Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയതുപോലെ ജൂബ്ബയും പരിപ്പുവടയും ചായയും ദിനേശ് ബീഡിയുമായി സഖാക്കൾ നടക്കാൻ നിർബന്ധിക്കരുതെന്ന് ഇപി.പണ്ടേ പറഞ്ഞതാണ്! കാലാനുസൃതമായ മാറ്റം അനിവാര്യം; സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് ഇരുട്ടത്ത് വീട്ടിലേക്ക് മടങ്ങുന്ന സഖാക്കൾക്ക് ലാ ഒപാല ഡിന്നർ സെറ്റും ഓണക്കോടിയും സമ്മാനം; വിമർശകർക്ക് മറുപടി ചെറുപുഞ്ചിരി മാത്രം!

പഴയതുപോലെ ജൂബ്ബയും പരിപ്പുവടയും ചായയും ദിനേശ് ബീഡിയുമായി സഖാക്കൾ നടക്കാൻ നിർബന്ധിക്കരുതെന്ന് ഇപി.പണ്ടേ പറഞ്ഞതാണ്! കാലാനുസൃതമായ മാറ്റം അനിവാര്യം; സംസ്ഥാന കമ്മിറ്റി കഴിഞ്ഞ് ഇരുട്ടത്ത് വീട്ടിലേക്ക് മടങ്ങുന്ന സഖാക്കൾക്ക് ലാ ഒപാല ഡിന്നർ സെറ്റും ഓണക്കോടിയും സമ്മാനം; വിമർശകർക്ക് മറുപടി ചെറുപുഞ്ചിരി മാത്രം!

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കട്ടൻ ചായയും പരിപ്പുവടയും കൊണ്ടുമാത്രം സിപിഎമ്മിന് പ്രവർത്തിക്കാനാവില്ലെന്ന് ഇ.പി.ജയരാജൻ പണ്ട് വിളിച്ചുപറഞ്ഞപ്പോൾ എന്തൊരുബഹളമായിരുന്നു. മാധ്യമങ്ങളെല്ലാം കൂടി ഇപിയുടെ നെഞ്ചത്ത് കയറി. ഇപിയാണെങ്കിൽ ഇപ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നു. കാലം മാറിയെന്ന് ഉദ്ദേശിച്ച് നടത്തിയ പ്രസ്താവന മാധ്യമങ്ങൾ വലിയ വിവാദമാക്കുകയായിരുന്നുവെന്നാണ് ഇപി പറയുന്നത്. ഇതിനെല്ലാം കാരണം കമ്യൂണിസ്റ്റുകൾ ലളിതജീവിതക്കാരാകണമെന്ന പൊതുജനത്തിന്റെ മുൻവിധിയാണ്.

പഴയതുപോലെ ജുബ്ബയുമിട്ട് പരിപ്പുവടയും കട്ടൻചായയും ദിനേശ് ബീഡിയുമായി സഖാക്കൾ നടക്കണമെന്ന് നിർബന്ധം പിടിച്ചാൽ പിന്നെ പാർട്ടി കാണില്ലെന്നാണ് ഇപി എന്ന പ്രവാചകൻ വിധിച്ചത്. അതുശരിയായി വരികയാണ്. വിശേഷിച്ച് ഈ മഴക്കാലത്ത് സിപിഎം തെറ്റുതിരുത്തലും വകതിരിവും പഠിക്കുന്ന സമയത്ത്. കാലാനുസൃതമായ മാറ്റമാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചേർന്ന പാർട്ടി സംസ്ഥാന സമിതിയും ചർച്ച ചെയ്തത്. പിരിയുമ്പോൾ സഖാക്കൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ? ഓണക്കാലമാണ് വരുന്നത്. ഓണക്കോടി തന്നെയാവട്ടെ. ഏതായാലും തെറ്റുതിരുത്തൽ ചർച്ചയ്ക്ക് എത്തിയവർക്കെല്ലാം ഓണക്കോടി കിട്ടി. നല്ല കാര്യം.

ചർച്ച തീർന്നപ്പോൾ രാത്രി വൈകി. എല്ലാവരും പുറത്തിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു മാധ്യമപ്രവർത്തകർ. ഇരുട്ടത്ത് ഇറങ്ങിവന്ന സഖാക്കളുടെ കൈയിലെല്ലാം മറ്റൊരുസുന്ദരമായ ഗിഫ്റ്റുമുണ്ടായിരുന്നു. ദോഷം പറയരുതല്ലോ? ലാ ഒപാലയുടെ ഒന്നാന്തരം ഡിന്നർ സെറ്റും. സംസ്ഥാന കമ്മിറ്റിയംഗങ്ങളെല്ലാം ഹാപ്പി. ഒരുകൈയിൽ മുണ്ടിന്റെ കോന്തലയും മറുകൈയിൽ ഗിഫ്റ്റുമായുള്ള ആ വരവിന് തന്നെ ഒരഴകുണ്ടായിരുന്നു. ഇനി ഇപ്പോൾ ഇതൊക്കെ കണ്ട് വിമർശകർ ഇറങ്ങും. ലളിത ജീവിതത്തിന്റെ വക്താക്കളുടെ ഒരുവരവ് കണ്ടില്ലേ? പാവപ്പെട്ടവന്റെ പാർട്ടിക്കാർ ഇങ്ങനെയൊക്കെ ആകാമോ? കാലം മാറിയില്ലേ? കാലാനുസൃതമായ മാറ്റം ആവശ്യമല്ലേ? ഓണത്തിന് കമ്മിറ്റി അംഗങ്ങൾക്ക് ഒരുഗിഫ്റ്റ് നൽകുന്നതിലാണോ ഇത്ര വലിയ കാര്യം? ന്യായീകരണത്തൊഴിലാളികൾ എന്തൊക്കെ പറഞ്ഞാലും കുറ്റവും കുറവും നോക്കിയരിക്കുന്നവർക്ക് ചാടി വീഴാൻ ഒരുകാരണമായി.

സിപിഎം നേതാക്കൾ ആർഭാടം കാണിക്കരുതെന്നാണ് ജനത്തിന്റെ മനസ്സിലിരുപ്പ്. അതുകൊണ്ടാണ്, ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ 28,800 രൂപയ്ക്ക് കണ്ണട വാങ്ങിയതും, ഭർത്താവും മട്ടന്നൂർ മുൻസിപ്പാലിറ്റി ചെയർമാനുമായ കെ.ഭാസ്‌കരന്റെ ചികിത്സാച്ചെലവ് സർക്കാരിൽ നിന്ന് ഈടാക്കി എന്നീ വിവാദങ്ങൾ പെട്ടെന്ന് ചൂടുപിടിക്കുന്നതും അങ്ങനെയാണ്. സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പെട്ടിരുന്നു ചെലവേറിയ കണ്ണട വാങ്ങിയെന്ന വിവാദത്തിൽ. ഏതായാലും ലാ ഒപാല ഡിന്നർ സെറ്റ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ആരുസ്‌പോൺസർ ചെയ്തതാണെന്നൊക്കെ ചോദിക്കാൻ വരട്ടെ. കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ്. ബംഗാളിൽ പഴയ പ്രഭാവമില്ലെങ്കിലും കൊൽക്കത്തക്കാരല്ലേ, ഇന്ത്യൻ കമ്പനിയല്ലേ! അതുകൊണ്ട് അതൊന്നും പറഞ്ഞ് ആരും സിപിഎമ്മിനെ വിമർശിക്കാൻ പോരേണ്ടാ.

ഏതായാലും കാലത്തിനൊത്ത മാറ്റത്തിനുള്ള പുറപ്പാടിലാണ് പാർട്ടി. പഴയ മസിലുപിടുത്തം ഇനിയില്ല. നേതാക്കളെല്ലാം സാധാരണക്കാരോട് കണ്ണുരുട്ടുന്നത് നിർത്തണം. പുഞ്ചിരിയോടെ പെരുമാറണം. വിനയാന്വിതരായി ഇടപടണം. പാർട്ടി പ്രവർത്തകരുടെ സ്‌നേഹം പിടിച്ചുപറ്റണം. അതിനിടെ, ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞുവരുന്നതിൽ എന്തുകാര്യം. ലാ ഒപാല പോലും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP