Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ അടുത്ത സ്‌ട്രൈക്കിന് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി! ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടിയവരെ വെള്ളം കുടിപ്പിക്കാൻ നിയമം കൊണ്ടുവരും; നീക്കം 1988 മുതൽ പൊടി പിടിച്ചു കിടക്കുന്ന ബിനാമി സ്വത്ത് നിയമം പുനരുജ്ജീവിപ്പിക്കുന്നത്

കള്ളപ്പണത്തിനെതിരായ സർജിക്കൽ സ്‌ട്രൈക്കിന് പിന്നാലെ അടുത്ത സ്‌ട്രൈക്കിന് തയ്യാറെടുത്ത് പ്രധാനമന്ത്രി മോദി! ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടിയവരെ വെള്ളം കുടിപ്പിക്കാൻ നിയമം കൊണ്ടുവരും; നീക്കം 1988 മുതൽ പൊടി പിടിച്ചു കിടക്കുന്ന ബിനാമി സ്വത്ത് നിയമം പുനരുജ്ജീവിപ്പിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ സർജിക്കൽ സ്‌ട്രൈക്ക് എന്ന വിധത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ, ഇത് വിജയമായോ എന്ന കാര്യം വിലയിരുത്തേണ്ടതാണ്. നോട്ട് പിൻവലിക്കലിന്റെ പേരിൽ മോദി കടുത്ത വിമർശനം നേരിടേണ്ടി വരികയും ചെയ്തു. എന്തായാലും കള്ളപ്പണക്കാരെ വെറുതേ വിടാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രി മോദി വ്യക്തമാക്കുന്നത്. കള്ളപ്പണം ഉപയോഗിച്ച ബിനാമി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയവരെ ലക്ഷ്യമിട്ടാണ് മോദിയുടെ അടുത്ത സർജിക്കൽ സ്‌ട്രൈക്ക്.

ബിനാമി സ്വത്തുക്കൾക്കെതിരായ നിയമം പുനരുജ്ജീവിപ്പിച്ച് പോരാട്ടം തുടരാനാണ് പ്രധാനമന്ത്രി മോദിയുടെ തീരുമാനം. റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണവും അഴിമതിയും തടയുന്നതിനായി സ്വീകരിച്ച നടപടിയെ പിന്തുണച്ച് നിരവധി കത്തുകളും സന്ദേശങ്ങളുമാണ് എത്തുന്നതെന്നും നടപടിക്ക് പൊതുജനങ്ങളുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രി പുതിയ നീക്കത്തെക്കുറിച്ച് സൂചന നൽകിയത്.

രാജ്യത്ത് ബിനാമി സ്വത്തുക്കൾ തടയാനുള്ള നിയമം 1988 ൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് ആർക്കും അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നിയമം തള്ളിക്കളയുകയോ അതിന് വേണ്ട ചട്ടക്കൂടൊരുക്കുകയോ വിജ്ഞാപനം ചെയ്യുകയോ പോലും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. പൊടിപിടിച്ച് കിടക്കുന്ന ആ നിയമം ബിനാമി സ്വത്തുക്കൾക്കെതിരായ മൂർച്ഛയുള്ള ശക്തമായ നിയമമാക്കി മാറ്റാനാണ് മോദി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും നേട്ടത്തിനായി വരും ദിവസങ്ങളിൽ ആ നിയമം പ്രായോഗികമാക്കും.

500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ പിൻവലിച്ച നടപടിക്ക് ശേഷം ബിനാമി സ്വത്തുക്കൾ പിടിച്ചെടുക്കാനും കണ്ടുകെട്ടാനുമുള്ള നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് മുൻപാകെ വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പുതിയ കാര്യത്തെ കുറിച്ച് പ്രതികരണം. കള്ളപ്പണം കൈയിൽ വച്ചതിനും മറ്റുമായി അടുത്ത ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും നിരവധിയിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്യുന്നുണ്ടെന്ന് മോദി പറഞ്ഞു. സ്വാധീനമുള്ളവർ പോലും പിടിക്കപ്പെടുന്നുണ്ട്.

കള്ളപ്പണം കുമിഞ്ഞുകൂടിയത് റിയൽ എസ്റ്റേറ്റ് മേഖലയിലാണ്. കള്ളപ്പണം കറൻസിയായി അല്ല വൻകിടക്കാർ സൂക്ഷിക്കുന്നതെന്നും മറിച്ച് ഭൂമി വാങ്ങിയും സ്വർണംവാങ്ങിയുമെല്ലാം നിക്ഷേപം നടത്തിയാണ് ബിനാമി പേരുകളിൽ പലരും കൈക്കൂലിയും കോഴയുമുൾപ്പെടെ ഒളിപ്പിക്കുന്നതെന്നും പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നിക്ഷേപം നടത്തിയ കള്ളപ്പണക്കാരെ പിടികൂടാനാണ് മോദിയുടെ അടുത്ത നീക്കമെന്ന് വ്യക്തമാണ്.

കറൻസി നിരോധനം അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കുന്നതിന്റെ ആദ്യപടി മാത്രമാണെന്നും ഇതിന്റെ തുടർച്ചയായി നിരവധി നടപടികൾ വരാനിരിക്കുന്നതേയുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കറൻസി നിയന്ത്രണം നടപ്പിലാക്കിയതിന്റെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഇത് റിയൽ എസ്റ്റേറ്റ് രംഗത്തെ ബിനാമികളെ ലക്ഷ്യമിട്ടായിരിക്കുമെന്നതിന്റെ സൂചനകളും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വാട്‌സ് ആപ് സന്ദേശങ്ങളും വ്യാപകമായി പ്രചരിക്കപ്പെടുകയുണ്ടായി.

എപ്രിലിലാണ് രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം കേന്ദ്രസർക്കാർ യഥാർത്ഥ സർജിക്കൽ സ്‌ട്രൈക്ക് നടപ്പാക്കാൻ പോകുന്നതെന്നാണ് സന്ദേശത്തിന്റെ സാരം. രാജ്യത്ത് ഓരോ വ്യക്തിക്കും ഇപ്രോപ്പർട്ടി പാസ്ബുക്ക് നൽകുമെന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട സന്ദേശങ്ങൾ. 2017 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വസ്തുക്കളും ഒരു വർഷത്തേക്ക് അസാധുവാക്കും. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള വസ്തുക്കൾ ഇപ്രൊപ്പർട്ടി പാസ് ബുക്കിൽ രജിസ്റ്റർ ചെയ്യാൻ അവസരം നൽകും. അതുവരെ നിങ്ങളുടെ വസ്തു വിൽക്കാനോ മറ്റൊരു വസ്തു വാങ്ങാനോ അനുവാദം ഉണ്ടാകില്ല. ഇത്തരത്തിൽ നൽകുന്ന ഇപ്രൊപ്പർട്ടി പാസ് ബുക്ക് നിങ്ങളുടെ പാൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി ബന്ധപ്പെടുത്തും.

വസ്തുവിന്റെ ഉടമകൾ നേരിട്ട് ഉടമസ്ഥാവകാശ രേഖകളുമായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിൽ എത്തണം. അവിടെ ബന്ധപ്പെട്ട സ്‌പെഷ്യൽ ഓഫീസർ നിങ്ങളുടെ രേഖകൾ ഇപ്രൊപ്പർട്ടി പാസ്ബുക്കുമായി ബന്ധപ്പെടുത്തും. ഇത്രയും ചെയ്തുകഴിഞ്ഞാൽ മാത്രമേ വസ്തു നിങ്ങളുടെ പേരിലേക്ക് മാറുകയും നിങ്ങൾക്ക് ക്രയവിക്രയത്തിന് അവകാശം ലഭിക്കുകയും ചെയ്യൂ.

കേന്ദ്രം ഇത്തരത്തിൽ ഒരു നടപടി പ്രഖ്യാപിക്കുമ്പോൾ വിഷമം ഉണ്ടാകുന്ന അടിയന്തിര ആവശ്യക്കാർക്കായി സ്‌പെഷ്യൽകൗണ്ടറുകൾ ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. അടിയന്തിര ആവശ്യങ്ങൾക്കായി വസ്തു വിൽക്കുകയും വാങ്ങുകയും ചെയ്യേണ്ടവർക്ക് ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തി ഇത്തരത്തിൽ വിൽപനയും വാങ്ങലും നടത്താനാകും. ഒരുവർഷം പൂർത്തിയാകുന്ന 2018 മാർച്ച് 31നകം രാജ്യത്തെ എല്ലാ ഭൂസ്വത്തുക്കളും ഇപ്രൊപ്പർട്ടി പാസ്ബുക്കിൽ രേഖപ്പെടുത്തപ്പെടും.

ഇപ്പോൾ നിരോധിച്ച നോട്ടുകൾ ബാങ്കുകളിൽ സമർപ്പിക്കാൻ ആവശ്യപ്പെടുന്ന 50 ദിവസത്തിനകം ബാങ്കിൽ എത്തിയില്ലെങ്കിൽ സർക്കാരിന്റെ സ്വത്തായി മാറുമെന്ന് പ്രഖ്യാപിച്ചതുപോലെ ഒരു വർഷത്തിനകം ഇപ്രോപ്പർട്ടി പാസ്ബുക്ക് നേടാത്തവരുടെ ഭൂസ്വത്ത് സർക്കാരിലേക്ക് വന്നുചേരുമെന്നും അത്തരം ഭൂമി 2018 ഏപ്രിൽ ഒന്നുമുതൽ സർക്കാർ ഏറ്റെടുത്തു തുടങ്ങുമെന്നുമായിരുന്നു നേരത്തെ സന്ദേശത്തിൽ പറയുന്നത്. രാജ്യത്താകെ രാഷ്ട്രീയക്കാരും വൻകിട ബിസിനസുകാരും ഉൾപ്പെടെ പലരുടേയും കള്ളപ്പണ നിക്ഷേപത്തിൽ വലിയൊരു ഭാഗം ബിനാമി പേരുകളിൽ ഭൂസ്വത്തായാണ് ശേഖരിച്ചിട്ടുള്ളത്. കോടികളുടെ കൈക്കൂലിവാങ്ങിയും കോഴവാങ്ങിയും നാട്ടുകാരെ മുടിപ്പിച്ചവർ മോദിയുടെ ഈ പുതിയ നീക്കത്തോടെ വെള്ളംകുടിക്കുമെന്നും കോടികളുടെ സ്വത്ത് നേടിയവരെ ഇങ്ങനെ തന്നെ കുടുപ്പിക്കുമെന്നത് ഉറപ്പാണ്

അതേസമയം നോട്ട് നിരോധനം സമ്മാനിച്ച ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. ഡിസംബർ 30ന് ശേഷവും പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന് സൂചന. ആവശ്യത്തിനുള്ള കറൻസികൾ ബാങ്കുകളിൽ എത്തുന്നത് വരെ നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. സർക്കാർ പറഞ്ഞ 50 ദിവസങ്ങൾക്ക് ശേഷവും നിയന്ത്രണം തുടരാൻ ബാങ്കുകൾ അനുകൂലമാണെന്ന് വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാവാൻ ഇത് അനിവാര്യമാണെന്നാണ് പല ബാങ്കുകളുടെയും നിലപാട്. ഇപ്പോൾ ആഴ്ചയിൽ പരമാധി ബാങ്കുകളിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന തുക 24,000 രൂപയാണ് ഇത് പോലും നൽകാൻ ബാങ്കുകൾക്ക് സാധിക്കുന്നില്ല.

ജനുവരി മുതൽ പണം പിൻവലിക്കാനുള്ള നിയന്ത്രണം പിൻവലിച്ചാൽ അതുമൂലം ആളുകൾ വൻതോതിൽ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്ന സാഹചര്യമുണ്ടാവും. അത്തരം സാഹചര്യം നേരിടാൻ ആവശ്യമായ കറൻസി ബാങ്കുകളുടെ കൈവശമില്ല. വ്യക്തികൾക്ക് പണം നൽകാൻ തന്നെ ബാങ്കുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള വലിയ ഇടപാടുകാർക്ക് പണം നൽകുക എന്നത് അസാധ്യമാണെന്നും അതുകൊണ്ട് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എസ്.ബി.ഐ ചെയർപേഴ്‌സൺ അരുന്ധതി ഭട്ടാചാര്യയും നിയന്ത്രണങ്ങൾ തുടരും എന്ന സൂചനകളാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP