Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സെക്രട്ടറിയറ്റ് ഉപവാസത്തിൽ വൈദികരും വിശ്വാസികളും പങ്കെടുക്കണമെന്ന ആഹ്വാനവുമായി ഇടയലേഖനം; വിശ്വാസികളേയും വൈദികരേയും പ്രതികളാക്കാൻ വനംവകുപ്പും പൊലീസും ബോധപൂർവ്വമായ ശ്രമം നടത്തിയെന്നും ആരോപണം; കുരിശുമലയിലെ അക്രമത്തിനെതിരേ നെയ്യാറ്റിൻകര രൂപതയുടെ സമരം ഭരണസിരാകേന്ദ്രത്തിലേയ്ക്ക്; കുരിശു പുനഃസ്ഥാപിച്ച് ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യം

സെക്രട്ടറിയറ്റ് ഉപവാസത്തിൽ വൈദികരും വിശ്വാസികളും പങ്കെടുക്കണമെന്ന ആഹ്വാനവുമായി ഇടയലേഖനം; വിശ്വാസികളേയും വൈദികരേയും പ്രതികളാക്കാൻ വനംവകുപ്പും പൊലീസും ബോധപൂർവ്വമായ ശ്രമം നടത്തിയെന്നും ആരോപണം; കുരിശുമലയിലെ അക്രമത്തിനെതിരേ നെയ്യാറ്റിൻകര രൂപതയുടെ സമരം ഭരണസിരാകേന്ദ്രത്തിലേയ്ക്ക്; കുരിശു പുനഃസ്ഥാപിച്ച് ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയിലെ കുരിശുകൾക്കും അൾത്താരയ്ക്കും നേരേയുണ്ടായ ആക്രമത്തിൽ പൊലീസിനും വനംവകുപ്പിനും വിമർശനവുമായി നെയ്യാറ്റിൻകര രൂപതയുടെ ഇടയലേഖനം. വിശ്വാസികളേയും വൈദികരേയും പ്രതികളാക്കാൻ ബോധപൂർവ്വമായ ശ്രമം ഈ വകുപ്പുകളിൽ നിന്നുണ്ടാവുന്നു എന്ന് ഇടയലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. കുരിശു തകർത്തത് വർഗ്ഗീയ ശക്തികളാണെങ്കിൽ അത് വരാനിരിക്കുന്ന അപകടങ്ങളുടെ തുടക്കമായി സഭ കാണുന്നു. ഈ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു. രൂപതയുടെ കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച ആരാധനാസമയത്ത് ഈ ലേഖനം വായിച്ചു വിശദീകരിക്കും

ബോണക്കാട്ടെ തീർത്ഥാടന നടത്തിപ്പുമായി ബന്ധപ്പെട്ടു നിർമ്മിച്ച കുരിശുകളും അൾത്താരയും തകർത്ത നിലയിൽ കണ്ടെത്തിയത് വൻ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. വനഭൂമിയിലെ അനധികൃത നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിരിക്കെയാണ് കുരിശുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. ഇത് മേഖലയിലെ സംഘർഷങ്ങൾക്കും കാരണമായി. വനം വകുപ്പിന്റെ അധീനതയിലാണെന്നു വകുപ്പ് അവകാശപ്പെട്ട ഭൂമിയിലെ കുരിശുകളാണു തകർക്കപ്പെട്ടത്. 14 കുരിശുകളിൽ മൂന്നെണ്ണം നേരത്തെ വനം അധികൃതർ ഇളക്കി മാറ്റിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മന്ത്രി കെ.രാജു ഇടപെട്ടു വകുപ്പുതല നടപടി നിർത്തിവച്ചതിനു പിന്നാലെയാണ് ഈ സംഭവം ഉണ്ടായത് . വനം വകുപ്പിനു പങ്കില്ലെന്നാണ് സർക്കാർ നിലപാട്

കുരിശുമലയിലെ കുരിശുകൾ നീക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 19നാണ് നെയ്യാറ്റിൻകര രൂപതാ മെത്രാന്് വനം വകുപ്പ് നോട്ടീസ് നല്കുന്നത്. വനം മന്ത്രി നല്കിയ ഉറപ്പിന് വിരുദ്ധമായാണ് നോ്ട്ടീസ് അയച്ചത്. എന്നാൽ ഈ നോട്ടീസ് നല്കും മുമ്പു തന്നെ കുരിശുകൾ തകർത്തതായും സഭ ആരോപിക്കുന്നു. ഒട്ടേറെ സഹനസമരങ്ങളിലൂടെ വളർന്നു വന്ന സഭ ശക്തമായ സമരത്തിനൊരുങ്ങേണ്ട സമയമാണ് ഇതെന്നും ലേഖനത്തിൽ പറയുന്നു. രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിർന്ന മണ്ണിലാണ് സഭാതരു തഴച്ചു വളർന്നത്. ആ സത്യം നമ്മെ ബലപ്പെടുത്തുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ട്ത്തിൽ അണിചേരാൻ വിശ്വാസികളേയും സന്യസ്തരേയും വൈദികരേയും ആഹ്വാനം ചെയ്തുകൊണ്ടാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിനായി പ്രത്യേക പ്രാർത്ഥനകൾ വീടുകളിലും ദൈവാലയങ്ങളിലും നടത്തണമെന്നും ലേഖനത്തിൽ പറയുന്നു

1956 ലാണ് ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന് വേണ്ടി മരക്കുരിശ് സ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ വർഷം തീർത്ഥാടനത്തിന്റെ 60 വർഷം പ്രമാണിച്ച് കോൺക്രീറ്റ് കുരിശ് സ്ഥാപിക്കപ്പെട്ടു. എന്നാൽ കോൺക്രീറ്റ് കുരിശ് സ്ഥാപിക്കുന്നതിന് വനം വകുപ്പിന്റെ മുൻകൂർ അനുവാദം രൂപത വാങ്ങിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കോൺക്രീറ്റ് കുരിശ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് വനം വകുപ്പ് രൂപതയ്ക്ക് നോട്ടീസ് നല്കിയിരുന്നു.1996ൽ നെയ്യാറ്റിൻകര രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ വിതുര ഇടവകയുടെ നേതൃത്വത്തിലാണ് കുരിശുമലയിലേക്ക് വിശ്വാസികളുടെ യാത്ര സംഘടിപ്പിപ്പിക്കുന്നത്. 2008ൽ ഇവിടം സഭയുടെ ഔദ്യോഗിക തീർ്ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതോടെ യാണ് ഇങ്ങോട്ട് സംഘടിതമായ തീർത്ഥാടനം തുടങ്ങുന്നത്. വിശ്വാസികൾ വർദ്ധിച്ചതോടെ കുന്നിൻ മുകളിൽ ഉണ്ടായിരുന്ന കുരിശിനു പുറമേ 13 കുരിശുകൾ കൂടി ഈ വഴിയിൽ സ്ഥാപിക്കപ്പെട്ടു. ഇതിൽ നാലെണ്ണം വനഭൂമിയിലാണെന്ന് സഭ സമ്മതിക്കുന്നുമുണ്ട്.

എന്നാൽ അഞ്ചു കുരിശുകളാണ് വനഭൂമിയിൽ ഉള്ളതെന്നാണ് വനം വകുപ്പിന്റെ വാദം. ഇത് മാറ്റാനുള്ള നീക്കം വിവാദമായതോടെയാണ് തുടർ നടപടി നിർത്തി വച്ചു. വനഭൂമിയിലെ അഞ്ച് കുരിശുകളിൽ മൂന്നെണ്ണം ആദ്യം മാറ്റിയിരുന്നു ബാക്കി രണ്ടെണ്ണം ഇളക്കിമാറ്റാൻ വനം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയെങ്കിലും നടന്നില്ല. വികാരിയും വിശ്വാസികളും കൂട്ടമായെത്തി തടഞ്ഞതോടെ വനം ഉദ്യോഗസ്ഥർ തിരിച്ചുപോയി. വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നല്ല, പകരം റവന്യൂ അധികൃതരുടെയും പൊലീസിന്റെയും സഹായം ലഭിക്കാത്തതിനാലാണു തിരിച്ചുപോയതെന്നു വനം അധികൃതർ അറിയിക്കുകയും ചെയ്തു. തീർത്ഥാടക നടത്തിപ്പ് ചുമതലയുള്ള വികാരി ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തിനെ അറിയിക്കാതെയായിരുന്നു കുരിശുമാറ്റിയതെന്നും ആരോപണമുണ്ട്.

വനം വകുപ്പിന്റെ നടപടിക്കെതിരെ കെഎൽസിഎ, കെസിവൈഎം പ്രവർത്തകർ വിതുര വനംവകുപ്പ് ഓഫിസിലേക്കു റാലി നടത്തി. വിശ്വാസികൾ കുരിശുമലയിലെത്തി പ്രാർത്ഥിക്കുന്നതിലോ തീർത്ഥാടനം നടത്തുന്നതിലോ വനം വകുപ്പിന് എതിർപ്പില്ലെന്നു പരുത്തിപ്പള്ളി വനം റേഞ്ച് ഓഫിസർ ദിവ്യ എസ്.എസ്.റോസ് അറിയിച്ചു. എന്നാൽ അനധികൃത നിർമ്മാണം അനുവദിക്കില്ലെന്നും വിശദീകരിച്ചു. ഇതു സംബന്ധിച്ചു പല തവണ തീർത്ഥാടന നടത്തിപ്പ് കമ്മിറ്റി അധികൃതർക്കു വനം വകുപ്പ് നോട്ടിസ് നൽകിയിരുന്നു. കുരിശുമലയിലേയ്ക്കുള്ള വഴി നിയമാനുസൃതമാണു കെട്ടിയടച്ചത്. അടുത്ത് തീർത്ഥാടന കാലം വരുമ്പോൾ അതു തുറന്നുകൊടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിൽ മരക്കുരിശുകൾ നിർമ്മിക്കാമെന്നുമാണ് അധികൃതരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP