Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതിൽ ഇടിച്ചതിന്റെ ബില്ലുമായി ചെന്ന കളക്ടറോട് ലക്ഷ്മി നായർ പറഞ്ഞത് പോയി വാട്ടർ അഥോറട്ടിയോട് ചോദിക്കാൻ! അവേശം കയറി ലോ അക്കാദമിയുടെ മതിൽ ഇടിച്ച റവന്യൂവകുപ്പ് പിടിച്ചത് പുലിവാല് തന്നെ; ഇടിച്ചു നിരത്തിയത് വാട്ടർ അഥോറട്ടി കെട്ടി ഉയർത്തിയ സംരക്ഷണ ഭിത്തി

മതിൽ ഇടിച്ചതിന്റെ ബില്ലുമായി ചെന്ന കളക്ടറോട് ലക്ഷ്മി നായർ പറഞ്ഞത് പോയി വാട്ടർ അഥോറട്ടിയോട് ചോദിക്കാൻ! അവേശം കയറി ലോ അക്കാദമിയുടെ മതിൽ ഇടിച്ച റവന്യൂവകുപ്പ് പിടിച്ചത് പുലിവാല് തന്നെ; ഇടിച്ചു നിരത്തിയത് വാട്ടർ അഥോറട്ടി കെട്ടി ഉയർത്തിയ സംരക്ഷണ ഭിത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പേരൂർക്കടയിലെ ലോ അക്കാദമി ലോ കോളജിന്റെ മതിൽ ഇടിച്ച റവന്യൂ വകുപ്പ് പ്രതിസന്ധിയിലായി. റവന്യൂ വകുപ്പ് ഇടിച്ചുനിരത്തിയ മതിൽ, ലോ അക്കാദമി കെട്ടിയതല്ലെന്നും ജല അഥോറിറ്റി അവരുടെ ഭൂമിയുടെ സംരക്ഷണത്തിനായി കെട്ടിയതാണെന്നുമാണു സൂചന. മതിലിടിച്ചതിന്റെ ചെലവ് അക്കാദമിയിൽ നിന്ന് ഈടാക്കാൻ ജില്ലാ കലക്ടർ നോട്ടിസ് നൽകിയെങ്കിലും ആ പണം വാട്ടർ അഥോറിറ്റിയോടു ചോദിച്ചുകൊള്ളാനാണു ലോ അക്കാദമി കഴിഞ്ഞ ദിവസം നൽകിയ മറുപടി. അങ്ങനെ ലക്ഷ്മി നായർക്കെതിരായ ആദ്യ നീക്കത്തിൽ റവന്യൂവകുപ്പിന് പണി കിട്ടുകയാണ്. അതായത് ലോ അക്കാദമി കയ്യേറ്റം നടത്തിയെന്ന ആരോപണത്തിലെ ആദ്യ വാദത്തെ അക്കാദമി സമർത്ഥമായി പ്രതിരോധിക്കുകയാണ്.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു കലക്ടർ ലോ അക്കാദമിക്കു നോട്ടിസ് നൽകിയത്. ജല അഥോറിറ്റിയുടെ ഭൂമിയും പുറമ്പോക്കും കയ്യേറി നിർമ്മിച്ചിരിക്കുന്ന പ്രധാന കവാടവും ഗേറ്റും 24 മണിക്കൂറിനുള്ളിൽ പൊളിച്ചു മാറ്റണമെന്നായിരുന്നു നോട്ടിസ്. ഇതനുസരിച്ചു ശനിയാഴ്ച രാവിലെ ലോ അക്കാദമി മാനേജ്‌മെന്റ് തന്നെ ഗേറ്റ് ഇളക്കിമാറ്റി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു ഇത്. സമയപരിധിക്കുള്ളിൽ മതിൽ ഇടിക്കാത്തതിനാലായിരുന്നു ഇത്. ഞായറാഴ്ച രാവിലെ റവന്യൂ വകുപ്പ് അധികൃതർ മണ്ണുമാന്തിയുമായി എത്തി മതിലും കൽത്തൂണുകളും ഇടിച്ചുനിരത്തുകയും ചെയ്തു. ചെലവ് അക്കാദമിയിൽ നിന്നും വാങ്ങുമെന്നും അറിയിച്ചു. ഈ മോഹം പൊലിയുകയാമ്.

മതിൽ നിർമ്മിച്ചതിൽ ഒരു പങ്കുമില്ലെന്നാണു ലോ അക്കാദമിയുടെ നിലപാട്. നഗരത്തിലേക്കു ശുദ്ധജലം എത്തിക്കുന്ന വലിയ വാട്ടർ ടാങ്കുകൾ നിലനിൽക്കുന്ന ഭൂമി സംരക്ഷിക്കാനായി വാട്ടർ അഥോറിറ്റി തന്നെയാണ് ആ മതിലുകൾ നിർമ്മിച്ചിരിക്കുന്നത്. 1968ൽ ഭൂമി ലഭിക്കുമ്പോഴേ കൽത്തൂണുകളും മതിലും ഗേറ്റും ഉണ്ടായിരുന്നു. പഴയ ഗേറ്റ് തുരുമ്പിച്ചപ്പോൾ 20 വർഷം മുമ്പ് അക്കാദമി ചെലവിൽ വാട്ടർ അഥോറിറ്റിയുടെ അനുമതിയോടെ പുതിയതു മാറ്റിസ്ഥാപിച്ചു. നോട്ടിസ് കിട്ടിയപ്പോൾ ആ ഗേറ്റ് തങ്ങൾ എടുത്തുമാറ്റിയിട്ടുണ്ടെന്നും മതിൽ പൊളിച്ചതിന്റെ ചെലവ് വാട്ടർ അഥോറിറ്റിയോട് ആവശ്യപ്പെടണമെന്നുമാണു ലോ അക്കാദമിയുടെ മറുപടി.

അതേസമയം, ലോ അക്കാദമിയുടെ അധികമുള്ള പത്ത് ഏക്കർ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് ഇതേവരെ നിയമവകുപ്പിന്റെ അഭിപ്രായം റവന്യൂ വകുപ്പിനു ലഭിച്ചിട്ടില്ല. അക്കാദമി ഭൂമിയിൽ നിയമവിരുദ്ധമായി കന്റീനും സഹകരണ ബാങ്കും പ്രവർത്തിക്കുന്നതു സംബന്ധിച്ചു നോട്ടിസും നൽകിയിട്ടില്ല. നിയമവശം കൂടി പരിഗണിച്ചു മാത്രമേ അക്കാദമിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ സാധിക്കൂ എന്നാണു റവന്യൂ വകുപ്പിന്റെ നിലപാട്. അല്ലെങ്കിൽ മതിൽ പൊളിച്ചതു പോലുള്ള അബദ്ധങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതിനിടെ ലോ അക്കാദമി മാനേജ്മെന്റിനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. അക്കാദമിക്ക് 12 ഏക്കർ ഭൂമി സെന്റിന് 250 രൂപ നിരക്കിൽ പതിച്ചുനൽകിയത് നിമയപ്രകാരമല്ലെന്നും ഭൂമി പതിച്ചുനൽകിയതിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി സമഗ്രമായ വിജിലൻസ് അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക ജഡ്ജ് എ.ബദറുദ്ദീൻ മുമ്പാകെ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ 27 നകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, റവന്യൂസെക്രട്ടറി, ലോ അക്കാദമി ചെയർമാൻ, സെക്രട്ടറി നാരായണൻ നായർ, മുൻ പ്രിൻസിപ്പൽ ലക്ഷ്മിനായർ, ട്രസ്റ്റി നാഗരാജ് നാരായണൻ, മറ്റ് ട്രസ്റ്റി അംഗങ്ങൾ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി.

അനധികൃതമായി സർക്കാരിൽ നിന്നും അക്കാദമി സ്വന്തമാക്കിയ ഭൂമി തിരികെ പിടിക്കാനും ഇതുവരെ സർക്കാരിനുണ്ടായ കോടികളുടെ നഷ്ടം ഉത്തരവാദികളിൽ നിന്നും ഈടാക്കുവാനുമുള്ള നിയമനടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേസ് 27 ന് വീണ്ടും പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP