Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംജി സർവ്വകലാശാല അദാലത്തിൽ ഫുൾ ടൈം; സാങ്കേതിക സർവ്വകലാശാലയിലെ പരാതി പരിഹരിക്കലിലും നിത്യ സാന്നിധ്യം; കേരളയിലും പറന്നിറങ്ങി ഇടപെടലുകൾ; സർവ്വകലാശാല ഭരണത്തിൽ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകൾ; എംജിയിലും കാലിക്കറ്റിലും ഇടപെടൽ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചും; മന്ത്രി ജലീൽ ആഗ്രഹിക്കുന്നത് വൈസ് ചാൻസലർമാർക്ക് മീതേയുള്ള സൂപ്പർ വൈസ് ചാൻസലറാകാനോ? മാർക്ക് ദാന വിവാദം കത്തിപടരുമ്പോൾ

എംജി സർവ്വകലാശാല അദാലത്തിൽ ഫുൾ ടൈം; സാങ്കേതിക സർവ്വകലാശാലയിലെ പരാതി പരിഹരിക്കലിലും നിത്യ സാന്നിധ്യം; കേരളയിലും പറന്നിറങ്ങി ഇടപെടലുകൾ; സർവ്വകലാശാല ഭരണത്തിൽ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകൾ; എംജിയിലും കാലിക്കറ്റിലും ഇടപെടൽ ഉദ്യോഗസ്ഥരുടെ എതിർപ്പ് അവഗണിച്ചും; മന്ത്രി ജലീൽ ആഗ്രഹിക്കുന്നത് വൈസ് ചാൻസലർമാർക്ക് മീതേയുള്ള സൂപ്പർ വൈസ് ചാൻസലറാകാനോ? മാർക്ക് ദാന വിവാദം കത്തിപടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സ്വയം ഭരണ സ്ഥാപനങ്ങളാണ് സർവകലാശാലകൾ. ഇവിടെ സർക്കാരിന് കാര്യമില്ല. ഇത് മനസ്സിലാക്കിയാണ് അദാലത്തുകൾ ഉണ്ടാക്കുന്നത്. സർവ്വകലാശാല ഭരണത്തിൽ മന്ത്രിയുടെ ഓഫീസിന് ഇടപെടാനുള്ള കുറുക്കുവഴിയായി അദാലത്തുകൾ കേരളത്തിൽ മാറുകയാണ്. കേരളത്തിലെ എല്ലാ അദാലത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ഇതിന് വേണ്ടിയാണ്. വൈസ് ചാൻസലർമാർക്ക് മീതേയുള്ള സൂപ്പർ വൈസ് ചാൻസലറായാണ് ഈ ഉദ്യോഗസ്ഥൻ എല്ലായിടത്തും പ്രവർത്തിച്ചത്. ഇതോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വെട്ടിലാകുകയാണ്.

സർവകലാശാലകളുടെ സുഗമമായ നടത്തിപ്പിന് മൂന്നുമാസത്തിലൊരിക്കൽ അദാലത്തുകൾ നടത്താനാണ് സർക്കാർ തീരുമാനം. എം.ജി.യിലും കാലിക്കറ്റിലും ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് അദാലത്തിലെ തീരുമാനം നടപ്പാക്കുന്നത്. എംജിയിൽ എതിർത്തവരെ എല്ലാം സർക്കാർ മാറ്റുകയും ചെയ്തു. അങ്ങനെ സർക്കാരിന്റെ നിലപാടുകൾ അടിച്ചേൽപ്പിക്കാനും മന്ത്രിമാരുടെ താൽപ്പര്യം നടപ്പാക്കാനുമാണ് അദാലത്ത് നടക്കുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. അതേസമയം, മാർക്ക് ദാന വിവാദത്തിൽ ഗവർണർ ഇടപെട്ടു. വൈസ് ചാൻസലറോട് ഗവർണർ റിപ്പോർട്ട് തേടി.

ഫെബ്രുവരി 22-ന് എം.ജി. സർവകലാശാല അദാലത്തിൽ മന്ത്രിയും സെക്രട്ടറിയും പങ്കെടുത്തു. വിവാദം ശക്തമായതോടെ മന്ത്രി പറഞ്ഞത് ഉദ്ഘാടനം കഴിഞ്ഞ് സെക്രട്ടറി മടങ്ങിയെന്നാണ്. എന്നാൽ, ഉദ്ഘാടന വേളയിലും പരാതികേൾക്കലിലും സെക്രട്ടറി ഉൾപ്പെട്ടതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. ഏത് അധികാരത്തിലാണ് ഇടപെടലെന്ന് വ്യക്തമല്ല. ഇതിലാണ് ഒരു കുട്ടിക്ക് ബി.ടെക്. പരീക്ഷയിൽ ഒരു മാർക്ക് കൊടുത്ത് ജയിപ്പിക്കാൻ തീരുമാനിച്ചത്. ഇത് തെറ്റാണെന്ന് സിൻഡിക്കേറ്റ് അംഗംതന്നെ വ്യക്തമാക്കി. അതും പങ്കെടുത്തയാളുടെ അയൽവാസിക്ക്.

ഫെബ്രുവരി 27-ന് സാങ്കേതിക സർവകലാശാലയുടെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതിന് മിനുട്‌സ് തെളിവുണ്ട്. പരാതിക്കാർക്ക് പരീക്ഷ എഴുതാനുള്ള അവസരം, ഇന്റേണൽ മാർക്കിന്റെ പ്രശ്‌നങ്ങൾ എന്നിവയിൽ തീരുമാനം എടുത്തെന്ന് മിനുട്‌സിലുണ്ട്. പരീക്ഷ, മാർക്ക് എന്നിവയിൽ സിൻഡിക്കേറ്റിന് പരീക്ഷാ ബോർഡിന്റെ നിർദ്ദേശപ്രകാരം മാത്രം തീരുമാനം എടുക്കാമെന്നാണ് ചട്ടം. പുനർമൂല്യനിർണയം നടത്തി ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ മാർക്ക് കൂട്ടിയതും ഇവിടത്തെ നിർദ്ദേശപ്രകാരമാണ്. അത് വിവാദമാവുകയും മന്ത്രി ഫേസ്‌ബുക്കിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

മാർച്ച് രണ്ടിനായിരുന്നു കാലിക്കറ്റ് സർവകലാശാലയിൽ അദാലത്ത്. അതിലാണ് ഒരു കുട്ടിയുടെ പി.ജി. പ്രവേശനം ക്രമപ്പെടുത്തിയതും ബി.ടെക്. പരീക്ഷയിൽ ഇന്റേണൽ മാർക്ക് കൂട്ടിനൽകിയതും. ഇതിലും മന്ത്രിയുടെ സെക്രട്ടറി പങ്കെടുത്തു. കേരള യൂണിവേഴ്‌സിറ്റി അദാലത്തിലും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു. മുഴുവൻസമയം അദ്ദേഹം ഉണ്ടായിരുന്നു. പക്ഷേ, മിനുട്‌സിലെ പേരുവിവരങ്ങളിൽ ഇതില്ല. അദാലത്തുകളിൽ പങ്കെടുക്കുന്നതിലൂടെ മന്ത്രിയുടെ പ്രത്യേക താൽപ്പര്യങ്ങൾ സംരക്ഷിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

എംജി സർവകലാശാല അദാലത്തിൽ മുഴുവൻ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് എന്നാണ് മന്ത്രി വാർത്ത സമ്മേളനത്തിൽ മന്ത്രി പറഞ്ഞിരുന്നത്. ഷറഫുദ്ദീൻ മുഴുവൻ സമയവും പങ്കെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ അദാലത്ത് കഴിഞ്ഞ ശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങുവരെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസും അദാലത്തിൽ പങ്കെടുത്തു. സർവകലാശാല അധികൃതർ തന്നെ ശേഖരിച്ച അദാലത്തിന്റെ ദൃശ്യങ്ങളാണ് മന്ത്രിക്ക് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

കോതമംഗലം കോളജിലെ ബിടെക് വിദ്യാർത്ഥിക്ക് മന്ത്രിയിടപെട്ട് മാർക്ക് ദാനം നൽകിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ എൻഎസ്എസ് സ്‌കീമിന്റെ അധിക മാർക്ക് നൽകണമെന്ന് ഒരു വിദ്യാർത്ഥി ആവശ്യപ്പെട്ടു. എന്നാൽ ഒരിക്കൽ നൽകിയതിനാൽ ഇത് സാധ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2019 ഫെബ്രുവരിയിൽ സംഘടിപ്പിക്കപ്പെട്ട അദാലത്തിൽ ഈ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ ആ കുട്ടിക്ക് മാർക്ക് കൂട്ടിക്കൊടുക്കാൻ തീരുമാനിച്ചെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ അദാലത്തിൽ മന്ത്രിക്ക് പകരം പ്രൈവറ്റ് സെക്രട്ടറി ചട്ടവിരുദ്ധമായി പങ്കെടുത്താണ് ക്രമക്കേട് നടത്തിയതെന്നും ചെന്നിത്തല വിമർശിച്ചു.

ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്റെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് കെടി ജലീൽ വാദിച്ചു. ചെന്നിത്തല നിരുത്തരവാദപരമായി പറയുന്ന കാര്യങ്ങൾക്ക് മറുപട് നൽകുകയല്ല തന്റെ ജോലി. തെളിവ് സഹിതം ഉത്തരവാദിത്വത്തോടെ ആരോപണം ഉന്നയിച്ചാൽ മറുപടി നൽകുമെന്നും മന്ത്രി പറയുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP