Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനത്തിന്റെ മെട്രോയാത്ര വലിഞ്ഞു കയറിയല്ല, ക്ഷണം ലഭിച്ചിട്ടും തന്നെ! പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയവരുടെ പട്ടികയിൽ ഒ രാജഗോപാൽ എംഎൽഎയും; ബിജെപി അധ്യക്ഷൻ യാത്ര ചെയ്തതും കേരള സർക്കാർ ഒരുക്കി നൽകിയ വാഹനത്തിൽ; കാര്യങ്ങൾ എല്ലാ മുഖ്യമന്ത്രിക്കറിയാം; സുരക്ഷാ വീഴ്‌ച്ചയുണ്ടെങ്കിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിയെന്നും കുമ്മനം

കുമ്മനത്തിന്റെ മെട്രോയാത്ര വലിഞ്ഞു കയറിയല്ല, ക്ഷണം ലഭിച്ചിട്ടും തന്നെ! പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയവരുടെ പട്ടികയിൽ ഒ രാജഗോപാൽ എംഎൽഎയും; ബിജെപി അധ്യക്ഷൻ യാത്ര ചെയ്തതും കേരള സർക്കാർ ഒരുക്കി നൽകിയ വാഹനത്തിൽ; കാര്യങ്ങൾ എല്ലാ മുഖ്യമന്ത്രിക്കറിയാം; സുരക്ഷാ വീഴ്‌ച്ചയുണ്ടെങ്കിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന പിണറായിയെന്നും കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മെട്രോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ യാത്ര ചെയ്തത് വിവാദമായത് ആശയ വിനിമയത്തിലെ അപകാത കൊണ്ടെന്ന് വ്യക്തമാകുന്നു. കൊച്ചി മെട്രോയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം കുമ്മനം വലിഞ്ഞു കയറി യാത്ര ചെയ്തത് അല്ലെന്നാണ് വ്യക്തമാകുന്ന വിവരം. മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പങ്കെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെ തന്നെയാണെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്രചെയ്യേണ്ടവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് നൽകിയിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്നുമാണ് വ്യക്തമാകുന്നത്.

മറ്റ് നാല് ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ പ്രോട്ടോകോൾ പട്ടിക സംസ്ഥാനത്തിന് നൽകിയിരുന്നു. എന്നാൽ മെട്രോയിൽ യാത്രചെയ്യുന്നവരുടെ കാര്യത്തിൽ വാക്കാൽ അറിയിച്ച പട്ടികയിലും കുമ്മനത്തിന്റെ പേരുണ്ടായിരുന്നില്ല. ഏഴ് പേരുടെ കാര്യമാണ് വാക്കാൽ അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായ്ഡു, മുഖ്യമന്ത്രി പിണറായി വിജയൻ, മെട്രോമാൻ ഇ.ശ്രീധരൻ, കെഎംആർഎൽഎംഡി ഏലിയാസ് ജോർജ്, കേന്ദനഗരവികസന സെക്രട്ടറി എന്നിവരുടെ കാര്യമാണ് മെട്രോയിൽ യാത്രചെയ്യേണ്ടവരുടെ ലിസ്റ്റായി വാക്കാൽ അറിയിച്ചത്.

കുമ്മനത്തിന്റെയും ഒ.രാജഗോപാലിന്റെയും പേരുകളാണ് ട്രെയിൻ യാത്രയിൽ ഉൾപ്പെടുത്തേണ്ടവരുടേതായി പിഎംഒ നൽകിയിരുന്നത്. ഇത് പ്രകാരമാണ് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം യാത്രയിൽ പങ്കെടുക്കാൻ എത്തിയത്. കൊച്ചിയിൽ എത്തിച്ചേരാൻ സാധിക്കാത്തതിനാലാണ് രാജഗോപാലിന് യാത്രയിൽ പങ്കാളിയാകാൻ സാധിക്കാതെ പോയത്. ഇതോടെ എട്ടാമത്തെ ആളായി കുമ്മനം കൂടി ഇടംപിടിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയായിരുന്നു കുമ്മനം മെട്രോ യാത്രയിൽ ഇടംപിടിച്ചത്. ഇക്കാര്യം കേരളാ പൊലീസിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കും അറിവുള്ളതായിരുന്നു. എന്നിട്ടും സംഭവം വിവാദമായതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന ആരോപണമാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി മോദിക്കുള്ള സ്വീകരണത്തിന് സംസ്ഥാനം നൽകിയത് 10 പേരുടെ പേരുകളായിരുന്നു. എന്നാൽ 10 പേരുടെ പട്ടിക പരിഷ്‌കരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് 31 ആക്കി. അങ്ങനെയാണ് ബിജെപിയുടെ സംസ്ഥാനത്തെ പ്രധാനനേതാക്കളും സ്വീകരിക്കാനെത്തിയത്.

തന്നെ ക്ഷണിച്ചില്ലെന്ന വാദം ശക്തമായതോടെ വിമർശനങ്ങൾക്ക് മറുപടിയുമായി കുമ്മനവും രംഗത്തെത്തി. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളതുകൊണ്ടാണ് യാത്രയിൽ പങ്കെടുത്തത്. പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉൾപ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചോദിച്ചു.

മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുതെന്ന്, ഫേസ്‌ബുക്കിലൂടെ തനിക്കെതിരെ പോസ്റ്റിട്ട മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുമ്മനം ഓർമിപ്പിച്ചു. സുരക്ഷാ വീഴ്‌ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തന്റെ യാത്രയെ കുറിച്ച് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയന് അറിവുണ്ടായിരിക്കാമെന്ന സൂചനയാണ് കുമ്മനം നൽകിയത്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരള സർക്കാർ ഏർപ്പെടുത്തിയ വാഹനത്തിലാണ് ഞാനും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ എത്തിയത്. നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയാക്കാനും ഞാനുണ്ടായിരുന്നു. ഈ സമയത്ത് കേരള പൊലീസോ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജിയോ തന്നെ തടഞ്ഞില്ല. മാത്രമല്ല, എനിക്ക് ആവശ്യമായ സഹായങ്ങളും അവർ ചെയ്തുതന്നു. എന്നിട്ടുപോലും ഇതെല്ലാം വിവാദമാക്കുന്നതിനു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കുമ്മനം ആരോപിച്ചു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ പ്രതികരിക്കട്ടെ. അദ്ദേഹമാണ് ഇതിന്റെ ഉത്തരവാദി. കേരളത്തിൽ പ്രധാനമന്ത്രി എത്തുന്ന സന്ദർഭത്തിൽ അദ്ദേഹത്തോടൊപ്പം ആരൊക്കെ യാത്ര ചെയ്യുന്നു എന്നതിനെപ്പറ്റി മുഖ്യമന്ത്രിക്കു യാതൊന്നും അറിയാൻ പാടില്ലെന്നു പറയാൻ പറ്റുമോ? പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോൾ താൻ എയ്‌റോഡോമിൽ ഉണ്ടായിരുന്നല്ലോ. യാത്രയാക്കുന്ന സന്ദർഭത്തിലും മുഖ്യമന്ത്രിയോടൊപ്പം ഞാനുണ്ടായിരുന്നു. ഭാരതം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം യാത്രചെയ്തതു വലിയ വിവാദമാണോ? അനുവാദമില്ലാതെ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാൻ പറ്റുമോ? മുഖ്യമന്ത്രിയോടൊപ്പമല്ലേ താനും യാത്ര ചെയ്തത്. എന്തെങ്കിലും എതിർപ്പുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്കു പറയാമായിരുന്നല്ലോ. ഇതേപ്പറ്റി കടകംപള്ളി സുരേന്ദ്രൻ ആദ്യം ചോദിക്കേണ്ടതു മുഖ്യമന്ത്രിയോടാണ്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി, വിരൽചൂണ്ടി പറയണം, നിങ്ങളാണു സുരക്ഷാവീഴ്ച വരുത്തിയത്. ഇതു പറയാനുള്ള ആർജവം കടകംപള്ളി സുരേന്ദ്രനുണ്ടോ?- അദ്ദേഹം ചോദിച്ചു.

കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിൻ യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി.സദാശിവം തുടങ്ങിയവർക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമായിരുന്നു. സുരക്ഷാ പ്രശ്നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയിൽ ഇ. ശ്രീധരനെപ്പോലും ഒഴിവാക്കാൻ നീക്കം നടന്നതിനു പിന്നാലെയാണ്, കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ കന്നിയാത്രയിൽ കുമ്മനവും സഹയാത്രികനായത്. എന്നാൽ, കുമ്മനത്തിന്റെ യാത്രക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രവഹിച്ചതോടെയാണ് സംഭവം വിവാദമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP