Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രൂവറി സ്ഥാപിക്കാൻ എറണാകുളം കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ ഭൂമി അനുവദിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ; പവർ ഇൻഫ്രാടെകിന് ഭൂമി നൽകിയെന്ന സർക്കാർ ഉത്തരവ് തെറ്റെന്നും വാദം; കൊടുക്കാത്ത സ്ഥലത്തിന്റെ പേരിലാണ് ഇപ്പോഴത്തെ വിവാദമെന്ന വ്യവസായ മന്ത്രിയുടെ വാദത്തോടെ വെട്ടിലായി എക്‌സൈസ് വകുപ്പ്; സ്ഥലം പോലും ഇല്ലാത്ത കമ്പനിക്ക് ബ്രൂവറി എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തിൽ ഉത്തരം മുട്ടി ടി പി രാമകൃഷ്ണൻ: 'ബ്രൂവറി ചലഞ്ചി'ലെ കള്ളക്കളി പുറത്താകുമ്പോൾ കൂടുതൽ വെട്ടിലായി പിണറായി സർക്കാർ

ബ്രൂവറി സ്ഥാപിക്കാൻ എറണാകുളം കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ ഭൂമി അനുവദിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ; പവർ ഇൻഫ്രാടെകിന് ഭൂമി നൽകിയെന്ന സർക്കാർ ഉത്തരവ് തെറ്റെന്നും വാദം; കൊടുക്കാത്ത സ്ഥലത്തിന്റെ പേരിലാണ് ഇപ്പോഴത്തെ വിവാദമെന്ന വ്യവസായ മന്ത്രിയുടെ വാദത്തോടെ വെട്ടിലായി എക്‌സൈസ് വകുപ്പ്; സ്ഥലം പോലും ഇല്ലാത്ത കമ്പനിക്ക് ബ്രൂവറി എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തിൽ ഉത്തരം മുട്ടി ടി പി രാമകൃഷ്ണൻ: 'ബ്രൂവറി ചലഞ്ചി'ലെ കള്ളക്കളി പുറത്താകുമ്പോൾ കൂടുതൽ വെട്ടിലായി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാറിനെ വീഴ്‌ച്ചത്തിയ ബാർകോഴയുടെ വഴിയേ ആണോ പിണറായി വിജയൻ നയിക്കുന്ന പിണറായി സർക്കാറും? പിണറായി സർക്കാറിനെ വെട്ടിലാക്കി ബ്രൂവറി വിവാദം കത്തുകയാണ്. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും നിർമ്മിക്കാൻ അനുമതി നൽകിയതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്. ബ്രൂവറി സ്ഥാപിക്കാൻ എറണാകുളത്ത് കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ ഭൂമി അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി ഇ പി ജയരാജൻ രംഗത്തുവന്നതോടെയാണ് വിവാദം കത്തുന്നത്.

ബ്രൂവറിക്കായി കിൻഫ്ര പാർക്കിൽ ഭൂമി നൽകിയെന്ന സർക്കാർ ഉത്തരവ് തെറ്റാണെന്നാണ് വ്യവസായ വകുപ്പ് വ്യക്തമാക്കിയത്. പവർ ഇൻഫ്രാടെകിന് കിൻഫ്ര പാർക്കിൽ ഭൂമി നൽകിയിട്ടില്ല. അതുകൊണ്ടാണ് ഉത്തരവ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതെന്നുമാണ് സർക്കാറിന്റെ ഇപ്പോഴത്തെ വാദം. നേരത്തെ പവർ ഇൻഫ്രാടെക്കിന് ബ്രൂവറി ലൈസൻസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ കിൻഫ്ര പാർക്കിൽ പത്തേക്കർ അനുവദിച്ചു എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ ഭൂമി അനുവദിച്ചിട്ടില്ലെന്ന് വ്യവസായ വകുപ്പ് വ്യക്തമാക്കിയതോടെ എക്‌സൈസ് വകുപ്പ് വെട്ടിലായി.

ഇതോടെ മാനദണ്ഡങ്ങൾ പാലിക്കാതെ ഭൂമി പോലും ഇല്ലാത്ത സ്ഥാപനത്തിന് ബ്രൂവറി ലൈസൻസ് നൽകിയെന്ന ആരോപണമാണ് എക്‌സൈസ് വകുപ്പ് നേരിടുന്നത്. എന്നാൽ, എൽഡിഎഫിന്റെ മദ്യനയം അനുസരിച്ച് ചട്ടങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ബ്രുവറി ലൈസൻസ് അനുവദിച്ചതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കുമ്പോഴും ഈ വിഷയത്തിൽ വിവാദം ഒഴിയുന്നില്ല. അതിനിടെ ഈ വിഷയം എൽഡിഎഫിൽ ചർച്ച ചെയ്തില്ലെന്ന് വാദിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്ന് നിലപാട് മാറ്റി. ബ്രൂവറി അനുവദിച്ചത് എൽഡിഎഫ് നയത്തിന് വിരുദ്ധമല്ലെന്നാണ് കാനം വ്യക്തമാക്കിയത്.

ബ്രൂവറിക്കായി പലയിടത്തും ഭൂമി നൽകിയെന്ന നാല് ഉത്തരവുകളാണ് സർക്കാർ പുറത്തിറക്കിയത്. പവർ ഇൻഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിൻഫ്രാ പാർക്കിൽ 10 ഏക്കർ നൽകിയെന്നായിരുന്നു ഉത്തരവിൽ പറഞ്ഞത്. എന്നാൽ കിൻഫ്രാ പാർക്കില് ഇങ്ങനെയൊരു 10 ഏക്കർ അനുവദിച്ചിട്ടില്ല. എറണാകുളത്തോ സമീപ ജില്ലകളിലോ 10 ഏക്കർ കൊടുക്കാനുള്ള ഭൂമി കിൻഫ്രയുടെ കയ്യിലില്ലെന്നുള്ളതാണ് വസ്തുത.

അതേസമയം സംസ്ഥാനത്ത് പുതിയതായി ബ്രൂവറികൾ അനുവദിച്ചതിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിഷയത്തിൽ എക്‌സൈസ് മന്ത്രിയോട് പ്രതിപക്ഷ നേതാവ് 10 ചോദ്യങ്ങളാണ് ചോദിച്ചത്. മദ്യനയത്തിലും എൽഡിഎഫ് പ്രകടന പത്രികയിലും ഇല്ലാത്ത ബ്രൂവറികൾ അനുവദിച്ച സർക്കാർ ഉത്തരവ് പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കാക്കനാട് കിൻഫ്ര പാർക്കിൽ 10 ഏക്കർ അനുവദിച്ചത് എന്തടിസ്ഥാനത്തിലെന്ന് ചോദിച്ച ചെന്നിത്തല അഴിമതിയിൽ വ്യവസായ വകുപ്പിനും പങ്കുണ്ടെന്ന് ആരോപിച്ചു. ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എക്‌സൈസ് മന്ത്രിയാകട്ടെ അരിയെത്ര എന്ന ചോദ്യത്തിന് പയറഞ്ഞാഴി എന്ന മട്ടിൽ മറ്റെന്തെക്കയോ കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഈ പശ്ചാത്തലത്തിൽ എക്‌സൈസ് മന്ത്രിയോട് പത്തു ചോദ്യങ്ങൾ ചോദിച്ച് ചെന്നിത്തല കത്ത് നൽകി. ഇതോടെ പ്രതിപക്ഷ നേതാവ് ഉയർത്തിയ ബ്രൂവറി ചലഞ്ചിന് പുതിയ മാനം കൈവരുകയാണ്. ബ്രൂവറി ഇടപാട് പിണറായി രഹസ്യമാക്കി വച്ചുവെന്നും എക്സൈസ് മന്ത്രി കാര്യങ്ങൾ മറച്ചു വയ്ക്കുകയാണെന്നും രമേശ് ചെന്നിത്തല പറയുന്നു. കാക്കനാട് കിൻഫ്രാ പാർക്കിൽ പത്ത് ഏക്കർ അനുവദിച്ചത് എന്തിനാണെന്നാണ് ഉയർത്തുന്ന പ്രധാന ചോദ്യം. ഈ ഉത്തരവ് പുറത്തു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തിൽ കോടതിയെ സമീപിക്കുന്നത് പരിഗണിക്കുമെന്നും ചെന്നിത്തല പറയുന്നു.

പ്രളയത്തിന്റെ മറവിൽ സംസ്ഥാനത്തു പുതിയതായി ഒരു ഡിസ്റ്റിലറിയും മൂന്നു ബ്രൂവറികളും അനുവദിച്ചതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. മന്ത്രിസഭാ യോഗത്തിലോ ഇടതുമുന്നണിയിലോ നയപ്രഖ്യാപന പ്രസംഗത്തിലോ ബജറ്റ് പ്രസംഗത്തിലോ, മദ്യനയത്തിലോ പറയാതെ അതീവ രഹസ്യമായാണ് ഇവ അനുവദിച്ചതെന്നും വിലിയിരുത്തലുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം സംസ്ഥാനത്ത് ഇപ്പോൾ സാലറി ചലഞ്ചല്ല, ബ്രൂവറി ചലഞ്ചാണു നടക്കുന്നതെന്ന ആരോപണം ആദ്യം ഉയർത്തിയത് ചെന്നിത്തലയാണ്.

കൊച്ചിയിൽ ബ്രൂവറിക്കായി കിൻഫ്രയുടെ പത്തേക്കർ ഭൂമി വിട്ടുകൊടുത്തു. 17 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഡിസ്റ്റിലറി അനുവദിക്കുന്നത്. ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിക്കേണ്ടതില്ലെന്ന് 1999-ൽ നികുതിസെക്രട്ടറിയായിരുന്ന വിനോദ്‌റായിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സർക്കാരും ഇവ അനുവദിച്ചിരുന്നില്ല. എന്നാൽ, ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അനുമതി നൽകിയിരിക്കുന്നത്. സർക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമാണിതെന്ന വാദം ശക്തമാണ്. ഇതേ കുറിച്ച് അറിയില്ലെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ രണ്ടു ഡിസ്റ്റിലറികളുടെ ഉൽപ്പാദനശേഷി വർധിപ്പിച്ചും ഉത്തരവിറക്കിയിട്ടുണ്ട്.

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യത്തെ ബ്രൂവറിക്ക് അനുമതി നൽകിയതെന്നതു ശ്രദ്ധേയമാണ്. നേരത്തേ സർക്കാരിന് ലഭിച്ച മറ്റ് അപേക്ഷകൾ പിന്തള്ളിയാണിത്. അനുമതി കൊടുക്കാൻ തിരുമാനിച്ചപ്പോൾ അപേക്ഷ ക്ഷണിച്ച് സുതാര്യമായി ചെയ്യാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എൽ.ഡി.എഫ് സർക്കാർ അനുവദിച്ച മൂന്നു ബ്രൂവെറികളിൽ ആദ്യം അനുമതി നൽകിയത് അവസാനം കിട്ടിയ അപേക്ഷയ്‌ക്കെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2017 ൽ മൂന്നു അപേക്ഷകൾ സർക്കാർ പരിഗണനയ്‌ക്കെത്തിയെങ്കിലും 2018ൽ പരിഗണനയ്‌ക്കെത്തിയ കെ.എസ്.ബ്രൂവെറീസിനാണ് ആദ്യം അനുമതി നൽകിയുള്ള ഉത്തരവ് ഇറങ്ങിയത്. കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രുവറീസിന്റെ മാർച്ചിലുള്ള അപേക്ഷയിൽ മൂന്നു മാസത്തിനുള്ളിൽ തന്നെ സർക്കാർ അനുമതി നൽകുകയായിരുന്നു.

കണ്ണൂരിലെ വാരത്തുള്ള ശ്രീധരൻ ബ്രൂവറീസിനു അനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത് 2018 ജൂൺ 12ന്. ശ്രീധരൻ ബ്രുവറീസ് സമർപ്പിച്ച അപേക്ഷ എക്‌സൈസ് കമ്മിഷണർ സർക്കാരിനു കൈമാറുന്നത് 2018 മാർച്ച് 6 നു മാത്രമാണ്. മാർച്ചിൽ സർപ്പിച്ച അപേക്ഷ, സർക്കാർ ജൂണിൽ തന്നെ അനുമതി നൽകിയുള്ള ഉത്തരവായി ഇറക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ബ്രൂവറി അനുദിച്ച പവർ ഇൻഫ്രാടെകും ശ്രീചക്രാ ഡിസ്റ്റിലറീസും അപ്പോളോ ബ്രൂവറീസും ശ്രീധരൻ ബ്രൂവറീസ് അപേക്ഷിക്കുന്നതിനു അഞ്ചുമാസം മുൻപ് 2017 നവംബറിൽ തന്നെ അപേക്ഷ സമർപ്പിച്ചിരുന്നു. ഇവരിൽ അപ്പോളോ പവർ ഇൻഫ്രാടെകിനു ഈ വർഷം സെപ്റ്റംബറിലും അപ്പോളോ ഡിസ്റ്റിലറീസിനു ജൂൺ മാസം 28നും നൽകിയപ്പോൾ ശ്രീ ചക്രാ ഡിസ്റ്റിലരീസിനു ജൂലൈ മാസത്തിലുമായിരുന്നു അനുമതി.

അപേക്ഷകൾ പരിശോധിച്ചെടുത്ത തീരുമാനമെന്നു മന്ത്രി ആവർത്തിക്കുമ്പോൾ ആദ്യം ബ്രൂവറി അനുവദിക്കുന്നതിനു കൂടുതൽ എന്തു യോഗ്യതയാണ് കണ്ണൂരിലെ ശ്രീധരൻ ബ്രൂവറി ലിമിറ്റഡിനുള്ളതെന്നും വിശദീകരിക്കേണ്ടി വരും. മാത്രമല്ല അനുവാദം നൽകിയ ഒരു കമ്പനി ചെന്നൈ ആസ്ഥാനമായുള്ള മദ്യ കമ്പനികളുടെ ബിനാമികളാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP