Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാവലിൻ കേസിൽ ഇടപെടാൻ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന മുല്ലപ്പള്ളിയെ സമീപിച്ചത് വീരേന്ദ്രകുമാറോ? സൂചനകളോടെ മുല്ലപ്പള്ളി രംഗത്ത്; റഫേൽ ഇടപാടിൽ ബിജെപിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ പിണറായിക്ക് കഴിയാത്തതിന്റെ കാരണം കണ്ടെത്തി കെപിസിസി പ്രസിഡന്റ്; വിവാദം ചൂടു പിടിക്കുമ്പോൾ ലാവലിൻ കമ്പനി കൈക്കൂലി കൊടുത്തുവെന്ന പുതിയ ആരോപത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കനേഡിയൻ സർക്കാർ; നടപടി ലിബിയൻ ഇടപാടിലെ അഴിമതിയിൽ

ലാവലിൻ കേസിൽ ഇടപെടാൻ കേന്ദ്രആഭ്യന്തര മന്ത്രിയായിരുന്ന മുല്ലപ്പള്ളിയെ സമീപിച്ചത് വീരേന്ദ്രകുമാറോ? സൂചനകളോടെ മുല്ലപ്പള്ളി രംഗത്ത്; റഫേൽ ഇടപാടിൽ ബിജെപിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്താൻ പിണറായിക്ക് കഴിയാത്തതിന്റെ കാരണം കണ്ടെത്തി കെപിസിസി പ്രസിഡന്റ്; വിവാദം ചൂടു പിടിക്കുമ്പോൾ ലാവലിൻ കമ്പനി കൈക്കൂലി കൊടുത്തുവെന്ന പുതിയ ആരോപത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കനേഡിയൻ സർക്കാർ; നടപടി ലിബിയൻ ഇടപാടിലെ അഴിമതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നരേന്ദ്ര മോദിയെ പേരെടുത്തു പറഞ്ഞ് വിമർശിക്കാത്ത കേരളത്തിലെ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണോ? കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ അഞ്ചറം പുഞ്ചറം വിമർശിക്കുന്ന പിണറായി മോദിയെ വിമർശിക്കുന്ന കാര്യത്തിൽ പിന്നോട്ടാണെന്ന ആക്ഷേപം ശക്തമാണ്. പലപ്പോഴും അദ്ദേഹത്തിന്റെ വിമർശനങ്ങൾ ആർഎസ്എസിലേക്ക് മാത്രമായി ഒതുങ്ങുന്നുവെന്നാണ് ആക്ഷേപം. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ എതിർക്കാൻ സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രി തയ്യാറാകാത്തതിന് പിന്നിലെ കാരണമായി അദ്ദേഹത്തിന്റെ എതിരാളികൾ പറയുന്നത് ലാവലിൻ കേസാണ്. കേസ് ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ആണ്. പിണറായിക്ക് കേസിൽ നിന്നു വിടുതൽ കിട്ടിയങ്കിലും ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത് നീണ്ടു പോകുകയാണ്.

ഈ കോടതി നടപടികൾ നടക്കുന്നതിനിടെ ലാവലിൻ കേസ് വീണ്ടും കേരളത്തിൽ ചർച്ചയാക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈക്കാര്യത്തിൽ മുൻകൈയെടുത്ത് രംഗത്തുള്ളത്. ഇപ്പോൾ ഇടതുമുന്നണിയിലേക്ക് മറുകണ്ടം ചാടിയ എം പി വീരേന്ദ്രകുമാർ കേസിൽ സിബിഐ ഇടപെടൽ ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നു എന്നു പറഞ്ഞാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. മുല്ലപ്പള്ളി കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന വേളയിലെ ഇടപെടലാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഇപ്പോൾ ഇടതുമുന്നണിയിലേക്കു ചേക്കേറിയ ഒരു പാർട്ടിയുടെ നേതാവാണു സമീപിച്ചത്. ശരിയായ രീതിയിലേ കാര്യങ്ങൾ നടക്കൂവെന്ന് അന്ന് അദ്ദേഹത്തോടു പറഞ്ഞു. നേതാവിന്റെ പേരു പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ, മുല്ലപ്പള്ളിയുടെ ആരോപണം നീങ്ങുന്നത് വീരേന്ദ്രകുമാറിലേക്ക് തന്നെയാണ്. ഈ ആരോപണം ഉയരുമ്പോൾ തൽക്കാലം പ്രതികരിക്കാതിരിക്കായാണ് ലോക് താന്ത്രിക് ജനതാദൾ നേതാക്കൾ. മാറിവന്ന സർക്കാരുകൾ സിബിഐയെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. ലാവ്ലിൻ ഫയൽ സിബിഐയുടെ കൈവശമുണ്ടെന്ന പേടികൊണ്ടാണു സിപിഎമ്മും പിണറായി വിജയനും റഫാൽ വിഷയത്തിൽ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്‌മെന്റ് നടത്തുകയാണെന്നും തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും വേണ്ടസമയത്തു പുറത്തുവിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മുല്ലപ്പള്ളിയുടെ ആരോപണത്തിനെതിരെ കോടിയേരി അടക്കമുള്ളവർ രംഗത്തുവന്നു. ഇല്ലാത്ത കേസും പൊക്കിപ്പിടിച്ചു നടക്കുകയാണ് കെപിസിസി അധ്യക്ഷൻ എന്നാണ് കോടിയേരിയുടെ ആരോപണം. കേരളത്തിൽ ലാവലിൻ കമ്പനിയെ വിവാദത്തിലാക്കിയത് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളാണ്. കേരളത്തിലെ പദ്ധതിയിൽ മാത്രമല്ല ലാവലിൻ കമ്പനിക്കെതിരെ ആക്ഷേപം ഉയർന്നിരുന്നത്. ആഗോള വ്യാപകമായി കരാറുകൾ പിടിക്കുന്നതിൽ ലാവലിൻ കമ്പനിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു.

അടുത്തിടെ കനേഡിയൻ സർക്കാറും കുപ്രസിദ്ധമായ ഈ കമ്പനിയിൽ നിന്നും വിശദീകരണം തേടുകയുണ്ടായി. ലിബിയയിലെ പദ്ധതികളിൽ കൈക്കൂലി കൊടുത്താണ് കരാർ നേടിയതെന്ന ആരോപണം ഉയർന്നതോടെയാണ് കനേഡിയൻ സർക്കാർ വിഷയത്തിൽ ഇടപെട്ടതും വിശദീകരണം തേടിയതും. ഇനിടെ ലോകത്തെമ്പാടും കമ്പനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പേരിൽ കനേഡിയൻ സർക്കാരിനോടു കമ്പനി മാപ്പപേക്ഷിച്ചിരുന്നു.

തൊണ്ണൂറുകളിൽ ലിബിയ അടക്കമുള്ള രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതികൾക്കു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ എസ്.എൻ.സി ലാവ്ലിനെ വിചാരണ ചെയ്യാൻ പ്രവർത്തനാസ്ഥാനമായ കാനഡ തീരുമാനിച്ച പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നൈൽ ബ്രൂസിന്റെ കുമ്പസാരം. കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന തരത്തിലുള്ള കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിൽനിന്നു പിൻവാങ്ങണമെന്നു ബ്രൂസ് അഭ്യർത്ഥിച്ചു. കാനഡ നടപടി പ്രഖ്യാപിച്ചതൊടെ ലാവ്ലിനെ ലോകബാങ്ക് രാജ്യാന്തരതലത്തിൽ കരിമ്പട്ടികയിലാക്കിയിരിക്കുകയാണ്.

കമ്പനി വിദേശത്തു നടത്തിയ അഴിമതിയും ക്രമക്കേടും വിചാരണ ചെയ്യരുതെന്നു കഴിഞ്ഞ മാസം അവസാനം അയച്ച ആദ്യ കത്തിൽ ബ്രൂസ് ആവശ്യപ്പെട്ടെങ്കിലും കനേഡിയൻ സർക്കാർ തള്ളിക്കളഞ്ഞു. തുടർന്നാണ് അവസാന ശ്രമമെന്ന നിലയിൽ മാപ്പപേക്ഷയുമായി ബ്രൂസ് രംഗത്തെത്തിയത്. എസ്്.എൻ.സി. ലാവ്ലിൻ കമ്പനിക്ക് എന്തു സംഭവിക്കുമെന്നു പല രാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്. കുറ്റവിചാരണ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന ചോദ്യവും ശക്തമായി ഉയർന്നിരുന്നു.

ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങൾ മാറിയതെന്നു മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിൽ ബ്രൂസ് വ്യക്തമാക്കുന്നു. 'സംഭവിച്ചുപോയ തെറ്റായ കാര്യങ്ങൾക്കെല്ലാം ആദ്യ കത്തിൽ മാപ്പ് പറഞ്ഞതാണ്. എസ്.എൻ.സി ലാവ്ലിന്റെ 2012 നു മുൻപുള്ള സാരഥികളാണ് തെറ്റായ പ്രവൃത്തികൾക്ക് ഉത്തരവാദികൾ. ഇപ്പോഴത്തെ ചുമതലക്കാർക്ക് അവയിൽ യാതൊരു പങ്കുമില്ല' കത്തിൽ നൈൽ ബ്രൂസ് വ്യക്തമാക്കുന്നു. തെറ്റുചെയ്ത വ്യക്തികളെ വിചാരണ ചെയ്യാമെങ്കിലും കമ്പനിക്കെതിരേ നടപടിയെടുക്കുന്നതു കാനഡയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും തൊഴിലാളികളും ഓഹരിയുടമകൾക്കും ബുദ്ധിമുട്ടുണ്ടാക്കുകമെന്നും അദ്ദേഹം പറയുന്നു.

ലിബിയയിൽ കമ്പനി ക്രമക്കേട് നടത്തിയ കാലയളവിലെ എല്ലാ അഴിമതികളും വിചാരണാനാണു കാനഡയുടെ തീരുമാനം. ലിബിയയിലേത് ഒറ്റപ്പെട്ട അഴിമതിയല്ലെന്നു റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലിബിയയിൽ വൻകിട പദ്ധതികൾ നടപ്പാക്കാൻ ഭരണാധികാരിയായിരുന്ന മുവമ്മർ ഗദ്ദാഫിയുടെ മകനു വലിയ തുക കൈക്കൂലി നൽകാൻ ലാവ്ലിൻ കമ്പനിയുടെ അന്നത്തെ പ്രസിഡന്റ് തയാറായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ലിബിയ കൈമാറിയിരുന്നു. നദീതട പദ്ധതിയുമായി ബന്ധപ്പെട്ട് അടക്കം അഴിമതി ആരോപണങ്ങൾ കമ്പനിക്കെതിരെ ഉയർന്നിരുന്നു. 47.7 മില്യൻ ഡോളറിന്റെ അഴിമതി ആരോപണമാണ് കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP