Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ പത്രക്കാർക്ക് പിച്ചച്ചട്ടിയിൽ നിന്ന്; ഡൽഹി പ്രസ് ക്ലബ് പാവങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ കേരള പത്ര പ്രവർത്തക യൂണിയൻ കോർപറേഷന്റെ കമ്യൂണിറ്റി കിച്ചനിൽ നിന്നുള്ള ഭക്ഷണം പത്രക്കാർക്ക് വിളമ്പുന്നു; കോവിഡ് കാലത്തെ അന്നദാനം കെ.എം.ബഷീർ വിഷയത്തിലെ വഞ്ചന മറയ്ക്കാനുള്ള നീക്കമോ? ശ്രീറാം സർവീസിൽ സസുഖം വാഴുമ്പോൾ ചമ്മൽ മറയ്ക്കാൻ യൂണിയൻ ജില്ലാ നേതൃത്വത്തിന്റെ സൂത്രം

പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ പത്രക്കാർക്ക് പിച്ചച്ചട്ടിയിൽ നിന്ന്; ഡൽഹി പ്രസ് ക്ലബ് പാവങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ കേരള പത്ര പ്രവർത്തക യൂണിയൻ കോർപറേഷന്റെ കമ്യൂണിറ്റി കിച്ചനിൽ നിന്നുള്ള ഭക്ഷണം പത്രക്കാർക്ക് വിളമ്പുന്നു; കോവിഡ് കാലത്തെ അന്നദാനം കെ.എം.ബഷീർ വിഷയത്തിലെ വഞ്ചന മറയ്ക്കാനുള്ള നീക്കമോ? ശ്രീറാം സർവീസിൽ സസുഖം വാഴുമ്പോൾ ചമ്മൽ മറയ്ക്കാൻ യൂണിയൻ ജില്ലാ നേതൃത്വത്തിന്റെ സൂത്രം

മറുനാടൻ ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ കമ്യൂണിറ്റി കിച്ചനിൽ നിന്നും മാധ്യമ പ്രവർത്തകർക്ക് ഭക്ഷണമെത്തിക്കാനുള്ള പത്രപ്രവർത്തക യൂണിയന്റെ നീക്കം വിവാദമാകുന്നു. ഭക്ഷണമില്ലാതെ മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നു എന്ന് മനസിലാക്കിയുള്ള സൗജന്യഭക്ഷണ വിതരണമെന്നാണ് നീക്കത്തെ പത്രപ്രവർത്തക യൂണിയൻ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്. നാളെ ഭക്ഷണം വേണ്ട മാധ്യമപ്രവർത്തകർ തലേ ദിവസം തന്നെ യൂണിയൻ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് വാട്‌സ് അപ്പ് സന്ദേശം അയക്കണമെന്നാണ് അറിയിപ്പിൽ വെള്ളിമംഗലം തന്നെ വ്യക്തമാകുന്നത്. പക്ഷെ ശ്രീറാം വെങ്കിട്ടരാമൻ പ്രശ്‌നത്തിൽ പ്രതിക്കൂട്ടിലായ ജില്ലാ നേതൃത്വം സംഭവങ്ങൾ മയപ്പെടുത്താൻ ആലോചിച്ചുള്ള നീക്കമെന്നാണ് വിമർശനം ഉയരുന്നത്.

ബഷീർ സംഭവത്തിൽ കയ്യിൽ പുരണ്ട ചോര കഴുകിക്കളയാനുള്ള നീക്കം എന്നാണ് സൗജന്യഭക്ഷണ വിതരണത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും ആക്ഷേപം ഉയരുന്നത്. ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി തിരികെയെടുത്തത് പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തോട് ആലോചിച്ചിട്ടാണെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് മാധ്യമ പ്രവർത്തകർക്കിടയിൽ വിള്ളലുണ്ടാക്കിയത്. ഒറ്റുകാർ തങ്ങൾക്കിടയിൽ തന്നെ എന്ന രീതിയിലാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ പത്രപ്രവർത്തക ജില്ലാ നേതൃത്വത്തെയും പ്രസ് ക്ലബ് നേതൃത്വത്തേയും മാധ്യമ പ്രവർത്തകർ കണ്ടത്. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ കാര്യവും ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാമിനെ തിരികെ സർവീസിൽ എടുത്തിരിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമോന്നും കെയുഡബ്ല്യുജെ ജില്ലാ നേതൃത്വമോ പ്രസ് ക്ലബ് നേതൃത്വമോ വെളിയിൽ പറഞ്ഞില്ല. മുഖ്യമന്ത്രി ശ്രീറാമിനെ തിരികെ എടുത്തപ്പോഴാണ് യൂണിയൻ നേതൃത്വത്തെ അറിയിച്ചാണ് പുനപ്രവേശനമെന്നു അറിയിച്ചത്. ഇതോടെയാണ് കെയുഡബ്ല്യുജെ ജില്ലാ നേതൃത്വത്തോട് മാധ്യമ പ്രവർത്തകർക്ക് എതിർപ്പുയർന്നത്.

ബഷീർ വിഷയത്തിലെ വഞ്ചന മറയ്ക്കാൻ സൗജന്യഭക്ഷണപ്പൊതി എന്നാണ് മാധ്യമ പ്രവർത്തകൻ അജയ് കുമാർ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ഡൽഹി പ്രസ് ക്ലബ് അഞ്ഞൂറ് പൊതി ഭക്ഷണം പാവങ്ങൾക്ക് സ്വയം വിതരണം ചെയ്യുന്നു. തിരുവനന്തപുരത്ത് കെയുഡബ്ലുജെ ഭാരവാഹികൾ കോർപറേഷൻ കമ്യൂണിറ്റി കിച്ചനിൽ നിന്ന് പാവപ്പെട്ടവർക്കുള്ള അഞ്ഞൂറ് ഭക്ഷണപ്പൊതി വാങ്ങി മാധ്യമപ്രവർത്തകർക്ക് വിതരണം ചെയ്യുന്നു. ഡൽഹി പ്രസ് ക്ലബ് അവരുടെ പേര് സഹിതം വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിയുടെ ഫോട്ടോ എടുത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ചേർത്തു അജയ് കുമാർ ആക്ഷേപം ചൊരിഞ്ഞു. പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ പത്രക്കാർക്ക് പിച്ചച്ചട്ടിയിൽ നിന്ന് എന്നാണ് അടുത്ത ഫെയ്‌സ് ബുക്ക് കുറിപ്പിന് അജയ് കുമാർ തലക്കെട്ട് കൊടുത്തത്. താഴെ ഭക്ഷണ വിതരണത്തിനായി സുരേഷ് വെള്ളിമംഗലം നടത്തിയ ആഹ്വാനവും അജയ് കുമാർ എടുത്ത് ചേർക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതൽ മാധ്യമ പ്രവർത്തകർ സൗജന്യ ഭക്ഷണ വിതരണത്തിന്നെതിരെ രംഗത്ത് വന്നത്. ബഷീറിനെ കാറിടിച്ച് കൊന്നതും രക്ഷപ്പെടാൻ ശ്രീറാം വെങ്കിട്ടരാമൻ നടത്തിയ ശ്രമങ്ങളും തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ മറക്കില്ല. ഐഎഎസുകാർ ഒറ്റക്കെട്ടായി നിന്നാണു ശ്രീറാമിനെ രക്ഷിച്ചെടുത്തത്. കിംസ് ആശുപത്രി എല്ലാ ഒത്താശകളും ചെയ്തപ്പോൾ ശ്രീറാമിന്റെ രക്തത്തിൽ ഒരു തുള്ളി ആൽക്കഹോൾ പോലും കണ്ടെത്താൻ പരിശോധനയിൽ കഴിഞ്ഞില്ല. പുഷ്പം പോലെ കേസിൽ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കം നടത്തിയ ഐഎഎസ് ലോബി കൊറോണ കാലത്ത് ഏറ്റവും പ്രാധാന്യമുള്ള ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ സ്വാധീന ശക്തിയുള്ള ഒരു മാധ്യമപ്രവർത്തകന് പോലും ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടു ഒന്നും ചെയ്യാനായില്ല. കേസ് കോടതിയിൽ നിൽക്കുകയാണ്. മദ്യപിച്ച് കാറോടിച്ച് ബഷീറിനെ കൊന്ന കേസിൽ പ്രതിസ്ഥാനത്ത് ശ്രീറാം വെങ്കിട്ടരാമാനാണ്. ഈ കേസ് കോടതിയിൽ തുടരുകയുമാണ്. എന്നിട്ടും കൊറോണ കാലത്ത് ഏറ്റവും പരമപ്രധാനമായ പോസ്റ്റിൽ ശ്രീറാം വെങ്കിട്ടരാമൻ തിരികെ കയറുക തന്നെ ചെയ്തു. ഈ രോഷം പുകഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് പത്രപ്രവർത്തക യൂണിയനുമായി ആലോചിച്ചാണ് ശ്രീറാമിനെ തിരികെ എടുത്തത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. ഇതോടെയാണ് സർക്കാരിനെതിരെയുള്ള രോഷം യൂണിയന് എതിരെയുള്ള രോഷമായി മാറിയത്. വളരെ ശക്തമായ ആരോപണങ്ങളാണ് ഈ പ്രശ്‌നത്തിൽ യൂണിയൻ ജില്ലാ നേതൃത്വത്തിന്നെതിരെ ഉയർത്തിയത്. വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ ഇതിന്റെ രോഷം പ്രകടമാണ്. ഈ രോഷം പ്രകടനം തന്നെയാണ് സൗജന്യ ഭക്ഷണ വിതരണത്തിനു മുതിർന്ന ജില്ലാ നേതൃത്വത്തിനും എതിരായി മാറിയത്.

ബഷീർ പ്രശ്‌നത്തിൽ കെ.എൻ.സാനു നൽകിയ വാട്‌സ് അപ്പ് സന്ദേശം:

നേതാക്കളേ,

ബഷീറിനെ ഒറ്റിയവരുടെ കുറ്റസമ്മത മൊഴികൾ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. നന്നായി.. ചെന്നായ്ക്കൾ സ്വയം ആട്ടിൻകുട്ടിയുടെ തോല് മാറ്റിയല്ലോ.... ആഴ്ച ഒന്നുകഴിഞ്ഞിട്ടും മൗനം തുടർന്നപ്പോൾ ചുണക്കുട്ടികൾ ചർച്ചക്കാരുടെ പേരു വെൽപ്പെടുത്തും വരെ കാത്തിരുന്നത് മോശമായിപ്പോയി ... കുറ്റ സമ്മതമൊഴിയിലും കോമഡി പറയരുതായിരുന്നു....സുരേഷ് വെള്ളിമംഗലം മുഖ്യമന്ത്രിയോട് എതിർപ്പ് അറിയിച്ചത്രേ....
എങ്കിലും അത്രയും നല്ലത്. അപ്പോഴും ചില സംശയങ്ങൾ ബാക്കി.....
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഭാരവാഹികളെ ചർച്ചയ്ക്ക് വിളിച്ചിരുന്നോ... കെയുഡബ്ല്യുജെ ജില്ലാ ഭാരവാഹികളിൽ ഒരളിയൻ വിളിച്ചിട്ട് മച്ചമ്പീ..... നമുക്ക് മുഖ്യമന്ത്രിയെക്കണ്ട് ചർച്ചചെയ്യാമെന്നു പറഞ്ഞപ്പോൾ എന്തിനെക്കുറിച്ചാണു ചർച്ചയെന്നുപോലും അന്വേഷിക്കാതെ രണ്ട് പേരെ അടിയന്തിരമായി നിയോഗിച്ച പ്രസ്‌ക്ലബ്ബ് സ്വയം പ്രഖ്യാപിത സെക്രട്ടറിയെക്കുറിച്ച് ഒന്നും പരയുന്നില്ല.

കാരണം അദ്ദേഹം വയലെന്റാവും.... നിയോഗം ഏറ്റെടുത്ത് തീരുമാനം അറിയിക്കലെന്ന ചർച്ചയിൽ പങ്കെടുത്ത മറ്റു രണ്ടുപേരോട് എന്തായിരുന്നു ചർച്ചയെന്നുപോലും ഈ നിമിഷം വരെ തിരക്കാത്ത സ്വയം പ്രഖ്യാപിത സെക്രട്ടറീ.....മഹാനുഭാവാ....ഞാനൊന്നും പറയുന്നില്ല...... ചർച്ചയ്ക്ക് പ്രസ്‌ക്ലബ്ബിൽ നിന്നും നിയോഗിതരായ രണ്ടുപേർ നിയോഗം ഏറ്റെടുത്ത് ചർച്ചിതരായിട്ടും ചർച്ചിച്ച വിഷയം എന്തായിരുന്നുവെന്ന് സ്വയം പ്രഖ്യാപിത സെക്രട്ടറിയെ അറിയിക്കാത്തതെന്തെന്ന് ഞാൻ ചോദിക്കുന്നില്ല..... കാരണം അത് അദ്ദേഹത്തെ വയലെന്റാക്കും...എന്നാലും ചർച്ചിച്ചതെന്താണെന്ന് നിയോഗിച്ചവനെ അറിയിക്കാനുള്ള സാമാന്യമര്യാദ കാട്ടാത്തതെന്തെന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം അതറിഞ്ഞാൽ സ്വയം പ്രഖ്യാപിത സെക്രട്ടറി നിങ്ങളോട് വയലെന്റാവും.... വിവരം അറിയിക്കാത്തതിനല്ല...മറിച്ച് വിവരം മാധ്യമപ്രവർത്തകർ അറിഞ്ഞതുകൊണ്ട് അദ്ദേഹം നിങ്ങളോട് വയലന്റാവും...
ശ്രീരാമനെ പട്ടാഭിഷിക്തനാക്കുമെന്ന് മുഖ്യമന്ത്രി പുറത്തു പറയുന്നതുവരെ വിവരം രഹസ്യമായി സൂക്ഷിക്കാൻ ചങ്കുറപ്പു കാട്ടിയ പത്രപ്രവർത്തകയൂണിയൻ നേതാക്കളോട് ഒരു ചോദ്യം.... കൊറോണ കാരണം ജില്ലാകമ്മിറ്റി യോഗം ചേരണ്ട... പക്ഷേ ജില്ലാ കമ്മിറ്റി അംഗങ്ങളും , ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെട്ട ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ടല്ലോ. അതിൽ ഈ വിവരം ഒന്നറിയിക്കാനുള്ള സാമാന്യജനാധിപത്യബോധം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിനില്ലെന്നാണോ നാം കരുതേണ്ടത്...അല്ല ...അത് അറിവില്ലായ്മയല്ല....ഉത്തരം താങ്ങി പല്ലിയുടെ നിലവാരത്തിലേയ്ക്ക് അദ്ദേഹം താഴ്ന്നു പോയിരിക്കുന്നു.
സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ സ്ഥലത്തില്ലാഞ്ഞിട്ടാണത്രേ, ജില്ലാകമ്മിറ്റി ഭാരവാഹികൾ ചർച്ചയ്ക്ക് പോയതെന്ന് പറയുന്നു. അങ്ങനെയെങ്കിൽ സുരേഷ് വെള്ളിമംഗലം കൂടെ കൂട്ടേണ്ടിയിരുന്നത് അഭിജിത്തിനെയല്ലേ...പകരം കിരൺബാബുവിനെ കൂട്ടിയത് എത് സംഘടനാ ഘടനയനുസരിച്ചാണ്. അല്ലെങ്കിൽ ജില്ലയിലെ മറ്റു സംസ്ഥാനകമ്മിറ്റി അംഗങ്ങളെക്കാൾ എന്ത് പ്രത്യേകതയാണ് കിരണിനുള്ളത്.

പത്രപ്രവർത്തക യൂണിയൻ അംഗങ്ങളെ ചർച്ചയും തീരുമാനവും ഒന്നും അറിയിക്കണ്ട എന്നു വച്ചാലും, നമ്മുടെ ബഷീറിന് ഒരു കുടുംബമുണ്ടല്ലോ....സർവ്വവും നഷ്ടപ്പെട്ട ഒരു കുടുംബം..... അവരെയെങ്കിലും നമ്മുടെ നിസഹായാവസ്ഥ ഒന്നുബോദ്ധ്യപ്പെടുത്താമായിരുന്നില്ലേ...പത്രപ്രവർത്തകർ ഒരിക്കലും ഒറ്റുകാരല്ലെന്ന്...അവർ ഒരിക്കലും ബഷീറിനെ മറക്കില്ലെന്ന്......ക്രൂരമായിപ്പോയി നേതാക്കളേ.....നിങ്ങൾ ഇനിയും ഞങ്ങളെ നയിക്കാൻ തന്നെയാണോ തീരുമാനം......മനസാക്ഷിക്കുത്ത് എന്ന ഒരുവികാരം നിങ്ങൾ ഒറ്റുകാർക്കുണ്ടെങ്കിൽ പദവി വലിച്ചെറിഞ്ഞ് പുറത്തുപോകൂ...ഇനിയും ഇത്തരം രക്തസാക്ഷികളെ വഞ്ചിക്കാതിരിക്കാൻ....

ഒരു സന്ദേശം ഇങ്ങനെ:

പ്രിയമുള്ള മാധ്യമ സുഹൃത്തുക്കളേ, സഹപ്രവർത്തകരേ,

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള എന്റ ഒരു സുഹൃത്ത്. അയാളിൽ നിന്നാണ് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ എഴുതിയ തിരക്കഥയുടെ ചുരുളഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമാണി, കിരൺബാബു, സുരേഷ് വെള്ളിമംഗലം, യുവ ഐഎഎസ് ഓഫീസർ എന്നിവർ ഒരുമിച്ച് നടത്തിയ ചർച്ച...... ഈ ചർച്ചയുടെ തൊട്ടടുത്ത ദിവസം പ്രമാണി നാലുപേരെ മാത്രം മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. എല്ലാം സമ്മതിച്ചിട്ടുള്ളതായും എല്ലാം 'കോംപ്ലിമെൻസ്' ആയതായും മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി സന്തോഷത്തോടെ ചിരിച്ച് തലയാട്ടി. അതോടെ എല്ലാപേരുടെയും സംശയം തീർന്നു.പലതവണ പ്രസ് ക്ലബ് ഭാരവാഹിയായിരുന്ന ഒരു ചാനൽ സുഹൃത്ത് രണ്ടാഴ്ച മുൻപ് പ്രസ്‌ക്ലബ് സങ്കേതത്തിൽ വച്ച് ഈ ഒത്തു തീർപ്പിനെക്കുറിച്ചു പ്രഖ്യാപനം നടത്തിയിരുന്നു. ഇതു കേട്ട സങ്കേതം അന്തയിവാസികൾ ടച്ചിങ്സ് വിഴുങ്ങുന്ന ലാഘവത്തോടെ ഇതും വിഴുങ്ങി.നമ്മുടെ സ്വന്തം ബഷീറിനെ വിറ്റ് കാശാക്കാൻ പ്രസ്‌ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് മാർഷലും അനുവും...ഇവർ നാലുപേർക്കെതിരെ നടപടിയുണ്ടായേ തീരൂ...

റോയി മാത്യു പ്രസ് ക്ലബ് മെയിലിൽ കുറിച്ചത്:

ഞാനി പോളിടെക്‌നിക്കിലൊന്നും പഠിക്കാത്തതു കൊണ്ടാവും നിങ്ങളൊക്കെ പറയുന്ന യന്ത്രങ്ങളുടെ ഭാഗങ്ങളെ ക്കുറിച്ച് വലിയ പിടി പാടൊന്നുമില്ലാത്തതു കൊണ്ട്
ഒരു മണ്ടൻ ചോദ്യം ചോദിച്ചോട്ടെ -മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചു എന്നു പറഞ്ഞാലുടനെ ഈ പ്രസ് ക്ലബ് ഭാരവാഹികളും , യൂണിയൻ നേതാക്കളും നേരെ അങ്ങ് കുറ്റീം പറിച്ചോണ്ട് പോവുകയാണോ? എന്തിനാ നിങ്ങളെ സി എമ്മിന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നതെന്ന് ചോദിക്കാനുള്ള സാമാന്യ ബുദ്ധി പോലുമില്ലാത്ത മണ്ടമ്മാരാണോ ഈ ഭാരവാഹികൾ ?

സി എമ്മിന്റെ ഓഫീസിൽ നിന്ന് വിളിക്കുമ്പോൾ സാറെ, എന്താ കാര്യം എന്നു പോലും ചോദിക്കാനറിയാത്ത സംസാര ശേഷി നഷ്ടപ്പെട്ടവരാണോ? അറിയാൻ മേലാത്തതു കൊണ്ട് ചോദിക്കുവാണെ -ഈ പോയവരൊക്കെ സി എമ്മിന്റെ ഓഫീസിലെ ശമ്പളക്കാരാണെങ്കിൽ അത്തരമൊരു ചോദ്യത്തിന്റെ ആവശ്യമില്ല -അടുക്കള പണിക്കാരോട് മൊതലാളി അഭിപ്രായം ആരായുന്ന പതിവ് ഇല്ലല്ലോ, അതായിരിക്കും ചോദ്യമൊന്നും ചോദിക്കാതെ അടിമക്കൂട്ടങ്ങൾ അവിടെ പോയത്.കഷ്ടം!

ഇമ്മാതിരി കള്ളക്കഥകൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്നാരും കരുതണ്ട. - അടിമകൾക്ക് അത് ബാധകമായിരിക്കും. സി എം പറയുന്നു, തൊമ്മിമാർ അത് കേട്ട് അടിയൻ എന്ന് പറയുന്നു. .. ഇത് ഏത് നൂറ്റാണ്ടിലെ കാര്യമാണ് പറയുന്നത്. ?

വെറൊരു സന്ദേശം:

ചുരുക്കം പറഞ്ഞാൽ മാധ്യമ നേതാക്കളൊക്കെ മുഖ്യമന്ത്രിയുടെ ഓഫീസിന് ചുറ്റും കറങ്ങി നടന്നതേ ഉള്ളൂ..അതിനാണ് എല്ലാരും കൂടി ഇങ്ങനെയൊക്കെ പറയുന്നത്...മാധ്യമ സമൂഹത്തെ ബാധിക്കുന്ന ഒരു വിവരും മുഖ്യമന്ത്രിയുടെ ഓങീസിൽ നിന്നറിഞ്ഞിട്ടും അത് ഒരാളെപ്പോലും അറിയിക്കാതെ കൊടും വഞ്ചനകാട്ടിയിട്ട് ന്യായീകരിക്കാൻ നടക്കുന്നവരുടെ തൊലിക്കട്ടിയുണ്ടല്ലോ...അത് അപാരം തന്നെ..എന്നിട്ട് ചെന്നായയെ ഒക്കെ കൂട്ട് പിടിക്കുകയാണ്...നിങ്ങൾ കാട്ടിയ തെറ്റ് പറയുമ്പോൾ ചെന്നായയൊക്കെ എന്തിനാണ് ....ബഷീറിന്റെ ചോരയെ സർക്കാരിന് മുന്നിൽ അടിയറവ് വച്ച് സാഷ്ടാംഗം പ്രണമിച്ച് വന്നവരാണ് ചെന്നായ്ക്കൾ...ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ....ജില്ലാകമ്മിറ്റിയിലെ കേമന്മാരും പ്രസ്‌ക്ലബിലെ വില്ലാളി വീരന്മാരും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നറിഞ്ഞ കാര്യം സംസ്ഥാന കമ്മിറ്റിയാണ് എല്ലാവരേയും അറിയിക്കേണ്ടത് എന്ന് പറഞ്ഞ ആ വിശാല മനസുണ്ടല്ലോ അതും ഫ്രെയിം ചെയ്ത് സുക്ഷിക്കണം....ലവലേശം ഉളുപ്പില്ലാത്ത സഖാക്കളേ..മുന്നോട്ട്....

ബിജു ഗോപിനാഥ് നൽകിയത്

പ്രിയ സുഹൃത്തുക്കളേ

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ രഹസ്യ ചർച്ചയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്നത്. എനിക്ക് ആദ്യം ലഭിച്ച വിവരങ്ങൾ അനുസരിച്ച് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി ), സെക്രട്ടറി അഭിജിത് ( എ സി വി) എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഞാൻ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം രാജിവച്ചത്. എന്നാൽ പിന്നീട് എനിക്ക് ലഭിച്ച വിവരങ്ങൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. സുരേഷ് വെള്ളിമംഗലത്തിനും അഭിജിത്തും സർക്കാരുമായി ചർച്ചക്ക് പോയത് ഒറ്റയ്ക്കല്ല. ഇവർക്കൊപ്പം തിരുവനന്തപുരം പ്രസ് ക്ലബിലെ രണ്ട് ഭാരവാഹികൾ കൂടി ഉണ്ടായിരുന്നു. (സ്വാഭാവികമായും പലർക്കും സംശയമുയരാം പ്രസ് ക്ലബും പത്രപ്രവർത്തക യൂണിയനും ഒന്നല്ലേ എന്ന്. എന്നാൽ തിരുവനന്തപുരത്ത് അങ്ങനെയല്ല. പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബും രണ്ടാണ്. രണ്ടും തമ്മിൽ ബന്ധമില്ല.) അപ്പോൾ തിരുവനന്തപുരം പ്രസ് ക്ലബിലെ ഇപ്പോഴത്തെ ഭരണ സമിതിയിലെ രണ്ട് പ്രധാന അംഗങ്ങൾ കൂടി ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു എന്നത് ഗുരുതരമാണ്. ആരാണവർ.

പ്രസിഡന്റ് സോണിച്ചൻ അല്ലെന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കി ക്കഴിഞ്ഞു. താൻ അല്ലെന്ന് വൈസ് പ്രസിഡന്റ് ഹാരിസ് കുറ്റിപ്പുറവും വ്യക്തമാക്കി. അപ്പോൾ സുരേഷ് വെള്ളിമംഗലത്തിനും അഭിജിത്തിനും ഒപ്പം പോയത് ഇപ്പോഴത്തെ പ്രസ് ക്ലബിന്റെ സ്വയം പ്രഖ്യാപിത സെക്രട്ടറി സാബ്‌ളു തോമസാണോ. അതോ പ്രസ് ക്ലബ്ബിന്റെ ഇപ്പോഴത്തെ ദൈനം ദിന പ്രവർത്തനം നിയന്ത്രിക്കുന്ന സാബ്‌ളുവിന്റെ കിങ്കരന്മാരോ? വെളിപ്പെടുത്തേണ്ടത് സാബ്‌ളുമാണ്. ഇല്ലെങ്കിൽ സാബ്‌ളുവിന്റെ കൈകളിൽ ബഷീറിന്റെ രക്തക്കറ പുരണ്ടിരിക്കുന്നു എന്ന് തലസ്ഥാനത്തെ പത്ര സമൂഹത്തിനു പറയേണ്ടി വരും. സ്വന്തം സ്ഥാപനത്തിൽ ശമ്പളമില്ലാത്ത കാലത്ത് സാബ്‌ളു തോമസിന് കെ.എം. ബഷീർ എന്ന പാവം മാധ്യമ പ്രവർത്തകന്റെ ചോര കുടിച്ചതിന് എത്ര വെള്ളിക്കാശ് ലഭിച്ചു എന്ന് പറയേണ്ടി വരും, കാലം പറയിപ്പിക്കും. മറ്റ് ചില ഉദ്ദേശങ്ങളാണ് ഇതിനു പിന്നിലെന്ന് പ്രചരിപ്പിക്കുന്ന പാർട്ടി ചാനലുകളിലെ ചാവാലിപ്പട്ടികൾ മറുപടി അർഹിക്കുന്നില്ല. അവരും അറിഞ്ഞു കൊണ്ട് ബഷീറിന്റെ ചോരയ്ക്ക് വിലയിട്ടവരാണ്. പക്ഷേ കുലംകുത്തി പണി നടത്തി പത്ര സമൂഹത്തെ ഒറ്റുന്നതിന് കൂട്ടുനിന്ന സാബ്‌ളുവിന്റെ ശരീരമാസകലം ബഷീറിന്റെ ചോരമണക്കുന്നു. തുറന്നു പറഞ്ഞില്ലെങ്കിൽ താങ്കളുടെ സ്ഥാനവും ഒറ്റുകാരുടെ പട്ടികയിലാകും എന്ന് ഓർമ്മിപ്പിക്കട്ടെ.ബഷീറിന്റെ ആത്മാവ് താങ്കൾക്ക് മാപ്പ് നൽകില്ല ഒരു കാലവും. അഭിമാനബോധം നെഞ്ചിലേറ്റുന്ന തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കിടയിലും താങ്കളുടെ സ്ഥാനം കൊലയാളിക്ക് ചുവപ്പു പരവതാനി വിരിച്ച വന്നേ താകും. കഷ്ടം എന്നല്ലാതെ എന്തു പറയാൻ.

പി.എം.ബിജുകുമാർ നൽകിയ സന്ദേശം:

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ബഷീറിന്റെ അകാല മരണത്തിന് കാരണക്കാരൻ എന്ന് ഞാനും ,നിങ്ങളും പൊതു സമൂഹവും വിശ്വസിക്കുന്ന ശ്രീ .ശ്രീറാം വെങ്കിട്ടരാമനേ സർവ്വീസിൽ തിരിച്ചെടുക്കാനുള്ള സർക്കാർ തീരുമാനം പുറത്തുവന്നതിന്റെ പിന്നാലെ ആ തീരുമാനം പത്ര പ്രവർത്തക യൂണിയന്റെയും ,തിരുവനന്തപുരം പ്രസ്സ് കബ്ബിന്റെ അറിവോടെയാണ് ഉണ്ടായത് എന്നാണ് അറിയുന്നത്. ആ അറിവ് ശരിയാണെങ്കിൽ ആ ചർച്ചയിൽ പങ്കെടുത്തവർ ആര് എന്നറിയുവാൻ താല്പര്യമുണ്ട്. സർക്കാർ തീരുമാനം തിരുത്താൻ ഈ ചർച്ചയിൽ പങ്കെടുത്തവർക്ക് സാധിക്കില്ലായെങ്കിൽ അവിടെ തന്നെ വിയോജന കുറിപ്പ് തയ്യാറാക്കി നല്കി ,ആ ചർച്ച ബഹിഷ്‌കരിച്ച് പുറത്തു വന്നു കൂടെയായിരുന്നോ ? ആ വിവരം അംഗങ്ങളെയോ ,മാധ്യമ സമൂഹത്തേയും അറിയിക്കുന്നതിൽ നിങ്ങൾ എന്തിന് മറച്ചു വച്ചു ?. കൂടെയുണ്ടയിരുന്ന ഒരു വനല്ലേ ബഷീർ. ? ഹാഷ് ടാഗ്ഗും ,കെട്ടിപ്പിടിച്ചുള്ള പൊട്ടി കരച്ചിലും എല്ലാം ആത്മാർത്ഥ ഇല്ലാത്തതായിരുന്നു ,എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ കഴിയുമോ ? .... ശ്രീറാം വെങ്കിട്ടരാമനെ അഡ്‌മിറ്റ് ചെയ്തതിന് , കിംസിന്റെ MD ഡോ .നജിബിനെ പ്രസ്സ് ക്ലബ്ബിന്റെ അംഗത്യത്തിൽ നിന്ന് പുറത്താക്കിയത് നമ്മൾ മറന്നു പോകരുത്. അപ്പോൾ ഇനി നജീബിനെയും നിങ്ങൾ തിരിച്ചെടുക്കണം. കാരണം നിങ്ങൾ ചെയ്തതിനെക്കാൾ വലിയ തെറ്റൊന്നും നജീബ് ചെയ്തിട്ടില്ല. (ഇതു പറയുമ്പോൾ നജീബ് എന്റെ മാമനാണെന്ന് ഒന്നും പറഞ്ഞേക്കല്ലെ എനിക്ക് അദ്ദേഹത്തേ അറിയുക കൂടി ഇല്ലാ എന്ന് സമക്ഷം ബോധിപ്പിക്കുന്നു ' ) .എന്തായാലും ഈ രക്തത്തിൽ പങ്കില്ലെങ്കിൽ അതു ഇപ്പോഴത്തെ ഭാരവാഹികൾ തുറന്നു പറയണം' ... തെറ്റ് സംഭവിച്ചത് ആർക്കെന്ന് പറയണം. അറിയുവാനും ,അറിയിക്കുവാനുമുള്ള അവകാശത്തെ കുറിച്ച് ഘോര ഘോരം വാദിക്കുന്നവരാണല്ലോ മാധ്യമ പ്രവർത്തകർ ? അപ്പോൾ നടന്നത് എന്താണെന്ന് എല്ലാ അംഗങ്ങളേയും ബോധ്യപ്പെടുത്താനുള്ള ചുമതലയും നിങ്ങൾക്കുണ്ട്. അത് മറന്നു പോകരുത്. 10 ലക്ഷം രൂപയും ജോലിയും കൊണ്ട് നമ്മൾ തൃപ്തിയടഞ്ഞോ എന്ന് പറയണം. കൂടെപിറപ്പിൻന്റെ ജീവന് വിലയിട്ടെങ്കിൽ അതും പൊതു സമൂഹത്തേ അറിയിക്കുക. ........

NB '.... ഇങ്ങനെയൊരു മെയിൽ ഇടണമെന്ന് കരുതിയതല്ലാ... ബഷീറിന്റെ മരണത്തേ കുറിച്ച് സലിം മടവൂരിന്റെ ഒരു ലൈവ് കണ്ടിരുന്നു. ... ഈ കുറിപ്പ് ഇട്ടതു അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമല്ലാ, അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടാകരുതേ എന്ന് ബഹു: അംഗങ്ങളോട് താഴ്മയായി അഭ്യർത്ഥിക്കുന്നു ....

പി.എം. ബിജുകുമാർ ( കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിരുന്ന ഒരംഗം)

ജിഷ കുറിച്ച സന്ദേശം

സുരേഷേട്ടാ... താങ്കൾ പോയതും എതിർപ്പ് അറിയിച്ചതും അതു ഇവിടെ പറയാൻ വിട്ടു പോയതും ഒക്കെ ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നു.

കഴിഞ്ഞത് എന്തായാലും നടന്നു, തിരുത്താൻ സാധിക്കില്ല.
അതിൽ ഇനി ചെയ്യാൻ കഴിയുന്നത്, പത്രപ്രവർത്തകരുടെ പൊതു വികാരം മാനിച്ച്, എതിർപ്പ് അറിയിക്കുന്ന കുറിപ്പ് മുഖ്യമന്ത്രിക്ക് രേഖാമൂലം നൽകുക എന്നതാണ്. ഒപ്പം, ആ കത്തിന്റെ പകർപ്പ് നമ്മുടെ അംഗങ്ങൾക്ക് നല്കണം.

അക്കാര്യത്തിൽ വിട്ടുവീഴ്ച അരുത്. സമയം വൈകിപ്പിക്കുകയും അരുത്.

കൊറോണ ആയതിനാൽ നമുക്ക് കൂട്ടം കൂടി പ്രതിഷേധം നടത്താൻ കഴിയില്ല എന്നറിയാം.. എന്നാൽ, കത്തു ഇമെയിൽ ആയി അയക്കണം.

ഉപേക്ഷ വിചാരിക്കുന്ന ഓരോ നിമിഷവും , ജില്ലാ സമിതിക്കു എതിരെ വരുന്ന എതിർപ്പിന്റെ കനം കൂട്ടും എന്നു മനസിലാക്കുക.

ഒപ്പം, ഇന്നലെ ചോദിച്ച 'കൊറോണ സംബന്ധിച്ച് ഉള്ള നിർദ്ദേശങ്ങൾ' എന്നാൽ കഴിയുന്നത് ഇന്നലെ മെയിൽ അയച്ചിരുന്നു. എടുക്കുമല്ലോ.

മറ്റൊരു സന്ദേശം:

റജിയും സാബ്ലുവും പ്രതികരിക്കാത്തതിനാൽ ഐഎഎസ് ലോബിയുമായുണ്ടാക്കിയ ഡീലിൽ ആദർശ ധീരന്മാരുടെ മൗനാനുവാദമുണ്ടായിരുന്നു എന്നു കരുതണം. യൂണിയനെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്തത് ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമല്ലേ? പ്രസ് ക്ലബ് സെക്രട്ടറിക്ക് ആദർശത്തിന്റെ അസ്‌കിതയുള്ളതിനാൽ ആക്ടിങ് പ്രസിഡന്റിനെയും എക്‌സിക്യൂട്ടീവ് അംഗത്തെയും ചർച്ചയ്ക്കു വിട്ടിട്ട് നരസിംഹ റാവുവിനെ പോലെ തന്ത്രപരമായ മൗനത്തിൽ. അറിയില്ല എന്നു പറഞ്ഞൊഴിയരുത്. പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് മറ്റാരും പോയില്ലെന്ന് സാബ്ലു ഉറപ്പു പറയുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP