Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താൻ കയറിയത് മോദിയുടെ നിർദ്ദേശം അനുസരിച്ച്; പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ പിന്നെ എന്ത് എസ് പി ജി? മെട്രോ യാത്രാ വിവാദത്തിൽ പാർട്ടി നേതാക്കളോട് കുമ്മനത്തിന്റെ വിശദീകരണം ഇങ്ങനെ; പിണറായിയും കോടിയേരിയും ഒരുമിച്ച് യാത്ര ചെയ്താൽ അത് സുരക്ഷാ ഭീഷണിയാകുമോ? ബിജെപിയുടെ മറുചോദ്യം ഇങ്ങനെ

താൻ കയറിയത് മോദിയുടെ നിർദ്ദേശം അനുസരിച്ച്; പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ പിന്നെ എന്ത് എസ് പി ജി? മെട്രോ യാത്രാ വിവാദത്തിൽ പാർട്ടി നേതാക്കളോട് കുമ്മനത്തിന്റെ വിശദീകരണം ഇങ്ങനെ; പിണറായിയും കോടിയേരിയും ഒരുമിച്ച് യാത്ര ചെയ്താൽ അത് സുരക്ഷാ ഭീഷണിയാകുമോ? ബിജെപിയുടെ മറുചോദ്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം മെട്രോയിൽ പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെ യാത്ര ചെയ്തത് വിവാദത്തിലായിരിക്കയാണ്. എസ്‌പിജിയുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരുനും മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം കയറിയതാണ് വിമർശനത്തിനും സോഷ്യൽ മീഡിയയുടെ ട്രോളിംഗിനും ഇരയായിരിക്കുന്നത്. കുമ്മനം മെട്രോയിൽ വലിഞ്ഞു കയറിയെന്ന വിധത്തിൽ വിവാദം മുറുകുമ്പോൾ തന്നെ കുമ്മനം കയറിയതിൽ യാതൊരു തെറ്റുമില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായപ്പോൾ കുമ്മനത്തെ പിന്തുണച്ചു തന്നെയാണ് ബിജെപി നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയത്.

താൻ മെട്രോയിൽ കയറിയത് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം അനുസരിച്ചാണെന്നാണ് കുമ്മനം രാജശേഖരൻ ബിജെപി നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. താൻ കയറിയത് മോദിയുടെ നിർദ്ദേശം അനുസരിച്ചാണെന്നും പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ പിന്നെ എന്ത് എസ് പി ജി? എന്നുമാണ് കുമ്മനം ഒരു മുതിർന്ന് ബിജെപി നേതാവിനോട് പ്രതികരിച്ചത്. ഇക്കാര്യം ആ നേതാവ് മറുനാടൻ മലയാളിയോടും വ്യക്തമാക്കി. ബിജെപിയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. കുമ്മനം രാജേശേഖരൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് താൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതിൽ എന്താണ് തെറ്റെന്നും കുമ്മനവും ബിജെപി നേതാക്കളും ചോദിക്കുന്നു.

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് യാത്ര ചെയ്താൽ അത് സുരക്ഷാ ഭീഷണി ആകുമോ എന്നും നേതാക്കൾ ചോദിക്കുന്നു. മാത്രവുമല്ല, മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് കലൂരിൽ വച്ചായിരുന്നു. ഈ ചടങ്ങിലല്ല കുമ്മനം പോയത്, മാത്രവുമല്ല, പ്രധാനമന്ത്രിയുടെ മെട്രോയാത്രയിൽ എസ് പി ജിയുടെ പ്രോട്ടോക്കോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് സുരക്ഷയുമായി ബന്ധപ്പെട്ട് മാത്രമായിരുന്നു. ഇങ്ങനെ സുരക്ഷാ പ്രശ്‌നം ഉണ്ടായിരുന്നെങ്കിൽ എസ് പി ജി ഉദ്യോഗസ്ഥർ എന്തുകൊണ്ടാണ് കുമ്മനത്തെ തടയാതിരുന്നതെന്നും ബിജെപി നേതാക്കൾ ചോദിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ വേണ്ടി കൊച്ചി നേവൽ ബേസ് വിമാനത്താവളത്തിൽ കുമ്മനത്തെ കൂടാതെ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും അടക്കമുള്ളവർ എത്തിയിരുന്നു. ഇവിടെ വെച്ച് പ്രധാനമന്ത്രി ഏറ്റവും സമയം ചെലവിട്ട് സംസാരിച്ചത് കുമ്മനം രാജശേഖരനോടാണ്. ഇങ്ങനെ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം കുമ്മനത്തെ മെട്രോ യാത്രക്ക് ക്ഷണിക്കുന്നതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചതോടെ എസ്‌പിജിക്കാരും അനുമതി നൽകുകയായിരുന്നു.

അതേസമയം തന്റെ പേര് പറഞ്ഞ് ഇത്രയും മികച്ചൊരു ചടങ്ങിന്റെ ശോഭ കെടുത്തുന്നതിൽ കുമ്മനം അതീവ ദുഃഖിതനാണ് താനും. അനാവശ്യമായ വിവാദത്തോട് തൽക്കാലം അകലം പാലിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ കുമ്മനത്തിന്റെ മെട്രോ യാത്രക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്‌ച്ച പരിശോധിക്കണമെന്നാണ് കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.

കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്‌ച്ചയാണ്. എസ്‌പിജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓർക്കണം. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം എംഎൽഎ പി ടി തോമസിനെ ഉൾപ്പെടുത്താനും തയ്യാറായില്ല. ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇതെന്നും കടകംപള്ളി കുറ്റപ്പെടുത്തുകയുണ്ടായി.

അതേസമയം കുമ്മനം ഉൾപ്പെട്ട മെട്രോ യാത്രയുടെ ധാരാളം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ വളരെ നൈസായി ഫോട്ടോയിൽ നിന്ന് കുമ്മനത്തെ ഒഴിവാക്കിക്കളഞ്ഞു. മെട്രോയുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുമൊത്തുള്ള യാത്രയും വിശദീകരിച്ച് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിൽ കുമ്മനത്തിന്റെ ചിത്രമില്ല. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ പി സദാശിവം എന്നിവർ മാത്രമാണ് ഫോട്ടോയിൽ ഉള്ളത്. കുമ്മനത്തെ ഫോട്ടോയിൽ നിന്നും ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നടപടിയും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP