Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബാലു ഇപ്പോഴും ജീവിച്ചിരിക്കണമായിരുന്നു...മരിക്കേണ്ടത് ഞാനായിരുന്നു; ബാലുവിന്റെ വർക്കുകൾ ഞാൻ പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത തെറ്റാണ്; മര്യാദയ്ക്ക് നിവർന്ന് നിൽക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാൻ എങ്ങനെയാണ് ആൽബങ്ങൾ പൂർത്തീകരിക്കുന്നത്' ?; ടീമിൽ ആരെങ്കിലും മദ്യപിച്ചെത്തിയാൽ പോലും പുറത്താക്കുന്ന ആളായിരുന്നു ബാലഭാസ്‌കറെന്നും അങ്ങനൊരാൾ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തമുണ്ടാകുന്നതെന്നും നിറകണ്ണുകളോടെ ലക്ഷ്മി

'ബാലു ഇപ്പോഴും ജീവിച്ചിരിക്കണമായിരുന്നു...മരിക്കേണ്ടത് ഞാനായിരുന്നു; ബാലുവിന്റെ വർക്കുകൾ ഞാൻ പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത തെറ്റാണ്; മര്യാദയ്ക്ക് നിവർന്ന് നിൽക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാൻ എങ്ങനെയാണ് ആൽബങ്ങൾ പൂർത്തീകരിക്കുന്നത്' ?; ടീമിൽ ആരെങ്കിലും മദ്യപിച്ചെത്തിയാൽ പോലും പുറത്താക്കുന്ന ആളായിരുന്നു ബാലഭാസ്‌കറെന്നും അങ്ങനൊരാൾ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തമുണ്ടാകുന്നതെന്നും നിറകണ്ണുകളോടെ ലക്ഷ്മി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കർ മരിച്ച് നാളുകൾ പിന്നിടുമ്പോഴും കേരളക്കരയുടെ മനസിൽ ആ മുഖവും സംഗീതത്തിൽ സൃഷ്ടിക്കുന്ന വിസ്മയവും മാഞ്ഞു പോയിട്ടില്ല. എന്നാൽ കഴിഞ്ഞയിടെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രതികൾക്ക് ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഇവരിൽ ഒരാൾ പ്രോഗ്രാം മാനേജറായിരുന്നുവെന്നുമുള്ള  തരത്തിൽ വാർത്തകൾ ഇതിനൊടകം പ്രചരിച്ചിരുന്നു.

എന്നാൽ ഇവയിൽ സത്യമില്ലെന്നും ടീമംഗങ്ങളിൽ ആരെങ്കിലും മദ്യപിച്ചാൽ പോലും ബാലു അവരെ പുറത്താക്കുമായിരുന്നുവെന്നും അങ്ങനെയുള്ള ഒരാൾക്ക് ക്രിമിനലുകളുമായി എങ്ങനെ ബന്ധം പുലർത്താൻ സാധിക്കുമെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ചോദിക്കുന്നു. മാത്രമല്ല ബാലുവിന്റെ മരണത്തോടെ തനിക്ക് നേട്ടമാണുള്ളതെന്ന തരത്തിൽ താൻ നിലപാടെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണങ്ങൾ തന്നെ തളർത്തുന്നുവെന്നും ലക്ഷ്മി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.

അഭിമുഖത്തിൽ ലക്ഷ്മിയുടെ വാക്കുകൾ

'അപകടത്തിൽ നിന്നുള്ള പരുക്കുകൾ ഇനിയും ഭേദമാവാത്തതിനാൽ കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇപ്പോഴും പരസഹായം വേണം. അമ്മയാണ് ഒപ്പമുള്ളത്. ഈ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാനാവുക എന്നതാണ് ഇപ്പോഴത്തെ ഒരേയൊരു ആഗ്രഹം'. മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലഭാസ്‌കറെന്നും ബാലുവിൽ തനിക്ക് നെഗറ്റീവ് ആയി തോന്നിയ ഒരേയൊരു സ്വഭാവവിശേഷം അതായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. 'തന്റെ കലയിൽ ഒട്ടും വിട്ടുവീഴ്ച കാട്ടാത്ത ആളായിരുന്നു ബാലു.

ടീമംഗങ്ങളിൽ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാൽ അവരെ പുറത്താക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാൾ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തത്തിലാവുന്നത്?', ലക്ഷ്മി ചോദിക്കുന്നു. ബാലഭാസ്‌കർ തുടങ്ങിവച്ച വർക്കുകൾ പൂർത്തിയാക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്നും ലക്ഷ്മി പറയുന്നു. 'മര്യാദയ്ക്ക് നിവർന്ന് നിൽക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാൻ എങ്ങനെയാണ് ആൽബങ്ങൾ പൂർത്തീകരിക്കുന്നത്? സംഗീതം ആസ്വദിക്കും എന്നതിനപ്പുറം എനിക്ക് അതിൽ കഴിവുകളൊന്നുമില്ല.'

അപകടം നടന്ന ദിവസം ബാലുവായിരുന്നു കാർ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുവെന്നും ലക്ഷ്മി. 'അങ്ങനെയെങ്കിൽ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിൻ വായിക്കാൻ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കിൽ ഇപ്പോഴത്തെ ആരോപണങ്ങൾ സംഭവിക്കില്ലായിരുന്നു,' ലക്ഷ്മി പറഞ്ഞവസാനിപ്പിക്കുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവർക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വാർത്തകൾക്കെതിരെ ലക്ഷ്മി നേരത്തേ രംഗത്തെത്തിയിരുന്നു.

പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോർഡിനേഷൻ മാത്രമാണ് ഇവർ നടത്തിയിരുന്നതെന്നും ലക്ഷ്മി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ചെയ്ത ജോലിക്കുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവർക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ബാലുവിന് അപകടമുണ്ടാകില്ല: കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി

'കൊന്നത് തന്നെ, ബാലുവിനെ അവർ കൊന്നതുതന്നെ. ബാലുവിന് അങ്ങനെ ഒരു അപകടമുണ്ടാവില്ല, അതുറപ്പാണ്, നൂറ് ശതമാനം.' -പൂജപ്പുര ചാടിയറ റസിഡന്റ്സ് നമ്പർ 172 എയിലെ വീട്ടിലിരുന്ന് ഉണ്ണി ഇത് പറയുമ്പോൾ വാക്കുകളിൽ നിറയുന്നത് അമർഷവും വേദനയുമാണ്. ദീർഘദൂര യാത്രയിൽ ബാലു വാഹനം ഓടിക്കാറില്ലെന്നതാണ് അച്ഛൻ പങ്കുവയ്ക്കുന്ന വിവരം. തലേദിവസം വിളിക്കുമ്പോഴും തൃശൂരിലെ ക്ഷേത്ര ദർശനത്തിനുശേഷം അവിടെ തങ്ങുന്നുവെന്നാണ് പറഞ്ഞത്. പെട്ടെന്ന് തീരുമാനം മാറ്റി തിരുവനന്തപുരത്തേക്ക് തിരിച്ചതെന്തിനെന്ന ചോദ്യമാണ് ഉണ്ണിയെ അലട്ടുന്നത്.

ബാലുവാണ് വാഹനം ഓടിച്ചതെങ്കിൽ വാഹനത്തിന്റെ എയർബാഗ് പ്രവർത്തിച്ചിട്ടും കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതെങ്ങനെയെന്നും അച്ഛൻ ചോദിക്കുന്നു. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനം ഡ്രൈവർ ഉറങ്ങിപ്പോയാൽ അതേദിശയിൽ അപകടത്തിൽപ്പെടുന്നതിന് പകരം 90 ഡിഗ്രി ചരിഞ്ഞ് ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്തെ മരത്തിൽ ഇടിച്ചതെങ്ങനെയെന്നതാണ് നിർണ്ണായകമായ മറ്റൊരു ചോദ്യം.

സംഭവ ദിവസം ആശുപത്രിയിൽ വച്ച് 'ഞാൻ ഉറങ്ങിപ്പോയി എന്റെ കൈകൊണ്ട് ഇങ്ങനെ സംഭവിച്ചല്ലോ ' എന്ന് വെളിപ്പെടുത്തിയ ഡ്രൈവർ അർജുൻ പിന്നീട് മൊഴി മാറ്റിയതിന് പിന്നിലും ഉണ്ണി ദുരൂഹത കാണുന്നു. ബാലുവിനേറ്റ പരിക്കിനെപ്പറ്റി ഡോക്ടർ നൽകിയ വിവരം അന്വേഷിക്കാത്തിലും സംശയമുണ്ട്. പിൻ സീറ്റിലായിരുന്ന ബാലഭാസ്‌കർ തെറിച്ച് മുന്നിലെ രണ്ട് സീറ്റുകൾക്കും ഇടയിൽ കുടുങ്ങുകയും തല ശക്തമായി ഇടിച്ച് തലയോട്ടി തകരുകയും ചെയ്തിട്ടുണ്ട്. തലച്ചോറിനും ക്ഷതമുണ്ട്.

കഴുത്തിനേറ്റ ക്ഷതം സ്പൈനൽകോഡും തകർത്തു. വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിന്റെ ഡയഫ്രം പൊട്ടി വയറ്റിലേക്ക് ഇറങ്ങിയ നിലയിലായിരുന്നു. സീറ്റ് ബെൽറ്റിന്റെയോ എയർ ബാഗിന്റെയോ സംരക്ഷണമില്ലാതെ പിൻസീറ്റിൽ നിന്ന് തെറിച്ചതിനാലാണ് ഇത്തരത്തിൽ പരിക്ക് സംഭവിക്കുന്നത്. മുൻസീറ്റിലായിരുന്നുവെങ്കിൽ എയർബാഗുകൾ രക്ഷയായേനെ.

മുൻ സീറ്റിൽ ഇരുന്നവർക്ക് ജീവൻ തിരിച്ചു കിട്ടിയത് തന്നെ എയർബാഗുള്ളതു കൊണ്ടാണ്. ഈ സാഹചര്യങ്ങളെല്ലാം ഉയർത്തിയാണ് തന്റെ മകനായിരുന്നില്ല കാർ ഓട്ടിച്ചിരുന്നതെന്ന് ഈ അച്ഛൻ ഉറച്ച് വിശ്വസിക്കുന്നതും. സ്വർണ്ണക്കടത്തുമായി തന്റെ മകന് ബന്ധമില്ലെന്നും അച്ഛൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP