദിവസങ്ങളിൽ സ്‌കാനിയ ബസുകളിൽ ഓപ്പറെറ്റ് ചെയ്യാറില്ല. ബസുകൾക്ക് വരുന്ന പ്രശ്‌നം, ആളുകൾ ഇല്ലാത്ത പ്രശ്‌നം അങ്ങിനെ വരുമ്പോഴാണ് സർവീസുകൾ നിലയ്ക്കുന്നത്. ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് തന്നെ കെഎസആർടിസി പറയുന്നു. കെഎസ്ആർടിസി സ്‌കാനിയ കട്ടപ്പുറത്ത് നിൽക്കുന്ന കാര്യം പോലും നിഷേധിച്ചുള്ള പ്രതികരണമാണ് കെഎസ്ആർടിസി നടത്തുന്നത്. അപകടത്തിൽപ്പെട്ട ചില വണ്ടികൾ കട്ടപ്പുറത്ത് ഉണ്ട്. പക്ഷെ തകരാറുകൾ തീർത്ത ചില ബസുകൾ സർവീസ് നടത്തുന്നുണ്ട് എന്നാണ് ഇവർ നൽകുന്ന വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP