Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻസിപി നേതാവിന്റെ വാടക സ്‌കാനിക്ക് ഓട്ടം ഉറപ്പിക്കാൻ സ്വന്തം എ സി വോൾവോ കട്ടപ്പുറത്ത്; വിക്രം പുരുഷോത്തമന്റെ ബസിന് ഓട്ടം കൊടുത്ത് മന്ത്രിയെ തൃപ്തിപ്പെടുത്തുന്നത് സൗത്ത് സോൺ ഇഡി അടക്കമുള്ളവർ; 30 ലക്ഷം മുടക്കി പണിത വോൾവോ ആറ് മാസമായി ആരും കാണാതെ പാപ്പനംകോട്ടെ ഷെഡ്ഡിൽ ഒതുക്കിയിട്ടു; ഡിപ്പോയിലെത്തിയ ബസിന് ഒരു ഷെഡ്യൂളിൽ ഓട്ടം നൽകാതെ കെ എസ് ആർ ടി സി അധികാരികളും: ആനവണ്ടിയെ അള്ളുവെക്കുന്നവരുടെ കൊള്ള തുടരുന്നു

എൻസിപി നേതാവിന്റെ വാടക സ്‌കാനിക്ക് ഓട്ടം ഉറപ്പിക്കാൻ സ്വന്തം എ സി വോൾവോ കട്ടപ്പുറത്ത്; വിക്രം പുരുഷോത്തമന്റെ ബസിന് ഓട്ടം കൊടുത്ത് മന്ത്രിയെ തൃപ്തിപ്പെടുത്തുന്നത് സൗത്ത് സോൺ ഇഡി അടക്കമുള്ളവർ; 30 ലക്ഷം മുടക്കി പണിത വോൾവോ ആറ് മാസമായി ആരും കാണാതെ പാപ്പനംകോട്ടെ ഷെഡ്ഡിൽ ഒതുക്കിയിട്ടു; ഡിപ്പോയിലെത്തിയ ബസിന് ഒരു ഷെഡ്യൂളിൽ ഓട്ടം നൽകാതെ കെ എസ് ആർ ടി സി അധികാരികളും: ആനവണ്ടിയെ അള്ളുവെക്കുന്നവരുടെ കൊള്ള തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ മുടിപ്പിക്കുന്നവരിലെ മുഖ്യപങ്കുകാർ അവിടുത്തെ ഉന്നത ഉദ്യോഗസ്ഥരാണെന്നത് കേരള സമൂഹത്തിന് അറിയാവുന്നു ഒരു പൊതുസത്യമാണ്. രണ്ട് ദിവസമായി കോർപ്പറേഷനിൽ നൂറു കണക്കിന് ഷെഡ്യൂളുകൾ മുടങ്ങാൻ ഇടയാക്കിയ സാഹചര്യം ഒരുക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്‌ച്ചയായിരുന്നു. ബാംഗ്ലൂരിലേക്കും മറ്റും കൂടുതൽ സർവീസ് നടത്തി ഒരു വിധത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച കോർപ്പറേഷനേറ്റ കനത്ത തിരിച്ചടിയായി മാറി ഇത്. ഒന്നു നിവരാൻ ശ്രമിക്കുമ്പോഴേക്കും അതിനെ ഇല്ലാതാക്കാനാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ശ്രമം.

ഇതിന്റെ ഒടുവിൽ മുഖ്യഉദാഹരണമായി ഒരു സംഭവം കൂടി പുറത്തുവന്നു. മഹാരാഷ്ട്രയിലെ എൻസിപി നേതാവിന്റെ വാടക സ്‌കാനിയക്ക് വേണ്ടി സ്വന്തം വോൾവോ ബസുകളെ കട്ടപ്പുറത്താക്കുകയാണ് കെഎസ്ആർടിസിയിലെ ഏമാന്മാർ. എൻസിപി നേതാവിന്റെ സ്‌കാനിയക്ക് കൃത്യമായി ഷെഡ്യൂൾ കൊടുത്ത് മന്ത്രിയെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് ഉന്നത ഉദ്യോഗസ്ഥർ സ്വന്തം വണ്ടിയിൽ താൽപ്പര്യം കാണിക്കാത്തത്. കോർപ്പറേഷനിൽ 20 സ്‌കാനിയ ബസുകളാണ് നിലവിലുള്ളത്. ഇതിൽ പത്തെണ്ണം വാടകയ്ക്ക് എടുത്തവയാണ്. പത്തെണ്ണം കെഎസ്ആർടിസിക്ക് സ്വന്തവും. ഈ ബസുകളെ കട്ടപ്പുറത്ത് കയറ്റിയാണ് വാടക സ്‌കാനിയാ ബസുകളെ കെഎസ്ആർടിസി സഹായിക്കുന്നത്. വാടക സ്‌കാനിയാ ബസുകൾ എൻസിപിക്കാരനായ വിക്രം പുരുഷോത്തമൻ എന്ന മഹാരാഷ്ട്രക്കാരന്റെ മഹാവോയേജിൽ നിന്നുള്ള ബസുകൾ ആണ്. എൻസിപി മന്ത്രിയുടെ വകുപ്പായതിനാലാണ് എൻസിപി നേതാവിന്റെ ബിസിനസ് കൊഴുപ്പിക്കാൻ വേണ്ടി സ്‌കാനിയ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത്.

കെഎസ്ആർടിസിയിലെ എ സി വോൾവോ ബസുകളാണ് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താതെ ഷെഡ്ഡിൽ കയറ്റിയിരിക്കുന്നത്. RA 101, RA 102 എന്നീ വോൾവോ ബസുകൾ 30 ലക്ഷം രൂപയുടെ സ്‌പെയർ പാർട്‌സ് വാങ്ങി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വെറുതേ ഇട്ടിരിക്കയാണ്. ആറ് മാസമായി പാപ്പനംകോട് സെൻട്രൽ വർക്ക്‌ഷോപ്പിൽ ഇട്ടിരിക്കയാണ് ഈ ബസുകൾ. പിന്നീട് 2019 ഫെബ്രുവരിയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്ക് നൽകി. ഫെബ്രുവരി ആദ്യവാരം എത്തിയ RA 101 നമ്പർ വോൾവോ എ സി ബസ് നിരത്തിൽ ഇറക്കിയത് വെറും 19 ദിവസം മാത്രമാണ്. അതിന് ശേഷം ഈ ബസ് നിരത്തിൽ ഇറക്കാൻ അനുവദിച്ചില്ല.

വോൾവോയെ നിരത്തിലിറക്കാൻ അനുവദിക്കാത്തതിന് പിന്നിൽ മന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നന്നും ആരോപണം ഉണ്ട്. എൻസിപി നേതാവിന്റെ വാടക ബസിന് കൃത്യമായി ഓട്ടം കൊടുത്ത് മന്ത്രി ഓഫീസിനോടുള്ള കൂറുപുലർത്തുന്നതിൽ സോണൽ ഇഡിയും പങ്കുവഹിക്കുന്നതായി ആരോപണവുമുണ്ട്. മേൽ രണ്ടു ബസും ലക്ഷങ്ങൾ മുടക്കി സർവ്വീസ് യോഗ്യമാക്കി എത്തിച്ചിട്ടും അവയ്ക്ക് ഓടാൻ ഒരു ഷെഡ്യൂൾ നൽകാതെ മഹാരാഷ്ട്രക്കാരനു ട്രിപ്പുകൂടിയാൽ കിട്ടുന്ന 'ടിപ്പ്' നൽകാൻ വേണ്ടി മത്സരിക്കുകയാണ് ഉദ്യോഗസ്ഥ ലോബി.

ഉണ്ണുന്ന ചോറിൽ മണ്ണുവാരിയിടുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉള്ളതെന്ന ആക്ഷേപം യൂണിയനുകാർക്കിടയിലും ശക്തമാണ്. ആര് എന്ത് അഴിമതി നടത്തിയാലും ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് വിഭാഗക്കാരെ മാത്രം ശിക്ഷിക്കുന്ന വിജിലൻസ് സംവിധാനവുമാണ് ഇവിടെ ഉള്ളതെന്നാണ് ആക്ഷേപം. തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണെന്നുമാണ് ആക്ഷേപം. സ്വന്തം ബസ് ഒതുക്കിയിട്ട് വാടക ബസിന് ലക്ഷങ്ങൾ വാരി നൽകുന്ന കെഎസ്ആർടിസിയുടെ നടപടിക്കെതിരെ അമർഷവും ശക്തമാണ്.

കെഎസ്ആർടിസിയിൽ വാടക സ്‌കാനിയാ ബസുകളും, ഇലക്ട്രിക് ബസുകളും വാടകയ്ക്ക് എടുത്തതും വിക്രം പുരുഷോത്തമന്റെ മഹാവോയേജ് കമ്പനിയിൽ നിന്നായിരുന്നു. കെഎസ്ആർടിസിയുടെ പുതുതായി വന്ന അഞ്ച് വാടക ഇലക്ട്രിക് ബസുകളും സ്‌കാനിയാ ബസുകൾ വാടകയ്ക്ക് നൽകിയ അതേ കമ്പനിയുടേത് തന്നെയാണ്. മഹാ വോയേജ് എന്ന ഈ കമ്പനിയിൽ നിന്നും വാടകയ്ക്ക് എടുത്ത സ്‌കാനിയാ ബസുകൾ കെഎസ്ആർടിസിക്ക് കോടികളുടെ നഷ്ടം വരുത്തിവെക്കുന്നു എന്ന ആക്ഷേപവും ശക്തമായിരുന്നു.

അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്ന ഈ ഇടപാടുകൾ വഴി വൻ നഷ്ടം കെഎസ്ആർടിസി തലയിലേറ്റുകയാണ് എന്നാണ് സ്‌കാനിയായുടെ നഷ്ടകണക്കുകൾ നിരത്തി ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നത്. ഡിജിപി ഹേമചന്ദ്രൻ കെഎസ്ആർടിസി സിഎംഡിയായിരിക്കെ വാടക ബസുകൾ കെഎസ്ആർടിസിക്ക് വരുത്തി വെയ്ക്കുന്ന നഷ്ട കണക്കുകളെ കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിനു നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ടെല്ലാം മറികടന്ന് സ്വന്തം വോൾവോ ബസുകൾ ഉപയോഗിക്കാതെ സ്‌കാനിയ ബസുകൾ വാടകയ്ക്ക് എടുക്കുന്ന നടപടി തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP