Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മും സിപിഐയും വ്യത്യസ്ത നിലപാട് എടുക്കുന്നത് ബോധപൂർവ്വമെന്ന് സൂചന; സിപിഎമ്മിനെക്കാൾ അക്കാദമിയോട് കടപ്പാടുള്ള സിപിഐയുടേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം; സിപിഐ നേതാവായ നാരായണൻ നായർ ഇപ്പോഴും കൂടതൽ ക്വാട്ട അനുവദിക്കുന്നത് സിപിഐക്ക് തന്നെ

ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മും സിപിഐയും വ്യത്യസ്ത നിലപാട് എടുക്കുന്നത് ബോധപൂർവ്വമെന്ന് സൂചന; സിപിഎമ്മിനെക്കാൾ അക്കാദമിയോട് കടപ്പാടുള്ള സിപിഐയുടേത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം; സിപിഐ നേതാവായ നാരായണൻ നായർ ഇപ്പോഴും കൂടതൽ ക്വാട്ട അനുവദിക്കുന്നത് സിപിഐക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോ അക്കാദമിയിലെ സമരം ഇടതുമുന്നണിയിലും ഭിന്നത ശക്തമാക്കുമ്പോൾ ചർച്ചയാകുന്ന സിപിഐയുടെ പൊള്ളത്തരങ്ങളാണ്. ലോ അക്കാദമിക്കും നാരായണൻനായർക്കും എല്ലാ പിന്തുണയും സൗകര്യങ്ങളും നൽകിയത് സിപിഐ ആയിരുന്നു. പേരൂർക്കടയിലെ ഭൂമി വാടകയ്ക്ക് നൽകിയത് സിപിഐ മന്ത്രിയായ എംഎൻ ഗോവിന്ദൻനായരും. അറിയപ്പെടുന്ന സിപിഐ നേതാവായിരുന്ന നാരായണൻനായർക്കെതിരെ ഇപ്പോൾ സിപിഐ നിലപാട് എടുക്കുന്നത് കള്ളക്കളികൾ മറച്ച് നല്ല പിള്ള ചമയാനാണെന്നാണ് ആക്ഷേപം. സിപിഐ(എം) നേതാവായ കോലിയക്കോട് കൃഷ്ണൻനായരുടെ സഹോദരനാണ് നാരായണൻ നായർ. ലക്ഷ്മി നായർ കൈരളി ടിവിയിലെ പാചക പരിപാടിയുടെ അവതാരകയും. അതിനപ്പുറം രാഷ്ട്രീയ ബന്ധമൊന്നും നാരായണൻ നായരുമായി സിപിഎമ്മിനില്ല.

അതിനിടെ ലോ അക്കാദമിയിൽ പരിശോധന നടത്തിയ റവന്യൂ ഉദ്യോഗസ്ഥർ ശനിയാഴ്ച റവന്യൂ സെക്രട്ടറിക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ ഭൂമി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന. റിപ്പോർട്ട് പരിശോധിച്ച റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സ്‌കെച്ച് ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. വ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന കാര്യത്തിലും സിപിഐയും യു.ഡി.എഫും ബിജെപിയും ഒരേ അഭിപ്രായക്കാരാണ്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനുശേഷം ഭൂമിസംബന്ധമായ പ്രശ്നം ഉയർത്തിയത് ബിജെപിയാണെന്നും ആ കെണിയിൽ മറ്റു പാർട്ടികൾ വീഴുകയായിരുന്നുവെന്നുമാണ് സിപിഎമ്മിന്റെ ആരോപണം.

ലോ അക്കാദമിയിൽ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ഇരുചേരികളിൽ നിലയുറപ്പിച്ചതോടെ തുടങ്ങിയ വടംവലി സിപിഎമ്മും സിപിഐയും തമ്മിലുള്ള നിഴൽയുദ്ധമെന്ന നിലയിലേക്കുമാറി. ലോ അക്കാദമി ഭൂമി സംബന്ധിച്ച പരിശോധനയൊന്നുമില്ലെന്ന് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വ്യക്തമാക്കിയതോടെ ഭിന്നത മറനീക്കി. മുഖ്യമന്ത്രിയുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നില്ലെങ്കിലും ഭൂമിസംബന്ധമായ പരിശോധന തുടരുമെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഇതു ഫലത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്തുന്നതാണ്. ഇതിലൂടെ കേരള സമൂഹത്തിൽ തിരുത്തൽ ശക്തിയെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനാണ് സിപിഐ ശ്രമിക്കുന്നത്. ലോ അക്കാദമിയിൽ സിപിഐയുടെ നിലപാടിനെ പൊളിച്ചുകാട്ടാൻ നേതാക്കളോട് സിപിഐ(എം) നിർദ്ദേശിച്ചിട്ടുണ്ട്.

പിണറായിയിക്ക് എതിരായ നിലപാടിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ പിന്തുണച്ച് സിപിഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നാണ് സൂചന. ഇതിനിടെ, സിപിഐ.-സിപിഐ(എം). തർക്കം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും മറുവശത്ത് നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിപിഐ(എം). സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തമ്മിൽ ആശയവിനിമയം നടന്നെന്നാണ് വിവരം. ലോ അക്കാദമിയുടെ ഭൂമി സർക്കാർ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി എസ്. അച്യുതാനന്ദനാണ് ആദ്യം രംഗത്തുവന്നത്. വിഎസിനെ ഒപ്പം നിർത്തി സിപിഎമ്മിനെ വെട്ടിലാക്കാനാണ് നീക്കം. ഭൂമി അനധികൃതമായി അനുവദിച്ചത് സിപിഐ. ലോ അക്കാദമിയിൽ നിന്നും എല്ലാ ആനുകൂല്യവും പറ്റുന്നതും അവർ. എന്നിട്ടും തങ്ങളെ കുറ്റപ്പെടുത്തകയാണ് അവർ ചെയ്യുന്നതെന്ന് സിപിഐ(എം) പറയുന്നു. വി.എസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് അന്വേഷണവും തുടങ്ങിയത് മുഖ്യമന്ത്രിയോട് ചോദിക്കാതെയാണ്.

പേരൂർക്കട ലോ അക്കാദമിയിൽ സമരം തുടരുന്ന സിപിഐയുടെ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫിന്റേത് ഇരട്ടത്താപ്പാണെന്ന വാദവും അതിനിടെ സജീവമാണ്. വർഷാവർഷം ഈ കോളജിൽനിന്ന് പഠിച്ചിറങ്ങുന്ന എഐഎസ്എഫുകാരുടെ എണ്ണം പരിശിധോക്കുമ്പോൾ കൂടുതലും സിപിഐക്കാരാണ്. പാർട്ടി നല്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് കോളജ് മാനേജ്മെന്റ് പ്രവേശനം നല്കിയിരുന്നത്. മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ നിയന്ത്രണം കർശനമാക്കിയതോടെ കോളജ് അധികൃതർക്ക് പഴയപോലെ അഡ്‌മിഷൻ നല്കാൻ പറ്റാത്തതാണ് സിപിഐഎയുടെയും എഐഎസ്എഫിന്റെയും എതിർപ്പ് രൂക്ഷമാകാൻ കാരണമെന്നും സൂചനയുണ്ട്.

സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ ലോ അക്കാദമിക്ക് ഭൂമി നല്കാൻ സഹായിച്ചതിന്റെ പ്രത്യുപാകരമായിട്ടാണ് മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ അമ്പതു വർഷമായി ലഭിച്ചിരുന്ന സൗജന്യ ആനുകൂല്യം നിഷേധിക്കപ്പെട്ടതിലുള്ള അമർഷമാണ് സിപിഐയും എഐഎസ്എഫും ലോ അക്കാദമിക്കെതിരേ നിലപാട് കർശനമാക്കാൻ കാരണമെന്ന് സിപിഐ(എം) പറയുന്നു. എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും നാരായണൻ നായർ ക്വാട്ട നൽകാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ ക്വാട്ട സിപിഐയ്ക്കാണ് നൽകുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടായി ഓരോ ബാച്ചിലും 25 എഐഎസ്എഫ് വിദ്യാർത്ഥികൾക്കാണ് ലോ അക്കാദമിയിൽ പ്രവേശനം ലഭിച്ചിരുന്നത്. ഇവരെ കോളജിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ ഔദ്യോഗിക ലെറ്റർപാഡിലായിരുന്നു സിപിഐ ശിപാർശ നല്കിയിരുന്നത്. എന്നിട്ടാണ് സിപിഐ ഇപ്പോൾ സിപിഎമ്മിന് നേരെ ആരോപണങ്ങൾ ചാരുന്നതെന്നാണ് സിപിഐ(എം) പക്ഷം.

സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലോ അക്കാദമിയെ ചൂഷണം ചെയ്തിരുന്നു. പാർട്ടി നേതാക്കൾക്ക് പേരിനു മുന്നിൽ അഡ്വക്കേറ്റ് എന്നു ചേർക്കണമെങ്കിൽ ഏക ആശ്രയം ലോ അക്കാദമിയായിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പല നേതാക്കൾക്കും മറ്റു ലോ കോളജുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല. എന്നാൽ എല്ലാ പാർട്ടികളും നിർദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്ന ഉദാര നിലപാടാണ് ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ കൈക്കൊണ്ടിരുന്നത്. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ ആനുകൂല്യം കൈപ്പറ്റിയിരുന്നത് സിപിഐ ആയിരുന്നു. കോളജിന് ഭൂമി അനുവദിച്ചു തന്ന പാർട്ടിയോടുള്ള ഉപകാര സ്മരണ ആയിട്ടായിരുന്നു ഇത്.

എന്നാൽ കോലിയക്കോട് കാരണമാണ് സിപിഐ(എം) ഇപ്പോൾ വിദ്യാർത്ഥി വിരുദ്ധ സമീപനം എടുക്കുന്നതെന്നാണ് സിപിഐയുടെ ആക്ഷേപം. വിദ്യാഭ്യാസ ആവശ്യത്തിനാണ് എംഎൻ സ്ഥലം നൽകിയത്. ഇപ്പോൾ അവിടെയുള്ളത് കോലിയക്കോടിന്റെ വീടും. ഇതെങ്ങനെ സാധിക്കുമെന്ന് സിപിഐയും ചോദിക്കുന്നു. ഭൂമി കൊടുത്തതിനെ അല്ല, ഭൂമി വിനിയോഗിച്ചതിനെയാണ് സിപിഐ എതിർക്കുന്നതെന്നാണ് അവരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP