Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജാതിയും മതവുമല്ല ജീവിതമാണ് പ്രധാനം; രാഷ്ട്രീയക്കാരുടെ ജാഥാ ബഹളങ്ങൾക്കിടയിൽ വേറിട്ടൊരു ജാഥയുമായി കവി കുരീപ്പുഴ ശ്രീകുമാർ; കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള മതാതീത സാംസ്കാരിക യാത്രയിൽ ഒപ്പം ചേരാൻ മത്സരിച്ച് മലയാളികൾ

ജാതിയും മതവുമല്ല ജീവിതമാണ് പ്രധാനം; രാഷ്ട്രീയക്കാരുടെ ജാഥാ ബഹളങ്ങൾക്കിടയിൽ വേറിട്ടൊരു ജാഥയുമായി കവി കുരീപ്പുഴ ശ്രീകുമാർ; കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള മതാതീത സാംസ്കാരിക യാത്രയിൽ ഒപ്പം ചേരാൻ മത്സരിച്ച് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തതോടെ ജാഥകളുടെ ബഹളമാണ്. കാസർകോഡു നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച യാത്രകൾ എവിടെ എത്തിയെന്ന കാര്യത്തിൽ പലർക്കും ഒരു ധാരണയുമില്ല. പലജാഥകളും പുറപ്പെട്ടപ്പോൾ മാദ്ധ്യമങ്ങളിൽ യാത്രയായി എങ്കിലും പിന്നീട് കാര്യമായി ഒന്നും അറിയാത്ത അവസ്ഥയിലാണ്. രാഷ്ട്രീയം പറഞ്ഞും പരസ്പ്പരം വിഴുപ്പലക്കിയുമാണ് ഇത്തരം രാഷ്ട്രീയ ജാഥകളുടെ മുന്നോട്ടുള്ള പ്രയാണം. ഇങ്ങനെ രാഷ്ട്രീയജാഥകൾക്കിടെ മാനവനന്മ ലക്ഷ്യമിടുള്ള ഒരു ജാഥ കാസർകോഡു നിന്നും പുറപ്പെടാൻ ഒരുങ്ങുകയാണ്. മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തിൽ മതാതീത സാംസ്കാരിക യാത്രയ്ക്കാണ് തുടക്കമാകുന്നത്.

നവകേരളം സൃഷ്ടിക്കാനായി പിണറായി വിജയനും കേരളത്തെ രക്ഷിക്കാനായി വി എം സുധീരനും കേരളത്തെ മോചിപ്പിക്കാനായി കുമ്മനം രാജശേഖരനുമൊക്കെ യാത്ര ചെയ്യുന്നതിന് ഇടയിലാണ് മലയാൡകളുടെ മനസ്സിന് ശുദ്ധീകരിക്കുന്നതിനായി ഒരു യാത്രയുമായി കവിഹൃദയം ഇറങ്ങിത്തിരിക്കുന്നത്. ഫെബ്രുവരി 20 മുതൽ മാർച്ച് 4 വരെയാണ് മതാതീത സാംസ്കാരിക യാത്രയ്ക്ക് തുടക്കമാകുന്നത്. പേരിനൊരു യാത്ര എന്നതിൽ ഉപരി മഹത്തായൊരു ലക്ഷ്യം കൂടി മുൻനിർത്തിയാണ് കുരീപ്പുഴയുടെ യാത്ര.

ജാതിയും മതവുമല്ല, ജീവിതമാണ് പ്രധാനം എന്ന മുദ്രാവാക്യമാണ് മതാതീത സാംസ്കാരിക ജാഥ മുന്നോട്ടു വെക്കുന്നത്. ജാഥയ്‌ക്കൊപ്പം കുരീപ്പുഴ ശ്രീകുമാർ സഞ്ചരിക്കുമെങ്കിലും താൻ ജാഥയുടെ നായകനല്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു. ഒരു പ്രത്യേക നായകനോ, നോട്ടുമാലയോ, സ്വീകരണ സ്ഥലങ്ങളോ മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല. കേരളത്തിന്റെ ചെറുതും വലുതമായി പട്ടണങ്ങളിൽ സഞ്ചരിക്കുന്ന ജാഥയിൽ മനുഷ്യ സംഘമങ്ങളും കവിയരങ്ങും നാടൻ പാട്ടരങ്ങ്, ലഘു നാടകങ്ങൾ, സംവാദങ്ങൾ തുടങ്ങിയ വിവിധ പരിപാടികൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ജാഥകൾ എല്ലാം അവസാനിച്ച ശേഷമാണ് മതാതീത സാംസ്കാരിക യാത്രയ്ക്ക് തുടക്കമാകുന്നത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ജാഥകൾ തീർക്കുന്ന കലുഷിത മനസുകളെ ശാന്തമാക്കുക എന്നതാണ് ഈ ജാഥയുടെ പ്രധാന ലക്ഷ്യമെന്നും കുരീപ്പുഴ പറഞ്ഞു. ജാതിയും മതവുമല്ല, ജീവിതമാണ് പ്രധാനമെന്ന് മനുഷ്യസുകളെ ബോധ്യപ്പെടുത്താനുള്ള സാംസ്കാരിക ഇടപെടലാണ് ഇത്. മഞ്ചേര്വരത്ത് കന്നഡ രാഷ്ട്രകവി ഗോവിന്ദപൈയുടെ വീട്ടിൽ നിന്നാണ് ജാഥ ആരംഭിക്കുന്നത്. ജാഥയിൽ യുവകവികളും യുവ സംവിധായകരും സാംസ്കാരിക പ്രവർത്തകരും അണിചേരും. മാർച്ച് നാലിന് അരുവിപ്പുറത്താണ് ജാഥയുടെ സമാപനം.

മതാതീത സംസ്‌ക്കാരമാണ് കേരളത്തിന്റേതെന്ന് ബോധ്യപ്പെടുത്താനാണ് ജാഥയെന്നും കുരീപ്പുഴ ശ്രീകുമാർ മറുനാടനോട് വ്യക്തമാക്കി. കേരളത്തിൽ മതവിദ്വേഷം ഭയാനകമായ തോതിൽ വർദ്ധിക്കുകയാണ്. മുൻകാലത്ത് ഇങ്ങനെയുണ്ടായ വേളയിൽ സാംസ്കാരിക ഇടപെടൽ ശക്തമായി ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുവും ഉള്ളൂർ പരമേശ്വര അയ്യരും അയ്യങ്കാളിയും വാഗ്ഭടാനന്ദനും അടക്കമുള്ള വിശാലമായ മതാതീത കാഴ്‌ച്ചപ്പാട് നമുക്ക് മുന്നിൽ വച്ചവരാണ്. മഹാത്മാ ഗാന്ധിയോട് ജാതി പറയില്ലെന്ന് വ്യക്തമാക്കിയ ശീലമാണ് കേരളത്തിന്റെ സംസ്‌ക്കാരം. അവനവന്റെ വിശ്വാസപ്രമാണത്തിൽ വിശ്വസിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, അതിൽ മറ്റൊരാളുടെ വിശ്വാസത്തിന്മേൽ കടന്നുകയറാൻ അവകാശമില്ല. പരസ്പ്പര ബഹുമാനത്തോടെയുള്ള മതാതീത സംസ്‌ക്കാരമാണ് നമ്മുടേത്. അത് തിരിച്ചു പിടിക്കുന്നതിനുള്ള സാംസ്കാരിക ഇടപെടൽ ആയാണ് ഈ ജാഥയെ കാണുന്നതെന്നും കുരീപ്പുഴ പറഞ്ഞു.

ജാഥയെ പിന്തുണയ്ക്കുന്നവരിൽ നിന്നായി ജാഥയ്ക്കായി സഹായധനം സ്വീകരിക്കും. ജാഥ പൂർത്തിയായ ശേഷം സോഷ്യൽ മീഡിയയിലൂടെ ഇതിന്റെ കൃത്യമായ കണക്കുകളും പുറത്തുവിടുമെന്ന് കുരീപ്പുഴ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ അടക്കം നിരവധി പേർ മതാതീത സാംസ്കാരിക ജാഥയ്ക്ക് പിന്തുണ അർപ്പിച്ച് രംഗത്തുവന്നിട്ടുള്ളത്. മതവിദ്വേഷം വളർന്നു വരുന്ന കാലത്ത് അതിനെതിരായ പ്രതിരോധമായി ഈ സാംസ്കാരിക ജാഥയെ കേരളം കൈനീട്ടീ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP