Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനലക്ഷങ്ങൾ ഒരുമിച്ച് വായിച്ചത് ഭരണഘടനയുടെ ആമുഖം; നാം ഒന്നാണ് എന്ന് പ്രഖ്യാപിച്ച് സഖാക്കൾക്കൊപ്പം അണിചേർന്ന് ന്യൂനപക്ഷ സമൂഹവും; തിരുവനന്തപുരത്ത് പിണറായിയും കാനവും ഒരുമിച്ചപ്പോൾ ഒപ്പമെത്തിയത് പാളയം ഇമാമും; എപി - ഇകെ വിഭാഗങ്ങളും വേദിയിലെത്തിയതോടെ സംഘപരിവാറിന് താക്കീതായി കേരളമെന്ന് പ്രഖ്യാപനം; മനുഷ്യമഹാ ശൃംഖലയിലൂടെ ഇന്ന് ലോകം കണ്ടത് ഇടത് പക്ഷത്തിന്റെ സംഘാടന മികവും കേരളത്തിന്റെ മതമൈത്രിയും

ജനലക്ഷങ്ങൾ ഒരുമിച്ച് വായിച്ചത് ഭരണഘടനയുടെ ആമുഖം; നാം ഒന്നാണ് എന്ന് പ്രഖ്യാപിച്ച് സഖാക്കൾക്കൊപ്പം അണിചേർന്ന് ന്യൂനപക്ഷ സമൂഹവും; തിരുവനന്തപുരത്ത് പിണറായിയും കാനവും ഒരുമിച്ചപ്പോൾ ഒപ്പമെത്തിയത് പാളയം ഇമാമും; എപി - ഇകെ വിഭാഗങ്ങളും വേദിയിലെത്തിയതോടെ സംഘപരിവാറിന് താക്കീതായി കേരളമെന്ന് പ്രഖ്യാപനം; മനുഷ്യമഹാ ശൃംഖലയിലൂടെ ഇന്ന് ലോകം കണ്ടത് ഇടത് പക്ഷത്തിന്റെ സംഘാടന മികവും കേരളത്തിന്റെ മതമൈത്രിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരർക്കും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച് 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.'

ജനലക്ഷങ്ങൾ കേരളത്തിലെ തെരുവുകളിൽ അണിനിരന്ന് വലതുകരം മുന്നോട്ട് നീട്ടിപ്പിടിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ഇന്ത്യയുടചെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് ചേർന്ന് ഭരണഘടനയുടെ ആമുഖം വായിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഖല സംഘാടന മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും കേരളം ഇന്ന് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ജനമുന്നേറ്റമായി മാറി. രാഷ്ട്രീയത്തിനുപരിയായി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ശൃംഖലയിൽ അണിനിരന്നപ്പോൾ ഇടത് പക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു.

തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ  മുഖ്യമന്ത്രി പിണറായി വിജയനും  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശൃംഖലയിൽ കണ്ണികളായപ്പോൾ പാളയം ഇമാം ശുഹൈബ് മൗലവിയും ഒപ്പം കൂടി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരണഘടനയുടെ ആമുഖം വായിച്ചപ്പോൾ മറ്റുള്ളവർ അതേറ്റ് പറഞ്ഞു. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി തെരുവോരത്ത് അണിനിരന്ന മുക്കാൽ കോടിയോളം പേർ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിച്ചപ്പോൾ ലോകചരിത്രത്തിൽത്തന്നെ മുമ്പുണ്ടായിട്ടില്ലാത്ത ഒരു ചരിത്രം പിറന്നു. ശൃംഖലയുടെ ആദ്യകണ്ണി കാസർകോട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും അവസാനകണ്ണിയായി കളിയിക്കാവിളയിൽ എം എ ബേബിയും അണിചേർന്നു.

3.30-ന് കാസർകോട് നിന്ന് റോഡിന്റെ വലതുവശം ചേർന്ന് വരിയായിനിന്ന് മൂന്നരയ്ക്ക് റിഹേഴ്സൽ നടന്നു. നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും നടന്നു. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേർന്നു.പല സ്ഥലങ്ങളിലും ഒരുവരി എന്നത് പലനിരകളായി മാറി.സ്ത്രീകളുടെ വൻ പങ്കാളിത്തവും ശ്രദ്ധേയമായി.

കാസർകോട് മുതൽ കളിയിക്കാവിള വരെ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ എഴുപത് ലക്ഷം പേർ പങ്കെടുക്കുമെന്നാണ് സിപിഎം പ്രഖ്യാപിച്ചിരുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, ഭരണ ഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സിപിഎം മനുഷ്യ മഹാശൃംഖല തീർക്കുന്നത്. 

കാസർകോട് മുതൽ കളിയിക്കാവിള വരെ 620 കിലോമീറ്ററിലാണ് ശൃംഖല തീർക്കുന്നത്. എംഎ ബേബിയായിരിക്കും മനുഷ്യ മഹാശൃംഖലയിലെ അവസാന കണ്ണി.ന്യൂനപക്ഷ വിഭാഗങ്ങൾ അടക്കം വലിയ ജനപിന്തുണയായാണ് ഇടത് മുന്നണി മനുഷ്യമഹശൃംഖലയിൽ കാണാനായത്. സമസ്ത എപി വിഭാഗം നേതാക്കളും കാസർകോട് ശൃംഖലയിൽ ചേരുന്നുണ്ട്. മുസ്ലിം ലീഗിൽ നിന്നടക്കമുള്ള അണികൾ കക്ഷി രാഷ്ട്രീയത്തിനതീതമായി ചങ്ങലയിൽ കണ്ണിയാകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. മലപ്പുറത്ത് തരിഗാമിയും ശൃംഖലയിൽ പങ്കാളിയായി.

മനുഷ്യ മഹാശൃംഖലയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടികളും ശക്തമായിരുന്നു. ഭരണഘടനാ ആമുഖം വായിച്ച് നാല് മണിക്കാണ് പരിപാടി ആരംഭിച്ചത്. ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നായിരുന്നു സിപിഎം ആഹ്വാനം. കേന്ദ്രവിരുദ്ധ സമരങ്ങളിൽ ആദ്യം മുഖ്യമന്ത്രിയുമായി കൈകോർത്ത യുഡിഎഫ് മനുഷ്യ ശൃംഘയെ എതിർക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോൺഗ്രസ് ഉയർത്തുന്ന വിമർശനം.കേന്ദ്രവിരുദ്ധ നിലപാടുകൾ മുഖ്യമന്ത്രി ശക്തമാക്കുമ്പോൾ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തമാണ് ശൃംഖലയിൽ കാണാനായത്.

പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ മനുഷ്യ മഹാശൃംഖലയിൽ അണിചേർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എംവി ഗോവിന്ദൻ, സികെ നാണു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പാളയം ഇമാം അടക്കം മതസാമുദായിക പ്രതിനിധികളും ഇവിടെ പങ്കാളികളായി. സംവിധായകൻ കമൽ , ഭാഗ്യലക്ഷ്മി ,സിഎസ് ചന്ദ്രിക തുടങ്ങി ഒട്ടേറെ പേർ പാളയത്ത് മനുഷ്യമഹാശൃംഖലക്കെത്തി. ഭാര്യ കമലയ്ക്കും മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം കുടുംബ സമേതമാണ് പിണറായി വിജയൻ പ്രതിഷേധത്തിനെത്തിയത്. തിരുവനന്തപുരത്ത് ഓർത്തഡോക്‌സ് വികാരിയും മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തു. യാക്കോബായ പുരോഹിതരും വിശ്വാസികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യശൃംഖലയിൽ പങ്കാളികളായി.

കൊച്ചിയിൽ ആഷിഖ് അബുവും, സാനുമാസ്റ്റർ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും മനുഷ്യശൃംഖലയിൽ പങ്കാളികളായി. മനുഷ്യശ്യംഖലയിൽ മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങൾ പങ്കു ചേർന്നു. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എപി വിഭാഗം സുന്നികൾ സംസ്ഥാനത്തുടനീളം ശൃംഖലയുടെ ഭാഗമായി. അതേസമയം മുസ്‌ലീം ലീഗിനൊപ്പം നിൽക്കുന്ന ഇകെ വിഭാഗം സുന്നികളുടെ നേതാക്കളും മനുഷ്യശ്യംഖലയുടെ ഭാഗമായത് ശ്രദ്ധേയമായി. മുജാഹിദ് വിഭാഗം മനുഷ്യശ്യംഖലയോട് സഹകരിച്ചു.

ഇകെ സുന്നി വിഭാഗം നേതാക്കളായ ഉമർ ഫൈസി മുക്കം, മുസ്തഫ മുണ്ടുപാറ എന്നിവർ കോഴിക്കോട് കോഴിക്കോട് നഗരത്തിൽ മനുഷ്യശൃംഖലയുടെ ഭാഗമായി. കോഴിക്കോട് മുതലക്കുളത്ത് കെഎൻഎം പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനിയും വൈസ് പ്രസിഡന്റ് നിസാർ ഒളവണ്ണയും ശൃംഖലയുടെ ഭാഗമായി. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നു കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP