Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെ.പി റെജി പ്രസിഡന്റ്, ഇ.എസ് സുഭാഷ് ജനറൽ സെക്രട്ടറി; പി.സുരേഷ് ബാബു ട്രഷറർ; പി.വി.കുട്ടനും നിഷ പുരുഷോത്തമനും വൈസ് പ്രസിഡന്റുമാർ; ടി.പി.പ്രശാന്തും ഷബ്‌ന സിയാദും ശ്രീലാ പിള്ളയും സെക്രട്ടറിമാർ; 33 വീതം തുല്യവോട്ടുകൾ നേടിയതോടെ ട്രഷററെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം

കെ.പി റെജി പ്രസിഡന്റ്, ഇ.എസ് സുഭാഷ് ജനറൽ സെക്രട്ടറി; പി.സുരേഷ് ബാബു ട്രഷറർ; പി.വി.കുട്ടനും നിഷ പുരുഷോത്തമനും വൈസ് പ്രസിഡന്റുമാർ; ടി.പി.പ്രശാന്തും ഷബ്‌ന സിയാദും ശ്രീലാ പിള്ളയും സെക്രട്ടറിമാർ; 33 വീതം തുല്യവോട്ടുകൾ നേടിയതോടെ ട്രഷററെ തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെ; പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരള പത്രപ്രവർത്തക യൂണിയൻ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. തൃശൂരിൽ, നടന്ന കെയുഡബ്യുജെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സ്ഥാനാരോഹണം. പുതിയ രണ്ടുവൈസ് പ്രസിഡന്റുമാരെയും, മൂന്നുസെക്രട്ടറിമാരെയും ട്രഷററെയും തിരഞ്ഞെടുത്തു. പി.സുരേഷ് ബാബു( മാതൃഭൂമി) ആണ് പുതിയ ട്രഷറർ. പ്രസിഡന്റായി മാധ്യമത്തിലെ കെ.പി.റെജിയെയും, ജനറൽ സെക്രട്ടറിയായി ദേശാഭിമാനിയിലെ ഇ.എസ്.സുഭാഷിനെയും നേരത്തെ തിരഞ്ഞെടുത്തിരുന്നു.

കൈരളി ടിവിയിലെ പി.വി.കുട്ടനും മനോരമ ന്യൂസിലെ നിഷ പുരുഷോത്തമനുമാണ് പുതിയ വൈസ് പ്രസിഡന്റുമാർ. കൈരളി ടിവിയിലെ ടി.പി.പ്രശാന്ത്, മീഡിയ വണ്ണിലെ ഷബ്‌ന സിയാദ്, റിപ്പബ്ലിക് ടിവിയിലെ ശ്രീലാ പിള്ള എന്നിവരാണ് പുതിയ സെക്രട്ടറിമാർ. ട്രഷറർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ പി.സുരേഷ് ബാബുവും, കിരൺ ബാബുവും 33 വീതം തുല്യവോട്ടുകൾ നേടിയതോടെ നറുക്കെടുപ്പ് വേണ്ടി വന്നു. നറുക്കെടുപ്പിൽ സുരേഷ് ബാബുവാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മാധ്യമത്തിലെ ന്യൂസ് എഡിറ്റർ കെ പി റെജി പ്രസിഡണ്ടായും ദേശാഭിമാനിയിലെ ഇ എസ് സുഭാഷ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്രപ്രവർത്തക യൂണിയന്റെ മുൻ സംസ്ഥാന ഉപാധ്യക്ഷനാണ് കെ പി റെജി. പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഇ എസ് സുഭാഷ്. റെജിക്ക് 258 വോട്ടിന്റെയും സുഭാഷിന് 58 വോട്ടിന്റെയും ഭൂരിപക്ഷമാണ് കിട്ടിയത്.

റെജിക്കെതിരെ മാധ്യമത്തിലെ തന്നെ എൻ പത്മനാഭൻ രംഗത്ത് വന്നതോടെയാണ് മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ദേശാഭിമാനിയുടെ പിന്തുണയോടെയായിരുന്നു മാധ്യമത്തിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ പത്മനാഭൻ പോരാടാൻ എത്തിയത്. വിമത സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിനെച്ചൊല്ലി മാധ്യമത്തിലെ ജീവനക്കാരും ദേശാഭിമാനി പ്രവർത്തകരും തമ്മിലും സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷമായ വാക്കേറ്റം വരെ നടന്നിരുന്നു. വോട്ടെണ്ണൽ തുടരുമ്പോൾ തികഞ്ഞ ആധിപത്യത്തോടെ തന്നെയായിരുന്നു റെജിയുടെ മുന്നേറ്റം. റെജി 1474 വോട്ട് നേടിയപ്പോൾ പത്മനാഭന് 1216 വോട്ട് ലഭിച്ചു. 114 വോട്ടുകൾ അസാധുവായി.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ദേശാഭിമാനിയിലെ ഇ എസ് സുഭാഷിനെതിരെ ജനയുഗത്തിലെ സുരേഷ് എടപ്പാൾ രംഗത്ത് വന്നതോടെയായിരുന്നു മത്സരം ശ്രദ്ധിക്കപ്പെട്ടത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പകുതിയിലധികം സമയവും മുന്നിട്ട് നിന്ന് സുരേഷ് സുഭാഷിനെ ഞെട്ടിക്കുകയും ചെയ്തു. സുരേഷ് വിജയിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് അവസാന നിമിഷങ്ങളിൽ സുഭാഷ് പതിയെ മുന്നിലേക്ക് കയറിവന്നത്. എസ് സുഭാഷ് 1363 വോട്ട് നേടിയപ്പോൾ സുരേഷ് എടപ്പാളിന് 1305 വോട്ട് ലഭിച്ചു. 135 വോട്ടുകൾ അസാധുവായി.

സമാപന സമ്മേളനം

ഇന്ത്യൻ ഭരണഘടന തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസംവിധാനങ്ങൾ നിസഹായരാക്കപ്പെടുകയും എക്‌സിക്യുട്ടീവ് സ്വാതന്ത്ര്യമില്ലാതെ പകച്ചു നിൽക്കുകയും മാധ്യമങ്ങൾ ബോധപൂർവ്വമായി നിശബ്ദരാക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക അവസ്ഥയിൽ സംഘടിതമായ പ്രതികരണ ശേഷി ഉണരണം. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ കെ എം ബഷീർ നഗറിൽ (കാസിനോ കൾച്ചറൽ ഓഡിറ്റോറിയം) നടന്ന ചടങ്ങിൽ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അധ്യക്ഷത വഹിച്ചു.

പൗരത്വ ഭേഗഗതിയെന്നത് മുസ്ലിം സമുദായത്തിന്റെ മാത്രംപ്രശ്‌നമല്ല. ഇന്ത്യയുടെ മതേതര സ്വഭാവത്തിന്റെ കടക്കൽ കത്തിവക്കുന്നതാണ്. ഗാന്ധിജിയെ വധിച്ച ഗോഡ്‌സെ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിൽ വിഭജനമുയർത്തി സെക്യുലർ സ്റ്റേറ്റെന്ന സ്വഭാവം തന്നെ തകർക്കലാണ് ലക്ഷ്യം. മതേതര സ്വഭാവം ഇന്ത്യയുടെ അടിസ്ഥാന ഘടകമാണ്. അതു തകർക്കാനുള്ള നീക്കത്തെ സംഘടിതമായി ചെറുക്കണം. പൗരത്വ ഭേദഗതി പിന്നാലെ വരുന്ന മറ്റ് അപകടകരമായ നിയമ സംവിധാനങ്ങളിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി വി എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ രാജൻ തുടങ്ങിയവർ മുഖ്യാതിഥികളായി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ്, മുൻ പ്രസിഡന്റ് കമാൽ വരദൂർ, മുൻ ജനറൽ സെക്രട്ടറി സി നാരായണൻ, സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് നിഷ പുരുഷോത്തമൻ, സെക്രട്ടറിമാരായ ഷബ്‌ന സിയാദ്, ശ്രീല പിള്ള, ജന. കൺവീനർ എം വി. വിനീത, യൂനിയൻ ജില്ലാ പ്രസിഡന്റ് കെ പ്രഭാത് സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP