Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐ(എം) പൂർണ്ണമായും കൈവിട്ടു; സംഭവത്തിൽ ഇടപെടാൻ ബുദ്ധിമുട്ടറിയിച്ച് സുകുമാരൻ നായരും; പ്രിൻസിപ്പൽ സ്ഥാനം നിലനിർത്താൻ അവസാന ശ്രമങ്ങളുമായി ലക്ഷ്മി നായർ; ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ കാമ്പസിൽ കുടിൽ കെട്ടാനുള്ള ആലോചനയിൽ

സിപിഐ(എം) പൂർണ്ണമായും കൈവിട്ടു; സംഭവത്തിൽ ഇടപെടാൻ ബുദ്ധിമുട്ടറിയിച്ച് സുകുമാരൻ നായരും; പ്രിൻസിപ്പൽ സ്ഥാനം നിലനിർത്താൻ അവസാന ശ്രമങ്ങളുമായി ലക്ഷ്മി നായർ; ജാനുവിന്റെ നേതൃത്വത്തിൽ ആദിവാസികൾ കാമ്പസിൽ കുടിൽ കെട്ടാനുള്ള ആലോചനയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ(എം). നേതൃത്വവും ഒടുവിൽ നിലപാട് മാറ്റിയതോടെ ലോ അക്കാദമി പ്രിൻസിപ്പൽ ഡോ. ലക്ഷ്മിനായരുടെ നില പരുങ്ങലിൽ. ലക്ഷ്മിനായർ രാജിവയ്ക്കണമെന്നു സിപിഐ(എം). ആവശ്യപ്പെട്ടു. അതേസമയം, ലോ അക്കാഡമി സമരം ഏറ്റെടുക്കാൻ സിപിഐ. നേതൃത്വം എ.ഐ.വൈ.എഫിനു നിർദ്ദേശം നൽകി. നിലവിൽ സിപിഐയുടെ വിദ്യാർത്ഥിവിഭാഗമായ എ.ഐ.എസ്.എഫാണു സമരരംഗത്തുള്ളത്. അതിനിടെ സംഭവത്തിൽ ഇടപെടാനാകില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായരും ലക്ഷ്മി നായരെ അറിയിച്ചതയാണ് സൂചന. എല്ലാവരും കൈവിട്ടുവെങ്കിലും രാജിവയ്ക്കില്ലെന്ന നിലപാടിലാണു ലക്ഷ്മിനായർ. ഇത് അക്കാദമി ഡയറക്ടറും ലക്ഷ്മി നായരുടെ അച്ഛനുമായ നാരായണൻ നായരെ വെട്ടിലാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിസമരം 20-ാം ദിവസത്തേക്കു കടക്കവേയാണു പ്രശ്നപരിഹാരത്തിനായി സിപിഐ(എം). ഇടപെട്ടത്. ലക്ഷ്മിനായർ രാജിവയ്ക്കണമെന്നും കേരളാ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണു പാർട്ടി നേതൃത്വം രംഗത്തെത്തിയത്. സംസ്ഥാനനേതാക്കൾക്കായുള്ള പാർട്ടി പഠന സ്‌കൂൾ തിരുവനന്തപുരത്ത് നടക്കുന്നതിനിടെ അനൗദ്യോഗികചർച്ച നടത്തിയാണു സിപിഐ(എം). നിലപാട് കടുപ്പിച്ചത്. ബിജെപി സമരം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. പ്രിൻസിപ്പളിന്റെ രാജി നീണ്ടാൽ അവിടെ ഒരു ഭൂസമരത്തിന് സാധ്യതയുണ്ടെന്നാണ് സിപിഐ(എം) നിഗമനം. ആദിവാസി നേതാവ് സികെ ജാനുവിനെ ഇറക്കി ആദിവാസി ഭൂസമരം സംഘടിപ്പിക്കാൻ ആർഎസ് എസും ബിജെപിയും നീക്കം നടത്തുന്നുണ്ട്. ഇതോടെ ലോ അക്കാദമി സമരം പുതിയ തലത്തിലെത്തുകയാണ്.

ലോ അക്കാഡമി സമരം കൂടുതൽ ശക്തമാക്കാൻ സിപിഐയും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാർട്ടി യുവജനസംഘടനയായ എ.ഐ.വൈ.എഫും ഇന്നുമുതൽ പന്തൽ കെട്ടി അനിശ്ചിതകാലസമരത്തിലേക്കു കടക്കും. ലോ അക്കാദമി പ്രിൻസിപ്പൽ രാജിവയ്ക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ ഇന്നലെ ചേർന്ന സിപിഐ. ജില്ലാ കൗൺസിലാണു തീരുമാനിച്ചത്. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷ്മി നായരെ അഞ്ചുവർഷത്തേക്കു പരീക്ഷാചുമതലകളിൽനിന്നു വിലക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, പ്രിൻസിപ്പലിനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള
വിദ്യാർത്ഥിസംഘടനകൾ.

എ.ഐ.എസ്.എഫ്. നടത്തുന്ന സമരത്തിനു ശക്തമായ പിന്തുണ നൽകുന്നതിനൊപ്പം എ.ഐ.വൈ.എഫ്. പ്രത്യേകപന്തൽ കെട്ടി അനിശ്ചിതകാലസമരം ആരംഭിക്കാനാണു സിപിഐ. ജില്ലാ കൗൺസിലിന്റെ തീരുമാനം.

ഉപസമിതി റിപ്പോർട്ട് ഏകപക്ഷീയമെന്ന് മാനേജ്മെന്റ്

പാർട്ടി സംസ്ഥാനനേതാവിന്റെ ബന്ധുകൂടിയായ ലക്ഷ്മിനായരുടെ രാജിക്കായി നേതൃത്വം സമ്മർദം ചെലുത്തിയില്ലെങ്കിൽ സർക്കാരിന്റെ പ്രതിഛായ കൂടുതൽ വഷളാകുമെന്ന അഭിപ്രായം സിപിഎമ്മിനുണ്ട്. ഇതേത്തുടർന്ന്, അക്കാദമി ഡയറക്ടറും പാർട്ടി സംസ്ഥാനസമിതിയംഗം കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദരനുമായ എൻ. നാരായണൻ നായരെ എ.കെ.ജി. സെന്ററിലേക്കു ചർച്ചയ്ക്കായി വിളിച്ചുവരുത്തി. പ്രിൻസിപ്പൽ ലക്ഷ്മിനായരുടെ പിതാവാണു നാരായണൻ നായർ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എ.കെ.ജി. സെന്ററിൽ നടന്ന ചർച്ചയിൽ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്, നാഗരാജ് നാരായണൻ എന്നിവരും പങ്കെടുത്തു.

ലോ അക്കാദമി സമരം രാഷ്ട്രീയവിഷയമായി മാറിയെന്നും പ്രിൻസിപ്പലിന്റെ ഭാഗത്തു വീഴ്ചയുള്ളതായി സർവകലാശാല സിൻഡിക്കേറ്റ് കണ്ടെത്തിയ സാഹചര്യത്തിൽ അവരുടെ രാജിയാണ് അക്കാദമിക്കു നല്ലതെന്നും നാരായണനെ കോടിയേരി അറിയിച്ചു. ഇക്കാര്യത്തിൽ പാർട്ടിക്ക് അക്കാദമി ഭരണസമിതിയെ സംരക്ഷിക്കാനാകില്ല. വൻപ്രക്ഷോഭങ്ങൾക്കോ രാഷ്ട്രീയമുതലെടുപ്പിനോ ഇടകൊടുക്കാതെ രമ്യമായ പ്രശ്നപരിഹാരത്തിനു ലക്ഷ്മിയുടെ രാജിയാണു നല്ലതെന്നു കോടിയേരി ചൂണ്ടിക്കാട്ടി. എന്നാൽ, രാജിയൊഴികെയുള്ള പ്രശ്നപരിഹാര ഫോർമുലകൾ അംഗീകരിക്കാമെന്നും പ്രിൻസിപ്പലിനെ രാഷ്ട്രീയമുതലെടുപ്പിന്റെ ഇരയാക്കരുതെന്നും ഡയറക്ടർ വാദിച്ചു.

സർവകലാശാലാ സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട് ഏകപക്ഷീയമാണെന്നായിരുന്നു ചർച്ചയിൽ മാനേജ്മെന്റിന്റെ നിലപാട്. പ്രിൻസിപ്പലിനോട് രാജിവെയ്ക്കണമെന്നോ മാറിനിൽക്കണമെന്നോ പറയാനാവില്ല. അങ്ങനെ നിർദ്ദേശിച്ചാലും കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കുമെന്നാണ് നിയമോപദേശമെന്നും മാനേജ്മെന്റ് വാദിച്ചു. പ്രിൻസിപ്പൽ ജോലി ലക്ഷ്മി നായരുടെ ജീവനോപാധിയാണെന്നും രാജിവെയ്ക്കണമെന്ന് പറയാൻ ആർക്കും കഴിയില്ലെന്നുമാണ് ചർച്ചയ്ക്കു ശേഷം നാഗരാജൻ പ്രതികരിച്ചത്.

മുക്കാൽ മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം പുറത്തെത്തിയ നാരായണൻനായരും നാഗരാജ് നാരായണനും മാദ്ധ്യമങ്ങളോടു പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, പ്രശ്നത്തിൽ പാർട്ടിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നു കോലിയക്കോട് കൃഷ്ണൻനായർ പിന്നീടു വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം തന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നും കോളജ് രണ്ടുദിവസത്തിനുള്ളിൽ തുറന്നുപ്രവർത്തിക്കുമെന്നും പ്രിൻസിപ്പൽ ലക്ഷ്മിനായർ അക്കാദമി ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പ്രതികരിച്ചു. ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. രാജിയില്ലെന്നു ലക്ഷ്മിനായർ പ്രഖ്യാപിച്ചതോടെ സമരം കൂടുതൽ ശക്തമാക്കാനാണു മുഴുവൻ വിദ്യാർത്ഥിസംഘനകളുടെയും ബിജെപിയുടെയും തീരുമാനം.

മുരളീധരന്റെ നിരാഹാരം തുടരുന്നു

ബിജെപി. ദേശീയ നിർവാഹകസമിതിയംഗം വി. മുരളീധരൻ അക്കാദമിക്കു മുന്നിൽ നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തേക്കു കടന്നു. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനേത്തുടർന്ന് ഡോക്ടർ പരിശോധന നടത്തി. ലോ അക്കാദമി മാനേജ്മെന്റുമായി സിപിഐ(എം). നേതൃത്വം ഒത്തുകളിക്കുകയാണെന്നു മുരളീധരൻ ആരോപിച്ചു. ലക്ഷ്മിനായർ സർക്കാരിലെ ഉന്നതരെ ബ്ലാക്മെയിൽ ചെയ്യുകയാണെന്നു ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു.

നിരാഹാരപ്പന്തലിനു സമീപം നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊലീസിനു ലക്ഷ്മിനായരെ ഭയമാണെന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പരിഹസിച്ചു

ഭൂസമരമാക്കാൻ കുമ്മനവും ആർഎസ്എസും

ലോ അക്കാദമിയിലെ വിദ്യാർത്ഥിപ്രക്ഷോഭത്തെ ആദിവാസി ഭൂസമരമാക്കി മാറ്റാൻ സംഘപരിവാർ തീരുമാനം.ബിജെപി. മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ഇപ്പോൾ അക്കാദമിക്കു മുന്നിൽ നടത്തിവരുന്ന ഉപവാസസമരത്തിന് തുടർച്ചയായിട്ടായിരിക്കും ഭൂസമരം സംഘടിപ്പിക്കുക.

ലോ അക്കാദമിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രിൻസിപ്പൽ രാജിവച്ചാൽ മുരളീധരൻ സമരം അവസാനിപ്പിക്കും. തുടർന്ന്, സർക്കാർ ഭൂമി അനധികൃതമായി ലോ അക്കാദമി കൈവശം വച്ചിരിക്കുന്നുവെന്നും ഇത് ഭൂരഹിതരായ ആദിവാസികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടായിരിക്കും സമരംതുടങ്ങുക.സി.കെ. ജാനുവിനെ മുൻനിർത്തി രണ്ടാം ഭൂസമരം തുടങ്ങുമെന്ന് അടുത്തിടെ കോട്ടയത്ത് നടന്ന ബിജെപി. സംസ്ഥാനനേതൃയോഗങ്ങളിൽ തീരുമാനിച്ചിരുന്നു. ആദ്യസമരത്തിന് പത്തനംതിട്ടയിലെ ഗവിയിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തുടക്കമിട്ടിരുന്നു

മുഖ്യമന്ത്രി വി സി.മാരുടെ യോഗം വിളിച്ചു

സ്വാശ്രയകോളേജുകളെ കുറിച്ച് വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഫെബ്രുവരി രണ്ടിന് വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. പല കോളേജുകളിലും മാനേജ്മെന്റ് വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതായുള്ള പരാതി ഏറിവരികയാണ്. പാമ്പാടി നെഹ്രു കോളേജിൽ ഒരു കുട്ടി ആത്മഹത്യചെയ്തു. ടോംസ് കോളേജ്, ലോ അക്കാദമി എന്നിവിടങ്ങളിൽ കുട്ടികൾ സമരരംഗത്താണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗംവിളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP