Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുടുംബശ്രീയെ ഏൽപ്പിച്ചത് വഴി വഴിയാധാരമായത് കണ്ടക്ടറായും ഡ്രൈവറായും ജോലിയിൽ കയറിയ യൂണിയൻ നേതാക്കൾ മാത്രം; ആരേയും പിരിച്ചുവിടാതെയുള്ള പരിഷ്‌കരണത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തി കെ എസ് ആർ ടി സിക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം; നിയമവിരുദ്ധമായി സമരം ചെയ്തവരുടെ ശമ്പളത്തിൽ നിന്നും നഷ്ടം പിടിക്കാൻ വാശിയോടെ തച്ചങ്കരി; അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയ തച്ചങ്കരി രണ്ടും കൽപ്പിച്ച്; ഈ മാസം ശമ്പളം മുടക്കാനും ആലോചന സജീവം

കുടുംബശ്രീയെ ഏൽപ്പിച്ചത് വഴി വഴിയാധാരമായത് കണ്ടക്ടറായും ഡ്രൈവറായും ജോലിയിൽ കയറിയ യൂണിയൻ നേതാക്കൾ മാത്രം; ആരേയും പിരിച്ചുവിടാതെയുള്ള പരിഷ്‌കരണത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തി കെ എസ് ആർ ടി സിക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം; നിയമവിരുദ്ധമായി സമരം ചെയ്തവരുടെ ശമ്പളത്തിൽ നിന്നും നഷ്ടം പിടിക്കാൻ വാശിയോടെ തച്ചങ്കരി; അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയ തച്ചങ്കരി രണ്ടും കൽപ്പിച്ച്; ഈ മാസം ശമ്പളം മുടക്കാനും ആലോചന സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചതിന് എതിരെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ നടത്തിയ മിന്നൽസമരം മൂലം കോർപറേഷനുണ്ടായ നഷ്ടം യൂണിയൻ നേതാക്കളിൽനിന്ന് ഇടാക്കണമെന്നാവശ്യപ്പെട്ട് എം.ഡി: ടോമിൻ ജെ. തച്ചങ്കരി സർക്കാരിനു കത്ത് നൽകി. റിസർവേഷൻ കൗണ്ടറിൽ ജോലി ചെയ്യുന്നത് നിലവിൽ കണ്ടക്ടർമാരും ഡ്രൈവർമാരുമാണ്. ഇതുമൂലം ബസുകൾ ഓടിക്കാൻ ആവശ്യത്തിന് ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്ത അവസ്ഥയുണ്ട്. ഇതിനിടെയിലാണ് യൂണിയൻ നേതാക്കൾ റിസർവേഷൻ ഓഫീസുകളിൽ തന്ത്രപരമായി ജോലിയെടുക്കുന്നത്. ഇത് ഇല്ലാതാക്കാനായിരുന്നു തച്ചങ്കരിയുടെ ഇടപെടൽ. റിസർവേഷൻ കേന്ദ്രം കുടുംബശ്രീയെ ഏൽപ്പിച്ച് മുഴുവൻ യൂണിയൻ നേതാക്കളേയും പണിയെടുപ്പിക്കാനായിരുന്നു നീക്കം. ഇതോടെയാണ് സമരത്തിന് യൂണിയനുകളെത്തിയത്.

എംപാനൽ ജീവനക്കാരെ പിരിച്ചു വിടാൻ തച്ചങ്കരി തീരുമാനിച്ചിരുന്നു. ബോഡി ബിൽഡിങ് യൂണിറ്റിൽ ബസ് നിർമ്മാണം അവസാനിച്ചതോടെയാണ് മെക്കാനിക്കൽ ജീവനക്കാരെ പിരിച്ചു വിടാൻ ഉത്തരവ് എത്തിയത്. മുമ്പും ഇത്തരം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഹേമചന്ദ്രൻ കെ എസ് ആർടിസി എംഡിയായപ്പോഴും എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടു. അപ്പോൾ യൂണിയൻ മൗനത്തിലായിരുന്നു. എന്നാൽ ഇത്തവണ മെക്കാനിക്കൽ ജീവനക്കാരെ പിരിച്ചു വിടുമ്പോൾ തച്ചങ്കരി ഒരു അനുകൂല നിലപാടും എടുത്തു. കണ്ടക്ടർ ലൈസൻസ് ഉള്ളവർക്ക് കണ്ടക്ടറായി തുടരാമെന്നതായിരുന്നു ഇത്. ഉടനെ യൂണിയനുകൾ സമരത്തിനെത്തി. ഇത് കണ്ടക്ടറായി എത്തുന്നവരെ തടയാനായിരുന്നു. കണ്ടക്ടർമാർക്ക് ഭീഷണി ഉയരുമ്പോഴാണ് കെ എസ് ആർ ടി സിയിൽ സമരം. ഇതിന് കാരണം യൂണിയനുകളെ നിയന്ത്രിക്കുന്നത് കണ്ടക്ടർമാരാണ്. കുറച്ച് ഡ്രൈവർമാരും ഉണ്ട്.

കുടുംബശ്രീയുടെ കൗണ്ടർ വരുമ്പോഴും നഷ്ടം കണ്ടക്ടർമാർക്കാണ്. പണിയെടുക്കാതെ എസിയിൽ കഴിയുന്നവർക്ക് ബസിൽ യാത്ര ചെയ്യണം. ഇത് കണ്ടക്ടർമാരായ യൂണിയൻ നേതാക്കൾക്ക് പിടിക്കാതെ പോയി. അതുകൊണ്ടാണ് കുടുംബശ്രീക്കെതിരെ സമരം ചെയ്തതെന്നാണ് ഉയരുന്ന വാദം. ദീർഘദൂര ബസുകൾ വഴിയിൽ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടും മറ്റു വാഹനങ്ങൾക്കു തടസമാകും വിധം നടുറോഡിൽ ബസുകൾ പാർക്ക് ചെയ്തും നടത്തിയ സമരം യാത്രക്കാരെ മാത്രമല്ല, ജനത്തെയാകെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് തച്ചങ്കരി കടുത്ത നിലപാട് എടുക്കുന്നത്. ഒരു കോടിയിൽ പരം രൂപയുടെ നഷ്ടം കെ എസ് ആർ ടി സിക്കുണ്ടായെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മിന്നൽസമരം ആഹ്വാനം ചെയ്ത യൂണിയൻ നേതാക്കളിൽനിന്നും ബസ് തടഞ്ഞ ജീവനക്കാരിൽനിന്നും നഷ്ടം ഇടാക്കണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടത്. സർക്കാരിന് ഇത് കാണിച്ച് തച്ചങ്കരി കത്തെഴുതി.

അതിനിടെ തച്ചങ്കരിക്ക് ജീവനക്കാർക്കിടയിൽ ഇപ്പോഴും നല്ല പിന്തുണയുണ്ട്. കൃത്യമായി ശമ്പളം നൽകുന്നുവെന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഗതാഗത സെക്രട്ടറിയുമായി ഒത്തുകളിച്ച് ശമ്പളം മുടക്കാൻ പല വിധ ഇടപെടൽ യൂണിയൻ നേതാക്കൾ നടത്തി. ഇതെല്ലാം സമർത്ഥമായി തന്നെ തച്ചങ്കരി അതിജീവിച്ചു. ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരെ തച്ചങ്കരിക്ക് കൂടുതൽ എതിർപ്പുണ്ടാക്കാൻ കള്ളക്കളി നടത്തുന്നുണ്ട്. എങ്ങനേയും ശമ്പളം മുടക്കാനാണ് നീക്കം. സർക്കാർ ഫണ്ട് കൈമാറ്റം ഉൾപ്പെടെ വൈകിപ്പിക്കാനാണ് ആലോചന. ഒരു മാസം ശമ്പളം മുടങ്ങിയാൽ തച്ചങ്കരിക്ക് സ്ഥാപനത്തിനുള്ളിലെ പിന്തുണ കുറയുമെന്നാണ് വിലയിരുത്തൽ.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ കരാർ അടിസ്ഥാനത്തിൽ കുടുംബശ്രീയെ എൽപ്പിച്ചത് ഏറെ ആലോചനകൾക്കു ശേഷമായിരുന്നു. മുമ്പ് റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്നത് കണ്ടക്ടർമാർ ഉൾപ്പെടെയുള്ള ഓപ്പറേറ്റിങ് ജീവനക്കാരാണ്. ഓപ്പറേറ്റിങ് ജീവനക്കാരുടെ കുറവുമൂലം പിന്നീട് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരെ ഈ ജോലി ഏൽപിച്ചു. ഇപ്പോൾ 24 ഇടങ്ങളിൽ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയെ ഈ ജോലി ഏൽപിക്കുന്നതിലൂടെ നിലവിലുള്ള ആരെയും പിരിച്ചുവിടില്ലെന്നിരിക്കേയാണ് ഇന്നലത്തെ അനാവശ്യസമരം ജനത്തെ വലച്ചത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിക്കുന്നതോടെ ജീവനക്കാരെ പുനർവിന്യസിക്കാനായിരുന്നു തീരുമാനം.

യൂണിയൻ നേതാക്കളാണു ബസുകളിൽ ജോലിക്കു പോകാതെ റിസർവേഷൻ/അന്വേഷണ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്നത്. ഇതും മനസിലാക്കിയായിരുന്നു തച്ചങ്കരിയുടെ നടപടി. കുടുംബശ്രീയെ റിസർവേഷൻ കൗണ്ടറുകൾ ഏൽപ്പിക്കുന്നതിലൂടെ മുഴുവൻ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ബസുകളിൽ ലൈൻ ഡ്യൂട്ടിക്കു നിയോഗിക്കാനായിരുന്നു നീക്കം. റിസർവേഷൻ കൗണ്ടറുകളിൽ ജോലിചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാരെ ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറുകളിൽ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപിക്കുമ്പോൾ വാടകയും വൈദ്യുതി ചാർജും ഉൾപ്പെടെ എല്ലാ ചെലവും അവർ വഹിക്കും. ഇപ്പോൾ പുറംകരാറുകാർക്കു നൽകുന്നതുപോലെ 4.5% കമ്മീഷൻ കുടുംബശ്രീക്കു ലഭിക്കും. ടിക്കറ്റ് തുക അഡ്വാൻസായി കുടുംബശ്രീ കോർപറേഷന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കണം.

ടോപ്അപ് റീചാർജ് മാതൃകയിൽ ടിക്കറ്റ് ബുക്കിങ് കുടുംബശ്രീയെ ഏൽപ്പിക്കാനായിരുന്നു നീക്കം. നൂറോളം വനിതകൾക്കു കുടുംബശ്രീ പരിശീലനവും നൽകി. 69 ജീവനക്കാർ വേണ്ടിവരും. കെ.എസ്.ആർ.ടി.സി. കാന്റീൻ, ശൗചാലയങ്ങൾ എന്നിവയുടെ ചുമതലയും ഭാവിയിൽ കുടുംബശ്രീലെ ഏൽപ്പിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നു. ബസുകളുടെ ശുചീകരണവും ഏറ്റെടുക്കാൻ കുടുംബശ്രീ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP