Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ഇങ്ങനെയൊരു ലിസ്റ്റില്ലെന്ന് പറഞ്ഞു; ഇപ്പോൾ പറയുന്നത് യുഡിഎഫ് സർക്കാരിന്റെ ലിസ്റ്റ് എന്ന്; ആഭ്യന്തര അഡീഷണൽ സെക്രട്ടറി പറഞ്ഞത് എന്നുറപ്പില്ലാത്ത പ്രസ്താവന വച്ചും വ്യാജ പ്രചാരണം; ന്യായീകരണം തുടങ്ങിയത് ഗവർണ്ണർ തിരിച്ചയച്ച ലിസ്റ്റ് വിവരാവകാശം വഴി ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ

ആദ്യം ഇങ്ങനെയൊരു ലിസ്റ്റില്ലെന്ന് പറഞ്ഞു; ഇപ്പോൾ പറയുന്നത് യുഡിഎഫ് സർക്കാരിന്റെ ലിസ്റ്റ് എന്ന്; ആഭ്യന്തര അഡീഷണൽ സെക്രട്ടറി പറഞ്ഞത് എന്നുറപ്പില്ലാത്ത പ്രസ്താവന വച്ചും വ്യാജ പ്രചാരണം; ന്യായീകരണം തുടങ്ങിയത് ഗവർണ്ണർ തിരിച്ചയച്ച ലിസ്റ്റ് വിവരാവകാശം വഴി ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 1850 പ്രതികളുടെ ജയിൽ മോചന വാർത്ത ചർച്ചയാക്കിയത് ഗവർണ്ണറുടെ ഓഫീസാണ്. സർക്കാർ സമർപ്പിച്ച പട്ടിക തിരിച്ചയ്ക്കുന്നത് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ റിലീസ് തീർത്തും അത്യപൂർവ്വമായിരുന്നു. ഈ പട്ടികയിലെ ക്രിമനലുകളുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള നടപടി. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസായ പി സദാശിവം ഓരോ പ്രതിയുടേയും കുറ്റ കൃത്യത്തെ കുറിച്ച് അതിസൂക്ഷ്മമായി പരിശോധിച്ചു. അങ്ങനെയാണ് പത്രക്കുറിപ്പിറങ്ങിയത്. അതിൽ തന്നെ തവുപുള്ളികളുടെ റിലീസ് എന്നായിരുന്നു ഗവർണ്ണറുടെ ഓഫീസ് വിശദീകരിച്ചത്. ഈ റിലീസിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഗവർണ്ണർക്ക് അയച്ച പട്ടികയിൽ ടിപിക്കേസ് പ്രതികളും ഉണ്ടായിരുന്നുവെന്ന് മറുനാടന് വ്യക്തമായത്. ഇത് വാർത്തയാക്കിയതോടെ വിവാദവും തുടങ്ങി. ഇതിന് പുതിയ തലമാണ് ജയിൽ വകുപ്പിൽ നിന്നും ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നതും.

ഗവർണ്ണറുടെ ഓഫീസ് റിലീസ് എന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചെങ്കിലും അത് തടവ് പുള്ളികളുടെ മോചനല്ല, ശിക്ഷാ ഇളവാണെന്ന് പിന്നീട് വ്യക്തമായി. അതായത് നിലവിൽ 14 കൊല്ലം തടവ് ശിക്ഷ അനുഭവിക്കുന്നവർക്ക് അത് കുറവ് ചെയ്തുകൊടുക്കൽ. ഇതിലൂടെ പ്രതികളിൽ ബഹുഭൂരിഭാഗവും ജയിൽ മോചതരാകുന്നില്ല. എന്നാൽ കോടതി വിധിച്ച ശിക്ഷ പൂർത്തിയാകും മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങാം. ഇത് അനുവദിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഇതെല്ലാം കാറ്റിൽപറത്തിയായിരുന്നു പട്ടിക തയ്യാറാക്കിയത്. മാനദണ്ഡമനുസരിച്ച് കടുത്ത കുറ്റങ്ങൾ ചെയ്തവരെ ഒഴിവാക്കിയും ശിക്ഷാകാലയളവിൽ നല്ല സ്വഭാവം പ്രകടിപ്പിച്ചവരുമായ സംസ്ഥാനത്തെ വിവിധ ജയിലുകളിലെ തടവുകാരുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന 2262 പേരുടെ ലിസ്റ്റ് കഴിഞ്ഞ ഒക്ടോബർ 17നാണ് ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ചത്. പട്ടിക വിശദമായി പരിശോധിക്കുന്നതിന് ആഭ്യന്തരവകുപ്പ് അഡീഷനൽ സെക്രട്ടറി ഷീലാറാണി ചെയർമാനായും നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ്‌കുമാർ, ജയിൽവകുപ്പ് ദക്ഷിണ മേഖല ഡിഐജി ബി പ്രദീപ് അംഗങ്ങളുമായി സൂക്ഷ്മപരിശോധനാ കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു.

ഈ കമ്മിറ്റി പരിശോധിച്ച് അർഹരെന്ന് കണ്ടെത്തിയ തടവുകാരുടെ ലിസ്റ്റാണ് അന്തിമമായി പ്രത്യേക ശിക്ഷായിളവ് നൽകുന്നതിന് സർക്കാരിന്റെ പരിഗണനയിൽ വന്നത്. എന്നാൽ, സർക്കാർ ശിക്ഷായിളവ് നൽകുന്നവരുടെ എണ്ണം 1850 ആക്കി. ഈ ലിസ്റ്റാണ് ഗവർണർക്ക് കൈമാറിയത്. എന്നാൽ, ഗവർണർ കൂടുതൽ വിശദാംശങ്ങൾ വേണമെന്ന് അറിയിച്ച് മടക്കുകയായിരുന്നു. നേരത്തേ അംബേദ്കറുടെ 100ാം ജന്മദിനത്തോടനുബന്ധിച്ചും സ്വാതന്ത്ര്യത്തിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചും 21ാം മില്ലേനിയത്തോടനുബന്ധിച്ചും തടവുകാർക്ക് പ്രത്യേക ശിക്ഷായിളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേരളപ്പിറവിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ശിക്ഷായിളവ് നൽകാൻ സർക്കാർ തീരുമാനിച്ചതെന്നതാണ് വസ്തുത. ഈ ലിസ്റ്റ് യുഡിഎഫ് സർക്കാർ തയ്യാറാക്കിയെന്നാണ് ഇടതു പക്ഷം ഇപ്പോൾ അവകാശപ്പെടുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി സർക്കാർ തലത്തിൽ ഇത്തരമൊരു ലിസ്റ്റ് തയ്യാറായിരുന്നില്ലെന്നതാണ് വസ്തുത.

നിസാം ഇല്ലെന്ന് സ്ഥിരീകരണം; കൊടി സുനിയിൽ മിണ്ടാട്ടവുമില്ല

അതിനിടെ മറുനാടൻ നൽകിയ വാർത്ത ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആഭ്യന്തര അഡീ സെക്രട്ടറി ഷീലാ റാണിയുടെ വാക്കുകളും. മീഡിയാ വൺ ചാനലിലെ പ്രതികരണത്തിൽ ഷീലാ റാണി പറയുന്നതുകൊടി സുനി അടക്കമുള്ളവരുടെ പേരുണ്ടായിരുന്നുവെന്നതിന് സ്ഥിരീകരണം കൂടിയാണ്.

അതായത് ജയിൽ വകുപ്പ് നൽകിയ പട്ടികയിൽ നിസാം ഉണ്ടായിരുന്നുവെന്നും തന്റെ നേതൃത്വത്തിലെ സമിതി നിസാമിനെ ഒഴിവാക്കിയെന്നും അവർ പറയുന്നു. ഈ വാക്കുകളെ ഉയർത്തിക്കാട്ടിയാണ് മറുനാടൻ വാർത്തയ്‌ക്കെതിരെ ചില കോണുകളുടെ പ്രതികരണം. ജയിൽ വകുപ്പിന്റെ പട്ടിക ഗവർണ്ണറുടെ ഓഫീസിലെത്തിയപ്പോൾ കൊടി സുനി ഒഴിവാക്കപ്പെട്ടുവെന്നാണ് ഇവരുടെ അവകാശ വാദം. എന്നാൽ ഷീലാ റാണിയുടെ വിശദീകരണത്തിൽ തന്നെ എല്ലാമുണ്ട്. കാപ്പ ചുമത്തിയ നിസാമിനെ ഒഴിവാക്കി. ഒപ്പം കൊടു കുറ്റവാളികളേയും എന്നാണ് അവർ പറയുന്നത്. സർക്കാരിനായി കാര്യങ്ങൾ വിശദീകരിച്ച അവർ ടിപി കേസ് പ്രതികളെ ഒഴിവാക്കിയെന്നോ പട്ടികയിൽ ഇല്ലായിരുന്നുവെന്നോ പറയുന്നുമില്ല. അതുകൊണ്ട് തന്നെ ഗവർണ്ണറുടെ ഓഫിസീലെത്തിയ മന്ത്രിസഭ അംഗീകരിച്ച പട്ടികയിൽ കൊടി സുനി ഉണ്ടായിരുന്നുവെന്ന് വ്യക്തം.

ഗവർണ്ണർക്ക് നൽകിയ പട്ടിക പുറത്തുവരാൻ രണ്ട് വഴികളാണുള്ളത്. ഒന്ന് ഗവർണ്ണറുടെ ഓഫീസിൽ നിന്ന് ലഭിക്കുക. രണ്ട് സർക്കാർ പുറത്തുവിടുക. ഇതിൽ വിവരാവകാശ നിയമ പ്രകാരം ഗവർണ്ണറുടെ ഓഫീസിന് ഈ പട്ടിക പുറത്തുവിടാൻ കഴിയില്ല. കാരണം ഈ പട്ടിക ഗവർണ്ണർ സർക്കാരിന് തിരിച്ചയച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ നിയമപരമായി അത് രാജ് ഭവനിൽ ഉണ്ടാകേണ്ട പട്ടികയല്ല. അതിനാൽ അത് വിവരാവകാശ പ്രകാരം ചോദിച്ചാൽ നിയമപരമായി നൽകാൻ കഴിയില്ല. ആഭ്യന്തര വകുപ്പ് ഈ പട്ടിക തരാനാകില്ലെന്ന് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് മറുപടി നൽകി കഴിഞ്ഞു. മന്ത്രിസഭയുടെ പരിഗണനാ വിഷയമാണ് ഇതിന് കാരണമെന്നും പറയുന്നു. ഈ മന്ത്രിസഭയുടെ കാലത്ത് ഇക്കാര്യത്തിൽ തീരുമാനം ഇനിയെടുക്കില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പിൽ നിന്ന് ഈ പട്ടിക കിട്ടത്തുമില്ലെന്നതാണ് വസ്തുത.

ഈ സാഹചര്യത്തിലാണ് ചില കേന്ദ്രങ്ങൾ ഗവർണ്ണർക്ക് നൽകിയ പട്ടികയിൽ കൊടി സുനിയുടെ പേരില്ലെന്ന് ആവർത്തിച്ച് കള്ള വാദങ്ങൾ ഉയർത്തുന്നത്. കൊടി സുനിയുടെ പേരില്ലെങ്കിൽ സർക്കാരിന് ഈ പട്ടിക പുറത്തുവിടുകൂടേയെന്ന ചോദ്യത്തിന് ആരും ഉത്തരം നൽകുന്നുമില്ല.

യുഡിഎഫ് കാലത്ത് നടന്നത് പതിവ് നടപടി ക്രമം മാത്രം

ജയിൽ നിയമപ്രകാരമാണ് ജയിലുകളുടെ പ്രവർത്തനം. ഇതിൽ ജയിൽ ഉപദേശക സമിതെയന്നൊരു സംവിധാനമുണ്ട്. എല്ലാ വർഷവും രണ്ട് തവണ ഇത് കൂടും. എട്ട് അംഗ സമിതിയിൽ ജില്ലാ ജഡ്ജിയും എസ് പിയും അടക്കമുള്ളവരുണ്ടാകും. ഇതിന് പുറമേ മൂന്ന് സർക്കാർ നോമിനേറ്റഡ് അംഗങ്ങൾ. രാഷ്ട്രീയക്കാരാകും ഇവർ. ഇവരുടെ സാന്നിധ്യത്തിൽ യോഗം നടക്കേണ്ടത് നിയമപരമായ ബാധ്യതയുമാണ്. ജയിലിൽ നല്ല നടപ്പ് കൊടുക്കേണ്ട പ്രതികളുടെ പട്ടിക തയ്യാറാക്കലാണ് ഈ സമിതിയുടെ പ്രധാന ലക്ഷ്യം. ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലെ സമിതിയാണ് ഇത്തരം നല്ല നടപ്പ് പ്രതികളുടെ പട്ടിക തയ്യാറാക്കുക. ഇത് ജയിൽ ഉപദേശക സമിതി പരിഗണിക്കും. ഈ ലിസ്റ്റ് സർക്കാരിലേക്ക് അയക്കുകയും ചെയ്യും. ഇത് സാധാരണ നടപടി ക്രമമാണ്. ഏത് സർക്കാർ വന്നാലും അത് സംഭവിക്കാറുമുണ്ട്. യുഡിഎഫ് ഭരണകാലത്തും ഇത്തരം പട്ടിക തയ്യാറാക്കാൻ ജയിൽ ഡിഡിപിയിൽ നിന്നും ജയിൽ ആസ്ഥാനത്തേക്ക് പോയിട്ടുണ്ട്. തുടർന്ന് പട്ടിക തയ്യാറാക്കുകയും ചെയ്തു.

എന്നാൽ ഇതിൽ ആരേയും മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നില്ല. മന്ത്രിസഭയുടെ പരിഗണനയിലും ഇത് എത്തിയില്ലെന്നതാണ് വസ്തുത. എല്ലാ വർഷവും ജയിൽ വകുപ്പ് നടത്തുന്ന സാധാരണ നടപടി ക്രമമായിരുന്നു അത്. അപ്പോഴും 2016ലെ പട്ടികയിൽ അസ്വാഭാവികതയുണ്ടായിരുന്നു. 2000ൽ അധികം പേരുകാർ വിവിധ ജയിലിലിൽ നിന്ന് ശുപാർശ ചെയ്ത് നല്ല നടപ്പുകാരായി. ഇതിൽ ടിപികേസ് പ്രതികളും ഉണ്ടായിരുന്നത് തീർത്തും അസ്വാഭാവികമായി. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഈ പട്ടികയെ കുറിച്ച് അവർ മനസ്സിലാക്കി. വീണ്ടും നടപടി ക്രമങ്ങൾ തുടങ്ങി. പ്രതീക്ഷിച്ചതു പോലെ തന്നെ പട്ടികയും സർക്കാരിന് മുമ്പിലെത്തി. ഈ സമയത്ത് സന്തോഷ് മാധവൻ ജയിൽ മോചിതനായിരുന്നു. അതുകൊണ്ടാണ് യുഡിഎഫ് കാലത്ത് ജയിലിൽ നിന്ന് തയ്യാറാക്കിയ മോചന പട്ടികയിൽ ഉണ്ടായിരുന്ന സന്തോഷ് മാധവൻ പുറത്തായത്.

2262 പേരുടെ പട്ടിക ആഭ്യന്തരവകുപ്പ് അഡീഷനൽ സെക്രട്ടറി ഷീലാറാണി ചെയർമാനായ സമിതി പരിശോധിച്ചു. അതിൽ നിസാം ഉണ്ടായിരുന്നു. കാപ്പ ചുമത്തപ്പെട്ട കൊടു ഭീകരരെ ഒഴിവാക്കി. ഈ പട്ടിക അതേ പടി മന്ത്രിസഭ അംഗീകരിച്ച് ഗവർണ്ണർക്ക് അയയ്ക്കുകയാണ് ഉണ്ടായത്. അതായത് ഈ ലിസ്റ്റിൽ പെട്ട എല്ലാ പേരുകാരെ കുറിച്ചും മന്ത്രിസഭയ്ക്ക് ബോധ്യമുണ്ടായിരുന്നു. ടിപി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവിന് പോലും അർഹതയില്ലെന്ന് നിയമസഭയിൽ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പട്ടിക അംഗീകരിച്ചതെന്നാണ് വസ്തുത. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന ആരോപണം ശക്തമാകുന്നതും അതുകൊണ്ട് മാത്രമാണ്. വിവാദമായതോടെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് തടവുകാരെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാനുള്ള അധികാരത്തിന്റെ മാനദണ്ഡം പരിശോധിക്കാൻ മന്ത്രിസഭാഉപസമിതിയെ നിയോഗിച്ചു. 1850 തടവുകാരെ വിട്ടയക്കാൻ സർക്കാർ നൽകിയ പട്ടിക ഗവർണർ തിരിച്ചയച്ച സാഹചര്യത്തിലാണ് നടപടി. നിയമമന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ സമിതിയിൽ അഞ്ച് മന്ത്രിമാരാണുള്ളത്.

1850 തടവുകാരെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാനുള്ള ഫയലാണ് ഗവർണർ പി.സദാശിവം മടക്കി അയച്ചത്. ബലാൽസംഗം, ലഹരിമരുന്ന്, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം എന്നീ കേസുകളിലും കൊലപാതകത്തിലും ഉൾപ്പെട്ടവർ അടക്കമുള്ളവരെയാണ് മോചിപ്പിക്കാൻ സർക്കാർ ശുപാർശ നൽകിയത്. എന്നാൽ ഇതിൽ പലരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തിൽപ്പെടുന്നവരല്ലെന്ന് കണ്ടെത്തിയായിരുന്നു ഗവർണർ ആവശ്യം നിരസിച്ചത്.

പ്രതികകൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്; ഏതൊക്കെ തരത്തിലുള്ള പ്രതികളെ ശിക്ഷാ കാലാവധി അവസാനിക്കാതെ മോചിപ്പിക്കാൻ പാടില്ല എന്ന് നിഷ്‌കർഷിക്കുന്നുണ്ട്.

1. കൊലപാതകം തൊഴിലാക്കിയവർ / വാടകക്കൊലയാളികൾ
2. മത, സമുദായ, ജാതീയ കാരണങ്ങളാൽ കൊലപാതകം നടത്തിയവർ, രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ചിരിക്കുന്നവർ
3.കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൊല നടത്തിയവർ, ജയിൽ ഉദ്യോഗസ്ഥർ, ജയിൽ സന്ദർശകർ, ഡ്യൂട്ടി നിർവഹണത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ കൊലപ്പെടുത്തിയവർ
4. ലൈംഗികാതിക്രമങ്ങളെ തുടർന്ന് സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവർ, കരുതിക്കൂട്ടി സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തിയവർ, 65 വയസിന് മുകളിൽ പ്രായമുള്ളവരെ കൊലപ്പെടുത്തിയവർ
5. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടവർ
6. അന്യസംസ്ഥാന കോടതികൾ ശിക്ഷിച്ചവർ, വിദേശികളായ തടവുകാർ

ഈ മാനദണ്ഡം വച്ച് നോക്കിയാൽ കൊടി സുനി അടക്കമുള്ള ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ കഴിയില്ല. ഇതാണ് ലംഘിക്കപ്പെട്ടത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും തീർത്തും സംശയത്തിന് ഇടനൽകുന്നതാണ്. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന ആവശ്യവും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP